Educational (Page 14)

cbse

ന്യൂഡൽഹി: 2021-22 അധ്യായന വർഷത്തേക്കുള്ള പത്ത്, പ്ലസ്ടു സിബിഎസ്ഇ പരീക്ഷകൾ രണ്ടു ടേമുകളായി നടക്കും. സിബിഎസ്ഇയാണ് പുതിയ സ്‌കീം പ്രഖ്യാപിച്ചത്. അക്കാദമിക് വർഷത്തെ രണ്ടു ടേമുകളായി വിഭജിച്ച് 50 ശതമാനം സിലബസ് നൽകാനാണ് തീരുമാനം. ഒന്നാം ടേം പരീക്ഷകൾ നവംബർ-ഡിസംബർ മാസങ്ങളിലും രണ്ടാം ടേം പരീക്ഷ മാർച്ച്-ഏപ്രിൽ മാസവും നടക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു.

കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ക്ലാസുകൾ ഓൺലൈനാക്കിയ സാഹചര്യത്തിലാണ് പുതിയ നീക്കം. ഈ വർഷം നടക്കേണ്ടിയിരുന്നു പത്ത്, പ്ലസ്ടു പരീക്ഷകൾ കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ റദ്ദാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല മന്ത്രിമാരുടെ യോഗത്തിലായിരുന്നു പരീക്ഷകൾ റദ്ദാക്കാൻ തീരുമാനിച്ചത്.

ബോർഡ് പരീക്ഷ നടത്താതെ 11ാം ക്ലാസിലേക്ക് പ്രമോഷൻ നൽകുന്നതിന് മുന്നോടിയായി സിബിഎസ്ഇ മാർഗരേഖ പ്രഖ്യാപിച്ചിരുന്നു. ക്ലാസ് പരീക്ഷകളുടെ അടിസ്ഥാനത്തിൽ ഓരോ വിഷയത്തിലും 80 മാർക്ക് വരെയാണ് നൽകുക. ഇന്റേണൽ അസെസ്‌മെന്റിന് 20 മാർക്കും നൽകും.

pinarayi

തിരുവനന്തപുരം: ഓൺലൈനിൽ കൂടുതൽ സംവാദാത്മക പഠനാന്തരീക്ഷം ഒരുക്കാൻ ശ്രമിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ കുട്ടികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ചേർന്ന വിവിധ രാജ്യങ്ങളിലെ പ്രമുഖ പ്രവാസി വ്യവസായികളുടെ യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ചീഫ് സെക്രട്ടറി ഡോ. വി. പി ജോയ്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.എം. അബ്രഹാം, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, ഐ.ടി. പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ, എം എ യൂസഫലി, ഡോ. രവി പിള്ള, ഡോ. ആസാദ് മൂപ്പൻ, ഡോ. എം അനിരുദ്ധൻ, ഒ.വി. മുസ്തഫ, സി.വി. റപ്പായി, ജെ കെ മേനോൻ, യു.എ നസീർ, ഡോ. പി മുഹമ്മദലി, ഡോ. മോഹൻ തോമസ്, അദീബ് അഹമ്മദ്, കെ വി ഷംസുദ്ദീൻ, ഡോ. സിദ്ദിഖ് അഹമ്മദ്, രവി ഭാസ്‌കരൻ, നാസർ, കെ. മുരളീധരൻ, രാമചന്ദ്രൻ ഒറ്റപ്പാത്ത്, സുനീഷ് പാറക്കൽ, മുഹമ്മദ് അമീൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

നിലവിലുള്ള ഡിജിറ്റൽ വിദ്യാഭ്യാസത്തിന് പരിമിതികളുണ്ട്. സംവാദാത്മകമല്ല എന്നതാണ് ഓൺലൈൻ വിദ്യാഭ്യാസ രീതിയുടെ പ്രധാന പരിമിതി. കുട്ടികൾക്ക് അവരുടെ അഭിപ്രായം പ്രകടിപ്പിക്കാനും സംശയ നിവാരണത്തിനുമുള്ള അവസരം ഓൺലൈൻ വിദ്യാഭ്യാസത്തിലൂടെ ലഭിക്കുന്നില്ല. കൂടുതൽ സംവാദാത്മക പഠനാന്തരീക്ഷം ഓൺലൈനിൽ ഒരുക്കാനാണ് സർക്കാരിന്റെ ശ്രമം. ഇത് ഫലംകണ്ടാൽ സാധാരണ ക്ലാസിൽ ഇരിക്കുന്ന അനുഭവം വിദ്യാർത്ഥിയ്ക്ക് ഉണ്ടാവും. ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്ന ആശയം മുൻനിർത്തിയുള്ള പ്രവർത്തനങ്ങളാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.

