Health (Page 165)

covid

ജനീവ: കോവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന. കോവിഡ് ഡെൽറ്റ വകഭേദം വരും മാസങ്ങളിൽ കൂടുതൽ ആധിപത്യം സ്ഥാപിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. 124 രാജ്യങ്ങളിലാണു നിലവിൽ ഡെൽറ്റ വകഭേദത്തിന്റെ സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ ആഴ്ചത്തെക്കാൾ 13 രാജ്യങ്ങളിൽ കൂടി ഡെൽറ്റ സാന്നിധ്യം പുതുതായി സ്ഥിരീകരിച്ചുവെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നും ശേഖരിച്ച കോവിഡ് സാംപിളുകളിൽ 75 ശതമാനത്തിലും ഡെൽറ്റ വകഭേദത്തിന്റെ സാന്നിധ്യമുണ്ട്. മറ്റുള്ള എല്ലാ വകഭേദങ്ങൾക്കുമേലും ഡെൽറ്റ ആധിപത്യം സ്ഥാപിക്കുമെന്നും ഇനിയുള്ള മാസങ്ങളിൽ രോഗവ്യാപനത്തിനു വഴിതെളിക്കുക ഈ വകഭേദമായിരിക്കുമെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

ബ്രിട്ടനിൽ ആദ്യം സ്ഥിരീകരിച്ച ആൽഫ വകഭേദവും ദക്ഷിണാഫ്രിക്കയിൽ ആദ്യം സ്ഥിരീകരിച്ച ബീറ്റയും ബ്രസീലിൽ ആദ്യം സ്ഥിരീകരിച്ച ഗാമ വകഭേദവും ആശങ്കയ്ക്ക് വഴി വെയ്ക്കുന്നുണ്ട്. 180 രാജ്യങ്ങളിലാണ് ആൽഫാ വകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്. ബീറ്റ വകഭേദം 130 രാജ്യങ്ങളിലും ഗാമ 78 രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജൂലൈ 20 മുതലുള്ള 4 ആഴ്ചകളിൽ ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ബോട്‌സ്വാന, ബ്രിട്ടൻ, ചൈന, ഡെൻമാർക്ക്, ഇന്ത്യ, ഇന്തൊനീഷ്യ, ഇസ്രായേൽ, പോർച്ചുഗൽ, റഷ്യ, സിംഗപ്പുർ, ദക്ഷിണാഫ്രിക്ക അടക്കമുള്ള രാജ്യങ്ങളിൽനിന്നു ശേഖരിച്ച സാർസ്‌കോവ്-2 സീക്വൻസുകളിൽ ഡെൽറ്റ വകഭേദത്തിന്റെ സാന്നിധ്യം 75 ശതമാനത്തിൽ അധികമാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

34 ലക്ഷം കോവിഡ് കേസുകളാണ് ജൂലൈ 12 മുതൽ 18 വരെയുള്ള കാലയളവിൽ ലോകത്താകമാനം പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. മുൻപത്തെ ആഴ്ചയെക്കാൾ രോഗവ്യാപനത്തിൽ 12 ശതമാനത്തിന്റെ വർധനവ് ഉണ്ടായിട്ടുണ്ട്. രോഗവ്യാപനം ഇതേ നിരക്കിൽ തുടർന്നാൽ അടുത്ത 3 ആഴ്ചയ്ക്കുള്ളിൽ ലോകത്തെ 20 കോടി ആളുകളിൽ രോഗം പുതുതായി സ്ഥിരീകരിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. രോഗവ്യാപനം വർധിക്കുന്നതിന്റെ കാരണങ്ങളെ കുറിച്ചും ലോകാരോഗ്യ സംഘടന വിശദീകരിച്ചു. വ്യാപന ശക്തി കൂടുതലുള്ള പുതിയ വകഭേദങ്ങൾ, സുരക്ഷാ മുൻകരുതലുകളിലെ ഇളവുകൾ, സാമൂഹിക ഒത്തുചേരലുകൾ, ഇപ്പോഴും വാക്‌സീൻ സ്വീകരിക്കാത്തവരായുള്ള ആളുകൾ തുടങ്ങിയ കാരണങ്ങൾ മൂലമാണ് രോഗവ്യാപനത്തിന്റെ തോത് ഉയരുന്നതെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

