Latest News (Page 1,638)

മദ്യ കമ്ബനിയുടെ പരസ്യത്തിന്റെ പത്ത് കോടി രൂപയുടെ ഓഫര്‍ നിരസിച്ച് തെന്നിന്ത്യന്‍ നടന്‍ അല്ലു അര്‍ജുന്‍. ആരാധകരില്‍ തെറ്റായ സ്വാധീനം ഉണ്ടാക്കുമെന്നതിനാലാണ് താരം കോടികളുടെ ഓഫര്‍ വേണ്ടെന്നുവച്ചത്.

അതേസമയം, നേരത്തെ പ്രമുഖ പുകയില കമ്ബനി കോടികള്‍ വാഗ്ദാനം ചെയ്തു എങ്കിലും പരസ്യം താരം വേണ്ടെന്നു വെച്ചിരുന്നു. താന്‍ വ്യക്തിപരമായി പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാറില്ല എന്നും ആരോഗ്യത്തിന് ഹാനികരവും ആസക്തിയിലേക്കും നയിച്ചേക്കാവുന്ന ഇവയുടെ പരസ്യം കണ്ട് ആരാധകര്‍ ഉല്‍പ്പന്നം കഴിക്കാന്‍ തുടങ്ങണമെന്ന് താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് നടന്റെ പ്രതികരണം. എന്നാല്‍, വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പരസ്യത്തില്‍ അഭിനയിച്ചതിന് താരത്തിനെതിരെ പരാതി പോയിരുന്നു. പരസ്യം വഞ്ചനാപരവും തെറ്റായ വിവരങ്ങള്‍ നല്‍കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടി സാമൂഹിക പ്രവര്‍ത്തകനായ കോത ഉപേന്ദര്‍ റെഡ്ഡിയാണ് ഹൈദരാബാദിലെ അംബര്‍പേട്ട് പൊലീസില്‍ പരാതി നല്‍കിയത്. പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതിന് അല്ലു അര്‍ജുനെതിരെയും വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ശ്രീ ചൈതന്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെയുമാണ് പരാതി.

ഒരു ഫുഡ് ഡെലിവറി ആപ്പ് വിപണനം ചെയ്തതിനും അല്ലു അര്‍ജുന്‍ വിവാദം നേരിട്ടിരുന്നു. സര്‍ക്കാര്‍ ട്രാന്‍സിറ്റ് സേവനങ്ങളെ അവഹേളിച്ചുകൊണ്ട് ഒരു ബൈക്ക് ആപ്പ് പ്രമോട്ട് ചെയ്തതിനാണ് താരം നടപടി നേരിടേണ്ടി വന്നത്.

കൊച്ചി: മോണ്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പുകേസ് സി.ബി.ഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത്. ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലെന്നും തെളിവുകള്‍ അട്ടിമറിച്ചുവെന്നുമാണ് പരാതിക്കാരന്‍ കത്തില്‍ പറയുന്നു.

അതേസമയം, വിഷയം ചൂണ്ടിക്കാട്ടി പരാതിക്കാര്‍ ഹൈക്കോടതിയില്‍ നേരത്തെ ഹര്‍ജി നല്‍കിയിരുന്നു. നിലവില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പോലീസിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടുണ്ട്. ഐ.ജി ലക്ഷ്മണ ഉള്‍പ്പെടെയുള്ളവര്‍ക്ക് സംഭവത്തില്‍ ബന്ധമില്ല. പോലീസുകാര്‍ മോണ്‍സണ്‍ മാവുങ്കലില്‍ നിന്ന് പണം കടം വാങ്ങിയതാണ്. പട്രോളിങ് ബുക്ക് അവിടെവെച്ചത് സ്വാഭാവിക നടപടിക്രമത്തിന്റെ ഭാഗമാണ് എന്നീ കാര്യങ്ങളായിരുന്നു ഹര്‍ജിയില്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് കേസില്‍ സി.ബി.ഐ. അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പരാതിക്കാര്‍ മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും കത്ത് നല്‍കിയിരിക്കുന്നത്.

