മാസപ്പടി കേസ്; അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ സമർപ്പിച്ച ഹർജി തള്ളി കോടതി

തിരുവനന്തപുരം: മാസപ്പടി കേസിൽ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ സമർപ്പിച്ച ഹർജി തള്ളി കോടതി. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹർജി തള്ളിയത്. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് മാസപ്പടിയായി പണം നൽകിയെന്ന ആരോപണം ഉയർന്ന കേസിൽ സിഎംആർഎൽ കമ്പനിക്ക് സംസ്ഥാന സർക്കാർ വഴിവിട്ട സഹായങ്ങൾ നൽകിയെന്നാരോപിച്ചാണ് മാത്യുകുഴൽനാടൻ ഹർജി സമർപ്പിച്ചത്.

സിഎംആർഎൽ എന്ന സ്വകാര്യ സ്ഥാപനത്തിന് ധാതുമണൽ ഖനനത്തിന് വഴിവിട്ട സഹായം നൽകിയതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകൾക്ക് മാസപ്പടി നൽകിയെന്നാണ് മാത്യുകുഴൽനാടൻ ആരോപിക്കുന്നത്. സ്വകാര്യ കമ്പനിക്ക് വഴിവിട്ട സഹായം നൽകിയതിന് തെളിവുകൾ ഹാജരാക്കണമെന്ന് മാത്യുകുഴൽനാടനോട് കോടതി നിർദ്ദേശിച്ചിരുന്നു.

ഈ രേഖകളിലൊന്നും സർക്കാർ വഴിവിട്ട് സഹായം ചെയ്തതായി കണ്ടെത്താനായിട്ടില്ലെന്നായിരുന്നു വിജിലൻസ് വ്യക്തമാക്കിയത്.