ലഹരി കേസുകളില്‍ വര്‍ധന; ബംഗളൂരുവില്‍ നിന്ന് വയനാട്ടിലേക്ക് എംഡിഎംഎ ഉള്‍പ്പെടെ എത്തുന്നതായി റിപ്പോര്‍ട്ട്

കല്‍പ്പറ്റ: ലഹരികടത്തുമായും വില്‍പ്പനയുമായും ബന്ധപ്പെട്ട് കഴിഞ്ഞ ഒരാഴ്ചയായി നിരവധി കേസുകള്‍ വയനാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തു. മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവും ഉള്‍പ്പെടെയുള്ള ലഹരികളാണ് പിടികൂടുന്നത്. എക്സൈസും പൊലീസും ലഹരികടത്തിന് തടയിടുന്നുണ്ടെങ്കിലും ബംഗളൂരു കേന്ദ്രീകരിച്ച് വന്‍തോതില്‍ ഇവ ജില്ലയിലേക്കും അതു വഴി മറ്റു ജില്ലകളിലേക്കും എത്തുന്നതായാണ് സൂചന.

അതേസമയം, എംഡിഎംഎ, മെത്താഫിന്‍, എല്‍എസ്ഡി സ്റ്റാമ്പ്, കഞ്ചാവ് തുടങ്ങിയവ എത്തുന്നുണ്ട്. ദേഹത്തും മറ്റ് ഒളിച്ചുവയ്ക്കുന്നതിനാല്‍ കാര്യക്ഷമമായ പരിശോധനയ്ക്കും ഉദ്യോഗസ്ഥര്‍ക്ക് പരിമിതികളുണ്ട്. ഒളിപ്പിച്ചുകടത്താന്‍ എളുപ്പുമായതിനാല്‍ എംഡിഎംഎയാണ് കൂടുതലായും ജില്ലയിലേക്ക് എത്തുന്നത്. ശനിയാഴ്ച രാവിലെ തോല്‍പ്പെട്ടി എക്സൈസ് ചെക്പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ കര്‍ണാടകയില്‍നിന്ന് വരുന്ന സ്ലീപ്പര്‍ ബസ്സില്‍നിന്ന് അതിമാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടി. 46.420 ഗ്രാം എംഡിഎംഎയാണ് പിടിച്ചത്. വെങ്ങപ്പള്ളിയില്‍ 4.4 ഗ്രാം എംഡിഎംഎയും പിടിച്ചു. എംഡിഎംഎക്ക് ഗ്രാമിന് 3500 മുതലാണ് ആവശ്യക്കാര്‍ നല്‍കുന്നതെന്നാണ് വിവരം. ബംഗളൂരുവില്‍നിന്നാണ് ഇത് പ്രധാനമായും ജില്ലയിലേക്ക് എത്തുന്നത്.

കല്‍പ്പറ്റ ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് കോളേജ് വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും കഞ്ചാവ് വില്‍പ്പന നടത്തുകയായിരുന്ന മധ്യവയസ്‌കനെ 104 ഗ്രാം കഞ്ചാവുമായി കഴിഞ്ഞദിവസം പിടിച്ചിരുന്നു. മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റില്‍വച്ച് കേരള ആര്‍ടിസി ബസ്സില്‍വച്ച് 15 ഗ്രാം കഞ്ചാവും പിടിച്ചിരുന്നു.