ന്യൂഡല്‍ഹി: പക്ഷിപ്പനി ബാധിച്ച് പതിനൊന്നുകാരന്‍ മരിച്ചു. ഡല്‍ഹി എയിംസിലാണ് സംഭവം. രാജ്യത്ത് ആദ്യമായാണ് പക്ഷിപ്പനി വൈറസായ എച്ച്5എന്1 സ്ഥിരീകരിക്കുന്നത്.കുട്ടിയുമായി സമ്പര്‍ക്കത്തില്‍ വന്ന ആശുപത്രി ജീവനക്കാര്‍ക്ക് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശം നല്‍കി. രാജ്യത്ത് ജനുവരി ആദ്യം പക്ഷിപ്പനി പടര്‍ന്നു പിടിച്ചിരുന്നു. എന്നാല്‍ മനുഷ്യരില്‍ ബാധിക്കാത്ത എച്ച്5എന്‍8 വൈറസ് സാന്നിധ്യമായിരുന്നു സ്ഥിരീകരിച്ചത്.പക്ഷികളില്‍ കടുത്ത ശ്വാസകോശ അണുബാധയുണ്ടാക്കുന്ന രോഗമാണ് പക്ഷിപ്പനി. എന്നാല്‍ ഇത് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പടരുന്ന സാധ്യത കുറവാണന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു.

mims

കോഴിക്കോട് : ആസ്റ്റര്‍ മിംസിലെ ഒഫ്താല്‍മോളജി വിഭാഗം കൂടുതല്‍ സൗകര്യങ്ങളോടെ വിപുലീകരിച്ചു. നേത്ര ബാങ്ക് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇതിനോടനുബന്ധിച്ച് ലഭ്യമാക്കുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. രോഗികള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ രീതിയില്‍ സേവന ലഭ്യത ഉറപ്പ് വരുത്തുന്ന രീതിയിലാണ് പുതിയ ഡിപ്പാര്‍ട്ട്മെന്റ് സജ്ജീകരിച്ചിരിക്കുന്നത്.

നവീകരിച്ച സെന്ററിന്റെ ഉദ്ഘാടനം കോഴിക്കോട് ആസ്റ്റര്‍ മിംസ് ക്ലസ്റ്റര്‍ സിഇഒ ഫര്‍ഹാന്‍ യാസീന്‍ നിര്‍വഹിച്ചു. ചീഫ് ഓഫ് മെഡിക്കല്‍ സെര്‍വിസസ് ഡോ എബ്രഹാം മാമ്മന്‍, ഡോ സുനിത മാത്യു (സീനിയര്‍ കണ്‍സള്‍ട്ടണ്ട് ആന്‍ഡ് ഹെഡ് ഒഫ്താല്‍മോളജി), ഡോ ശര്‍മിള എം വി( സീനിയര്‍ കണ്‍സള്‍റ്റന്റ് ആന്‍ഡ് റെറ്റിന സ്‌പെഷ്യലിസ്‌റ്), ഡോ സുജിത് വി നായനാര്‍ (സീനിയര്‍ കണ്‍സള്‍ട്ടന്റ്& ക്യാറ്റ്‌റാറ്റ്, കോര്‍ണിയ ആന്‍ഡ് റീഫ്‌റാക്റ്റീവ് സര്‍ജന്‍) ഡോ ഫറാസ് അലി (സീനിയര്‍ കണ്‍സള്‍ട്ടന്റ്) ഡോ നിര്‍മല്‍ എ ജെ ( കണ്‍സള്‍ട്ടന്റ് & പീഡിയാട്രിക് ഓഫ്താല്‍മോളജിസ്‌റ്), ഡോ പ്രവിത അഞ്ചന്‍ (എ ജി എം ഓപ്പറേഷന്‍സ് എന്നിവര്‍ പങ്കെടുത്തു.

