Educational

തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് ചിത്രരചനാ മത്സരവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാർഷിക ദിനമായ ജനുവരി ഇരുപത്തി മൂന്നിനാണ് പരാക്രമം ദിവസം എന്ന പേരിൽ വിദ്യാർത്ഥികൾക്ക് ചിത്രരചനാ മത്സരം നടത്തുന്നത്. പരീക്ഷയെ കുറിച്ചുള്ള ഭയവും ഉൽക്കണ്ഠയും വിദ്യാർത്ഥികളിൽ നിന്നും അകറ്റുവാനും ആത്മവിശ്വാസത്തോടെ പരീക്ഷയെ അഭിമുഖീകരിക്കാനുമായാണ് രാജ്യവ്യാപകമായി കേന്ദ്ര സർക്കാർ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നത്.

രാജ്യത്തെ 500 കേന്ദ്രീയ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. സിബിഎസ്ഇ സ്‌കൂളുകൾ, സ്റ്റേറ്റ് ബോർഡുകളുമായി അഫിലിയേറ്റ് ചെയ്ത സ്‌കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ വിദ്യാലയങ്ങൾ തുടങ്ങിയ സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ നൈസർഗികവും പുതുമയുള്ളതുമായ ആശയങ്ങൾ പ്രകടിപ്പിക്കാനുള്ള വേദിയായിരിക്കും മത്സരം. പ്രധാനമന്ത്രി നരേന്ദ്ര മോദി എഴുതിയ പുസ്തകം എക്‌സാം വാരിയേഴ്‌സിലെ വിവിധ ആശയങ്ങൾ അധികരിച്ചാണ് ചിത്രരചന മത്സരം നടക്കുക.

അൻപതിനായിരത്തോളം സ്‌കൂൾ വിദ്യാർത്ഥികൾ നാളെ മത്സരത്തിൽ പങ്കെടുക്കുന്നതാണ്. 500 നോഡൽ കേന്ദ്രീയ വിദ്യാലയങ്ങളിൽ ഓരോന്നിലും ചുറ്റുവട്ടത്തിലുള്ള വിവിധ സ്‌കൂളുകളിൽ നിന്ന് 100 വിദ്യാർത്ഥികൾ വീതം മത്സരത്തിൽ പങ്കെടുക്കും .നോഡൽ കെ വി, സമീപത്തുള്ള കെ വി എന്നിവിടങ്ങളിൽ നിന്ന് 20 പേരും ജില്ലയിലെ ഓരോ നവോദയ വിദ്യാലയത്തിൽ നിന്നും 10 പേരും സമീപത്തുള്ള സിബിഎസ്ഇ ,സ്റ്റേറ്റ് ബോർഡ് സ്‌കൂളുകളിൽ നിന്നും 70 പേരും എന്ന രീതിയിലാണ് 100 വിദ്യാർത്ഥികൾ പങ്കെടുക്കുന്നത്.

തിരുവനന്തപുരം: ഒക്ടോബർ മൂന്നിന് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മന്ത്രിസഭ അവധി പ്രഖ്യാപിച്ചു. നവരാത്രി പ്രമാണിച്ചാണ് ഒക്ടോബർ മൂന്നിന് അവധി പ്രഖ്യാപിച്ചത്. പ്രെഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് സർക്കാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

അവധി ദിവസത്തിന് പകരം മറ്റേതെങ്കിലും ദിവസം പുനക്രമീകരണം ആവശ്യമെങ്കിൽ അതതു സ്ഥാപനങ്ങൾക്ക് തീരുമാനിക്കാമെന്നും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഒക്ടോബർ രണ്ട് വൈകിട്ട് പൂജ വെച്ചതിനു ശേഷം മൂന്നാം തീയതി ദുർഗാഷ്ടമിക്ക് വിദ്യാലയങ്ങൾക്ക് അവധി നൽകാതിരുന്നതിന് എതിരെ വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാരിന്റെ നടപടിയെന്നാണ് വിവരം.

