ഇ പി ജയരാജൻ ബിജെപിയിൽ പോകുമെന്നത് പച്ചനുണ; എം വി ജയരാജൻ

കണ്ണൂർ: ഇപി ജയരാജൻ – പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ചയിലെ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കി കഴിഞ്ഞുവെന്ന് സിപിഎം നേതാവ് എം വി ജയരാജൻ. ഇ പി ജയരാജൻ ബിജെപിയിൽ പോകുമെന്നത് പച്ചനുണയാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാക്കളുടെ ബിജെപി പ്രവേശനവും ഇപിയുമായി ബന്ധപ്പെട്ട പ്രശ്‌നവും തമ്മിൽ ഒരു താരതമ്യവും അർഹിക്കുന്നില്ല. ഐ വിൽ ഗോ വിത്ത് ബിജെപി എന്ന് കെപിസിസി പ്രസിഡന്റ് തന്നെയാണ് പറഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോൺഗ്രസിൽ നിന്ന് 39 പേരാണ് തെരഞ്ഞെടുപ്പിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ നടക്കുമ്പോൾ പോയത്. കേരളത്തിൽ തെരഞ്ഞെടുപ്പിന്റെ ദിവസങ്ങൾ അടുത്ത് വന്നപ്പോൾ രണ്ട് പേർ കൂടെ പോയി. ഇതൊക്കെ മറച്ച് പിടിക്കാനുള്ള നീക്കമാണ് നടക്കുന്നത്. കേരളത്തിലെ കോൺഗ്രസ് ആകെ ബിജെപി മുന്നണിയിൽ ചേരാൻ പുതിയൊരു പാർട്ടിയുണ്ടാക്കുന്നുവെന്ന വിവരവും പുറത്ത് വന്നെന്ന് അദ്ദേഹം വെളിപ്പെടുത്തി.

പി ബി അംഗം കൂടിയായ മുഖ്യമന്ത്രി പറഞ്ഞത് തന്നെയാണ് ഇപി വിഷയത്തിൽ പാർട്ടി നിലപാട്. ടി ജി നന്ദകുമാർ തട്ടിപ്പുകാരനാണ്. ഫ്രോഡ് ഫ്രോഡ് തന്നെ, അതിൽ സംശയമില്ല. അന്തർധാര ബിജെപിയും കോൺഗ്രസും തമ്മിലാണ്. ശോഭാ സുരേന്ദ്രൻ പറഞ്ഞതുകൊണ്ടാണ് കെ സുധാകരൻ പറയുന്നത്. മറ്റാരും പറഞ്ഞിട്ടില്ല. ഇത് പരിശോധിച്ചാൽ അന്തർധാര സുധാകരന്റെ പാർട്ടിയും ശോഭ സുരേന്ദ്രന്റെ പാർട്ടിയും തമ്മിലാണെന്നും ജയരാജൻ കൂട്ടിച്ചേർത്തു.