ന്യൂഡല്‍ഹി: വൈറസ് വ്യാപനം കുറവുള്ള ജില്ലകളില്‍ സ്‌കൂളുകള്‍ തുറക്കുന്നത് പരിഗണിക്കണമെന്ന് ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഡയറക്ടര്‍ ഡോ.രണ്‍ദീപ് ഗുലേറിയ. കോവിഡ് 19 ഭീതിയില്‍ രാജ്യവ്യാപകമായി ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയപ്പോള്‍ മുതല്‍ ഇന്ത്യയിലെ മിക്ക സ്‌കൂളുകളും അടച്ചിരുന്നു. കൃത്യമായ ആസൂത്രണത്തോടെ ടി പി ആര്‍് 5 ശതമാനത്തിന് താഴെയുള്ള സ്ഥലങ്ങളില്‍ സ്‌കൂളുകള്‍ തുറക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ വൈറസ് ബാധയെ തുടര്‍ന്ന് കുട്ടികള്‍ക്ക് പലര്‍ക്കും സ്വാഭാവിക പ്രതിരോധശേഷി വികസിച്ചിട്ടുണ്ടെന്നും ഡോ. ഗുലേറിയ പറഞ്ഞു.ഒന്നിടവിട്ട ദിവസങ്ങളില്‍ കുട്ടികളെ സ്‌കൂളുകളില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ക്ക് അതാത് ജില്ലകള്‍ പദ്ധതികള്‍ രൂപീകരിക്കണമെന്നും വീണ്ടും തുറക്കാനുള്ള മറ്റ് വഴികള്‍ ആസൂത്രണം ചെയ്യണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കുട്ടികളുടെ എല്ലാവിധത്തിലുമുള്ള വികാസത്തിന് സ്‌കൂള്‍ വിദ്യാഭ്യാസം വഹിക്കുന്ന പ്രാധാന്യം കണക്കിലെടുക്കണമെന്നും ഗുലേറിയ പറഞ്ഞു.സ്‌കൂള്‍ വീണ്ടും തുറക്കുന്നതിനുള്ള പദ്ധതികള്‍ തയാറാക്കണമെന്ന് ജൂണില്‍ ഗുലേറിയ ആവശ്യപ്പെട്ടിരുന്നു. ഓണ്‍ലൈന്‍ പഠനരീതി കുട്ടികളുടെ പഠനത്തെ ബാധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഓണ്‍ലൈന്‍ ക്ലാസില്‍ ഭാഗമാകാന്‍ സാധിക്കാത്ത പാവപ്പെട്ട കുട്ടികളുടെ കാര്യത്തില്‍- അദ്ദേഹം പറഞ്ഞു.

covid

ലണ്ടൻ: കോവിഡ് വൈറസ് ബാധിച്ച് രോഗമുക്തി നേടിയവരുടെ രക്തത്തിൽ ഒമ്പത് മാസത്തോളം വൈറസിനെതിരായ ആന്റിബോഡികൾ അവശേഷിക്കുമെന്ന് കണ്ടെത്തൽ. ഇറ്റാലിയൻ നഗരത്തിൽ നടത്തിയ പരീക്ഷണങ്ങളിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. നഗരത്തിലെ രണ്ടായിലത്തിലധികം ആളുകളിലാണ് പഠനം നടത്തിയത്. രോഗ തീവ്രതയുമായോ കോവിഡ് ലക്ഷണങ്ങളുമായോ ഇതിന് ബന്ധമില്ലെന്നും പഠനത്തിൽ വിശദീകരിക്കുന്നു.