തിരുവനന്തപുരം: പുതിയ പാഠ്യപദ്ധതി പരിഷ്‌ക്കരണത്തിന് തയ്യാറെടുത്ത് വിദ്യാഭ്യാസ മേഖല. പാഠ്യപദ്ധതി പരിഷ്‌ക്കരണത്തിൽ സ്‌കൂൾ പരീക്ഷാസമ്പ്രദായത്തിൽ പൊളിച്ചെഴുത്തിനു സാധ്യതയുണ്ടെന്നാണ് വിവരം. നിരന്തരമായ എഴുത്തുപരീക്ഷകളും അതിനുള്ള തയ്യാറെടുപ്പുകളും കുട്ടികൾക്ക് ഗുണനിലവാരമുള്ള പഠനസമയം നഷ്ടപ്പെടുത്തുന്നുണ്ടെന്നാണ് എസ്.സി.ഇ.ആർ.ടി. തയ്യാറാക്കിയ കരടുസമീപനരേഖയിൽ വ്യക്തമാക്കിയിട്ടുള്ളത്.

പരീക്ഷയിലെ പൊളിച്ചെഴുത്തുരീതി വിവിധ തട്ടുകളിലുള്ള പാഠ്യപദ്ധതി ചർച്ചകളിലൂടെ രൂപപ്പെടുത്താനാണ് തീരുമാനം. കുട്ടികളുടെ മികവും ദൗർബല്യവും മനസ്സിലാക്കിയുള്ള അധ്യയനരീതി പരിശീലിപ്പിക്കാനും തീരുമാനമുണ്ട്. ഇതിനായി ‘സ്റ്റുഡന്റ് പ്രൊഫൈൽ’ തയ്യാറാക്കാൻ പദ്ധതിയിടുന്നുണ്ട്. സെക്കൻഡറിതലത്തിലെ പരീക്ഷാസമ്പ്രദായവും അതിനുള്ള തയ്യാറെടുപ്പുകളുമൊക്കെ കുട്ടികളുടെ പഠനത്തെ ഹാനികരമായി ബാധിക്കുന്നുവെന്ന് ദേശീയവിദ്യാഭ്യാസനയരേഖയും ചൂണ്ടിക്കാട്ടുന്നു. കുട്ടികളുടെ സാമൂഹിക പശ്ചാത്തലം, സവിശേഷമായ കഴിവുകൾ, സഹായം ആവശ്യമുള്ള മേഖലകൾ തുടങ്ങി അവരുടെ ശക്തി-ദൗർബല്യങ്ങൾ കൃത്യമായി സ്റ്റുഡന്റ് പ്രൊഫൈലിൽ രേഖപ്പെടുത്തണമെന്നാണ് നിരീക്ഷണം.

അതേസമയം, കലാവിദ്യാഭ്യാസത്തിനായി സ്‌കൂളുകളിൽ ആർട്ട് ലാബുകൾ വേണമെന്ന് പാഠ്യപദ്ധതി പരിഷ്‌കാരത്തിൽ നിർദേശിക്കുന്നു. ഇപ്പോൾ പ്ലസ് ടു തലത്തിൽ സംഗീതം മാത്രമാണ് വിഷയം. എന്നാൽ, ദൃശ്യകലയുടെ ഡിഗ്രി കോഴ്‌സുകൾക്കും പ്രവേശനപരീക്ഷകൾക്കും ഉതകുന്നതരത്തിൽ സിലബസും പാഠപുസ്തകവും വേണമെന്നാണ് ശുപാർശ. മറ്റുവിഷയങ്ങൾക്കുള്ളതുപോലെ ദൃശ്യകലയ്ക്കായി ആർട്ട് ലാബ് വേണമെന്നും നിർദ്ദേശമുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ വർഷത്തേക്കാൾ കുറവ്. മുൻ വർഷത്തേക്കാൾ 45,573 കുട്ടികളുടെ കുറവാണ് ഇത്തവണ സ്‌കൂളുകളിലുണ്ടായത്. സർക്കാർ, എയ്ഡഡിലും അൺഎയ്ഡഡ് മേഖലയിലും കുട്ടികൾ കുറഞ്ഞുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിയമസഭയെ അറിയിച്ചു.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഒന്നാം ക്ലാസിൽ ചേരുന്ന കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടാകുകയാണ്. കഴിഞ്ഞ വർഷം ഒന്നാം ക്ലാസിൽ ആകെ പ്രവേശനം നേടിയത് 3,48,741 കുട്ടികളാണ്. എന്നാൽ ഇത്തവണ 3,03,168 കുട്ടികളാണ് ഒന്നാം ക്ലാസിൽ ചേർന്നത്. സർക്കാർ, എയ്ഡഡ് മേഖലയിൽ 37522 കുട്ടികളുടെ കുറവാണുള്ളത്. അതേസമയം, സർക്കാർ, എയ്ഡഡ് മേഖലയിൽ രണ്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ എണ്ണത്തിൽ 119970 വിദ്യാർത്ഥികളുടെ വർദ്ധനവ് രേഖപ്പെടുത്തി. സർക്കാർ മേഖലയിൽ 449 15 ഉം എയ്ഡഡ് മേഖലയിൽ 750 55 കുട്ടികളുമാണ് വർധിച്ചതെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.

