കുത്തബ് മിനാറിനെക്കാള്‍ ഉയരം; നോയിഡയിലെ ഇരട്ട കെട്ടിടം ഒടുവില്‍ നിലംപൊത്തി

ന്യൂഡല്‍ഹി: അനധികൃതമായി മാനദണണ്ഡങ്ങള്‍ ലംഘിച്ച് സൂപ്പര്‍ടെക് കമ്ബനി ഡല്‍ഹിക്കടുത്ത് നോയിഡ സെക്ടര്‍ 93എ-യില്‍ സ്ഥിതിചെയ്തിരുന്ന അപെക്‌സ്, സിയാന്‍ എന്നീ ഇരട്ട ഫ്ളാറ്റ് സമുച്ചയം നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്തു. ഇന്ന് ഉച്ചയ്ക്ക് 2.30-ന് 700 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയത്. മുംബൈയിലെ എഡിഫിസ് എന്‍ജിനിയറിങ് കമ്ബനിയും ദക്ഷിണാഫ്രിക്കന്‍ കമ്ബനിയായ ജെറ്റ് ഡിമോളിഷനുമാണ് സ്‌ഫോടനം നടത്തിയത്.

2021 ഓഗസ്റ്റില്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച്, നോയിഡ അതോറിറ്റിയിലെ ഉദ്യോഗസ്ഥരുമായി ഒത്തുകളിച്ച് കെട്ടിട മാനദണ്ഡങ്ങള്‍ ലംഘിച്ച നിര്‍മാതക്കാള്‍ 29 നിലയുള്ളതും (സിയാന) 32 നിലയുള്ളതുമായ (അപെക്‌സ്) ഇരട്ട കെട്ടിടം പണിതെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കോടതി ഫ്‌ലാറ്റ് പൊളിച്ച് മാറ്റാന്‍ ഉത്തരവിടുകയും ചെയ്തു. ഫ്‌ലാറ്റ് പൊളിക്കല്‍ വിജയകരമായിരുന്നുയെന്ന് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഡിഫൈസ് എഞ്ചനിയറിങ് അറിയിച്ചു. 2020ല്‍ കൊച്ചി മരടിലെ നാല് ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് കളയുന്നതിനെക്കാള്‍ നാല് ഇരട്ടി സ്‌ഫോടക വസ്തുക്കളാണ് നോയിഡിലെ ബഹുനിലകെട്ടിടങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചത്. 3700 കിലോ സ്‌ഫോടക വസ്തുക്കളാണ് ഇരട്ട ഫ്‌ലാറ്റ് നീക്കം ചെയ്യാന്‍ ഉപയോഗിച്ചിരിക്കുന്നത്. 9000ത്തോളം സുഷിരങ്ങള്‍ സ്ഥാപിച്ച് അതില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ചാണ് ഫ്‌ലാറ്റ് പൊളിച്ച് മാറ്റിയത്. മരടിലെ നാല് ഫ്‌ലാറ്റുകള്‍ പൊളിച്ച് മാറ്റാന്‍ ആകെ എടുത്തത് 943 കിലോ സ്‌ഫോടക വസ്തുക്കളായിരുന്നു.

അതേസമയം, നൂറുമീറ്ററിനു മേലെ പൊക്കമുള്ള ഈ ബഹുനിലകെട്ടിടസമുച്ചയത്തിന് ഡല്‍ഹിയിലെ കുത്തബ്മിനാറിനെക്കാള്‍ ഉയരമുണ്ടായിരുന്നു. തൊള്ളായിരം ഫ്‌ളാറ്റുകളടങ്ങിയ സൂപ്പര്‍ടെക്കിന്റെ എമറാള്‍ഡ് കോര്‍ട്ട് പ്രോജക്ടിന്റെ ഭാഗമാണ് ഈ ഇരട്ട ടവര്‍. 2009-ലും 2012-ലുമാണ് നോയ്ഡ അഥോറിറ്റി ടവറിന് അനുമതി നല്‍കിയത്. കെട്ടിടം പൊളിക്കുന്നതിന് മുന്നോടിയായി വലിയ സുരക്ഷയാണ് ഒരുക്കിയത്. ഇന്ത്യയിലെ ഏറ്റവും വലിയ നിയന്ത്രിത സ്ഫോടനത്തിനായി ഏകദേശം ഇരുപത് കോടി രൂപയോളം ചെലവാകും. സ്ഫോടനത്തിന് മുന്നോടിയായി അയ്യായിരത്തോളം പേരോട് രാവിലെ ഏഴ് മണിക്ക് ഉള്ളില്‍ പ്രദേശത്ത് നിന്ന് മാറാന്‍ ആവശ്യപ്പെട്ടിരുന്നു. 1200 വാഹനങ്ങള്‍ മേഖലയില്‍ നിന്ന് മാറ്റുകയും ചെയ്തു.