പുതുക്കിയ ലോക്ഡൗണ്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എളുപ്പം കൊറോണ കിട്ടാനാണെന്ന് ഹരീഷ് വാസുദേവന്‍

hareesh vasudevan

തിരുവനന്തപുരം: സംസ്ഥാനത്തെ പുതുക്കിയ ലോക്ഡൗണ്‍ ഇളവുകള്‍ എളുപ്പം കൊറോണ കിട്ടാനാണെന്ന് സര്‍ക്കാരിനെതിരെ പരിഹാസവുമായി അഡ്വ.ഹരീഷ് വാസുദേവന്‍. വാക്‌സിനോ കൊറോണയോ ഏതെങ്കിലും ഒന്ന് കിട്ടിയാലേ പുറത്തിറങ്ങി സാധനം വാങ്ങിക്കാന്‍ പറ്റൂ എന്നാണത്രേ പുതിയ നിയമം, താരതമ്യേന എളുപ്പം കൊറോണ കിട്ടാനാണെന്ന് ഹരീഷ് വാസുദേവന്‍ നിരീക്ഷിക്കുന്നു. ജീവനോടെ ഉണ്ടെങ്കില്‍ പിന്നെ പുറത്തിറങ്ങാം, സര്‍വ്വതും തകര്‍ന്ന ജനം ഏത് തിരഞ്ഞെടുക്കാനാണ് ചാന്‍സെന്നും അദ്ദേഹം ആരായുന്നു.

അതേസമയം, പ്രതിപക്ഷത്തു നിന്നും ജനങ്ങളുടെ ഭാഗത്തു നിന്നും പ്രതിഷേധം ശക്തമായിരിക്കുന്ന സാഹചര്യത്തിലും പുതുക്കിയ കോവിഡ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താനാവില്ലെന്നായിരുന്നു ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിയത്.

രണ്ടാഴ്ച്ചയ്ക്ക് മുന്‍പെങ്കിലും കോവിഡ് 19 വാക്സിന്റെ ആദ്യഡോസ് എങ്കിലും എടുത്തവര്‍ക്കോ, 72 മണിക്കൂറുകള്‍ക്കകം എടുത്തിട്ടുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം ഉള്ളവര്‍ക്കോ, അല്ലെങ്കില്‍ കുറഞ്ഞത് ഒരു മാസം മുന്‍പെങ്കിലും കോവിഡ് 19 രോഗം പിടിപെട്ട് ഭേദമായ സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്കോ മാത്രമേ കടകള്‍, കമ്പോളങ്ങള്‍, ബാങ്കുകള്‍, പൊതു സ്വകാര്യ മേഖലയിലെ ഓഫീസുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, വിനോദ സഞ്ചാര മേഖലകള്‍ എന്നിവിടങ്ങളില്‍ പ്രവേശനാനുമതിയുള്ളൂവെന്നാണ് സര്‍ക്കാര്‍ അറിയിപ്പ്.

എന്നാല്‍, ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. കടകളിലെത്തുന്ന ഉപഭോക്താക്കള്‍ക്ക് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ വേണമെന്ന നിര്‍ദേശം പൂര്‍ണമായി അംഗീകരിക്കാനാകില്ലെന്നാണ് വ്യാപാരികളുടെ നിലപാട്.