അൺ എയ്ഡഡ് സ്‌കൂളുകളിൽ നിന്നും കുട്ടികൾ കൂടുതലായി സർക്കാർ എയ്ഡഡ് സ്‌കൂളുകളിലേക്ക് പ്രവേശനം തേടുന്നത് അഞ്ചാം ക്ലാസിലും എട്ടാം ക്ലാസിലുമാണ്. സംസ്ഥാനത്ത് പത്തോ അതിൽ കുറവോ കുട്ടികൾ പഠിക്കുന്ന 40 സർക്കാർ സ്‌കൂളുകളും 109 എയ്ഡഡ് സ്‌കൂളുകളുമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

തിരുവനന്തപുരം: കേരളത്തിൽ പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം ചൊവ്വാഴ്ച പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് പി ആർ ഡി ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. keralaresults.nic.in എന്ന വെബ്‌സൈറ്റിലൂടെ പരീക്ഷാ ഫലം അറിയാം.

മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെയുള്ള തീയതികളിലായിരുന്നു സംസ്ഥാനത്ത് പ്ലസ് ടു പരീക്ഷകൾ നടന്നത്. മെയ് മൂന്ന് മുതലായിരുന്നു പ്രാക്ടിക്കൽ പരീക്ഷ. പ്ലസ് ടു പരീക്ഷകൾക്ക് ഇത്തവണയും ഗ്രേസ് മാർക്ക് നൽകില്ല. കലാ-കായിക മത്സരങ്ങൾ നടത്താത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പ് പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകേണ്ടെന്ന തീരുമാനമെടുത്തത്. എൻസിസി ഉൾപ്പെടെ ഉള്ളവയ്ക്കും ഇത്തവണ ഗ്രേസ് മാർക്ക് ഉണ്ടാകില്ല.

അതേസമയം, 4,32,436 കുട്ടികളാണ് ഇത്തവണ പ്ലസ് ടു പരീക്ഷ എഴുതിയത്. 3,65,871 പേർ റെഗുലർ ആയും 20,768 പേർ പ്രൈവറ്റായും പരീക്ഷ എഴുതി. 45,795 പേർ ഓപ്പൺ സ്‌കൂളിന് കീഴിൽ പരീക്ഷ എഴുതിയിട്ടുണ്ട്. വൊക്കേഷണൽ ഹയർ സെക്കന്ററിയിൽ 31,332 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. വിഎച്ച്എസ്ഇ (എൻഎസ്‌ക്യുഎഫ്) 30,158 പേർ റഗുലറായും 198 പേർ പ്രൈവറ്റായും പരീക്ഷ എഴുതിയിട്ടുണ്ട്.

തിരുവനന്തപുരം: ഇത്തവണത്തെ അദ്ധ്യയന വർഷം ഒന്നാം ക്ലാസിലെയും രണ്ടാം ക്ലാസിലെയും പാഠപുസ്തകങ്ങളിൽ അക്ഷരമാല ഇടം നേടുമ്പോൾ സ്വരാക്ഷരങ്ങളിലെ അം, അഃ അക്ഷരങ്ങൾ കൂടി തിരിച്ചെത്തുന്നു. 2012 മുതൽ മലയാളം അക്ഷരമാലയിൽ നിന്ന് ‘അം’ എന്ന അനുസ്വാരവും ‘അഃ’ എന്ന വിസർഗവും മാറ്റി നിർത്തപ്പെട്ടിരുന്നു.

