താൻ ഓട് പൊളിച്ചിറങ്ങി കോൺഗ്രസിൽ എത്തിയ ആളല്ലെന്ന് ആദ്യം മനസിലാക്കണം; ഗുലാം നബി ആസാദിനെതിരെ വിമർശനവുമായി കെ സി വേണുഗോപാൽ

ന്യൂഡൽഹി: ഗുലാം നബി ആസാദിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ. ഗുലാം നബി ആസാദ് ഉന്നയിച്ച കാര്യങ്ങൾ ഖേദകരമാണെന്ന് അദ്ദേഹം പറഞ്ഞു. താൻ ഓട് പൊളിച്ചിറങ്ങി കോൺഗ്രസിൽ എത്തിയ ആളല്ലെന്ന് ആദ്യം മനസിലാക്കണമെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.

കെ എസ് യു കാലം മുതൽ താൻ പാർട്ടിയിൽ പ്രവർത്തിക്കുകയാണ്. തനിക്കും 46 വർഷത്തെ അനുഭവ സമ്പത്തുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസമാണ് ഗുലാം നബി ആസാദ് കോൺഗ്രസിൽ നിന്നും രാജിവെച്ചത്. കോൺഗ്രസിന്റെ പ്രാഥമിക അംഗത്വമാണ് ഗുലാം നബി ആസാദ് രാജിവച്ചത്. ജമ്മു കശ്മീരിൽ കോൺഗ്രസിന്റെ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്ത് നിന്നും അദ്ദേഹം രാജി വച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം കോൺഗ്രസിന്റെ പ്രാഥമിക അംഗത്വവും രാജിവെച്ചത്. കോൺഗ്രസിലെ ഏറ്റവും മുതിർന്ന നേതാക്കളിലൊരാളായിരുന്നു ഗുലാം നബി ആസാദ്.

നേതൃമാറ്റം ആവശ്യപ്പെട്ട് കോൺഗ്രസിനുള്ളിൽ കലാപക്കൊടി ഉയർത്തിയ നേതാവാണ് ഗുലാം നബി ആസാദ്. കോൺഗ്രസിൽ മുഴുവൻ സമയ നേതൃത്വം വേണമെന്നാവശ്യപ്പെട്ട് 2020 ഓഗസ്റ്റിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് തുറന്ന കത്തെഴുതിയ ജി 23 നേതാക്കളിൽ അദ്ദേഹവും ഉൾപ്പെടുന്നു.

പാർട്ടിയിലെ കൂടിയാലോചന സംവിധാനത്തെ രാഹുൽ ഗാന്ധി തകർത്തുവെന്ന് രാജിക്കത്തിൽ ഗുലാം നബി ആസാദ് ആരോപിക്കുന്നു. മുതിർന്നവരും പരിചയ സമ്പന്നരുമായ നേതാക്കളെ ഒതുക്കി എന്നും ഗുലാം നബി ആസാദ് രാജിക്കത്തിൽ വിമർശിക്കുന്നു. രാഹുൽ ഗാന്ധി പക്വതയില്ലാത്ത വിധം പെരുമാറി. തിരിച്ചുവരാനാകാത്ത വിധം കോൺഗ്രസിനെ രാഹുൽ ഗാന്ധി തകർത്തുവെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.