നെറ്റ് കണക്റ്റിവിറ്റി ഇല്ലാത്ത പ്രദേശങ്ങളിൽ ഓൺലൈൻ ക്ലാസുകൾ കുട്ടികൾക്ക് പ്രയാസമുണ്ടാകും. അത് പരിഹരിക്കാൻ ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാരുമായി ആലോചന നടത്തിയെന്നും വേണ്ട നടപടികൾ സ്വീകരിച്ച് വരികയാണെന്നും മുഖ്യമന്ത്രി വിശദാക്കി. അപൂർവം ചില സ്ഥലങ്ങളിൽ പൊതു പഠനമുറി സജ്ജീകരിക്കേണ്ടതായുണ്ട്. ഒരു സ്‌കൂളിൽ എത്ര ഡിജിറ്റൽ ഉപകരണങ്ങൾ ആവശ്യമാണെന്ന് കൃത്യമായ കണക്കെടുത്ത് ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ഈ കണക്കുകൾ ക്രോഡീകരിക്കും. ഡിജിറ്റൽ പഠനത്തിന് കുട്ടികൾക്കാവശ്യമായ പിന്തുണ നൽകേണ്ട ഉത്തരവാദിത്വം രക്ഷിതാക്കൾക്കും ഉണ്ടെന്ന് യോഗത്തിൽ വിലയിരുത്തി.

ന്യൂഡൽഹി: മെഡിക്കൽ പി ജി പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജി സുപ്രീംകോടതി തളളി. ഇന്റേണൽ മാർക്കിന്റെ അടിസ്ഥാനത്തിൽ മൂല്യനിർണയം നടത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയാണ് തള്ളിയത്. പതിനേഴ് മെഡിക്കൽ പി ജി വിദ്യാർത്ഥികളാണ് പിജി പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.

പരീക്ഷ റദ്ദാക്കണമെന്ന് ഒരു വിഭാഗം വിദ്യാർത്ഥികൾ ആവശ്യപ്പെടുമ്പോൾ പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന കുട്ടികളും ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ഇന്ദിരാ ബാനർജി അദ്ധ്യക്ഷയായ ബെഞ്ചായിരുന്നു ഹർജി പരിഗണിച്ചത്.

കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി പി ജി വിദ്യാർത്ഥികളെല്ലാം ആശുപത്രികളിൽ സേവനം അനുഷ്ഠിക്കുകയാണെന്നും പരീക്ഷക്കുള്ള തയ്യാറെടുപ്പിന് പലർക്കും സാധിച്ചിട്ടില്ലെന്നുമാണ് ഹർജിയിൽ പറഞ്ഞിരുന്നത്. വിദ്യാർത്ഥികളുടെ ഈ വാദം സുപ്രീം കോടതി മുഖവിലയ്‌ക്കെടുത്തില്ല.

തിരുവനന്തപുരം: കോവിഡ് രോഗബാധിതരായി പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്കും ക്വാറന്റെയ്‌നിൽ കഴിയുന്നവർക്കും പ്രത്യേക ഷെഡ്യൂൾ തയ്യാറാക്കി പരീക്ഷ നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശം. സംസ്ഥാനത്തെ എല്ലാ സർവകലാശാലാ രജിസ്ട്രാറുമാർക്കും മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ ആന്റണി ഡൊമിനിക് ഇത് സംബന്ധിച്ച് ഉത്തരവ് കൈമാറി. ഇ-മെയിലിലൂടെയാണ് ഉത്തരവ് നൽകിയത്.

പരീക്ഷ സംബന്ധിച്ച് വിദ്യാർത്ഥികൾക്ക് യാതൊരു തരത്തിലുമുള്ള മാനസിക സംഘർഷവും ഉണ്ടാകാതിരിക്കാനുള്ള ക്രമീകരണം ബന്ധപ്പെട്ട കോളേജുകൾ ചെയ്യണമെന്നും കമ്മീഷൻ നിർദ്ദേശിക്കുന്നു. കോവിഡ് വ്യാപനം നിലനിൽക്കുന്നതിനാൽ വിദ്യാർത്ഥികൾക്കുള്ള ആശങ്കകൾ പരിഹരിക്കണമെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കി പരീക്ഷകൾ ക്രമീകരിക്കേണ്ട ഉത്തരവാദിത്വം സർവകലാശാലകൾക്കുണ്ടെന്നും മനുഷ്യാവകാശ കമ്മീഷൻ പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നു.

കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്ന പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതുന്നതിനുള്ള സൗകര്യം ഒരുക്കേണ്ട ഉത്തരവാദിത്വം കോളേജുകൾക്കാണ്. സർവ്വകലാശാലകൾക്കാണ് ഇക്കാര്യം ഉറപ്പാക്കേണ്ട ചുമതല. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സർവകലാശാലകൾ സ്വീകരിച്ച നടപടികൾ ജൂലൈ 12 നകം രേഖാമൂലം അറിയിക്കണമെന്നാണ് കമ്മീഷൻ വ്യക്തമാക്കിയിരിക്കുന്നത്. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരീക്ഷ മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ട് നിരവധി വിദ്യാർത്ഥികൾ കമ്മീഷന് കത്തയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കമ്മീഷന്റെ നടപടി.

ന്യൂഡൽഹി: മെഡിക്കൽ പ്രവേശന പരീക്ഷ(നീറ്റ്) മാറ്റാൻ സാധ്യത. നീറ്റ് പ്രവേശന പരീക്ഷ സെപ്തംബറിലേക്ക് മാറ്റിയേക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ആഗസ്റ്റ് ഒന്നിന് നീറ്റ് പരീക്ഷ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

ജെ ഇ ഇ മെയിൻസിൽ ഇനി നടക്കാനുള്ള പരീക്ഷകൾ അടുത്തമാസം അവസാനമോ ആഗസ്റ്റ് മാസമോ നടത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപന സാഹചര്യങ്ങൾ കണക്കിലെടുത്താണ് തീരുമാനമെന്നാണ് ലഭ്യമാകുന്ന വിവരം.

സെപ്തംബർ മാസത്തിലാണ് നീറ്റ് പരീക്ഷ നടത്തുകയെങ്കിൽ ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ രജിസ്‌ട്രേഷൻ ആരംഭിക്കാനാണ് സാധ്യത. ജെ ഇ ഇ. മെയിൻസിൽ ഇനി രണ്ട് പരീക്ഷകളാണ് നടക്കാനുള്ളത്. ഇതിൽ ഒന്ന് അടുത്തമാസം അവസാനമോ ആഗസ്റ്റ് ആദ്യ ആഴ്ചയോ നടത്തിയേക്കും. ദേശിയ ടെസ്റ്റിങ് ഏജൻസിയാണ് പരീക്ഷാ തീയതികൾ പ്രഖ്യാപിക്കുക.

ന്യൂഡല്‍ഹി: പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ചൊവ്വാഴ്ച വിവരമറിയിക്കണമെന്ന് കേരള സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ച് സുപ്രിംകോടതി. ഒരാഴ്ചത്തെ സമയം കൂടി അനുവദിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും അനുവദിക്കാനാവില്ലെന്ന് കോടതി അറിയിച്ചു.സര്‍ക്കാര്‍ നിലപാട് അറിയിച്ചില്ലെങ്കില്‍ ഹര്‍ജിയില്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് കോടതി വ്യക്തമാക്കി.സെപ്തംബര്‍ ആറ് മുതല്‍ 16 വരെ പ്ലസ് വണ്‍ പരീക്ഷ നടത്താനാണ് സര്‍ക്കാരിന്റെ തീരുമാനം.

എന്നാല്‍ കോവിഡ് പശ്ചാത്തലം ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികളും മാതാപിതാക്കളും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന ഹര്‍ജിയിലും നാളെ വിശദമായ വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. ആസം, പഞ്ചാബ്, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ പരീക്ഷ റദ്ദാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

