ദേശീയ പതാക നിര്‍മ്മിക്കാന്‍ ചൈനീസ് പോളിസ്റ്റര്‍; മോദിയെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഖാദിക്ക് വേണ്ടിയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കും പ്രവൃത്തിയും ഒരിക്കലും പൊരുത്തപ്പെടുന്നില്ലെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. ‘ഖാദി രാജ്യത്തിന് വേണ്ടിയാണെന്നാണ് പ്രധാനമന്ത്രി പറയുന്നത്. എന്നാല്‍, ദേശീയ പതാക നിര്‍മ്മിക്കാന്‍ ചൈനീസ് പോളീസ്റ്ററാണ് ഉപയോഗിക്കുന്നത്. ഖാദി ഫോര്‍ നേഷന്‍’ എന്നാല്‍ ചൈനീസ് പോളിസ്റ്റര്‍ ദേശീയ പതാകയ്ക്ക്! എല്ലായ്പ്പോഴും എന്നപോലെ, പ്രധാനമന്ത്രിയുടെ വാക്കുകളും പ്രവൃത്തികളും ഒരിക്കലും പൊരുത്തപ്പെടുന്നില്ല’ രാഹുല്‍ ചൂണ്ടിക്കാട്ടി.

വികസനത്തിനും ആത്മനിര്‍ഭര്‍ ഭാരത് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുമുള്ള പ്രചോദനത്തിന്റെ ഉറവിടമായി ഖാദി മാറുമെന്ന് ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. വരുന്ന ഉത്സവ സീസണില്‍ ഖാദി ഗ്രാമവ്യവസായങ്ങളുടെ ഉല്‍പന്നങ്ങള്‍ മാത്രം സമ്മാനമായി നല്‍കണമെന്ന് അഹമ്മദാബാദിലെ സബര്‍മതി നദീതീരത്ത് നടന്ന ‘ഖാദി ഉത്സവ്’ വേളയില്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഈ പ്രസ്താവനയെ വിമര്‍ശിച്ചാണ് രാഹുല്‍ രംഗത്തെത്തിയത്.

അതേസമയം, നേരത്തെ, പോളിസ്റ്റര്‍ പതാകകള്‍ ഉപയോഗിക്കാന്‍ അനുവാദമില്ലായിരുന്നു. ഇപ്പോള്‍ ദേശീയ പതാക കൈകൊണ്ട് നൂല്‍ക്കുന്നതോ കൈകൊണ്ട് നെയ്തതോ മെഷീന്‍ നിര്‍മ്മിതമോ കോട്ടണ്‍/ പോളിസ്റ്റര്‍/ കമ്പിളി/ പട്ട് ഖാദി ബണ്ടിംഗ് എന്നിവ കൊണ്ടായിരിക്കണമെന്ന് ദേശീയ പതാക ഭേദഗതി ചെയ്തതില്‍ കേന്ദ്രസര്‍ക്കാരിനെ കോണ്‍ഗ്രസ് ശക്തമായി വിമര്‍ശിക്കുന്നുണ്ട്.