കേസിലെ തെളിവുകള്‍ പലതും അട്ടിമറിച്ചു. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ട്. കള്ളപ്പണ ഇടപാട് അടക്കമുള്ള കാര്യങ്ങള്‍ നടന്നിട്ടുണ്ട്. നിലവിലുള്ള അന്വേഷണം തൃപ്തികരമല്ല. സി.ബി.ഐയ്ക്ക് മാത്രമേ വിപുലമായിട്ട് അന്വേഷിക്കാന്‍ സാധിക്കൂ എന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കൊല്ലം: സ്വപ്നം കാണാൻ പോലുമാകാത്ത പദ്ധതികൾ സംസ്ഥാനത്ത് നടപ്പിലായത് കിഫ്ബിയെ പുനരുജ്ജീവിപ്പിച്ചത് കൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊല്ലത്ത് സിപിഎം ഏരിയാ കമ്മിറ്റി ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കിഫ്ബി കൊണ്ടുവന്നപ്പോൾ മലർപ്പൊടിക്കാരന്റെ സ്വപ്നം എന്നു പോലും പ്രതിപക്ഷം അന്ന് പരിഹസിച്ചു. കിഫ്ബിയിലൂടെ 50,000 കോടി രൂപ കണ്ടെത്തും എന്ന് പറഞ്ഞപ്പോൾ അതിനെ യുഡിഎഫ് എതിർത്തു. അഞ്ചുവർഷം കഴിഞ്ഞപ്പോൾ 62,000 കോടി രൂപ കണ്ടെത്തി. ആ കിഫ്ബിയെ തകർക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ബിജെപിക്കൊപ്പം കോൺഗ്രസും അതിൽ പങ്കുചേരുകയാണ്. എൻഫോഴ്‌സ്‌മെന്റ് ഇപ്പോൾ കേരളത്തിലെ വികസനം തടയാനുള്ള ശ്രമം നടത്തുകയാണ്. ഇഡിയുടെ ഉദ്ദേശ്യം വ്യക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ ഇന്ന് വികസനം നടക്കുന്നത് കിഫ്ബിയിലൂടെ കിട്ടിയ പണം കൊണ്ടാണ്. കേരളത്തിന്റെ വികസനം തടയാൻ കിഫ്ബിയെ തകർക്കണം. അതാണ് കിഫ്ബിക്കെതിരായ ഇപ്പോഴത്തെ നീക്കത്തിന് പിന്നിലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കോൺഗ്രസും ബിജെപിയും ഏതെല്ലാം രീതിയിൽ എതിർത്താലും ജനങ്ങളോടുള്ള പ്രതിബദ്ധതയിൽ സർക്കാർ പിന്നോട്ടുപോകില്ല. പാർട്ടിക്കാരല്ലാത്ത ബഹുജനങ്ങൾ അടക്കം സിപിഎമ്മിന്റെ മേന്മ മനസ്സിലാക്കി പിന്തുണയ്ക്കുന്ന അവസ്ഥയാണ് സംസ്ഥാനത്ത് ഇപ്പോൾ കാണാനാകുന്നത്. ഇതൊരു നല്ല ചിന്തയാണ്. അതാണ് ഈ പാർട്ടിയുടെ ശക്തി. എല്ലാ വിഭാഗം ജനങ്ങളും എൽഡിഎഫിനെ സ്വീകരിച്ചു. എൽഡിഎഫിന് ലഭിച്ച രണ്ടാമൂഴം ജനങ്ങൾ നെഞ്ചേറ്റിയതിന്റെ തെളിവാണ്. എന്നാൽ മറ്റു ചിലരുണ്ട്. ഈ പാർട്ടി ഇവിടെ നിലനിൽക്കരുത് എന്നാണ് അവർ ആഗ്രഹിക്കുന്നത്. തുടർഭരണത്തിന് ശേഷം യുഡിഎഫ് വല്ലാത്ത പകയും വിദ്വേഷവും പടർത്തുന്നു. മുൻകാലങ്ങളിൽ സിപിഎമ്മിനെതിരെ അനാവശ്യമായ ശത്രുത ചില ജനവിഭാഗങ്ങളിൽ ഉണ്ടാക്കിയെടുക്കാൻ യുഡിഎഫിന് കഴിഞ്ഞിരുന്നു. ഇപ്പോൾ ജനം തിരിച്ചറിഞ്ഞുവെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ഇടത് മുന്നണിയെ ദുർബലപ്പെടുത്താൻ സിപിഎമ്മിനെ ലക്ഷ്യം വയ്ക്കണമെന്ന് കോൺഗ്രസിന്റെയും ബിജെപിയുടെയും നേതൃത്വം ചിന്തിക്കുന്നു. ഇതിനായി ഒട്ടേറെ ആക്രമണങ്ങൾ അവർ അഴിച്ചുവിട്ടു. ഒട്ടേറെ ജീവനുകൾ നഷ്ടപ്പെടേണ്ടിവന്ന ഒരു പാർട്ടിയാണ് സിപിഎം. നേരത്തെ കോൺഗ്രസ് സിപിഎമ്മിനെ തകർക്കാൻ ശ്രമിച്ചു. പാർട്ടി പ്രവർത്തകരെ ശാരീരികമായി ഉപദ്രവിക്കുകയും കള്ളക്കേസിൽ കുടുക്കുകയും ചെയ്തു. ഇന്ന് ആ കോൺഗ്രസ് രാജ്യവ്യാപകമായി തകർന്നു കൊണ്ടിരിക്കുകയാണ്. ത്രിപുരയിൽ കോൺഗ്രസ് പാർട്ടി തന്നെ ബിജെപിയായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊച്ചി: സ്വർണക്കടത്തിലെ ഡോളർ കടത്ത് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്ഥലംമാറ്റി. ജോയിന്റ് ഡയറക്ടർ രാധാകൃഷ്ണനെയാണ് സ്ഥലംമാറ്റിയത്. ചെന്നൈയിലേയ്ക്ക് സ്ഥലം മാറ്റം. സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നടപടി.

പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കാതെയാണ് നിലവിലെ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയത്. പത്ത് ദിവസത്തിനകം ചെന്നൈയിലെ സോണൽ ഓഫീസിൽ ജോയിൻ ചെയ്യാനാണ് എൻഫോഴ്‌സ്‌മെന്റ് രാധാകൃഷ്ണന് നൽകിയിരിക്കുന്ന നിർദേശം. ഒരു വർഷം മുമ്പ് സ്ഥലംമാറ്റ ഉത്തരവിറങ്ങിയിരുന്നെങ്കിലും സ്വർണക്കടത്ത് കേസിന്റെ ചുമതലയുള്ളതിനാൽ സ്ഥലം മാറ്റം മരവിപ്പിച്ചിരിക്കുകയായിരുന്നു. അതേസമയം, സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ സംസ്ഥാന സർക്കാരും പൊലീസും ശ്രമം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി തുടർവിചാരണ കേരളത്തിൽ നിന്ന് മാറ്റണമെന്ന് നേരത്തെ സുപ്രീംകോടതിയിൽ ഇ ഡി ആവശ്യപ്പെട്ടിരുന്നു.

കേസിന്റെ ഓരോ ഘട്ടത്തിലും സംസ്ഥാന സർക്കാരിന്റെ ഇടപെടൽ ഉണ്ടാകുന്നുവെന്നും സർക്കാർ സംവിധാനം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. നിയമവിരുദ്ധ മാർഗങ്ങളിലൂടെ കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. ഇതു തടയാൻ കോടതിയുടെ ഇടപെടൽ അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചത്.

