ന്യൂറോസയന്‍സിനെ അടിമുടി പരിഷ്‌കരിക്കാന്‍ മനുഷ്യാധിഷ്ഠിത മാതൃക വികസിപ്പിച്ചെടുത്ത് ഇന്ത്യന്‍ ശാസ്ത്രജ്ഞ !

തലച്ചോറിന്റെ വൈകല്യങ്ങളെക്കുറിച്ച് പഠിക്കാന്‍ മനുഷ്യാധിഷ്ഠിത മാതൃക വികസിപ്പിച്ചെടുത്ത് ഇന്ത്യന്‍ ശാസ്ത്രജ്ഞ കെ. അഡ്‌ലാഖ. ഹരിയാനയിലെ മനേസറിലെ നാഷണല്‍ ബ്രെയിന്‍ റിസര്‍ച്ച് സെന്ററിലാണ് തലച്ചോറിന്റെ വികാസവും വൈകല്യവും മനസിലാക്കാന്‍ സഹായിക്കുന്ന മനുഷ്യാധിഷ്ഠിത മൂലകോശ മാതൃക വികസിപ്പിച്ചെടുത്തിരിക്കുന്നത്.

കാലങ്ങളായി തലച്ചോറുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച വൈകല്യങ്ങളെക്കുറിച്ച് പഠിക്കാന്‍ മൃഗങ്ങളുടെ മാതൃകകള്‍ ഉപയോഗിച്ചിരുന്നിടത്താണ് അഡ്‌ലാഖ വിപ്ലവം സൃഷ്ടിച്ചിരിക്കുന്നത്. മൃഗങ്ങളുടെ മാതൃകയില്‍ പ്രവര്‍ത്തനക്ഷമമാകുന്ന പല മരുന്നുകളും മനുഷ്യരില്‍ നടത്തുന്ന പരീക്ഷണങ്ങളില്‍ വിജയിക്കാത്ത സാഹചര്യവുമുണ്ടായിട്ടുണ്ട്. അതിനാല്‍ തന്നെ ന്യൂറോസയന്‍സിനെയും മൂലകോശങ്ങളെ സംബന്ധിച്ച പഠനമേഖലയെയും അടിമുടി പരിഷ്‌കരിക്കാന്‍ ശേഷിയുള്ളതാണ് ഈ ശാസ്ത്രജ്ഞയുടെ കണ്ടെത്തല്‍.

ശാസ്ത്ര, സാങ്കേതിക വകുപ്പിന്റെ ഇന്‍സ്പയര്‍ ഫാക്കല്‍റ്റി ഫെലോഷിപ്പ് ജേതാവ് കൂടിയായ അഡ്‌ലാഖയുടെ മനുഷ്യാധിഷ്ഠിത മാതൃക നാഡീകോശ വികാസവും ഓട്ടിസം പോലെയുള്ള നാഡിയുടെ പ്രവര്‍ത്തനം സംബന്ധിച്ച വൈകല്യങ്ങളുടെ കാര്യത്തില്‍ തലച്ചോറില്‍ എന്ത് തകരാറുകളാണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് ഉത്തരം നല്‍കാന്‍ കഴിയുന്നതാണ്.

മനുഷ്യാധിഷ്ഠിത മാതൃകകളുടെ അഭാവം മൂലം തലച്ചോറിനെ ബാധിക്കുന്ന വൈകല്യങ്ങളുടെ പാത്തോഫിസിയോളജിയെക്കുറിച്ചുള്ള വ്യക്തമായ അറിവ് നമുക്ക് ഉണ്ടായിരുന്നില്ലെന്നും, ഈ വൈകല്യങ്ങള്‍ക്കുള്ള ചികിത്സാസംവിധാനങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ അനിവാര്യമായും ആവശ്യമുള്ള കണ്ടെത്തലാണ് ഇതെന്നുമായിരുന്നു അഡ്‌ലാഖയുടെ മികവിനെക്കുറിച്ച് ശാസ്ത്ര, സാങ്കേതിക വകുപ്പിന്റെ പ്രതികരണം.

അതേസമയം, ശാസ്ത്ര, സാങ്കേതിക വകുപ്പിന്റെ ധനസഹായം ഉപയോഗിച്ചുകൊണ്ടുള്ള എന്റെ ഗവേഷണം നാഡീകോശ വികാസത്തെയും അതിനെ ബാധിക്കുന്ന ഓട്ടിസം പോലുള്ള വൈകല്യങ്ങളെയും സംബന്ധിച്ച ധാരണ വികസിക്കാന്‍ സഹായകമായിട്ടുണ്ടെന്നായിരുന്നു അഡ്‌ലാഖ പറഞ്ഞത്.

നിലവില്‍ ഫരീദാബാദിലെ എന്‍.സി.ആര്‍ ബയോക്ലസ്റ്ററില്‍ ട്രാന്‍സ്ലേഷണല്‍ ഹെല്‍ത്ത് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ശാസ്ത്രജ്ഞയായി പ്രവര്‍ത്തിച്ചു വരികയാണ് അഡ്‌ലാഖ.