ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കേണ്ടി വരും; മുന്നറിയിപ്പ് നൽകി വാട്ട്‌സ് ആപ്പ്

ന്യൂഡൽഹി: ചാറ്റുകളുടെ സുരക്ഷ ഉറപ്പാക്കുന്ന എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സംവിധാനത്തിൽ വീട്ടുവീഴ്ചയ്ക്ക് നിർബന്ധിച്ചാൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകി വാട്ട്‌സ് ആപ്പ്. ഡൽഹി ഹൈക്കോടതിയിലാണ് വാട്ട്‌സ് ആപ്പ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയത്.

എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ എന്നത് സന്ദേശം അയക്കുന്നവർക്കും സ്വീകരിക്കുന്ന ആൾക്കും മാത്രമേ അതിലെ ഉള്ളടക്കം കാണാൻ കഴിയൂവെന്ന് ഉറപ്പുവരുത്തുന്ന സാങ്കേതികവിദ്യയാണ്. എന്നാൽ, രാജ്യത്തെ പുതിയ ഐ ടി നിയമം അനുസരിച്ച് സർക്കാർ ആവശ്യപ്പെട്ടാൽ ഇതിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്നാണ് വ്യവസ്ഥ.

ആദ്യം സന്ദേശം അയച്ചയാളെ തിരിച്ചറിയുന്നതിന് നിയമത്തിൽ വ്യവസ്ഥയുണ്ട്. ഇത് ചോദ്യംചെയ്താണ് ഫെയ്‌സ്ബുക്കും വാട്‌സ് ആപ്പും കോടതിയെ സമീപിച്ചത്. ഇങ്ങനെ കടുംപിടുത്തമുണ്ടെങ്കിൽ ഇന്ത്യയിൽ വാട്ട്‌സ് ആപ്പ് നിർത്തേണ്ടി വരുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.