സ്വാശ്രയ കോളേജുകൾ അധിക ഫീസ് ഈടാക്കരുത്; കർശന നിർദ്ദേശം നൽകി ഉന്നത വിദ്യഭ്യാസ വകുപ്പ്

തിരുവനന്തപുരം: അധിക ഫീസ് ഈടാക്കരുതെന്ന് സ്വാശ്രയ കോളേജുകൾക്ക് നിർദ്ദേശം നൽകി ഉന്നത വിദ്യാഭ്യാസ വകുപ്പ്. പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള സ്വാശ്രയ കോളേജുകൾക്കാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകിയിരിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് റഗുലർ ക്ലാസുകൾ നടക്കാത്ത സാഹചര്യത്തിൽ ട്യൂഷൻ, പരീക്ഷ, യൂണിവേഴ്‌സിറ്റി ഫീസുകൾ ഒഴികെയുള്ള ഫീസുകൾ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള സ്വാശ്രയ കോളേജുകൾ ആനുപാതികമായി കുറയ്ക്കണമെന്നാണ് നിർദ്ദേശം.

ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകളും പരീക്ഷയും നിഷേധിക്കരുതെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടു. കോളേജ് അധ്യാപകർ നിലവിലെ രീതിയിൽ വർക്ക് ഫ്രം ഹോം ആയി പ്രവർത്തിച്ചാൽ മതി. പരീക്ഷാ ചുമതലകളും പ്രിൻസിപ്പൽ നിർദ്ദേശിക്കുന്ന മറ്റു ജോലികളും നിർവഹിക്കേണ്ട അധ്യാപകർ അതാതു ദിവസങ്ങളിൽ കോളേജിൽ ഹാജരാകണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചു. കോളേജുകളിലെ അനധ്യാപകർ സർക്കാർ പുറപ്പെടുവിച്ച പൊതു ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജോലിക്ക് ഹാജരാകണം. പരീക്ഷാ ജോലി നിർവഹിക്കുന്ന അനധ്യാപകർ പ്രിൻസിപ്പൽ നിർദ്ദേശിക്കുന്ന ദിവസങ്ങളിൽ കോളേജുകളിൽ ഹാജരാകണം.

കോവിഡ് വൈറസ് വ്യാപനം നിലനിർക്കുന്ന സാഹചര്യത്തിൽ സർവകലാശാല പരീക്ഷകൾ നടത്തുന്നതിനായുള്ള മാർഗനിർദ്ദേശങ്ങളും ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം തടയുന്നതിന് സർക്കാർ പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങളും സുരക്ഷാ ക്രമീകരണങ്ങളും പരീക്ഷാ കേന്ദ്രങ്ങളിൽ ഉറപ്പാക്കണം. അടഞ്ഞു കിടക്കുന്ന ക്ലാസ് മുറികൾ പരീക്ഷ ആരംഭിക്കുന്നതിന് മുൻപ് അണുവിമുക്തമാക്കണം. ഫയർഫോഴ്‌സ്, തദ്ദേശസ്ഥാപനങ്ങൾ എന്നിവയുടെ സഹകരണം എന്നിവ ഇതിനായി ഉറപ്പു വരുത്തേണ്ട് ചുമതല പരീക്ഷാകേന്ദ്രം പ്രവർത്തിക്കുന്ന സ്ഥാപന മേധാവിക്കായിരിക്കും.

ഓരോ പരീക്ഷയ്ക്ക് ശേഷവും ക്ലാസ് അണുവിമുക്തമാക്കണം. ഹോസ്റ്റലുകളിൽ കഴിയുന്ന വിദ്യാർത്ഥികൾക്ക് സർക്കാർ മാനദണ്ഡങ്ങളും സുരക്ഷയും പാലിച്ച് പരീക്ഷാദിവസങ്ങളിൽ താമസം ഒരുക്കണം. ഹോസ്റ്റലുകൾ അണുവിമുക്തമാക്കണമെന്നും വിദ്യാർത്ഥികൾ കോവിഡ് പ്രോട്ടോകോൾ പാലിക്കണമെന്നും ഉറപ്പാക്കണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. പരീക്ഷാ കേന്ദ്രത്തിലേക്ക് ഒരു പ്രവേശന കവാടം മാത്രമേ പാടുള്ളൂ. പ്രവേശന കവാടത്തിൽ സോപ്പും വെള്ളവും ഉറപ്പാക്കണം. പരീക്ഷാർത്ഥികൾ, സ്‌ക്രൈബുകൾ, പരീക്ഷാ സ്‌ക്വാഡ് അംഗങ്ങൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരെയല്ലാതെ മറ്റാരെയും പരീക്ഷാ കേന്ദ്രത്തിൽ പ്രവേശിപ്പിക്കരുത്. എല്ലാവരും മാസ്‌ക്ക് നിർബന്ധമായും ധരിക്കണം. പ്രവേശന കവാടത്തിൽ ശരീരോഷ്മാവ് പരിശോധിക്കണം. പരീക്ഷാ കേന്ദ്രങ്ങളുടെ പരിസരത്ത് കൂട്ടം കൂടാനോ ചുറ്റിത്തിരിയാനോ വിദ്യാർത്ഥികളെ അനുവദിക്കരുതെന്നും സാമൂഹിക അകലം പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

പരീക്ഷാമുറികളിൽ സാനിറ്റൈസർ ഉണ്ടായിരിക്കണം. ഇൻവിജിലേറ്റർമാർ മാസ്‌ക്കും ഗ്ലൗസും ധരിക്കണം. പേന, പെൻസിൽ തുടങ്ങിയ വസ്തുക്കൾ കൈമാറ്റം ചെയ്യരുത്. വിദ്യാർത്ഥികൾ അറ്റൻഡൻസ് ഷീറ്റിൽ ഒപ്പു രേഖപ്പെടുത്തേണ്ടതില്ലെന്നും മാർഗനിർദ്ദേശത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്.