Educational (Page 15)

victers

തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ വഴി സംപ്രേഷണം ചെയ്യുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ ഫസ്റ്റ്‌ബെല്‍ 2.0 ട്രയല്‍ സംപ്രേഷണം ജൂണ്‍ 18 വരെ നീട്ടി. പ്രീപ്രൈമറി മുതല്‍ പത്ത് വരെയുള്ള ക്ലാസുകാര്‍ക്ക് ജൂണ്‍ ആദ്യവാരം സംപ്രേഷണം ചെയ്തതിന്റെ പുനസംപ്രേഷണമായിരിക്കും 14 മുതല്‍ 18 വരെ നടക്കുക. പുതിയ ക്ലാസുകള്‍ ജൂണ്‍ 21 നായിരിക്കും ആരംഭിക്കുക.

ജൂണ്‍ 7 മുതല്‍ 11 വരെയുള്ള ക്ലാസുകളുടെ അതേ ക്രമത്തില്‍ തന്നെ ജൂണ്‍ 14 മുതല്‍ 18 വരെ കൈറ്റ് വിക്ടേഴ്‌സില്‍ പുനഃസംപ്രേഷണം ചെയ്യും. സംസ്ഥാനത്ത് ലോക്ഡൗണ് നിയന്ത്രണങ്ങള്‍ നിലവിലുള്ള സാഹചര്യത്തില്‍ അയല്പക്ക പഠനകേന്ദ്രങ്ങള്‍ ഉള്‍പ്പെടെ സജീവമാക്കി മുഴുവന്‍ കുട്ടികള്‍ക്കും ക്ലാസ് ലഭിക്കുന്നു എന്നുറപ്പുവരുത്താനാണ് ട്രയല്‍ സംപ്രേഷണം ഒരാഴ്ചകൂടി നീട്ടിയതെന്ന് കൈറ്റ് സി.ഇ.ഒ. കെ.അന്‍വര്‍ സാദത്ത് അറിയിച്ചു.

തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനത്തിനിടയിലും നേട്ടം സ്വന്തമാക്കി പൊതുവിദ്യാഭ്യാസ മേഖല. ഇത്തവണ പൊതുവിദ്യാഭ്യാസ മേഖലയിലേക്ക് കൂടുതൽ വിദ്യാർത്ഥികളെത്തിയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നത്. 2 മുതൽ 9 വരെയുള്ള എല്ലാ ക്ലാസുകളിലും സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകളിൽ നിന്നും പുതുതായി സ്റ്റേറ്റ് സിലബസിലേക്ക് കൂടുതൽ വിദ്യാർഥികളെത്തിയെന്നാണു കണക്കുകൾ പറയുന്നത്.

എല്ലാ ക്ലാസുകളിലുമായി ഒരു ലക്ഷത്തോളം വിദ്യാർഥികളാണ് വന്നുചേർന്നത്. 3.2 ലക്ഷം വിദ്യാർഥികളാണ് ഒന്നാം ക്ലാസിലെത്തിയത്. എല്ലാ ജില്ലകളിൽനിന്നും വിദ്യാഭ്യാസ വകുപ്പ് ശേഖരിച്ച കണക്കിൽ ഒന്നാം ക്ലാസ് ഒഴികെയുള്ള എല്ലാ ക്ലാസുകളിലും ഒരു ലക്ഷത്തോളം വിദ്യാർത്ഥികൾ വന്നെന്ന് വ്യക്തമാക്കുന്നു.

5-ാം ക്ലാസിലും 8-ാം ക്ലാസിലുമാണ് സാധാരണ സിബിഎസ്ഇയിൽ നിന്നും ഐസിഎസ്‌സിയിൽ നിന്നും ഇത്തരത്തിൽ സിലബസ് മാറി വിദ്യാർഥികൾ സ്റ്റേറ്റ് സിലബസിലേക്ക് എത്താറുള്ളത്. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയാകും മറ്റു സിലബസിൽ നിന്നു വിദ്യാർഥികൾ സർക്കാർ-എയ്ഡഡ് സ്‌കൂളുകളിൽ എത്തിച്ചേരാൻ കാരണമെന്നാണ് വിലയിരുത്തൽ.

