Latest News (Page 1,639)

ന്യൂഡൽഹി: ഗുലാം നബി ആസാദിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ. ഗുലാം നബി ആസാദ് ഉന്നയിച്ച കാര്യങ്ങൾ ഖേദകരമാണെന്ന് അദ്ദേഹം പറഞ്ഞു. താൻ ഓട് പൊളിച്ചിറങ്ങി കോൺഗ്രസിൽ എത്തിയ ആളല്ലെന്ന് ആദ്യം മനസിലാക്കണമെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.

കെ എസ് യു കാലം മുതൽ താൻ പാർട്ടിയിൽ പ്രവർത്തിക്കുകയാണ്. തനിക്കും 46 വർഷത്തെ അനുഭവ സമ്പത്തുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസമാണ് ഗുലാം നബി ആസാദ് കോൺഗ്രസിൽ നിന്നും രാജിവെച്ചത്. കോൺഗ്രസിന്റെ പ്രാഥമിക അംഗത്വമാണ് ഗുലാം നബി ആസാദ് രാജിവച്ചത്. ജമ്മു കശ്മീരിൽ കോൺഗ്രസിന്റെ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്ത് നിന്നും അദ്ദേഹം രാജി വച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം കോൺഗ്രസിന്റെ പ്രാഥമിക അംഗത്വവും രാജിവെച്ചത്. കോൺഗ്രസിലെ ഏറ്റവും മുതിർന്ന നേതാക്കളിലൊരാളായിരുന്നു ഗുലാം നബി ആസാദ്.

നേതൃമാറ്റം ആവശ്യപ്പെട്ട് കോൺഗ്രസിനുള്ളിൽ കലാപക്കൊടി ഉയർത്തിയ നേതാവാണ് ഗുലാം നബി ആസാദ്. കോൺഗ്രസിൽ മുഴുവൻ സമയ നേതൃത്വം വേണമെന്നാവശ്യപ്പെട്ട് 2020 ഓഗസ്റ്റിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് തുറന്ന കത്തെഴുതിയ ജി 23 നേതാക്കളിൽ അദ്ദേഹവും ഉൾപ്പെടുന്നു.

പാർട്ടിയിലെ കൂടിയാലോചന സംവിധാനത്തെ രാഹുൽ ഗാന്ധി തകർത്തുവെന്ന് രാജിക്കത്തിൽ ഗുലാം നബി ആസാദ് ആരോപിക്കുന്നു. മുതിർന്നവരും പരിചയ സമ്പന്നരുമായ നേതാക്കളെ ഒതുക്കി എന്നും ഗുലാം നബി ആസാദ് രാജിക്കത്തിൽ വിമർശിക്കുന്നു. രാഹുൽ ഗാന്ധി പക്വതയില്ലാത്ത വിധം പെരുമാറി. തിരിച്ചുവരാനാകാത്ത വിധം കോൺഗ്രസിനെ രാഹുൽ ഗാന്ധി തകർത്തുവെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ന്യൂഡല്‍ഹി: അനധികൃതമായി മാനദണണ്ഡങ്ങള്‍ ലംഘിച്ച് സൂപ്പര്‍ടെക് കമ്ബനി ഡല്‍ഹിക്കടുത്ത് നോയിഡ സെക്ടര്‍ 93എ-യില്‍ സ്ഥിതിചെയ്തിരുന്ന അപെക്‌സ്, സിയാന്‍ എന്നീ ഇരട്ട ഫ്ളാറ്റ് സമുച്ചയം നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്തു. ഇന്ന് ഉച്ചയ്ക്ക് 2.30-ന് 700 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയത്. മുംബൈയിലെ എഡിഫിസ് എന്‍ജിനിയറിങ് കമ്ബനിയും ദക്ഷിണാഫ്രിക്കന്‍ കമ്ബനിയായ ജെറ്റ് ഡിമോളിഷനുമാണ് സ്‌ഫോടനം നടത്തിയത്.

