ലോകായുക്ത നിയമഭേദഗതി: അന്വേഷണ പരിധിയില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടി ഭാരവാഹികളെയും നേതാക്കളെയും ഒഴിവാക്കും

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ബില്ലില്‍ അന്വേഷണ പരിധിയില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടി ഭാരവാഹികളെയും നേതാക്കളെയും ഒഴിവാക്കുന്നതിനുള്ള ഭേദഗതി സബ്ജക്ട് കമ്മിറ്റി ഉള്‍പ്പെടുത്തി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സര്‍ക്കാരും തമ്മിലുള്ള പോര് രൂക്ഷമായതോടെയാണ് ഈ വ്യവസ്ഥ പുനപരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്.

അതേസമയം, മുഖ്യമന്ത്രിയുടെ കാര്യത്തിലെന്ന പോലെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ സംബന്ധിച്ച ലോകായുക്ത റിപ്പോര്‍ട്ടിലും നടപടിയെടുക്കേണ്ടത് ഗവര്‍ണറായിരുന്നു. ലോകായുക്തയെ സംബന്ധിച്ച കേന്ദ്രത്തിന്റെ മാതൃകാ നിയമത്തില്‍ പാര്‍ട്ടി ഭാരവാഹികള്‍ ഉള്‍പ്പെടുന്നില്ല. എന്നാല്‍ സബ്ജക്ട് കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പി.കെ കുഞ്ഞാലിക്കുട്ടിയും എതിര്‍പ്പ് പ്രകടിപ്പിച്ചു. ബില്‍ 30ന് സഭ വകുപ്പ് തിരിച്ച് ചര്‍ച്ച ചെയ്ത് പാസാക്കും.

1999-ലെ ലോകായുക്ത നിയമത്തിന്റെ ഏഴാം വകുപ്പിലാണ് അന്വേഷണ പരിധിയിലുള്ള പൊതുസേവകര്‍ ആരൊക്കെയാണെന്ന് വ്യക്തമാക്കുന്നത്.