തിരുവനന്തപുരം: മുൻമന്ത്രി കെടി ജലീലിന്റെ വിവാദ പരാമർശം തള്ളി മന്ത്രി എം വി ഗോവിന്ദൻ. ഇന്ത്യൻ അധീന കാശ്മീർ എന്ന പദപ്രയോഗം സിപിഎം നടത്താറില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്ത് സാഹചര്യത്തിലാണ് പറഞ്ഞതെന്ന് ജലീൽ തന്നെ വിശദീകരിക്കട്ടെയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയെയും കാശ്മീരിനെയും സംബന്ധിച്ച വ്യക്തമായ നിലപാട് പാർട്ടിക്കുണ്ട്. അതല്ലാതെ ആര് പറയുന്നതും പാർട്ടിയുടെ നിലപാടല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, ഡബിൾ ഇൻവെട്ടഡ് കോമയിൽ ആസാദ് എന്നെഴുതിയാൽ അതിന്റെ അർത്ഥം മനസ്സിലാകാത്തവരോട് സഹതാപം മാത്രം എന്നാണ് വിഷയത്തിൽ ജലീലിന്റെ പ്രതികരണം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജലീൽ ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, കെ ടി ജലീലിന്റേത് രാജ്യദ്രോഹപരമായ പരാമർശമാണെന്ന് കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി കുറ്റപ്പെടുത്തി. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും ദേശീയ നിർവാഹക സമിതിയംഗം പി കെ കൃഷ്ണദാസും ജലീലിനെ വിമർശിച്ച് രംഗത്തെത്തി. പാക് അധിനിവേശം കാശ്മീരിൽ മാത്രമല്ല, കെ ടി ജലീലിന്റെ മനസിലും ഉണ്ടായിട്ടുണ്ടെന്ന് ഷാഫി പറമ്പിൽ എംഎൽഎയും പ്രതികരിച്ചു. പരാമർശം വിവാദമായതോടെ താൻ ഇൻവെർട്ടഡ് കോമയിൽ നൽകിയ ആസാദ് കാശ്മീർ പരാമർശം വിമർശകർക്ക് മനസിലായില്ലെന്നായിരുന്നു ജലീലിന്റെ വിശദീകരണം. ജലീലിന്റെ പരാമർശത്തെ പിന്തുണയ്ക്കാതെയായിരുന്നു ഇടത് മന്ത്രിമാരുടെ പ്രതികരണം.

ജലീൽ നടത്തിയത് രാജ്യദ്രോഹപരമായ പരാമർശമാണെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. ജലീലിന്റെ പരാമർശം രാജ്യതാത്പര്യത്തിന് വിരുദ്ധമാണെന്നും സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്നും പ്രഹ്ലാദ് ജോഷി ആവശ്യപ്പെട്ടു. പാക് അധീന കാശ്മീരിനെ കുറിച്ച് ആസാദ് കശ്മീർ എന്ന ജലീലിന്റെ പരാമർശം രാജ്യത്തിന്റെ അഖണ്ഡതയ്ക്കെതിരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും അറിയിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്പ്മെന്റ് സെന്ററിലെ പ്രോജക്ടുകളിൽേ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ താത്കാലിക (ഒരു വർഷത്തെ) ഒഴിവുണ്ട്. പ്രതിമാസ വേതനം 30,995 രൂപ. സൈക്കോളജിയിലുള്ള ബിരുദാനന്തര ബിരുദവും ക്ലിനിക്കൽ സൈക്കോളജിയിലുള്ള എം.ഫിൽ ബിരുദവും ആർ.സി.ഐ രജിസ്ട്രേഷനും ഉണ്ടായിരിക്കണം.

ഒരു വർഷത്തെ ക്ലിനിക്കൽ പ്രവൃത്തിപരിചയം അഭികാമ്യം. താത്പര്യമുള്ള ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ബയോഡേറ്റ എന്നിവയുൾപ്പെടെയുള്ള അപേക്ഷ ഓഗസ്റ്റ് 17ന് വൈകുന്നേരം അഞ്ചിന് മുമ്പായി സി.ഡി.സിയിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക്: www.cdckerala.org, 0471-2553540.

അതേസമയം, ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളജിലെ ഡാൻസ് (കേരള നടനം) വിഭാഗത്തിൽ ഒഴിവുള്ള അധ്യാപക തസ്തികകളിൽ താത്ക്കാലിക നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ളവരും കോളജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് ലക്ചറർ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ ഉദ്യോഗാർഥികൾക്ക് ഓഗസ്റ്റ് 24ന് രാവിലെ 10ന് കോളജിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യതകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ, പാനൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് മുതലായവയുടെ അസലും പകർപ്പുകളും ഹാജരാക്കണം.

തിരുവനന്തപുരം: വ്യവസായ മന്ത്രി രാജീവിന്റെ കോപത്തില്‍ സസ്പെന്‍ഷനിലായ പൊലീസ് ഉദ്യോഗസ്ഥന് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായുള്ള മെഡല്‍ പ്രഖ്യാപനത്തില്‍ മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍. ഗ്രേഡ് എസ് ഐ എസ് എസ് സാബു രാജനാണ് മെഡലിന് അര്‍ഹനായത്. മന്ത്രി പി രാജീവിനെ വട്ടംചുറ്റിച്ചെന്നായിരുന്നു ഉദ്യോഗസ്ഥന് നേരെയുള്ള ആരോപണം.

