സിബിഎസ്ഇ പ്ലസ് ടു മൂല്യനിർണയം; 10,11, 12 ക്ലാസുകളിലെ പരീക്ഷാ ഫലത്തിന്റെ ആകെ തുകയായി കണക്കാക്കും

ന്യൂഡൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് റദ്ദാക്കിയ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ വിദ്യാർത്ഥികളുടെ മൂല്യനിർണയം 10,11,12 ക്ലാസുകളിലെ പരീക്ഷാഫലത്തിന്റെ ആകെത്തുകയായി കണക്കാക്കും. സിബിഎസ്ഇ സുപ്രീംകോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. ഇതിൽ 10,11 ക്ലാസുകളിലെ വാർഷിക ഫലത്തിന്റെയും 12-ാം ക്ലാസ് പ്രീ ബോർഡ് പരീക്ഷയുടെയും ഫലം 30:30:40 എന്ന അനുപാതത്തിലെടുത്താകും ഫലം കണക്കാക്കുകയെന്നും സിബിഎസ്ഇ കോടതിയിൽ വ്യക്തമാക്കി. അറ്റോർണി ജനറൽ കെ.കെ വേണുഗോപാലാണ് മൂല്യനിർണയങ്ങൾ സംബന്ധിച്ച വിവരങ്ങൾ കോടതിയെ അറിയിച്ചത്.

10,11 ക്ലാസുകളിലെ തിയറി മാർക്കുകളാണ് മൂല്യനിർണയത്തിന് പരിഗണിക്കുന്നത്. ജസ്റ്റിസ് എ.എം ഖാൻവീൽക്കർ, ജസ്റ്റിസ് ദിനേശ് മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പരീക്ഷാ മൂല്യനിർണയ വിവരങ്ങൾ സുപ്രീംകോടതി അംഗീകരിച്ചാലുടൻ വെബ്സൈറ്റിൽ ലഭ്യമാക്കുമെന്നും സിബിഎസ്ഇ വ്യക്തമാക്കിയിരിക്കുന്നത്. പരീക്ഷാ മൂല്യനിർണയം നിരീക്ഷിക്കാൻ 1000 സ്‌കൂളുകൾക്ക് ഒരു സമിതി ഉണ്ടായിരിക്കുമെന്നും മൂല്യ നിർണയത്തിനായി വിദഗ്ദ്ധരായ അദ്ധ്യാപകരെ നിയമിക്കുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

വിദ്യാർത്ഥികളിൽ പരീക്ഷ ആവശ്യമുളളവർക്ക് അതിനുളള സൗകര്യം ഏർപ്പെടുത്തണമെന്ന് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ജൂലൈ 31 നകം ഫലപ്രഖ്യാപനം ഉണ്ടാകുമെന്നും സിബിഎസ്ഇ അറിയിച്ചു.