80% സ്‌കൂളുകളും വിദ്യാർഥികളുടെ കണക്ക് സമ്പൂർണ സോഫ്റ്റ്‌വെയർ വഴി അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. ലോക്ഡൗൺ കാരണം ചില സ്ഥലങ്ങളിൽ ഇത്തരത്തിലുള്ള അപ്‌ഡേഷൻ നടന്നിട്ടില്ല. അപ്‌ഡേറ്റ് ചെയ്യാത്തവർ എത്രയും വേഗം തന്നെ അപ്‌ഡേഷൻ നടത്തുമെന്നാണ് വിവരം.

തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ ഹാജരാകാന്‍ നിവര്‍ത്തിയില്ലാത്ത കുട്ടികള്‍ക്ക് സഹായമൊരുക്കി വിദ്യാഭ്യാസവകുപ്പ്. വിഷയത്തില്‍ സംസ്ഥാനസര്‍ക്കാരും വിദ്യാഭ്യാസവകുപ്പും ഇടപെടാന്‍ തീരുമാനിച്ചു. പ്രശ്‌നപരിഹാരത്തിനായി മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗത്തില്‍ എല്ലാ കുട്ടികള്‍ക്കും ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പ് വരുത്താനായി പുതിയ സമിതിയെ രൂപീകരിക്കാന്‍ തീരുമാനമായിട്ടുണ്ട്.

എവിടെയെല്ലാമാണ് കുട്ടികള്‍ വേണ്ടത്ര ഇന്റര്‍നെറ്റ് സൗകര്യമില്ലാതെ ബുദ്ധിമുട്ടുന്നതെന്നും, എങ്ങനെ ഇന്റര്‍നെറ്റ് സൗകര്യമില്ലായ്മയും, റേഞ്ച് ഇല്ലാത്ത പ്രശ്‌നവും പരിഹരിക്കാമെന്നതും ഐടി സെക്രട്ടറി അധ്യക്ഷനായ സമിതി വിശദമായി പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കും. മുഖ്യമന്ത്രി ഇന്ന് വിളിച്ച യോഗത്തില്‍ സംസ്ഥാനത്തെ ഏറ്റവും പ്രമുഖരായ 15 ഇന്റര്‍നെറ്റ് സര്‍വീസ് ദാതാക്കള്‍ പങ്കെടുത്തു.

ആദിവാസി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്‍കി മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നതാണ്. ആദിവാസി മേഖലകളില്‍ വൈദ്യുതി ഇല്ലാത്ത സ്ഥലങ്ങളില്‍ ജനറേറ്ററുകള്‍, സോളാര്‍ സംവിധാനം എന്നിവ എത്തിച്ച് വൈദ്യുതി ലഭ്യമാക്കണം.ചുരുക്കത്തില്‍ ഡിജിറ്റല്‍ അന്തരം പരിഹരിക്കാന്‍ വിപുലമായ യജ്ഞത്തിനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

തിരുവനന്തപുരം: കൊവിഡ് വൈറസ് വ്യാപനത്തിനിടയിൽ കേരളാ സർവ്വകലാശാല പരീക്ഷകൾ നടത്താനൊരുങ്ങുന്നതിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കത്ത് നൽകി ശശി തരൂർ എംപി. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആരോഗ്യത്തിന് ഭീഷണിയായതിനാൽ പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ശശി തരൂർ ഗവർണർക്ക് കത്തയച്ചത്. അവസാന സെമസ്റ്റർ ബിരുദ, ബിരുദാനന്തര ബിരുദാന്തര പരീക്ഷകളാണ് കോവിഡ് വൈറസ് വ്യാപനത്തിനിടയിൽ സർവ്വകലാശാല നടത്തുന്നത്. 15,16 തീയതികളിലാണ് പരീക്ഷകൾ ആരംഭിക്കുക.