തിരുവനന്തപുരം: തിരുവനന്തപുരം ഗവൺമെൻറ് ലോ കോളേജിലെ സായാഹ്ന എൽഎൽബി കോഴ്‌സ് നിർത്തി. പാർട് ടൈം ബാച്ചുകൾ പാടില്ലെന്ന് ബാർ കൗൺസിൽ ഓഫ് ഇന്ത്യ തീരുമാനിച്ചതിനെ തുടർന്നാണ് സായാഹ്ന എൽഎൽബി കോഴ്‌സ് അവസാനിപ്പിച്ചത്. ജോലി തിരക്കിൽ റെഗുലർ പഠനത്തിന് കഴിയാത്തവർക്കും പ്രായ പരിധി കടന്നവർക്കും നിയമപഠനം സാധ്യമാക്കാനാണ് സായാഹ്ന എൽഎൽബി കോഴ്‌സുകൾ നടത്തിയിരുന്നത്. 2014 ലാണ് ഗവൺമെൻറ് ലോ കോളേജിൽ സ്വാശ്രയ പാർട്ട് ടൈം കോഴ്‌സ് ആരംഭിക്കുന്നത്.

പഠനത്തിന്റെ നിലവാരം ഉറപ്പാക്കാൻ പാർട്ട് ടൈം കോഴ്‌സുകൾ പാടില്ലെന്ന ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ മാനദണ്ഡം നിലവിൽ വന്നെങ്കിലും തിരുവനന്തപുരം ലോ കോളേജിൽ കോഴ്‌സ് അവസാനിപ്പിച്ചിരുന്നില്ല. അദ്ധ്യയന നിലവാരമുയർത്താൻ നിശ്ചിത സമയ ക്രമം ഉറപ്പാക്കാൻ ഏഴ് മണിക്ക് ശേഷമുള്ള ക്ലാസുകൾ പാടില്ലെന്ന നിബന്ധനയോടെ ബാർ കൗൺസിൽ മാനദണ്ഡം പുതുക്കിയതോടെയാണ് തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിന് കോഴ്‌സ് അവസാനിപ്പിക്കേണ്ടി വന്നത്.

അതേസമയം സ്വകാര്യ നിയമ പഠന കേന്ദ്രങ്ങളെ സഹായിക്കാൻ വേണ്ടിയാണ് ബാർ കൗൺസിൽ പുതിയ നിർദ്ദേശം നൽകിയതെന്നാണ് പൊതുവെ ഉയരുന്ന വിമർശനം. നിർദ്ദേശങ്ങൾ ലംഘിച്ചത് കൊണ്ട് ലോ കോളേജിൽ നിന്നും മുമ്പ് കോഴ്‌സ് പൂർത്തിയാക്കിയവർക്ക് അഭിഭാഷകരായി എൻറോൾ ചെയ്യാൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യ അനുവാദം നൽകിയിരുന്നില്ല. സ്വാശ്രയ സ്ഥാപനമായ ലോ അക്കാദമിയും സായാഹ്ന കോഴ്‌സ് നടത്തിയിരുന്നു. ബാർ കൗൺസിൽ ഓഫ് ഇന്ത്യാ നിബന്ധനകൾ മുന്നോട്ട് വെച്ചതോടെ അദ്ധ്യയന സമയം പുനക്രമീകരിച്ച് കൊണ്ട് ലോ അക്കാദമി ഈ പ്രതിസന്ധി മറികടന്നിരുന്നു. രാവിലെയും വൈകിട്ട് ഏഴ് മണിക്ക് മുന്നെയും രണ്ട് ഷെഡ്യൂളിൽ റഗുലർ പഠനമായി തന്നെ ലോ അക്കാദമി ജോലി ചെയ്യുന്നവർക്ക് പഠന സൗകര്യം ഒരുക്കി. എന്നാൽ ഗവൺമെന്റ് ലോ കോളേജ് കോഴ്‌സ് പൂർണ്ണമായി അവസാനിപ്പിക്കുകയായിരുന്നു.

തിരുവനന്തപുരം: വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ഡിജിറ്റല്‍ പഠനോപാധികള്‍ ഇല്ലാത്ത കുട്ടികളുടെ കണക്കെടുക്കുന്നു. ടെലിവിഷന്‍, മൊബൈല്‍, ലാപ്‌ടോപ്പ് എന്നിവയില്ലാത്ത വിദ്യാര്‍ത്ഥികളുടെ വിവരമാണ് ശേഖരിക്കുന്നത്. ഇത്തരത്തില്‍ ഒന്നരലക്ഷത്തിലധികം വിദ്യാര്‍ത്ഥികളെയാണ് കണ്ടെത്തിയിരിക്കുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും.