2021 ഓഗസ്റ്റില്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച്, നോയിഡ അതോറിറ്റിയിലെ ഉദ്യോഗസ്ഥരുമായി ഒത്തുകളിച്ച് കെട്ടിട മാനദണ്ഡങ്ങള്‍ ലംഘിച്ച നിര്‍മാതക്കാള്‍ 29 നിലയുള്ളതും (സിയാന) 32 നിലയുള്ളതുമായ (അപെക്‌സ്) ഇരട്ട കെട്ടിടം പണിതെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കോടതി ഫ്‌ലാറ്റ് പൊളിച്ച് മാറ്റാന്‍ ഉത്തരവിടുകയും ചെയ്തു. ഫ്‌ലാറ്റ് പൊളിക്കല്‍ വിജയകരമായിരുന്നുയെന്ന് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഡിഫൈസ് എഞ്ചനിയറിങ് അറിയിച്ചു. 2020ല്‍ കൊച്ചി മരടിലെ നാല് ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് കളയുന്നതിനെക്കാള്‍ നാല് ഇരട്ടി സ്‌ഫോടക വസ്തുക്കളാണ് നോയിഡിലെ ബഹുനിലകെട്ടിടങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചത്. 3700 കിലോ സ്‌ഫോടക വസ്തുക്കളാണ് ഇരട്ട ഫ്‌ലാറ്റ് നീക്കം ചെയ്യാന്‍ ഉപയോഗിച്ചിരിക്കുന്നത്. 9000ത്തോളം സുഷിരങ്ങള്‍ സ്ഥാപിച്ച് അതില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ചാണ് ഫ്‌ലാറ്റ് പൊളിച്ച് മാറ്റിയത്. മരടിലെ നാല് ഫ്‌ലാറ്റുകള്‍ പൊളിച്ച് മാറ്റാന്‍ ആകെ എടുത്തത് 943 കിലോ സ്‌ഫോടക വസ്തുക്കളായിരുന്നു.

അതേസമയം, നൂറുമീറ്ററിനു മേലെ പൊക്കമുള്ള ഈ ബഹുനിലകെട്ടിടസമുച്ചയത്തിന് ഡല്‍ഹിയിലെ കുത്തബ്മിനാറിനെക്കാള്‍ ഉയരമുണ്ടായിരുന്നു. തൊള്ളായിരം ഫ്‌ളാറ്റുകളടങ്ങിയ സൂപ്പര്‍ടെക്കിന്റെ എമറാള്‍ഡ് കോര്‍ട്ട് പ്രോജക്ടിന്റെ ഭാഗമാണ് ഈ ഇരട്ട ടവര്‍. 2009-ലും 2012-ലുമാണ് നോയ്ഡ അഥോറിറ്റി ടവറിന് അനുമതി നല്‍കിയത്. കെട്ടിടം പൊളിക്കുന്നതിന് മുന്നോടിയായി വലിയ സുരക്ഷയാണ് ഒരുക്കിയത്. ഇന്ത്യയിലെ ഏറ്റവും വലിയ നിയന്ത്രിത സ്ഫോടനത്തിനായി ഏകദേശം ഇരുപത് കോടി രൂപയോളം ചെലവാകും. സ്ഫോടനത്തിന് മുന്നോടിയായി അയ്യായിരത്തോളം പേരോട് രാവിലെ ഏഴ് മണിക്ക് ഉള്ളില്‍ പ്രദേശത്ത് നിന്ന് മാറാന്‍ ആവശ്യപ്പെട്ടിരുന്നു. 1200 വാഹനങ്ങള്‍ മേഖലയില്‍ നിന്ന് മാറ്റുകയും ചെയ്തു.

കല്‍പ്പറ്റ: ലഹരികടത്തുമായും വില്‍പ്പനയുമായും ബന്ധപ്പെട്ട് കഴിഞ്ഞ ഒരാഴ്ചയായി നിരവധി കേസുകള്‍ വയനാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തു. മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവും ഉള്‍പ്പെടെയുള്ള ലഹരികളാണ് പിടികൂടുന്നത്. എക്സൈസും പൊലീസും ലഹരികടത്തിന് തടയിടുന്നുണ്ടെങ്കിലും ബംഗളൂരു കേന്ദ്രീകരിച്ച് വന്‍തോതില്‍ ഇവ ജില്ലയിലേക്കും അതു വഴി മറ്റു ജില്ലകളിലേക്കും എത്തുന്നതായാണ് സൂചന.