പാഠപുസ്തകത്തിന്റെ ഒന്നാം വാല്യം അച്ചടി കഴിഞ്ഞതിനാൽ ഒന്നാം ക്ലാസിലെ മൂന്നാം വാല്യത്തിലും രണ്ടാം ക്ലാസിലെ രണ്ടാം വാല്യത്തിലും ഉൾപ്പെടുത്തിയാണ് അക്ഷരമാല പ്രസിദ്ധീകരിക്കുക. ഇതോടെ അനുസ്വാരവും വിസർഗവും ഉൾപ്പെടെ സ്വരാക്ഷരങ്ങൾ 15 ഉം വ്യഞ്ജനാക്ഷരങ്ങൾ 25 ഉം മദ്ധ്യമങ്ങൾ 5 ഉം ഊഷ്മാക്കൾ രണ്ടും ഘോഷി ഒന്നും ദ്രാവിഡ മദ്ധ്യമം മൂന്നും ചേർന്ന് വീണ്ടും മലയാള അക്ഷരമാല 51 ആയി മാറുകയാണ്. ഔദ്യോഗിക ഭാഷാ വകുപ്പിന്റെ ലിപി പരിഷ്‌കരണ സമിതിയുടെ നിർദ്ദേശപ്രകാരമാണ് പാഠപുസ്തകങ്ങളിൽ അക്ഷരമാല കൂടി ഉൾപ്പെടുത്താൻ തീരുമാനിച്ചത്.

ഒന്നാം ക്ലാസിലെ കുട്ടികൾ ആശയം മനസിലാക്കി വാചകം തിരിച്ചറിഞ്ഞശേഷം വേണം അക്ഷരം പഠിക്കാനെന്നതാണ് നിലവിലെ രീതി. അതിനാലാണ് മൂന്നാം വാല്യത്തിൽ അക്ഷരമാല ഉൾപ്പെടുത്താൻ തീരുമാനിച്ചത്.

ന്യൂഡൽഹി: പുതിയ ദേശീയ വിദ്യാഭ്യാസ നയമനുസരിച്ച് പാഠ്യപദ്ധതിയ്ക്ക് ചട്ടക്കൂട് പരിഷ്‌കരിക്കാനുള്ള മാർഗരേഖ പ്രകാശനം ചെയ്ത് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിൽ നടന്ന ചടങ്ങിലാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്. ആദ്യ ഘട്ടത്തിൽ വിനോദത്തിലൂന്നിയുള്ള പഠനമാണ് മാർഗരേഖ ശുപാർശ ചെയ്യുന്നത്.

ഈ മാർഗരേഖ പ്രകാരമായിരിക്കും പൊതുവിദ്യാഭ്യാസ രംഗം 10, 12, ഘടന ഒഴിവാക്കി 5+3+3+4 എന്ന രീതിയിലേക്ക് മാറ്റാനുള്ള ദേശീയ വിദ്യാഭ്യാസനയത്തിനുള്ള പാഠ്യപദ്ധതി തയ്യാറാക്കുക. തുടർപ്രക്രിയകളിലൂടെയാണ് ചട്ടക്കൂട് രൂപവത്കരിക്കുകയെന്നും ഇതിലേക്ക് ജനങ്ങൾക്ക് നിർദേശം സമർപ്പിക്കാമെന്നും കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ അറിയിച്ചു. ദേശീയ കരിക്കുലം ചട്ടക്കൂട് തയ്യാറാക്കുന്നതിനുള്ള സമിതിയുടെ ചെയർമാൻ ഡോ. കെ. കസ്തൂരിരംഗൻ, മന്ത്രിമാരായ സി.എൻ. അശ്വത് നാരായൺ, ബി.സി. നാഗേഷ്, കേന്ദ്ര വിദ്യാഭ്യാസവകുപ്പ് സെക്രട്ടറി അനിത കാർവാൾ തുടങ്ങിയവരാണ് ചടങ്ങിൽ പങ്കെടുത്തത്.

