താൻ ജയിക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല; ശശി തരൂർ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവും തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ ശശി തരൂർ. തിരുവനന്തപുരം മണ്ഡലത്തിൽ താൻ ജയിക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. അക്കാര്യത്തിൽ പാർട്ടി പ്രവർത്തകരും തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും തരൂർ വ്യക്തമാക്കി.

ഭരണമാറ്റത്തിനുള്ള സാദ്ധ്യത ശക്തമായി നിൽക്കുന്നുണ്ടെന്നാണ് മനസിലാകുന്നത്. കേരളത്തിൽ മാത്രമല്ല, ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുവരെ കേൾക്കുന്ന വാർത്ത തങ്ങൾക്ക് അനുകൂലമാണ്. ബിജെപിക്കും എൽഡിഎഫിനും ഇടയിൽ രണ്ടാം സ്ഥാനത്തിനു വേണ്ടിയുള്ള മത്സരമാണ് നടന്നത്. നഗരപരിധിയിൽ എണ്ണം ചുരുങ്ങിപ്പോയത് എന്തുകൊണ്ടാണെന്ന് ചിലർ ചോദിക്കുന്നുണ്ട്. അത് ആരെ ബാധിക്കുമെന്നാണ് അവരുടെ ആശങ്ക. ബിജെപിയ്ക്ക് വോട്ട് കൊടുക്കണ്ട എന്ന് കരുതി വോട്ടർമാർ വരാതിരുന്നതാകാമെന്ന് തരൂർ അറിയിച്ചു.

അതേസമയം, പ്രാഥമിക കണക്കനുസരിച്ച് തിരുവനന്തപുരം മണ്ഡലത്തിൽ 66.46 ശതമാനവും ആറ്റിങ്ങലിൽ 69.40 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. അന്തിമ കണക്കിൽ നേരിയ വ്യത്യാസം ഉണ്ടായേക്കും. തിരുവനന്തപുരം മണ്ഡലത്തിലെ ആകെ വോട്ടരമാരായ 1,43,05,31ൽ 9,50,739 പേർ വോട്ട് രേഖപ്പെടുത്തി. ഇതിൽ പുരുഷന്മാർ 4,67,193 ഉം സ്ത്രീകൾ 4,83,518 ഉം ആണ്. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ 28 പേരും സമ്മതിദാനവകാശം വിനിയോഗിച്ചു. ആറ്റിങ്ങൽ മണ്ഡലത്തിലെ ആകെ വോട്ടർമാരായ 1,39,68,07 ഇൽ 9,69,390 പേർ വോട്ട് രേഖപ്പെടുത്തി. ഇതിൽ പുരുഷന്മാർ 4,49,219, സ്ത്രീകൾ 5,20,158, ട്രാൻസ്‌ജെൻഡർ 13 എന്നിങ്ങനെയാണ്.