പരീക്ഷ നടത്തുന്നത് ഒഴിവാക്കാനാവില്ലെങ്കിൽ ഓൺലൈനായി നടത്തണമെന്നാണ് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കോവിഡ് വൈറസ് വ്യാപനത്തിന്റെ ആദ്യ തരംഗമുണ്ടായപ്പോഴും കേരള സർവകലാശാലയുടെ ബിരുദ പരീക്ഷകൾ മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ട് ശശി തരൂർ കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്ന് പരീക്ഷകൾ മാറ്റിവെയ്ക്കുകയും ചെയ്തിരുന്നു.

ഓൺലൈൻ പരീക്ഷ നടത്തുകയെന്നത് അസാദ്ധ്യമാണെന്നും സാഹചര്യം നോക്കി മാത്രമെ പരീക്ഷ നടത്തൂവെന്നും എന്നും വൈസ് ചാൻസലർ ഡോ. വി.പി.മഹാദേവൻപിള്ള പ്രതികരിച്ചു. കോവിഡ് വൈറസ് വ്യാപനത്തിനിടയിൽ പരീക്ഷ നടത്തുന്നതിനെതിരെ പലഭാഗങ്ങളിൽ നിന്നും പ്രതിധേഷം ഉയർന്നുണ്ട്. രക്ഷിതാക്കളും വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധി പേരാണ് പരീക്ഷ മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെടുന്നത്.

തിരുവനന്തപുരം: ഡിജിറ്റൽ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികളുടെ കണക്ക് തയാറാക്കാൻ ഡിഇഒ-എഇഒമാർക്ക് നിർദ്ദേശം നൽകി വിദ്യാഭ്യാസ ഡയറക്ടർ. നാളെത്തന്നെ നടപടികൾ ആരംഭിക്കണമെന്നാണ് വിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ച സർക്കുലറിൽ വ്യക്തമാക്കിയിരിക്കുന്നത്. ജൂൺ 13 നകം എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ പഠനത്തിന് അവസരമൊരുക്കണമെന്നാണ് സർക്കുലറിലെ നിർദേശം.

നാളെ സ്‌കൂളുകളിൽ നിന്നും ഡിജിറ്റൽ പഠനത്തിന് സൗകര്യമില്ലാത്തവരുടെ കണക്ക് തയ്യാറാക്കിയ ശേഷം 13 നകം ഈ കുട്ടികൾക്ക് ഡിജിറ്റൽ കണക്ടിവിറ്റി സൗകര്യം ഉറപ്പാക്കണം. വൈദ്യുതി, ക്ലാസുകൾ കാണാൻ ടിവി, ഫോൺ, ലാപ്‌ടോപ് ഇവ ഉറപ്പാക്കണമെന്നാണ് വിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശിച്ചിരിക്കുന്നത്.

ഇതിനായി എല്ലാ ജില്ലകളിലും കോർഡിനേഷൻ കമ്മിറ്റികൾ രൂപികരിക്കാനാണ് തീരുമാനം. സ്‌കൂൾ തലം, ഉപജില്ല, ജില്ലാതലം എന്നിങ്ങനെ തിരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടത്. സ്‌പോൺസർ ചെയ്യാൻ സന്നദ്ധരായ വ്യക്തികൾ, എല്ലാതലത്തിലുമുള്ള ജനപ്രതിനിധികൾ, മറ്റു സാമൂഹ്യസംഘടനകൾ, ഉദ്യോഗസ്ഥർ എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും വിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശിച്ചു.