അടിസ്ഥാനഘട്ടം (മൂന്ന്-എട്ട് വയസ്സ്), മൂന്നുവർഷം പ്രീ-പ്രൈമറി (എട്ടുമുതൽ 11 വയസ്സുവരെ), ഒരു തയ്യാറെടുപ്പ് ഘട്ടം (11മുതൽ 14 വയസ്സുവരെ), സെക്കൻഡറി ഘട്ടം (14മുതൽ 18 വയസ്സുവരെ) എന്നിങ്ങനെയാണ് ഘടന. പരിഷ്‌കരിച്ച ഘടന, മൂന്നുമുതൽ ആറു വയസ്സുവരെയുള്ളവരുടെ മാനസികവികാസത്തിനുള്ള നിർണായകഘട്ടമാക്കി മാറ്റാൻ കഴിയുന്ന തരത്തിലാണ് ചട്ടക്കൂടുണ്ടാക്കേണ്ടതെന്ന് മാർഗരേഖയിൽ പറയുന്നു. മൂന്നു വയസ്സുമുതൽ അക്ഷരങ്ങളിലും അക്കങ്ങളിലും വിദ്യാർഥികൾക്ക് അടിസ്ഥാനം നൽകണമെന്നും മറ്റുഭാഷകൾ, സംസ്‌കാരങ്ങൾ എന്നിവ സ്വായത്തമാക്കുന്നതിനൊപ്പം മാതൃഭാഷയിലൂന്നിയാകണം പഠനമെന്നും മാർഗ നിർദ്ദേശത്തിലുണ്ട്.

ഇന്ത്യൻ സംസ്‌കാരം, ലിംഗപഠനം, യോഗ തുടങ്ങിയവ വേണം, എല്ലാ വിഷയങ്ങളിലും ഒരുപോലെ കുട്ടികൾക്ക് പരിശീലനം നൽകണം, കുട്ടികളിലെ സർഗശേഷി ഉണർത്തുന്ന രീതിയിലാകണം പാഠ്യപദ്ധതിയെന്നും നിർദ്ദേശത്തിൽ ചൂണ്ടിക്കാട്ടുന്നു. വിശകലനചിന്തകളിലധിഷ്ഠിതമായ തലമുറയെ സൃഷ്ടിക്കാനാകണമെന്നും ആശയങ്ങൾ കുട്ടികളിലേക്ക് അടിച്ചേൽപ്പിക്കരുതെന്നും നിർദ്ദേശത്തിലുണ്ട്.

അതേസമയം, മാർഗരേഖയിൽ പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം തേടാൻ ആപ്ലിക്കേഷൻ പുറത്തിറക്കും. അധ്യാപകർ, സ്‌കൂൾ പ്രിൻസിപ്പൽമാർ, അങ്കണവാടി അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാഭ്യാസ വിദഗ്ധർ തുടങ്ങി നാനാതുറയിൽ നിന്നുള്ളവരിൽനിന്ന് അഭിപ്രായം തേടുമെന്നും അധികൃതർ അറിയിച്ചു.

തിരുവനന്തപുരം: യുദ്ധത്തെത്തുടർന്ന് യുക്രൈനിൽ നിന്ന് കേരളത്തിലേക്ക് തിരിച്ചെത്തിയത് 3379 കുട്ടികൾ. ഓൾ കേരള യുക്രൈൻ മെഡിക്കൽ സ്റ്റുഡന്റ്‌സ് ആൻഡ് പാരന്റ്‌സ് അസോസിയേഷന്റെ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഇവരുടെ തുടർ പഠനം നിലവിൽ അനിശ്ചിതത്വത്തിലാണ്. 22,000 വിദ്യാർത്ഥികളാണ് ഇന്ത്യയിലൊട്ടാകെ യുക്രൈനിൽ നിന്നും തിരിച്ചെത്തിയത്. ഇതിൽ ഒന്നാംവർഷ വിദ്യാർത്ഥികൾ മുതൽ കോഴ്‌സ് തീരാൻ മൂന്നു മാസംമാത്രം ബാക്കിയുള്ളവരുണ്ട്.

ഇനിയൊരു തിരിച്ചു പോക്ക് അസാധ്യമാണെന്ന നിഗമനത്തിലാണ് വിദ്യാർത്ഥികൾ. സർവകലാശാലകൾ ഓൺലൈൻ ക്ലാസ് തുടരുന്നുണ്ടെങ്കിലും ക്ലാസ് ഓഫ് ലൈനിലാകുമ്പോൾ പങ്കെടുക്കാൻ കഴിയില്ല. ഈ സാഹചര്യത്തിൽ എല്ലാ വിദ്യാർത്ഥികളെയും ഇന്ത്യയിൽത്തന്നെ പഠിപ്പിക്കാൻ വേണ്ട സാഹചര്യം ഒരുക്കണമെന്നാണ് വിദ്യാർത്ഥികൾ ഉന്നയിക്കുന്ന ആവശ്യം. സംഘടനയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ മുഖ്യമന്ത്രിയെയും എല്ലാ മന്ത്രിമാരെയും എം.എൽ.എ.മാരെയും എം.പി.മാരെയും കണ്ട് നിവേദനങ്ങൾ നൽകിക്കൊണ്ടിരിക്കുകയാണ്.