ഇറ്റലിയിലെ വോ പട്ടണത്തിലെ 3000 താമസക്കാരിൽ 85 ശതമാനത്തിലധികം പേർക്കും കഴിഞ്ഞ വർഷം ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇവരിലാണ് ഗവേഷകർ പഠനം നടത്തിയത്. ഇവരിൽ 2020 മേയ്-നവംബർ മാസങ്ങളിൽ ആന്റിബോഡി നിലനിൽക്കുന്നുണ്ടോ എന്ന് കണ്ടെത്താനായി ഗവേഷകർ പരിശോധന നടത്തി. ഈ പരിശോധനയിൽ ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ രോഗ ബാധിതരായ ആളുകളിൽ 98.8 ശതമാനം പേരിലും ആന്റിബോഡികൾ കണ്ടെത്തി. നേച്ചർ കമ്മ്യൂണിക്കേഷൻ ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കോവിഡ് രോഗലക്ഷണങ്ങൾ പ്രകടമായവരിലും ലക്ഷണങ്ങളില്ലാത്തവരിലും ആന്റിബോഡിയുടെ അളവ് ഗണ്യമായി വ്യത്യാസപ്പെട്ടിരിക്കുന്നതിന് പഠനത്തിൽ തെളിവുകൾ ലഭിച്ചിട്ടില്ല. രോഗപ്രതിരോധ ശേഷി രോഗലക്ഷണങ്ങളെയും വൈറസ് ബാധയുടെ തീവ്രതയെയും ആശ്രയിക്കുന്നില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നാണ് ഗവേഷകരുടെ നിഗമനം. ചിലരിൽ ആന്റിബോഡിയുടെ അളവ് കൂടിയിരിക്കുന്നതായും ചിലരിൽ കുറഞ്ഞിരിക്കുന്നതായുമാണ് പരിശോധനയിൽ തെളിഞ്ഞിരിക്കുന്നത്. വ്യക്തിപരമായ സവിശേഷതകൾക്ക് അനുസരിച്ചാണ് വ്യതിയാനപ്പെടുന്നതെന്നും ഗവേഷകർ വിശദീകരിക്കുന്നു. കോവിഡ് വൈറസ് ബാധിച്ച ശേഷം രോഗമുക്തി നേടിയവരിൽ ആന്റിബോഡികൾ കാണുമെന്നതിനാൽ രോഗപ്രതിരോധ ശേഷി ഉണ്ടാകുകയും കോവിഡ് ബാധയിൽ നിന്നും ചെറിയ സംരക്ഷണം നൽകുകയും ചെയ്യുമെന്ന് ഗവേഷകർ പറഞ്ഞു. എന്നാൽ ജനിതക മാറ്റം സംഭവിച്ച പുതിയ വകഭേദങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ ഒരിക്കൽ രോഗബാധിതരായവരിൽ വീണ്ടും രോഗബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാൽ ജാഗ്രത പുലർത്തണമെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.

covid

പൂനെ: അന്തരീക്ഷ മലിനീകരണവും കോവിഡ് വൈറസ് വ്യാപനവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് നിർണായക കണ്ടെത്തലുകളുമായി ഗവേഷകർ. മലിനീകരണത്തെ തുടർന്നുളള കണികകൾ രോഗവ്യാപനത്തെ ഇരട്ടിപ്പിക്കും എന്നാണ് പൊതുവെ പറയപ്പെടുന്നത്. എന്നാൽ അങ്ങനെ എല്ലാ തരം കണികകളും കോവിഡ് രോഗവ്യാപനത്തിന് കാരണമാകില്ലെന്നാണ് പുതിയ പഠന റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. മനുഷ്യർ തീയിടുന്നതിലൂടെ വരുന്ന മലിനീകരണം, ജൈവ ഇന്ധനങ്ങളിൽ നിന്നുമുണ്ടാകുന്ന മലിനീകരണം ഇങ്ങനെ പലതരത്തിൽ വായു മലിനീകരണം സംഭവിക്കുന്നുണ്ട്. എന്നാൽ ഇവയിൽ കറുത്ത കാർബൺ മാത്രമാണ് കോവിഡ് രോഗ വ്യാപനത്തിന് കാരണമാകുന്നതെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.