cbse

ന്യൂഡല്‍ഹി: പന്ത്രണ്ടാം ക്ലാസ് പരീക്ഷ മൂല്യനിര്‍ണയ മാര്‍ഗരേഖ അന്തിമമാക്കാന്‍ സമയമെടുക്കുമെന്നും, വിദ്യാര്‍ത്ഥികളും അധ്യാപകരും ആശങ്കപ്പെടാതെ കാത്തിരിക്കണമെന്നും സിബിഎസ്ഇ സെക്രട്ടറി അനുരാഗ് ത്രിപാഠി. ഉന്നതവിദ്യാഭ്യാസപ്രവേശനം തുടങ്ങുന്നതിന് മുന്‍പേ ഫലം പ്രസിദ്ധീകരിക്കുമെന്നും സിബിഎസ്ഇ വ്യക്തമാക്കി. സ്‌കൂളുകള്‍ക്ക് പൂര്‍ണ അധികാരം നല്‍കിയാലുള്ള ക്രമക്കേടുകള്‍ തടയുന്നതിന് എല്ലാ പഴുതുകളും ആലോചിച്ച ശേഷമേ തീരുമാനമെടുക്കു. നിലവില്‍ രണ്ടു മാര്‍ഗങ്ങളാണ് സി ബി എസ് ഇയുടെ ആലോചനയിലുള്ളത്. പത്ത്, പതിനൊന്ന് ക്ലാസുകളിലെ ഫൈനല്‍ പരീക്ഷകളിലെയും പന്ത്രണ്ടാംക്ലാസിലെ ഇന്റേണല്‍ പരീക്ഷയിലെയും മികവിന്റെ അടിസ്ഥാനത്തില്‍് മൂല്യനിര്‍ണയം നടത്തുകയാണ് ഒരു മാര്‍ഗം. പത്താംക്ലാസ് ബോര്‍ഡ് പരീക്ഷയ്ക്ക് വെയിറ്റേജ് നല്കി, പന്ത്രണ്ടാം ക്ലാസിലെ ഇന്റേണല്‍ മാര്‍ക്ക് പരിഗണിച്ച് മൂല്യനിര്‍ണയം നടത്തുകയാണ് മറ്റൊരു മാര്‍ഗം.

cbse

സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷ ഉപേക്ഷിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സാഹചര്യം അനുകൂലമാകുമ്പോള്‍ അവസരം നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.വിദ്യാര്‍ത്ഥികളുടെ താല്‍പ്പര്യാര്‍ത്ഥമാണ് പരീക്ഷ ഉപേക്ഷിക്കാനുള്ള തീരുമാനം എടുത്തതെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് കോവിഡ് വ്യാപനം കുറയുമ്പോഴും ചില സംസ്ഥാനങ്ങള്‍ ഇപ്പോഴും അടച്ചുപൂട്ടല്‍ തുടരുന്നുണ്ട്.

വിദ്യാര്‍ത്ഥികളും മാതാപിതാക്കളും അധ്യാപകരും സ്വാഭാവികമായും വിദ്യാര്‍ത്ഥികളുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കാകുലരാണെന്നും ഇത്തരം സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്ക് ഹാജരാക്കാന്‍ നിര്‍ബന്ധിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. കൃത്യമായി നിര്‍വചിക്കപ്പെട്ട മാനദണ്ഡങ്ങള്‍ ക്കനുസൃതമായി ന്യായമായും സമയബന്ധിതമായും ഫലം തയ്യാറാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ അദ്ദേഹം ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. ഈ വിഷയത്തില്‍ പ്രതികരണം അറിയിച്ചതിന് പ്രധാനമന്ത്രി സംസ്ഥാനങ്ങള്‍ക്ക് നന്ദി അറിയിച്ചു . സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.

exam

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സിബിഎസ്ഇ, ഐഎസ്‌സി , ഐസിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി അഭിഭാഷക മമതാശര്‍മ്മ നല്‍കിയ ഹര്‍ജിയിൽ രണ്ട് ദിവസത്തിനകം അന്തിമ തീരുമാനം ഉണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ ഇതു സംബന്ധിച്ച ഹര്‍ജി പരിഗണിക്കുന്ന ജസ്റ്റിസുമാരായ എ.എം.ഖാന്‍വീല്‍കര്‍, ദിനേശ് മഹേശ്വരി എന്നിവരുള്‍പ്പെട്ട ബഞ്ചിനെയാണ് ഇക്കാര്യം അറിയിച്ചത്

