ഡ്യൂട്ടി ബഹിഷ്‌കരിച്ച് സര്‍വീസ് മുടക്കിയതില്‍ കെഎസ്ആര്‍ടിസിക്ക് ഉണ്ടായ നഷ്ടം ജീവനക്കാരില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ ഉത്തരവ്‌

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ അനാവശ്യ സമരങ്ങള്‍ ഇനി അനുവദിക്കില്ലെന്ന നിലപാടുമായി എം.ഡി ബിജു പ്രഭാകര്‍. ഡ്യൂട്ടി ബഹിഷ്‌കരിച്ച് സര്‍വീസ് മുടക്കിയത് കാരണം കെഎസ്ആര്‍ടിസിക്ക് ഉണ്ടായ നഷ്ടം ജീവനക്കാരില്‍ നിന്ന് തിരിച്ചുപിടിക്കാനാണ് തീരുമാനം.

കഴിഞ്ഞ ജൂണ്‍ 26ന് സര്‍വീസ് മുടക്കിയ പാപ്പനംകോട്, വികാസ് ഭവന്‍, സിറ്റി, പേരൂര്‍ക്കട ഡിപ്പോകളിലെ 111 ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും 9,49,510 രൂപ അഞ്ച് തുല്യ ഗഡുക്കളായി തിരിച്ചു പിടിക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്. ജൂലായ് 12ന് ഡ്യൂട്ടി ക്രമീകരണങ്ങളില്‍ പ്രതിഷേധിച്ച് പാറശ്ശാല ഡിപ്പോയിലെ എട്ട് ജീവനക്കാര്‍ ഡ്യൂട്ടിക്ക് ഹാജരാകാത്തതിനെ തുടര്‍ന്ന് സര്‍വീസ് റദ്ദാക്കിയിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ നഷ്ടമായ 40,277 രൂപ ജീവനക്കാരില്‍ നിന്നും തിരിച്ചു പിടിക്കും.