കേന്ദ്രമന്ത്രി വി. മുരളീധരനുമായും വിദ്യാർത്ഥികൾ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. യുക്രൈനിൽ പഠിച്ച വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പഠനം തുടരുന്നതിന് നാഷണൽ മെഡിക്കൽ കമ്മിഷന്റെ (എൻ.എം.സി.) അനുമതി വേണം. സർവകലാശാല മാറുന്നതിനുവേണ്ടിയുള്ള അനുമതിയാണ് നൽകേണ്ടത്. ഇതിന് നിയമഭേദഗതി വരുത്തണം. ഇക്കാര്യങ്ങളുൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് സംഘടന മന്ത്രിമാരുമായി കൂടിക്കാഴ്ച്ച നടത്തുന്നത്.

സർട്ടിഫിക്കറ്റുകളൊന്നുമില്ലാതെയാണ് യുക്രൈനിൽ നിന്നും വിദ്യാർത്ഥികൾ നാട്ടിലേക്ക് മടങ്ങിയെത്തിയത്. എൻ.എം.സി.യും ഇന്ത്യൻ എംബസിയും ഇക്കാര്യത്തിൽ ആവശ്യമായ ഇടപെടലുകൾ നടത്തമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെടുന്നു. അതേസമയം, യുക്രൈനിൽ നിന്ന് തിരിച്ചുവന്ന കുട്ടികളുടെ തുടർവിദ്യാഭ്യാസത്തിനായി 10 കോടി രൂപ സംസ്ഥാന സർക്കാർ ബജറ്റിൽ നീക്കിവെച്ചിരുന്നു. ഇതാണ് വിദ്യാർത്ഥികൾക്ക് ആകെയുള്ള ആശ്വാസ ഘടകം.

ന്യൂഡൽഹി: വിദേശ വിദ്യാർത്ഥികളെ ഇന്ത്യൻ സർവകലാശാലകളിലേക്ക് ആകർഷിക്കാൻ പുതിയ പോർട്ടലുമായി ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ. എജ്യുക്കേഷൻ ഇന്ത്യ എന്ന പുതിയ പോർട്ടലാണ് വിദേശ വിദ്യാർത്ഥികൾക്കായി ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജ്യുക്കേഷൻ ആരംഭിച്ചത്. ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കരുത്ത് വ്യക്തമാക്കി അന്താരാഷ്ട്ര വിദ്യാർത്ഥികളെ ആകർഷിക്കുന്നതിനാണ് പോർട്ടൽ വികസിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ സർവകലാശാലകളെയും കോളേജുകളെയും കുറിച്ചുള്ള വിവരങ്ങൾ അറിയാൻ ഈ പോർട്ടൽ വിദ്യാർത്ഥികളെ സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഔദ്യോഗിക വെബ്‌സൈറ്റായ educationindia.gov.in വഴി വിദ്യാർത്ഥികൾക്ക് പോർട്ടലിൽ പ്രവേശിക്കാം. അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ ഇന്ത്യൻ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒരൊറ്റ പ്ലാറ്റ്‌ഫോം വഴി തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പ്രത്യേകതകൾ ഈ പോർട്ടൽ വഴി പ്രദർശിപ്പിക്കാം. ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾക്ക് ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചും കോഴ്‌സുകളെക്കുറിച്ചും വ്യക്തത വരുത്താനും പോർട്ടൽ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പോർട്ടലിൽ പ്രവേശിക്കുന്ന വിദ്യാർത്ഥികൾക്ക് രജിസ്‌ട്രേഷൻ ഓപ്ഷനും എഐസിടിഇ പോർട്ടലിലൂടെ നൽകുന്നുണ്ട്. രജിസ്‌ട്രേഷന് ശേഷം, വിദ്യാർത്ഥികൾക്ക് ഒരു യുണീക്ക് എജ്യുക്കേഷൻ ഇന്ത്യ പോർട്ടൽ ഐഡി (EI-ID) ലഭിക്കും. അന്താരാഷ്ട്ര വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്ന സ്ഥാപനങ്ങൾക്ക്, പോർട്ടലിൽ ലോഗിൻ ഐഡിയായി ഉപയോഗിക്കുന്ന AISHE കോഡ് നിർബന്ധമാണ്. ഒരു വിദ്യാർത്ഥിക്ക് ഒന്നിലധികം സ്ഥാപനങ്ങളിൽ നിന്ന് ഓഫറുകൾ ലഭിച്ചാലും ഒരു തവണ മാത്രമേ പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ കഴിയൂ.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പോർട്ടലിൽ അവരവരുടെ സ്ഥാപനത്തിന്റെ പ്രൊഫൈൽ അപ്ഡേറ്റ് ചെയ്യാം. ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച് നിലവിൽ അന്തർദ്ദേശീയ വിദ്യാർത്ഥികളെ പ്രവേശിപ്പിച്ച സ്ഥാപനങ്ങൾക്ക് പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. AISHE പോർട്ടലിൽ ലഭ്യമായ ഡാറ്റയുടെ സഹായത്തോടെ എജ്യുക്കേഷൻ ഇന്ത്യ പോർട്ടൽ ഈ സ്ഥാപനങ്ങളുടെ അടിസ്ഥാന വിവരങ്ങൾ അടങ്ങിയ പ്രൊഫൈൽ സൃഷ്ടിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാൻ പദ്ധതിയിട്ടിരിക്കുന്നതും അതിന് അർഹതയുള്ളതുമായ സ്ഥാപനങ്ങൾക്ക് രണ്ടാം ഘട്ടത്തിൽ പുതിയ പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ കഴിയുമെന്നും അധികൃതർ വ്യക്തമാക്കി.