പൂനെ ആസ്ഥാനമായുളള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപിക്കൽ മിറ്റെറോളൊജി നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡൽഹിയിൽ നിന്ന് ശേഖരിച്ച ഭാഗങ്ങളിൽ നടത്തിയ പഠനഫലമാണ് പുറത്തു വന്നിരിക്കുന്നത്. എൽസേവിയർ എന്ന മാദ്ധ്യമത്തിലാണ് പഠന ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2020 സെപ്തംബർ മുതൽ ഡിസംബർ വരെ ശേഖരിച്ച സാമ്പിളുകൾ പരിശോധിച്ചാണ് ഗവേഷകർ ഇത്തരമൊരു നിഗമനത്തിലെത്തിയത്.

2.5 കണികാ പദാർത്ഥങ്ങളും കറുത്ത കാർബണും ശേഖരിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. 2.5 കണികാ പദാർത്ഥങ്ങൾ ശരീരത്തിൽ തുളച്ചുകയറി ശ്വസനനാളിയിലും ശ്വാസകോശത്തിലും അണുബാധയുണ്ടാക്കുകയും ഹൃദയസംബന്ധമായും ശ്വാസകോശ സംബന്ധവുമായ രോഗങ്ങൾ വരുത്തുകയും ചെയ്യും. ദുർബലമായ രോഗപ്രതിരോധ സംവിധാനത്തിനും ഇത് ഇടയാക്കിയേക്കും.

തുറന്ന സ്ഥലത്ത് തീയിടുന്നതാണ് കറുത്ത കാർബണുണ്ടാകാൻ പ്രധാന കാരണം. കോവിഡ് ഗുരുതരമായി ബാധിച്ച ഡൽഹിയിൽ ആറ് മാസത്തിന് ശേഷം സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. ഡൽഹിയിൽ പെട്ടെന്നാണ് രോഗബാധിതരുടെ എണ്ണത്തിൽ 10 മടങ്ങ് വർധനവ് ഉണ്ടായത്. അയൽ സംസ്ഥാനങ്ങളിലെ തീയിടൽ കാരണമാണ് ഇതെന്നാണ് ഗവേഷകർ പറയുന്നത്. ബയോമാസ് കണങ്ങൾ അന്തരീക്ഷത്തിലെ മറ്റ് സംയുക്തങ്ങളുമായി ചേർന്ന് പ്രവർത്തിച്ച് കൊവിഡ് കേസുകൾ പെട്ടെന്ന് വർദ്ധിക്കാൻ കാരണമായെന്നും കറുത്ത കാർബണൊപ്പം 2.5 കണികാ പദാർത്ഥങ്ങളുടെ വലിയ സാന്നിദ്ധ്യം മഹാരാഷ്ട്ര, ഡൽഹി, രാജസ്ഥാൻ, തമിഴ്നാട് എന്നിങ്ങനെ വിവിധ സംസ്ഥാനങ്ങളിൽ രോഗവ്യാപനം വർധിക്കാൻ ഇടയാക്കിയെന്നും ഗവേഷകർ പറയുന്നു.

തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ നിര്‍മാണ കമ്പനികളുമായി ചര്‍ച്ചകള്‍ക്ക് നിയോഗിച്ച സംഘം ഇന്ന് സംസ്ഥാന സര്‍ക്കാരിന് കരട് റിപ്പോര്‍ട്ട് നല്‍കും. പത്ത് വാക്‌സിന്‍ കമ്പനികളാണ് സര്‍ക്കാരുമായി ചര്‍ച്ച നടത്തിയത്. പ്രൊജക്ട് ഡയറക്ടര്‍ എസ് ചിത്രയാണ് റിപ്പോര്‍ട്ട് നല്‍കുക. വാക്‌സിന്‍ നിര്‍മാണത്തില്‍ നിന്ന് കമ്പനികള്‍ക്ക് വലിയ ലാഭം കിട്ടില്ല, അതിനാല്‍ സര്‍ക്കാര്‍ സഹായിക്കണമെന്നുമാണ് കമ്പനികളുടെ ആവശ്യം.