അതേസമയം, എംഡിഎംഎ, മെത്താഫിന്‍, എല്‍എസ്ഡി സ്റ്റാമ്പ്, കഞ്ചാവ് തുടങ്ങിയവ എത്തുന്നുണ്ട്. ദേഹത്തും മറ്റ് ഒളിച്ചുവയ്ക്കുന്നതിനാല്‍ കാര്യക്ഷമമായ പരിശോധനയ്ക്കും ഉദ്യോഗസ്ഥര്‍ക്ക് പരിമിതികളുണ്ട്. ഒളിപ്പിച്ചുകടത്താന്‍ എളുപ്പുമായതിനാല്‍ എംഡിഎംഎയാണ് കൂടുതലായും ജില്ലയിലേക്ക് എത്തുന്നത്. ശനിയാഴ്ച രാവിലെ തോല്‍പ്പെട്ടി എക്സൈസ് ചെക്പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ കര്‍ണാടകയില്‍നിന്ന് വരുന്ന സ്ലീപ്പര്‍ ബസ്സില്‍നിന്ന് അതിമാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടി. 46.420 ഗ്രാം എംഡിഎംഎയാണ് പിടിച്ചത്. വെങ്ങപ്പള്ളിയില്‍ 4.4 ഗ്രാം എംഡിഎംഎയും പിടിച്ചു. എംഡിഎംഎക്ക് ഗ്രാമിന് 3500 മുതലാണ് ആവശ്യക്കാര്‍ നല്‍കുന്നതെന്നാണ് വിവരം. ബംഗളൂരുവില്‍നിന്നാണ് ഇത് പ്രധാനമായും ജില്ലയിലേക്ക് എത്തുന്നത്.

കല്‍പ്പറ്റ ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് കോളേജ് വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും കഞ്ചാവ് വില്‍പ്പന നടത്തുകയായിരുന്ന മധ്യവയസ്‌കനെ 104 ഗ്രാം കഞ്ചാവുമായി കഴിഞ്ഞദിവസം പിടിച്ചിരുന്നു. മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റില്‍വച്ച് കേരള ആര്‍ടിസി ബസ്സില്‍വച്ച് 15 ഗ്രാം കഞ്ചാവും പിടിച്ചിരുന്നു.

മലപ്പുറം: ജനകീയ മത്സ്യകൃഷി (2022-23) പദ്ധതിയിലേക്ക് ഫിഷറീസ് വകുപ്പ് അക്വാകൾച്ചർ പ്രൊമോട്ടർ, പ്രൊജക്ട് കോർഡിനേറ്റർ തസ്തികകളിലേക്ക് കരാർ/ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 20-56 വയസിന് ഇടയിൽ പ്രായമുള്ള വി.എച്ച്.എസ്.ഇ (ഫിഷറീസ്) യി ലോ സുവോളജിയിലോ, അക്വാകൾച്ചറിലോ ബിരുദമുള്ളവർക്കോ സമാന തസ്തികയിൽ പ്രവൃത്തി പരിചയമുള്ള എസ്.എസ്.എൽ.സി പാസായവർക്കും അക്വാകൾച്ചർ പ്രൊമോട്ടർ തസ്തികയിലേക്ക് അപേക്ഷിക്കാം.

ബി.എഫ്.സിയോ/ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള അക്വാൾച്ചറിലുള്ള ബിരുദാനന്തര ബിരുദവും സർക്കാരിലോ അനുബന്ധ ഏജൻസിയിലോ പ്രൊജക്ട് കോർഡിനേറ്റർ തസ്തികയിൽ പ്രവൃത്തി പരിചയമുള്ളവർക്ക് പ്രൊജക്ട് കോർഡിനേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ഓഗസ്റ്റ് 29 ന് രാവിലെ 10 ന് ഉണ്ണ്യാൽ ഫിഷറീസ് എക്സ്റ്റൻഷൻ സെന്ററിൽ (തിരൂർ ഓഫീസ്) നടക്കുന്ന ഇന്റർവ്യൂയിൽ ബയോഡാറ്റ സഹിതം പങ്കെടുക്കണം. ഫോൺ: 0494-2666428.