അതേസമയം, തിരക്കും കുഴികളുമുള്ള വഴിക്ക് പകരം നല്ല വഴിയെ മന്ത്രിയെ കൊണ്ടുപോയ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിരുന്നു. ഇതിനെതിരെ സേനയില്‍ വ്യാപക പ്രതിഷേധം ഉയരുമ്‌ബോഴാണ് ഉദ്യോഗസ്ഥന് ഈ അംഗീകാരം ലഭിക്കുന്നത്. മന്ത്രി നീരസം അറിയിച്ചതുകൊണ്ട് സസ്പെന്‍ഡ് ചെയ്തുവെന്നായിരുന്നു വിശദീകരണം. പള്ളിച്ചല്‍ മുതല്‍ വെട്ട്റോഡ് വരെ മന്ത്രിക്ക് എസ്‌കോര്‍ട്ട് പോയ ജീപ്പില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് എസ് ഐ എസ് എസ് സാബുരാജന്‍, സിപിഒ സുനില്‍ എന്നിവരെയാണ് ഇന്നലെ സസ്പെന്‍ഡ് ചെയ്തത്.

എന്നാല്‍, ഗതാഗതകുരുക്ക് ഒഴിവാക്കാന്‍ റൂട്ട് മാറ്റിയെന്നാണ് നടപടിക്ക് വിധേയരായ ഉദ്യോഗസ്ഥരുടെ വിശദീകരണം. അതേസമയം, പൊലീസുകാര്‍ക്കെതിരെ നടപടിക്ക് മന്ത്രി ആവശ്യപ്പെട്ടില്ലെന്നാണ് പി രാജീവിന്റെ ഓഫീസില്‍ നിന്ന് ലഭിക്കുന്ന വിശദീകരണം. മന്ത്രിയുടെ ഗണ്‍മാന്റെ പരാതിയിലാണ് ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവ്. 261 പൊലീസ് ഉദ്യോഗസ്ഥരാണ് മെഡലിന് അര്‍ഹരായത്.

തിരുവനന്തപുരം: കശ്മീര്‍ സന്ദര്‍ശനത്തെക്കുറിച്ച് ഫേസ്ബുക്കിലെഴുതിയ കുറിപ്പിലെ പരാമര്‍ശങ്ങള്‍ വിവാദമായതിന് പിന്നാലെ പ്രതികരണവുമായി കെ.ടി ജലീല്‍. ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയിലാണ് ‘ആസാദ് കാശ്മീര്‍’എന്നെഴുതിയത്. ഇതിന്റെ അര്‍ത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രമെന്ന് കെ.ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

‘ഈ മസ്ജിദ് നര്‍മിക്കപ്പെട്ടത് പതിനേഴാം നൂറ്റാണ്ടിലാണ്. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്റെ സൈനിക ഉദ്യോഗസ്ഥനായ സ്വാദിഖ് ഖാന്‍ 1623 ല്‍ ഭംഗിയുള്ള പൂന്തോട്ടവും നടുവില്‍ ഒരു മനോഹരമായ വിശ്രമകേന്ദ്രവും പണിതു. 1634ല്‍ ഇവിടം സന്ദര്‍ശിച്ച ഷാജഹാന്‍ ചക്രവര്‍ത്തി വിശ്രമ കേന്ദ്രത്തിന്റെ സൗകുമാര്യം കണ്ട് അത് മസ്ജിദാക്കി മാറ്റി. മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബിന്റെ കാലത്താണ് ഹസ്രത്ത് ബാലില്‍ സൂക്ഷിച്ച തിരുകേശം കാശ്മീരിലെത്തിയത്. 1635 ല്‍ മദീനയില്‍ നിന്നുവന്ന് ബീജാപൂരില്‍ താമസമാക്കിയ സയ്യിദ് അബ്ദുല്ലയാണ് തിരുശേഷിപ്പ് ഇന്ത്യയിലെത്തിച്ചത്. അദ്ദേഹത്തിന്റെ മരണ ശേഷം മകന്‍ സയ്യിദ് ഹാമിദ് ഈ തിരുകേശം കാശ്മീരിലെ അക്കാലത്തെ വ്യാപാരിയും സമ്പന്നനുമായ ഒരാള്‍ക്ക് കൈമാറിയെന്നാണ് പരമ്പരാഗത വിശ്വാസം.

പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നഹ്റു പ്രശ്‌നത്തില്‍ ഇടപെട്ടു. 1963 ഡിസംബര്‍ 31 ന് അദ്ദേഹം രാജ്യത്തെ പ്രത്യേകമായി അഭിസംബോധന ചെയ്തു. എന്തുവിലകൊടുത്തും കാണാതായ തിരുകേശം തിരിച്ചെത്തിക്കുമെന്ന് നഹ്‌റു രാജ്യത്തിന് ഉറപ്പ് നല്‍കി. അതോടെ ജനം ശാന്തമായി. നിയമപാലകരുടെ ശക്തമായ തിരച്ചിലിനൊടുവില്‍ 1964 ജനുവരി നാലിന് കാണാതായ തിരുകേശം കണ്ടെത്തി. ബന്ധപ്പെട്ടവര്‍ ആധികാരികത സ്ഥിരീകരിച്ചു. നഷ്ടപ്പെട്ടുവെന്ന് കരുതിയ തിരുകേശം ”ഹസ്റത് ബാല്‍’ മസ്ജിദില്‍ തിരിച്ചെത്തിച്ചു. ഹസ്‌റത്ത് ബാല്‍ പള്ളിയില്‍ തിരുകേശം വലിയ അടച്ചുറപ്പില്‍ മുകള്‍ ഭാഗത്ത് സൂക്ഷിച്ചിട്ടുണ്ടെന്ന് ഒരു പ്രദേശവാസി ചോദ്യത്തിനുത്തരമായി പറഞ്ഞു. രാപ്പകല്‍ ഭേദമില്ലാതെ സജീവമാണ് ഹസ്‌റത്ത് ബാല്‍ മസ്ജിദ്.’

അതേസമയം, ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ജലീലിന് എംഎല്‍എ ആയിരിക്കാന്‍ അര്‍ഹതയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കോടതി മാറ്റം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് അതിജീവിത. രേഖകൾ സ്‌പെഷ്യൽ കോടതിയിൽ നിന്ന് മാറ്റരുതെന്നും പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് വിചാരണ മാറ്റാനുള്ള തീരുമാനം നിയമവിരുദ്ധമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, നടിയെ ആക്രമിച്ച കേസിൽ കോടതി നടപടികളിൽ പങ്കെടുക്കാതെ അന്വേഷണ ഉദ്യോഗസ്ഥൻ പുറത്ത് കറങ്ങി നടക്കുകയാണെന്ന് കഴിഞ്ഞ ദിവസം വിചാരണ കോടതി കുറ്റപ്പെടുത്തിയിരുന്നു. കോടതിയിലെ രഹസ്യരേഖകൾ പോലും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി കൊണ്ടുപോകുന്നുണ്ടെന്ന് കോടതി അറിയിച്ചു.

കോടതിയുടെ ചട്ടങ്ങളും നിയമങ്ങളും പാലിക്കാൻ ഉദ്യോഗസ്ഥനും ബാധ്യസ്ഥനാണ്. ഒന്നാം പ്രതി പൾസർ സുനിയുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച് വെള്ളിയാഴ്ച്ച റിപ്പോർട്ട് നൽകാനും ജയിൽ അധികൃതരോട് കോടതി ആവശ്യപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥന് പ്രത്യേക താത്പര്യങ്ങളാണെന്നും കബളിപ്പിക്കാൻ നോക്കരുതെന്നും വിചാരണക്കോടതി കുറ്റപ്പെടുത്തിയിരുന്നു.