school reopen

പുത്തനുടുപ്പുകളിട്ട് പുസ്തക സഞ്ചി തൂക്കി പൂമ്പാറ്റകൾ ആയി വിദ്യാർത്ഥികൾ സ്‌കൂളുകളിലേക്ക് വരുന്ന കാലം വിദൂരമല്ലെന്ന് മുഖ്യമന്ത്രി;ഓൺലൈൻ ക്‌ളാസുകൾ എല്ലാവരിലേക്കും എത്തിക്കാനുള്ള പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി.

കോവിഡ് കാലത്ത് സ്കൂൾ വിദ്യാഭ്യാസ രംഗത്ത് കേരളത്തിന്‌ ക്രിയാത്മകമായി ഒട്ടേറെ കാര്യങ്ങൾ ചെയ്യാനായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . ഈ രംഗത്ത് ലോകത്തിന് തന്നെ മാതൃകയാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ 2021-22 സ്കൂൾ വർഷത്തിന്റെ തുടക്കം കുറിക്കുന്ന പ്രവേശനോത്സവം ഓൺലൈൻ ആയി ഉത്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.അധ്യാപകരും വിദ്യാർത്ഥികളും നേരിട്ട് ആശയവിനിമയം നടത്തുന്ന ഓൺലൈൻ ക്ളാസുകളിൽ പ്രതിഭാ വളർച്ചക്കുതകുന്ന കലാ വിഷയങ്ങളും ഉൾപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സവിശേഷ സ്‌കൂളുകളിലേതടക്കമുള്ള വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് മികച്ച നിലയിൽ ഡിജിറ്റൽ – ഓൺലൈൻ ക്‌ളാസുകൾ എല്ലാവരിലേക്കും എത്തിക്കാനുള്ള പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുമെന്ന് ചടങ്ങിൽ അധ്യക്ഷനായ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. വീടുകളിൽ ആണെങ്കിലും ആധുനിക സാങ്കേതിക സൗകര്യങ്ങളുടെ സഹായത്തോടെ പ്രവേശനോത്സവം നടത്തുകയാണ്. ഇരിക്കുന്നത് അകലങ്ങളിൽ ആണെങ്കിലും മനസ്സുകൊണ്ട് എല്ലാവരും തൊട്ടടുത്താണ്. ഡിജിറ്റൽ ക്ലാസിലെ അടുത്ത ഘട്ടം എന്ന നിലയിൽ ഓൺലൈൻ ക്ലാസുകളിലൂടെ അധ്യാപകരോട് നേരിട്ട് സംശയങ്ങൾ ചോദിച്ചറിയാനും ആശയവിനിമയം നടത്താനുമുള്ള സാഹചര്യം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാമെന്നും വിദ്യാഭ്യാസമന്ത്രി കൂട്ടിച്ചേർത്തു.

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ചടങ്ങിൽ അക്ഷരദീപം തെളിയിച്ചു.മന്ത്രിമാരായ അഡ്വ. ആന്റണി രാജു, അഡ്വ. ജി ആർ അനിൽ, തിരുവനന്തപുരം മേയർ എസ് ആര്യ രാജേന്ദ്രൻ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌അഡ്വ.ഡി സുരേഷ് കുമാർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. മമ്മൂട്ടി, മോഹൻലാൽ, സച്ചിദാനന്ദൻ,ശ്രീകുമാരൻ തമ്പി, പി ടി ഉഷ, ബെന്യാമിൻ,ഗോപിനാഥ് മുതുകാട്,സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവർ ഓൺലൈനിലൂടെ ആശംസകൾ നേർന്നു.പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ്‌ ഹനീഷ് ഐ എ എസ് സ്വാഗതവും സമഗ്ര ശിക്ഷാ കേരളം സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടർ ഡോ. എ പി കുട്ടികൃഷ്ണൻ നന്ദിയും പറഞ്ഞു.പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ ജീവൻ ബാബു ഐ എ എസ് സന്നിഹിതനായിരുന്നു.