അതേസമയം, തിരുവനന്തപുരം ജില്ലാ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് പ്രൊജക്റ്റ് കോ ഓഡിനേറ്ററെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത യൂണിവേഴ്സിറ്റികളിൽ നിന്നുള്ള ബി.എഫ്.എസ്.സി ബിരുദം/ അക്വാകൾച്ചർ ബിരുദാനന്തര ബിരുദം/ ഫിഷറീസ് അനുബന്ധ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം, കുറഞ്ഞത് 4 വർഷത്തെ അക്വാകൾച്ചർ മേഖലയിലെ പ്രവർത്തി പരിചയം എന്നിങ്ങനെ ഏതെങ്കിലും ഒന്നിൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വെള്ളപ്പേപ്പറിൽ എഴുതിയ അപേക്ഷയും അസ്സൽ രേഖകളുടെ പകർപ്പും സഹിതം ആഗസ്റ്റ് 30 നകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്, കമലേശ്വരം, മണക്കാട് പി. ഒ, തിരുവനന്തപുരം- 695009 എന്ന വിലാസത്തിൽ നൽകണം. വിവരങ്ങൾക്ക് 0471 2464076.

ന്യൂഡല്‍ഹി: ഖാദിക്ക് വേണ്ടിയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കും പ്രവൃത്തിയും ഒരിക്കലും പൊരുത്തപ്പെടുന്നില്ലെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. ‘ഖാദി രാജ്യത്തിന് വേണ്ടിയാണെന്നാണ് പ്രധാനമന്ത്രി പറയുന്നത്. എന്നാല്‍, ദേശീയ പതാക നിര്‍മ്മിക്കാന്‍ ചൈനീസ് പോളീസ്റ്ററാണ് ഉപയോഗിക്കുന്നത്. ഖാദി ഫോര്‍ നേഷന്‍’ എന്നാല്‍ ചൈനീസ് പോളിസ്റ്റര്‍ ദേശീയ പതാകയ്ക്ക്! എല്ലായ്പ്പോഴും എന്നപോലെ, പ്രധാനമന്ത്രിയുടെ വാക്കുകളും പ്രവൃത്തികളും ഒരിക്കലും പൊരുത്തപ്പെടുന്നില്ല’ രാഹുല്‍ ചൂണ്ടിക്കാട്ടി.

വികസനത്തിനും ആത്മനിര്‍ഭര്‍ ഭാരത് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുമുള്ള പ്രചോദനത്തിന്റെ ഉറവിടമായി ഖാദി മാറുമെന്ന് ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. വരുന്ന ഉത്സവ സീസണില്‍ ഖാദി ഗ്രാമവ്യവസായങ്ങളുടെ ഉല്‍പന്നങ്ങള്‍ മാത്രം സമ്മാനമായി നല്‍കണമെന്ന് അഹമ്മദാബാദിലെ സബര്‍മതി നദീതീരത്ത് നടന്ന ‘ഖാദി ഉത്സവ്’ വേളയില്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഈ പ്രസ്താവനയെ വിമര്‍ശിച്ചാണ് രാഹുല്‍ രംഗത്തെത്തിയത്.

