വർഷത്തിൽ രണ്ടുതവണ ബോർഡ് പരീക്ഷ; തയ്യാറെടുപ്പുകൾ നടത്താൻ സിബിഎസ്ഇയ്ക്ക് നിർദ്ദേശം

ന്യൂഡൽഹി: 2025-26 അധ്യയനവർഷം മുതൽ വർഷത്തിൽ രണ്ടുതവണ ബോർഡ് പരീക്ഷ നടത്തുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്താൻ സിബിഎസ്ഇയ്ക്ക് നിർദേശം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനാണ് നിർദേശം നൽകിയിരിക്കുന്നത്.

ഇതിനായി മന്ത്രാലയവും സിബിഎസ്ഇയും സ്‌കൂൾ പ്രിൻസിപ്പൽമാരുമായി അടുത്തമാസം മുതൽ ചർച്ചകൾ നടത്തുമെന്നാണ് റിപ്പോർട്ട്. ബിരുദ പ്രവേശനത്തിന്റെ സമയക്രമത്തെ ബാധിക്കാത്തതരത്തിൽ പരീക്ഷകൾ നടത്തുന്നതിന് അക്കാദമിക് കലണ്ടർ പരിഷ്‌കരിക്കുന്നതിനുള്ള നടപടികൾ സിബിഎസ്ഇ ഇതിനോടകം ആരംഭിച്ചതായുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്.

അടുത്ത അധ്യയനവർഷം മുതൽ സ്‌കൂളുകളിൽ സെമസ്റ്റർ സംവിധാനം ആരംഭിക്കുന്നതിനുള്ള നടപടികൾ ഉപേക്ഷിച്ചുവെന്നും സിബിഎസ്ഇ വൃത്തങ്ങൾ അറിയിച്ചു.