തിരുവനന്തപുരം: സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പരിഹസിച്ച് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. മുഖ്യമന്ത്രി പിണറായി വിജയനെ സവിശേഷമായി ആക്രമിക്കുന്നുവെന്ന കോടിയേരിയുടെ പ്രസ്താവനയെ പരിഹസിച്ചാണ് കെ സുധാകരൻ രംഗത്തെത്തിയത്. മുഖ്യമന്ത്രിയെ സവിശേഷമായി ആക്രമിക്കുന്നു എന്ന കോടിയേരിയുടെ പ്രസ്താവന വളരെ മികച്ചൊരു രാഷ്ട്രീയ തമാശ ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇ പി ജയരാജനെക്കാൾ വലിയ കോമാളിയായി കോടിയേരി ബാലകൃഷ്ണൻ മാറരുത്. ആരാണ് പിണറായി വിജയനെ ആക്രമിക്കുന്നത്. അദ്ദേഹത്തിന്റെ ഓഫീസിൽ അസാമാന്യ സ്വാധീനം ഉണ്ടായിരുന്ന, വിദേശയാത്രകളിലുൾപ്പടെ കൂടെ കൊണ്ടുനടന്ന, സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി കൂടി ആയ അദ്ദേഹത്തിന്റെ സിൽബന്തിയാണ് പിണറായിയെ നിരന്തരം ആക്രമിക്കുന്നത്. കൂടെ കിടന്നവർക്കേ രാപ്പനി അറിയൂ എന്ന ചൊല്ല് പോലെയാണ് ആ സ്ത്രീ മുഖ്യമന്ത്രിയെ പറ്റിയുള്ള രഹസ്യങ്ങൾ വിവരിക്കുന്നത്. തീവ്രവാദികളെ രക്ഷപെടാൻ സഹായിച്ചുവെന്ന ഗുരുതര കുറ്റം വരെ ആരോപിച്ചിരിക്കുന്നു. എതിർക്കുന്നവരെ ഭൂമുഖത്ത് നിന്ന് തുടച്ചു നീക്കിയ പാരമ്പര്യം ഉള്ള പിണറായി വിജയൻ എന്തേ ആ വിവാദ സ്ത്രീക്കെതിരെ നിയമ നടപടി എടുക്കാത്തത്? മടിയിൽ കനമുള്ളതിന്റെ ഭയമാണോ മുഖ്യന്? അദ്ദേഹം പറഞ്ഞത് പോലെ തന്നെ ‘ആ ജനുസ്സ് വേറെയാണ്’. ആ ജനുസ്സിന്റെ കൈകൾ അശുദ്ധമാണ്.എത്ര സോപ്പിട്ട് കൈ കഴുകിയാലും ആ കൈകളിലെ അഴിമതിയുടെ ദുർഗന്ധം ഒരിക്കലും മാറില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എൻഫോഴ്‌സ്‌മെന്റ് വേട്ടയാടുന്നുവെന്ന കോടിയേരിയുടെ പരാമർശം എത്ര പരിഹാസ്യമാണ്. കേരളം വിട്ടാൽ നിങ്ങൾ ഇഡിയ്ക്ക് കൈയ്യടിക്കും. കേരളത്തിൽ നിങ്ങൾ അവരെ തള്ളിപ്പറയും. എന്തിനാണീ ‘ഇരട്ട നിലപാട്
സ്വർണ്ണക്കള്ളക്കടത്തിൽ നിന്ന് രക്ഷപ്പെടാൻ നിഷ്പക്ഷ അന്വേഷണങ്ങൾക്ക് വഴിയൊരുക്കാതെ ഇഡിയെ കൊണ്ടുവന്ന് രക്ഷപ്പെടാൻ നോക്കിയത് പിണറായി ആണ്. കേരളത്തിന് അകത്തും പുറത്തും കോൺഗ്രസ്സിന് ഈ വിഷയത്തിൽ ഒരേ ഒരു നിലപാടേയുള്ളൂ. രാഷ്ട്രീയ എതിരാളികളെ വേട്ടയാടാനാണ് അന്വേഷണ ഏജൻസികളെ കേന്ദ്രം ഉപയോഗിക്കുന്നത്. എന്നാൽ അടയും ചക്കരയും പോലെ ചേർന്നിരിക്കുന്നതിനാൽ നരേന്ദ്രമോദി ഒരിക്കലും പിണറായിയെ വേട്ടയാടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതു കൊണ്ട് ഇല്ലാത്ത ഇരവാദം ഉണ്ടാക്കി വെറുതെ വിലപിക്കാൻ പാർട്ടി സെക്രട്ടറി നോക്കേണ്ട. ഇത്തരം പ്രഹസനങ്ങൾ കൊണ്ടൊന്നും പിണറായി വിജയന്റെ ദുഷിച്ച ഭരണത്തിൽ നിന്നും ജനശ്രദ്ധ മാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

‘മുഖ്യമന്ത്രിയെ സവിശേഷമായി ആക്രമിക്കുന്നു ” എന്ന കോടിയേരിയുടെ പ്രസ്താവന വളരെ മികച്ചൊരു രാഷ്ട്രീയ തമാശ ആണ്. ഇ പി ജയരാജനെക്കാൾ വലിയ കോമാളിയായി കോടിയേരി ബാലകൃഷ്ണൻ മാറരുത്.