അതേസമയം, നേരത്തെ, പോളിസ്റ്റര്‍ പതാകകള്‍ ഉപയോഗിക്കാന്‍ അനുവാദമില്ലായിരുന്നു. ഇപ്പോള്‍ ദേശീയ പതാക കൈകൊണ്ട് നൂല്‍ക്കുന്നതോ കൈകൊണ്ട് നെയ്തതോ മെഷീന്‍ നിര്‍മ്മിതമോ കോട്ടണ്‍/ പോളിസ്റ്റര്‍/ കമ്പിളി/ പട്ട് ഖാദി ബണ്ടിംഗ് എന്നിവ കൊണ്ടായിരിക്കണമെന്ന് ദേശീയ പതാക ഭേദഗതി ചെയ്തതില്‍ കേന്ദ്രസര്‍ക്കാരിനെ കോണ്‍ഗ്രസ് ശക്തമായി വിമര്‍ശിക്കുന്നുണ്ട്.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ അനാവശ്യ സമരങ്ങള്‍ ഇനി അനുവദിക്കില്ലെന്ന നിലപാടുമായി എം.ഡി ബിജു പ്രഭാകര്‍. ഡ്യൂട്ടി ബഹിഷ്‌കരിച്ച് സര്‍വീസ് മുടക്കിയത് കാരണം കെഎസ്ആര്‍ടിസിക്ക് ഉണ്ടായ നഷ്ടം ജീവനക്കാരില്‍ നിന്ന് തിരിച്ചുപിടിക്കാനാണ് തീരുമാനം.

കഴിഞ്ഞ ജൂണ്‍ 26ന് സര്‍വീസ് മുടക്കിയ പാപ്പനംകോട്, വികാസ് ഭവന്‍, സിറ്റി, പേരൂര്‍ക്കട ഡിപ്പോകളിലെ 111 ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും 9,49,510 രൂപ അഞ്ച് തുല്യ ഗഡുക്കളായി തിരിച്ചു പിടിക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്. ജൂലായ് 12ന് ഡ്യൂട്ടി ക്രമീകരണങ്ങളില്‍ പ്രതിഷേധിച്ച് പാറശ്ശാല ഡിപ്പോയിലെ എട്ട് ജീവനക്കാര്‍ ഡ്യൂട്ടിക്ക് ഹാജരാകാത്തതിനെ തുടര്‍ന്ന് സര്‍വീസ് റദ്ദാക്കിയിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ നഷ്ടമായ 40,277 രൂപ ജീവനക്കാരില്‍ നിന്നും തിരിച്ചു പിടിക്കും.

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ബില്ലില്‍ അന്വേഷണ പരിധിയില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടി ഭാരവാഹികളെയും നേതാക്കളെയും ഒഴിവാക്കുന്നതിനുള്ള ഭേദഗതി സബ്ജക്ട് കമ്മിറ്റി ഉള്‍പ്പെടുത്തി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സര്‍ക്കാരും തമ്മിലുള്ള പോര് രൂക്ഷമായതോടെയാണ് ഈ വ്യവസ്ഥ പുനപരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്.

അതേസമയം, മുഖ്യമന്ത്രിയുടെ കാര്യത്തിലെന്ന പോലെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ സംബന്ധിച്ച ലോകായുക്ത റിപ്പോര്‍ട്ടിലും നടപടിയെടുക്കേണ്ടത് ഗവര്‍ണറായിരുന്നു. ലോകായുക്തയെ സംബന്ധിച്ച കേന്ദ്രത്തിന്റെ മാതൃകാ നിയമത്തില്‍ പാര്‍ട്ടി ഭാരവാഹികള്‍ ഉള്‍പ്പെടുന്നില്ല. എന്നാല്‍ സബ്ജക്ട് കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പി.കെ കുഞ്ഞാലിക്കുട്ടിയും എതിര്‍പ്പ് പ്രകടിപ്പിച്ചു. ബില്‍ 30ന് സഭ വകുപ്പ് തിരിച്ച് ചര്‍ച്ച ചെയ്ത് പാസാക്കും.

1999-ലെ ലോകായുക്ത നിയമത്തിന്റെ ഏഴാം വകുപ്പിലാണ് അന്വേഷണ പരിധിയിലുള്ള പൊതുസേവകര്‍ ആരൊക്കെയാണെന്ന് വ്യക്തമാക്കുന്നത്.