ആലപ്പുഴ ജില്ലയില്‍ 7200 വിദ്യാര്‍ത്ഥികളെയാണ് കണക്കെടുപ്പില്‍ കണ്ടെത്തിയിരിക്കുന്നത്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കുട്ടികളുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ സഹായസമിതികളുണ്ടാക്കും, പഠനോപകരണങ്ങള്‍ വിതരണം ചെയ്യാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൂര്‍വ വിദ്യാര്‍ത്ഥികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാകും സമിതി രൂപീകരിക്കുക.

ന്യൂഡൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് റദ്ദാക്കിയ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ വിദ്യാർത്ഥികളുടെ മൂല്യനിർണയം 10,11,12 ക്ലാസുകളിലെ പരീക്ഷാഫലത്തിന്റെ ആകെത്തുകയായി കണക്കാക്കും. സിബിഎസ്ഇ സുപ്രീംകോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. ഇതിൽ 10,11 ക്ലാസുകളിലെ വാർഷിക ഫലത്തിന്റെയും 12-ാം ക്ലാസ് പ്രീ ബോർഡ് പരീക്ഷയുടെയും ഫലം 30:30:40 എന്ന അനുപാതത്തിലെടുത്താകും ഫലം കണക്കാക്കുകയെന്നും സിബിഎസ്ഇ കോടതിയിൽ വ്യക്തമാക്കി. അറ്റോർണി ജനറൽ കെ.കെ വേണുഗോപാലാണ് മൂല്യനിർണയങ്ങൾ സംബന്ധിച്ച വിവരങ്ങൾ കോടതിയെ അറിയിച്ചത്.

10,11 ക്ലാസുകളിലെ തിയറി മാർക്കുകളാണ് മൂല്യനിർണയത്തിന് പരിഗണിക്കുന്നത്. ജസ്റ്റിസ് എ.എം ഖാൻവീൽക്കർ, ജസ്റ്റിസ് ദിനേശ് മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പരീക്ഷാ മൂല്യനിർണയ വിവരങ്ങൾ സുപ്രീംകോടതി അംഗീകരിച്ചാലുടൻ വെബ്സൈറ്റിൽ ലഭ്യമാക്കുമെന്നും സിബിഎസ്ഇ വ്യക്തമാക്കിയിരിക്കുന്നത്. പരീക്ഷാ മൂല്യനിർണയം നിരീക്ഷിക്കാൻ 1000 സ്‌കൂളുകൾക്ക് ഒരു സമിതി ഉണ്ടായിരിക്കുമെന്നും മൂല്യ നിർണയത്തിനായി വിദഗ്ദ്ധരായ അദ്ധ്യാപകരെ നിയമിക്കുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

വിദ്യാർത്ഥികളിൽ പരീക്ഷ ആവശ്യമുളളവർക്ക് അതിനുളള സൗകര്യം ഏർപ്പെടുത്തണമെന്ന് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ജൂലൈ 31 നകം ഫലപ്രഖ്യാപനം ഉണ്ടാകുമെന്നും സിബിഎസ്ഇ അറിയിച്ചു.

തിരുവനന്തപുരം: അധിക ഫീസ് ഈടാക്കരുതെന്ന് സ്വാശ്രയ കോളേജുകൾക്ക് നിർദ്ദേശം നൽകി ഉന്നത വിദ്യാഭ്യാസ വകുപ്പ്. പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള സ്വാശ്രയ കോളേജുകൾക്കാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകിയിരിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് റഗുലർ ക്ലാസുകൾ നടക്കാത്ത സാഹചര്യത്തിൽ ട്യൂഷൻ, പരീക്ഷ, യൂണിവേഴ്‌സിറ്റി ഫീസുകൾ ഒഴികെയുള്ള ഫീസുകൾ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള സ്വാശ്രയ കോളേജുകൾ ആനുപാതികമായി കുറയ്ക്കണമെന്നാണ് നിർദ്ദേശം.

ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകളും പരീക്ഷയും നിഷേധിക്കരുതെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടു. കോളേജ് അധ്യാപകർ നിലവിലെ രീതിയിൽ വർക്ക് ഫ്രം ഹോം ആയി പ്രവർത്തിച്ചാൽ മതി. പരീക്ഷാ ചുമതലകളും പ്രിൻസിപ്പൽ നിർദ്ദേശിക്കുന്ന മറ്റു ജോലികളും നിർവഹിക്കേണ്ട അധ്യാപകർ അതാതു ദിവസങ്ങളിൽ കോളേജിൽ ഹാജരാകണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചു. കോളേജുകളിലെ അനധ്യാപകർ സർക്കാർ പുറപ്പെടുവിച്ച പൊതു ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജോലിക്ക് ഹാജരാകണം. പരീക്ഷാ ജോലി നിർവഹിക്കുന്ന അനധ്യാപകർ പ്രിൻസിപ്പൽ നിർദ്ദേശിക്കുന്ന ദിവസങ്ങളിൽ കോളേജുകളിൽ ഹാജരാകണം.

കോവിഡ് വൈറസ് വ്യാപനം നിലനിർക്കുന്ന സാഹചര്യത്തിൽ സർവകലാശാല പരീക്ഷകൾ നടത്തുന്നതിനായുള്ള മാർഗനിർദ്ദേശങ്ങളും ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം തടയുന്നതിന് സർക്കാർ പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങളും സുരക്ഷാ ക്രമീകരണങ്ങളും പരീക്ഷാ കേന്ദ്രങ്ങളിൽ ഉറപ്പാക്കണം. അടഞ്ഞു കിടക്കുന്ന ക്ലാസ് മുറികൾ പരീക്ഷ ആരംഭിക്കുന്നതിന് മുൻപ് അണുവിമുക്തമാക്കണം. ഫയർഫോഴ്‌സ്, തദ്ദേശസ്ഥാപനങ്ങൾ എന്നിവയുടെ സഹകരണം എന്നിവ ഇതിനായി ഉറപ്പു വരുത്തേണ്ട് ചുമതല പരീക്ഷാകേന്ദ്രം പ്രവർത്തിക്കുന്ന സ്ഥാപന മേധാവിക്കായിരിക്കും.

ഓരോ പരീക്ഷയ്ക്ക് ശേഷവും ക്ലാസ് അണുവിമുക്തമാക്കണം. ഹോസ്റ്റലുകളിൽ കഴിയുന്ന വിദ്യാർത്ഥികൾക്ക് സർക്കാർ മാനദണ്ഡങ്ങളും സുരക്ഷയും പാലിച്ച് പരീക്ഷാദിവസങ്ങളിൽ താമസം ഒരുക്കണം. ഹോസ്റ്റലുകൾ അണുവിമുക്തമാക്കണമെന്നും വിദ്യാർത്ഥികൾ കോവിഡ് പ്രോട്ടോകോൾ പാലിക്കണമെന്നും ഉറപ്പാക്കണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. പരീക്ഷാ കേന്ദ്രത്തിലേക്ക് ഒരു പ്രവേശന കവാടം മാത്രമേ പാടുള്ളൂ. പ്രവേശന കവാടത്തിൽ സോപ്പും വെള്ളവും ഉറപ്പാക്കണം. പരീക്ഷാർത്ഥികൾ, സ്‌ക്രൈബുകൾ, പരീക്ഷാ സ്‌ക്വാഡ് അംഗങ്ങൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരെയല്ലാതെ മറ്റാരെയും പരീക്ഷാ കേന്ദ്രത്തിൽ പ്രവേശിപ്പിക്കരുത്. എല്ലാവരും മാസ്‌ക്ക് നിർബന്ധമായും ധരിക്കണം. പ്രവേശന കവാടത്തിൽ ശരീരോഷ്മാവ് പരിശോധിക്കണം. പരീക്ഷാ കേന്ദ്രങ്ങളുടെ പരിസരത്ത് കൂട്ടം കൂടാനോ ചുറ്റിത്തിരിയാനോ വിദ്യാർത്ഥികളെ അനുവദിക്കരുതെന്നും സാമൂഹിക അകലം പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

പരീക്ഷാമുറികളിൽ സാനിറ്റൈസർ ഉണ്ടായിരിക്കണം. ഇൻവിജിലേറ്റർമാർ മാസ്‌ക്കും ഗ്ലൗസും ധരിക്കണം. പേന, പെൻസിൽ തുടങ്ങിയ വസ്തുക്കൾ കൈമാറ്റം ചെയ്യരുത്. വിദ്യാർത്ഥികൾ അറ്റൻഡൻസ് ഷീറ്റിൽ ഒപ്പു രേഖപ്പെടുത്തേണ്ടതില്ലെന്നും മാർഗനിർദ്ദേശത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്.