ആരാണ് പിണറായി വിജയനെ ആക്രമിക്കുന്നത്? അദ്ദേഹത്തിന്റെ ഓഫീസിൽ അസാമാന്യ സ്വാധീനം ഉണ്ടായിരുന്ന, വിദേശയാത്രകളിലുൾപ്പടെ കൂടെ കൊണ്ടുനടന്ന, സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി കൂടി ആയ അദ്ദേഹത്തിന്റെ സിൽബന്തിയാണ് പിണറായിയെ നിരന്തരം ആക്രമിക്കുന്നത്. ‘കൂടെ കിടന്നവർക്കേ രാപ്പനി അറിയൂ’ എന്ന ചൊല്ല് പോലെയാണ് ആ സ്ത്രീ മുഖ്യമന്ത്രിയെ പറ്റിയുള്ള രഹസ്യങ്ങൾ വിവരിക്കുന്നത്. തീവ്രവാദികളെ രക്ഷപെടാൻ സഹായിച്ചുവെന്ന ഗുരുതര കുറ്റം വരെ ആരോപിച്ചിരിക്കുന്നു.

എതിർക്കുന്നവരെ ഭൂമുഖത്ത് നിന്ന് തുടച്ചു നീക്കിയ പാരമ്പര്യം ഉള്ള പിണറായി വിജയൻ എന്തേ ആ വിവാദ സ്ത്രീക്കെതിരെ നിയമ നടപടി എടുക്കാത്തത്? മടിയിൽ കനമുള്ളതിന്റെ ഭയമാണോ മുഖ്യന്? അദ്ദേഹം പറഞ്ഞത് പോലെ തന്നെ ‘ആ ജനുസ്സ് വേറെയാണ്’. ആ ജനുസ്സിന്റെ കൈകൾ അശുദ്ധമാണ്.എത്ര സോപ്പിട്ട് കൈ കഴുകിയാലും ആ കൈകളിലെ അഴിമതിയുടെ ദുർഗന്ധം ഒരിക്കലും മാറില്ല.

ED വേട്ടയാടുന്നുവെന്ന കോടിയേരിയുടെ പരാമർശം എത്ര പരിഹാസ്യമാണ്. കേരളം വിട്ടാൽ നിങ്ങൾ ED ക്ക് കൈയ്യടിക്കും. കേരളത്തിൽ നിങ്ങൾ അവരെ തള്ളിപ്പറയും. എന്തിനാണീ ‘ഇരട്ട നിലപാട്?’ സ്വർണ്ണക്കള്ളക്കടത്തിൽ നിന്ന് രക്ഷപ്പെടാൻ നിഷ്പക്ഷ അന്വേഷണങ്ങൾക്ക് വഴിയൊരുക്കാതെ EDയെ കൊണ്ടുവന്ന് രക്ഷപ്പെടാൻ നോക്കിയത് പിണറായി ആണ്. കേരളത്തിന് അകത്തും പുറത്തും കോൺഗ്രസ്സിന് ഈ വിഷയത്തിൽ ഒരേ ഒരു നിലപാടേയുള്ളൂ. രാഷ്ട്രീയ എതിരാളികളെ വേട്ടയാടാനാണ് അന്വേഷണ ഏജൻസികളെ കേന്ദ്രം ഉപയോഗിക്കുന്നത്. എന്നാൽ അടയും ചക്കരയും പോലെ ചേർന്നിരിക്കുന്നതിനാൽ നരേന്ദ്രമോദി ഒരിക്കലും പിണറായിയെ വേട്ടയാടില്ല.

അതു കൊണ്ട് ഇല്ലാത്ത ഇരവാദം ഉണ്ടാക്കി വെറുതെ വിലപിക്കാൻ പാർട്ടി സെക്രട്ടറി നോക്കേണ്ട. ഇത്തരം പ്രഹസനങ്ങൾ കൊണ്ടൊന്നും പിണറായി വിജയന്റെ ദുഷിച്ച ഭരണത്തിൽ നിന്നും ജനശ്രദ്ധ മാറില്ല.