തിരുവനന്തപുരം തോന്നയ്ക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കിലാണ് നിര്‍മ്മാണം ആരംഭിക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്. താത്പര്യ പത്രം സമര്‍പ്പിക്കുന്നതിന് പിന്നാലെ ഉടന്‍ തുടര്‍ നടപടികളിലേക്ക് കടക്കുമെന്നും സൂചനയുണ്ട്. ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ സുധീര്‍, കൊവിഡ് വിദഗ്ദ്ധ സമിതി ചെയര്‍മാന്‍ ബി ഇക്ബാല്‍, ഡോ. റെഡ്ഡീസ് ലബോറട്ടറിയിലെ ഡോ വിജയകുമാര്‍ എന്നിവരടങ്ങിയ സമിതിയാണ് ഇതുമായി ബന്ധപ്പെട്ട നടപടികള്‍ മുന്നോട്ടുകൊണ്ടുപോകുന്നത്.

covid

ജനീവ: ചൈനയ്ക്ക് വീണ്ടും തിരിച്ചടി. കോവിഡ് വൈറസിന്റെ ചൈനയിലെ ഉത്ഭവത്തെ കുറിച്ച് രണ്ടാം ഘട്ട അന്വേഷണത്തിന് ലോകാരോഗ്യ സംഘടന ഉത്തരവിട്ടു. ലബോറട്ടറികളെയും വുഹാൻ മാർക്കറ്റിനെയും ഉൾപ്പെടുത്തിയുള്ള അന്വേഷണം നടത്താനാണ് ലോകാരോഗ്യ സംഘടന ഉത്തരവിട്ടിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസാണ് ഇതുസംബന്ധിച്ച നിർദ്ദേശം പുറപ്പെടുവിച്ചത്.

വുഹാനിലെ എല്ലാ മാംസ മാർക്കറ്റുകളും രണ്ടാം ഘട്ട പഠനത്തിന്റെ ഭാഗമാകണമെന്നാണ് നിർദ്ദേശം. ‘മനുഷ്യർ, വന്യജീവികൾ, കോവിഡ് വൈറസ് വ്യാപിച്ചെന്ന് കരുതുന്ന മത്സ്യമാർക്കറ്റ് ഉൾപ്പടെയുള്ളവയെല്ലാം അന്വേഷണത്തിൽ ഉൾപ്പെടുത്തണം. 2019 ൽ മനുഷ്യരിൽ ആദ്യമായി കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത സ്ഥലത്തോട് ചേർന്ന് പ്രവർത്തിക്കുന്ന ലബോറട്ടറികളും റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുകളും അന്വേഷണത്തിൽ പരിധിയിൽ ഉണ്ടാകണമെന്നും ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്നു.

കോവിഡ് വൈറസിന്റെ ഉത്ഭവത്തെ കുറിച്ചുള്ള പഠനത്തിനായി ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള സംഘം ചൈനീസ് ഗവേഷകരോടൊപ്പം വുഹാനിൽ താമസിച്ച് നേരത്തെ റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. വവ്വാലിൽ നിന്ന് മറ്റൊരു മൃഗത്തിലൂടെയാകാം മനുഷ്യരിൽ കോവിഡ് വൈറസ് പ്രവേശിച്ചത് എന്നായിരുന്നു സംഘത്തിന്റെ നിഗമനം. എന്നാൽ അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങൾ കോവിഡ് വൈറസിന്റെ ഉറവിടം സബന്ധിച്ച് കൂടുതൽ പരിശോധനകൾ വേണമെന്ന ആവശ്യം ശക്തമാക്കി. വവ്വാലുകളിൽ പഠനം നടത്തിയിരുന്ന വുഹാനിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പഠനത്തിന്റെ ഭാഗമാക്കണം എന്നതായിരുന്നു ഇവർ ഉന്നയിച്ചിരുന്ന പ്രധാന ആവശ്യം. തുടർന്നാണ് രണ്ടാംഘട്ട അന്വേഷണത്തിന് ലോകാരോഗ്യ സംഘടന ഉത്തരവിട്ടത്.

