ഇനി കയ്യെത്തും ദൂരത്ത് ജന്‍ ഔഷധി; രാജ്യമൊട്ടാകെ വ്യാപിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യമൊട്ടാകെ ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതിനകം 8001 സ്റ്റോറുകള്‍ തുറന്നതായും 2025നകം ഇവയുടെ എണ്ണം 10,500 ആക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി പരിയോജന പ്രകാരമായിരിക്കും സ്റ്റോറുകള്‍ ആരംഭിക്കുക.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍, ആശുപത്രികള്‍, സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രികള്‍ എന്നിവയുടെ സമീപം തുടങ്ങണണമെന്നാണ് കേന്ദ്ര നിര്‍ദ്ദേശം. എന്നാല്‍ സ്ഥലലഭ്യതയുടെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്ക് എളുപ്പം എത്തിച്ചേരാന്‍ കഴിയുന്നിടത്ത് തന്നെയാവും മെഡിക്കല്‍ സ്റ്റോറുകള്‍ തുടങ്ങുക.

ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള ആഭ്യന്തര മരുന്നുകമ്പനികള്‍ അടക്കമുള്ളവയില്‍ നിന്നാണ് ജന്‍ ഔഷധിയിലേക്ക് മരുന്നുകള്‍ വാങ്ങുന്നത്. നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിങ് ആന്‍ഡ് കാലിബറേഷന്‍ ലാബോറട്ടറിയില്‍ മരുന്നുകള്‍ പരിശോധിച്ചതിന് ശേഷമാണ് ജന്‍ ഔഷധിയില്‍ വില്‍ക്കുന്നത്.

പതിനഞ്ചു മുതല്‍ 80 ശതമാനം വരെ വിലക്കുറവില്‍ മരുന്നു വില്ക്കുന്ന ജന്‍ ഔഷധിയുടെ മെഡിക്കല്‍ സ്റ്റോറുകള്‍ രാജ്യമൊട്ടാകെ വ്യാപിപ്പിക്കുന്നത് സാധാരണ ജനങ്ങള്‍ക്ക് ആശ്രയമായിരിക്കും.