ഇന്ത്യയിലെ പി ജി പരീക്ഷ റദ്ദാക്കണമെന്ന വിദ്യാർത്ഥികളുടെ ഹർജി സുപ്രീംകോടതി തളളി

ന്യൂഡൽഹി: മെഡിക്കൽ പി ജി പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജി സുപ്രീംകോടതി തളളി. ഇന്റേണൽ മാർക്കിന്റെ അടിസ്ഥാനത്തിൽ മൂല്യനിർണയം നടത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയാണ് തള്ളിയത്. പതിനേഴ് മെഡിക്കൽ പി ജി വിദ്യാർത്ഥികളാണ് പിജി പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.

പരീക്ഷ റദ്ദാക്കണമെന്ന് ഒരു വിഭാഗം വിദ്യാർത്ഥികൾ ആവശ്യപ്പെടുമ്പോൾ പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന കുട്ടികളും ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ഇന്ദിരാ ബാനർജി അദ്ധ്യക്ഷയായ ബെഞ്ചായിരുന്നു ഹർജി പരിഗണിച്ചത്.

കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി പി ജി വിദ്യാർത്ഥികളെല്ലാം ആശുപത്രികളിൽ സേവനം അനുഷ്ഠിക്കുകയാണെന്നും പരീക്ഷക്കുള്ള തയ്യാറെടുപ്പിന് പലർക്കും സാധിച്ചിട്ടില്ലെന്നുമാണ് ഹർജിയിൽ പറഞ്ഞിരുന്നത്. വിദ്യാർത്ഥികളുടെ ഈ വാദം സുപ്രീം കോടതി മുഖവിലയ്‌ക്കെടുത്തില്ല.