അകേസമയം വൈറസിന്റെ ഉത്ഭവം കണ്ടെത്തുക എന്നത് ശാസ്ത്രീയമായ പ്രവർത്തനമാണെന്നും ഇതിൽ രാഷ്ട്രീയം കലർത്തരുത് എന്നും ഗെബ്രിയേസസ് ആവശ്യപ്പെട്ടു. അടുത്ത ഘട്ടത്തിലെ പഠനത്തിനായി സുതാര്യത മുൻ നിർത്തി എല്ലാ വിവരങ്ങളും കൈമാറി ചൈന സഹകരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം: കേരളത്തില്‍ ഇനി ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമായ എല്ലാകാര്യങ്ങള്‍ക്കും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയാകും. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്കും ഈ ഇളവ് ലഭിക്കും.നിലവില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമായ എല്ലാ കാര്യങ്ങള്‍ക്കും ഇളവ് ലഭിക്കുമെന്ന് വ്യക്തമാക്കി ദുരന്തനിവാരണ വകുപ്പിറക്കിയ ഉത്തരവ് പ്രാബല്യത്തില്‍വന്നു. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ 14 ദിവസം ക്വാറന്റൈന്‍ പാലിക്കണമെന്ന നിബന്ധനയും രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്ക് ഇനി ബാധകമാവില്ല.

എന്നാല്‍, വാക്‌സിനെടുത്തവര്‍ രോഗലക്ഷണങ്ങള്‍ പ്രകടമാക്കിയാല്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ടൂറിസം കേന്ദ്രങ്ങള്‍ തുറക്കുന്ന സാഹചര്യവുമെല്ലാം പരിഗണിച്ചാണ് സര്‍ക്കാര്‍ ഇളവ് നല്‍കിയിരിക്കുന്നത്. കേരളത്തിന് പുറത്ത് പോകുന്നവര്‍ പോകുന്ന സംസ്ഥാനത്തെ നിയമങ്ങള്‍ പാലിക്കേണ്ടി വരും. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന നിരവധിപേര്‍ക്ക് പുതിയ തീരുമാനം ഏറെ ആശ്വാസകരമാകുമെന്നാണ് വിലയിരുത്തല്‍.
അതേസമയം, ബക്രീദ് പ്രമാണിച്ച് ഞായറാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്ക് ലോക്ക്ഡൗണില്‍ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

covid

ന്യൂഡൽഹി: കോവിഡ് വൈറസിന്റെ പുതിയ തരംഗത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ത്യയ്ക്ക് കോവിഡിനെതിരെയുള്ള ആർജിത പ്രതിരോധ ശേഷി കൈവരിക്കാൻ ഇതുവരെ സാധിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. നീതി ആയോഗ് അംഗം വി കെ പോളാണ് ഇക്കാര്യം അറിയിച്ചത്. രോഗവ്യാപനം നിയന്ത്രിക്കാൻ അടുത്ത 125 ദിവസം വളരെ നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തുടനീളം രോഗവ്യാപനം അടിയന്തരമായി തടയേണ്ടതുണ്ട്. ജനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാൽ മാത്രമേ ഇതിന് സാധിക്കുകയുള്ളു. നിരവധി രാജ്യങ്ങളിൽ കോവിഡ് സാഹചര്യം കൂടുതൽ മോശമാവുകയാണെന്നും ലോകം കോവിഡ് മൂന്നാം തരംഗത്തിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ലോകാരോഗ്യ സംഘടന കോവിഡിന്റെ മൂന്നാം തരംഗ മുന്നറിയിപ്പ് നൽകി കഴിഞ്ഞു. ഇതിൽ നിന്ന് പാഠം ഉൾക്കൊള്ളണമെന്നും ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തണമെന്നും വി കെ പോൾ ചൂണ്ടിക്കാട്ടി.