2021-22 അധ്യായന വർഷത്തേക്കുള്ള പത്ത്, പ്ലസ്ടു സിബിഎസ്ഇ പരീക്ഷകൾ രണ്ടു ടേമുകളായി നടക്കും; പുതിയ സ്‌കീം പ്രഖ്യാപിച്ചു

cbse

ന്യൂഡൽഹി: 2021-22 അധ്യായന വർഷത്തേക്കുള്ള പത്ത്, പ്ലസ്ടു സിബിഎസ്ഇ പരീക്ഷകൾ രണ്ടു ടേമുകളായി നടക്കും. സിബിഎസ്ഇയാണ് പുതിയ സ്‌കീം പ്രഖ്യാപിച്ചത്. അക്കാദമിക് വർഷത്തെ രണ്ടു ടേമുകളായി വിഭജിച്ച് 50 ശതമാനം സിലബസ് നൽകാനാണ് തീരുമാനം. ഒന്നാം ടേം പരീക്ഷകൾ നവംബർ-ഡിസംബർ മാസങ്ങളിലും രണ്ടാം ടേം പരീക്ഷ മാർച്ച്-ഏപ്രിൽ മാസവും നടക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു.

കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ക്ലാസുകൾ ഓൺലൈനാക്കിയ സാഹചര്യത്തിലാണ് പുതിയ നീക്കം. ഈ വർഷം നടക്കേണ്ടിയിരുന്നു പത്ത്, പ്ലസ്ടു പരീക്ഷകൾ കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ റദ്ദാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല മന്ത്രിമാരുടെ യോഗത്തിലായിരുന്നു പരീക്ഷകൾ റദ്ദാക്കാൻ തീരുമാനിച്ചത്.

ബോർഡ് പരീക്ഷ നടത്താതെ 11ാം ക്ലാസിലേക്ക് പ്രമോഷൻ നൽകുന്നതിന് മുന്നോടിയായി സിബിഎസ്ഇ മാർഗരേഖ പ്രഖ്യാപിച്ചിരുന്നു. ക്ലാസ് പരീക്ഷകളുടെ അടിസ്ഥാനത്തിൽ ഓരോ വിഷയത്തിലും 80 മാർക്ക് വരെയാണ് നൽകുക. ഇന്റേണൽ അസെസ്‌മെന്റിന് 20 മാർക്കും നൽകും.