സിപിഎമ്മിനെ നയിക്കാൻ എം വി ഗോവിന്ദൻ മാസ്റ്റർ; പാർട്ടി സംസ്ഥാന സെക്രട്ടറിയായി ഗോവിന്ദൻ മാസ്റ്ററെ തെരഞ്ഞെടുത്തു

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദൻ മാസ്റ്ററെ തെരഞ്ഞെടുത്തു. അനാരോഗ്യത്തെ തുടർന്ന് കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതോടെയാണ് എം വി ഗോവിന്ദൻ മാസ്റ്ററെ തെരഞ്ഞെടുത്തത്.

സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, പിണറായി വിജയൻ, എം എ ബേബി, എ വിജയരാഘവൻ എന്നിവർ സംസ്ഥാന കമ്മിറ്റി യോഗത്തിൽ പങ്കെടുത്തു. സ. ഇ പി ജയരാജരാണ് യോഗത്തിന് അധ്യക്ഷത വഹിച്ചത്.

നിലവിൽ തളിപ്പറമ്പിൽ നിന്നുള്ള എംഎൽഎയും രണ്ടാം പിണറായി സർക്കാരിൽ തദ്ദേശ സ്വയംഭരണ-എക്സൈസ് മന്ത്രിയുമാണ് എം വി ഗോവിന്ദൻ മാസ്റ്റർ. 1970ലാണ് ഗോവിന്ദൻ പാർട്ടി അംഗമാകുന്നത്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായും എറണാകുളം ജില്ലാ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ദേശാഭിമാനി മുൻ ചീഫ് എഡിറ്റർ കൂടിയായിരുന്നു അദ്ദേഹം.

2006 മുതൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ് എം.വി ഗോവിന്ദൻ. 2018 ൽ അദ്ദേഹം കേന്ദ്ര കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ സംസ്ഥാന മന്ത്രിസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞാൽ ഏറ്റവും മുതിർന്ന നേതാവും സംസ്ഥാന മന്ത്രിസഭയിലെ രണ്ടാമനുമാണ് എം വി ഗോവിന്ദൻ മാസ്റ്റർ.