ന്യൂഡൽഹി: ഒരേ സമയം രണ്ടു ഫുൾ ടൈം ഡിഗ്രി കോഴ്‌സുകൾ പഠിക്കാനുള്ള അവസരമൊരുക്കാനൊരുങ്ങി യുജിസി. ഓഫ്‌ലൈനായി ഒരേ സമയം രണ്ടു ഫുൾ ടൈം ഡിഗ്രി കോഴ്‌സുകൾ ചെയ്യാൻ വിദ്യാർത്ഥികളെ അനുവദിക്കുമെന്ന് യുജിസി ചെയർമാൻ ജഗദീഷ് കുമാർ അറിയിച്ചു. ഒരേ സർവകലാശാലയിൽ നിന്നോ ഇതര സർവകലാശാലകളിൽ നിന്നോ വിദ്യാർത്ഥികൾക്ക് ഒരേ സമയം രണ്ടു ഫുൾടൈം ബിരുദ കോഴ്‌സുകൾ പഠിക്കാനുള്ള സൗകര്യമാണ് ഏർപ്പെടുത്തുകയെന്ന് അദ്ദേഹം പറഞ്ഞു.

ഇതുസംബന്ധിച്ച മാർഗനിർദ്ദേശം യുജിസി ഉടൻ പുറപ്പെടുവിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് യുജിസി ഇത്തരമൊരു തീരുമാനം സ്വീകരിച്ചത്. ഒന്നിലധികം വിഷയങ്ങളിൽ ഒരേ സമയം പ്രാവീണ്യം നേടുന്നതിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കാൻ ലക്ഷ്യമിട്ടാണ് നടപടി.

വിദ്യാഭ്യാസ സ്ഥാപനത്തിൽ നേരിട്ട് പോയി പഠിക്കാൻ സാധിക്കുന്ന ഓഫ്‌ലൈൻ സമ്പ്രദായത്തിൽ ഒരേ സമയം രണ്ടു ബിരുദ കോഴ്‌സുകൾ പഠിക്കാൻ കുട്ടികളെ അനുവദിക്കുന്നതാണ് പുതിയ മാറ്റം. പഠനത്തിനായി ഒരേ സർവകലാശാല തന്നെ വേണമെന്ന് നിർബന്ധമില്ല. ഇതര സർവകലാശാല കോഴ്‌സുകളും ചെയ്യാൻ കഴിയുന്ന വിധമാണ് പുതിയ പദ്ധതി ആവിഷ്‌ക്കരിക്കുന്നതെന്ന് ജഗദീഷ് കുമാർ വിശദീകരിച്ചു. ഓൺലൈൻ രീതിയിലും ഈ സൗകര്യം പ്രയോജനപ്പെടുത്താൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.