ഹൈദരാബാദ്: മുന്‍ രാജ്യസഭാംഗവും തെലങ്കാനയില്‍ നിന്നുള്ള നേതാവുമായ എം.എ ഖാന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ചു. രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചുള്ള രാജിക്കത്ത് ദേശീയ നേതൃത്വത്തിന് കൈമാറി.

‘രാഹുല്‍ വൈസ് പ്രസിഡന്റായതിന് ശേഷം കോണ്‍ഗ്രസ് താഴേക്ക് പോയി. പാര്‍ട്ടിയുടെ പതനത്തിന് കാരണം രാഹുല്‍ ഗാന്ധിയാണ്. കോണ്‍ഗ്രസിന് പഴയ പ്രതാപം തിരിച്ചെടുക്കാനാകില്ല. പാര്‍ട്ടിയെ ശക്തിപ്പെടുത്തിയ മുതിര്‍ന്ന നേതാക്കളെല്ലാം പിന്മാറി. രാഹുല്‍ ഗാന്ധിയ്ക്ക് മുതിര്‍ന്ന് നേതാക്കളോട് എങ്ങനെയാണ് പെരുമാറേണ്ടതെന്ന് അറിയില്ല. ജി 23 നേതാക്കളുടെ നിര്‍ദ്ദേശങ്ങളെ വിമത സ്വരമായാണ് കോണ്‍ഗ്രസ് നേതൃത്വം കണ്ടത്. അവര്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ ഉള്‍കൊള്ളാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അവരെ വിശ്വസിച്ചിരുന്നെങ്കില്‍ ഈ സ്ഥിതി വരില്ലായിരുന്നു. മുതിര്‍ന്ന നേതാക്കള്‍ രാജി വെയ്ക്കാന്‍ നിര്‍ബന്ധിതരാവുകയാണ്’- ഖാന്‍ കുറ്റപ്പെടുത്തി.

അതേസമയം, മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് കഴിഞ്ഞദിവസം കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചിരുന്നു. കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ രാജി. സംഘടനയില്‍ അഴിച്ചുപണി നടക്കുന്നില്ലെന്നും നേതൃകാര്യങ്ങളില്‍ സോണിയക്ക് ഒരു റോളുമില്ലെന്നും ഗുലാം നബി ആസാദ് തന്റെ രാജിക്കത്തില്‍ ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദൻ മാസ്റ്ററെ തെരഞ്ഞെടുത്തു. അനാരോഗ്യത്തെ തുടർന്ന് കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതോടെയാണ് എം വി ഗോവിന്ദൻ മാസ്റ്ററെ തെരഞ്ഞെടുത്തത്.

സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, പിണറായി വിജയൻ, എം എ ബേബി, എ വിജയരാഘവൻ എന്നിവർ സംസ്ഥാന കമ്മിറ്റി യോഗത്തിൽ പങ്കെടുത്തു. സ. ഇ പി ജയരാജരാണ് യോഗത്തിന് അധ്യക്ഷത വഹിച്ചത്.

നിലവിൽ തളിപ്പറമ്പിൽ നിന്നുള്ള എംഎൽഎയും രണ്ടാം പിണറായി സർക്കാരിൽ തദ്ദേശ സ്വയംഭരണ-എക്സൈസ് മന്ത്രിയുമാണ് എം വി ഗോവിന്ദൻ മാസ്റ്റർ. 1970ലാണ് ഗോവിന്ദൻ പാർട്ടി അംഗമാകുന്നത്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായും എറണാകുളം ജില്ലാ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ദേശാഭിമാനി മുൻ ചീഫ് എഡിറ്റർ കൂടിയായിരുന്നു അദ്ദേഹം.

2006 മുതൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ് എം.വി ഗോവിന്ദൻ. 2018 ൽ അദ്ദേഹം കേന്ദ്ര കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ സംസ്ഥാന മന്ത്രിസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞാൽ ഏറ്റവും മുതിർന്ന നേതാവും സംസ്ഥാന മന്ത്രിസഭയിലെ രണ്ടാമനുമാണ് എം വി ഗോവിന്ദൻ മാസ്റ്റർ.