ഇ പി ജയരാജൻ ഉടനടി എൽഡിഎഫ് കൺവീനർ സ്ഥാനം രാജിവെയ്ക്കണം; എം എം ഹസൻ

തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ഉടനടി രാജിവെയ്ക്കണമെന്ന് കെ പി സി സി ആക്ടിംഗ് പ്രസിഡന്റ് എം.എം ഹസൻ. ബിജെപി ബന്ധത്തിന്റെ പേരിൽ ഇടതുമുന്നണി കൺവീനർ ഇപി ജയരാജനെ മുഖ്യമന്ത്രി പരസ്യമായി ശാസിച്ച സാഹചര്യത്തിൽ അദ്ദേഹം ഉടനടി കൺവീനർ സ്ഥാനം രാജി വക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപി നേതാവ് പ്രകാശ് ജാവേദ്ക്കറുമായുള്ള ജയരാജന്റെ കൂടിക്കാഴ്ചയെ മുഖ്യമന്ത്രിക്ക് തള്ളിപ്പറയേണ്ടി വന്നത് സിപിഎം – ബിജെപി ഡീൽ പുറത്തു വന്നതിന്റെ ജാള്യം മറയ്ക്കാനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നല്ല കമ്യൂണിസ്റ്റുകാരൻ എന്ന് മുഖ്യമന്ത്രി തന്നെ വിശേഷിപ്പിച്ചിട്ടുള്ള ജയരാജനിൽ മുഖ്യ മന്ത്രിക്ക് വിശ്വാസം നഷ്ടപ്പെട്ടു. കടിച്ചു തൂങ്ങാതെ രാജി വയ്ക്കുന്നതാണ് അദ്ദേഹത്തിനും അഭികാമ്യം. കേരളത്തിൽ സിപിഎം – ബിജെപി ഡീലിന്റെ സൂത്രധാരകൻ ജയരാജനാണ്. മുഖ്യമന്ത്രിയുടെ വ്യക്തമായ നിർദേശപ്രകാരമാണ് ദീർഘകാലമായി ചർച്ച നടക്കുന്നതെന്നും ഹസൻ അഭിപ്രായപ്പെട്ടു.