first bel

ജൂൺ 1 മുതൽ ട്രയൽ അടിസ്ഥാനത്തിൽ കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്‌ബെൽ 2.0 ഡിജിറ്റൽ ക്ലാസുകളുടെ ടൈംടേബിൾ കൈറ്റ് പ്രസിദ്ധീകരിച്ചു. അംഗണവാടി കുട്ടികൾക്കുള്ള ‘കിളിക്കൊഞ്ചൽ’ ജൂൺ ഒന്നു മുതൽ നാലു വരെ രാവിലെ 10.30 നായിരിക്കും. ഇതിന്റെ പുനഃസംപ്രേഷണം ജൂൺ ഏഴു മുതൽ 10 വരെ നടത്തും. പ്ലസ്ടു ക്ലാസുകൾക്ക് ജൂൺ ഏഴു മുതൽ 11 വരെയാണ് ആദ്യ ട്രയൽ. രാവിലെ എട്ടര മുതൽ 10 മണി വരെയും വൈകുന്നേരം അഞ്ച് മുതൽ ആറ് മണി വരെയുമായി ദിവസവും അഞ്ചു ക്ലാസുകളാണ് പ്ലസ്ടുവിനുണ്ടാകുക. ജൂൺ 14 മുതൽ 18 വരെ ഇതേ ക്രമത്തിൽ ക്ലാസുകൾ പുനഃസംപ്രേഷണം ചെയ്യും. ഒന്നു മുതൽ പത്തു വരെ ക്ലാസുകളുടെ ആദ്യ ട്രയൽ ജൂൺ രണ്ട് മുതൽ നാല് വരെയായിരിക്കും. ഇതേ ക്ലാസുകൾ ജൂൺ ഏഴു മുതൽ ഒമ്പത് വരെയും ജൂൺ 10 മുതൽ 12വരെയും പുനഃസംപ്രേഷണം ചെയ്യും. പത്താം ക്ലാസിനുള്ള മൂന്നു ക്ലാസുകൾ ഉച്ചയ്ക്ക് 12.00 മുതൽ 01.30 വരെയാണ്. ഒന്നാം ക്ലാസുകാർക്ക് രാവിലെ 10 നും രണ്ടാം ക്ലാസുകാർക്ക് 11 നും മൂന്നാം ക്ലാസുകാർക്ക് 11.30 നുമാണ് ഫസ്റ്റ്‌ബെൽ 2.0 ഡിജിറ്റൽ ക്ലാസുകൾ. നാല്(ഉച്ചക്ക് 1.30) അഞ്ച്(ഉച്ചക്ക് 2) ആറ്(2.30), ഏഴ്(03.00), എട്ട്(3.30) എന്ന ക്രമത്തിൽ ട്രയൽ ക്ലാസുകൾ ഓരോ പീരിയഡ് വീതമായിരിക്കും. ഒൻപതാം ക്ലാസിന് വൈകുന്നേരം നാല് മുതൽ അഞ്ച് വരെ രണ്ടു ക്ലാസുകളുണ്ടായിരിക്കും. ട്രയൽ ക്ലാസിന്റെ അനുഭവംകൂടി
കണക്കിലെടുത്തായിരിക്കും തുടർക്ലാസുകളും അന്തിമ ടൈംടേബിളും നിശ്ചയിക്കുന്നതെന്ന് കൈറ്റ് സി.ഇ.ഒ. കെ.അൻവർ സാദത്ത് അറിയിച്ചു. കുട്ടികളുടെ സൗകര്യത്തിന് ക്ലാസുകൾ പിന്നീട് കാണാനുള്ള സൗകര്യം firstbell.kite.kerala.gov.in ൽ ഒരുക്കും. കൈറ്റ് വിക്ടേഴ്‌സ് ലൈവ് ലിങ്കും ടൈംടേബിളും ഇതേ സൈറ്റിൽ ലഭ്യമാക്കും.