National (Page 591)

ന്യൂഡൽഹി: ടെലികോം, ഇന്റർനെറ്റ് സേവനദാതാക്കളും മറ്റ് ടെലികോം ലൈസൻസുള്ള സ്ഥാപനങ്ങളും ഫോൺവിളി സംബന്ധിച്ച വിവരങ്ങൾ രണ്ട് വർഷം വരെ സൂക്ഷിച്ചുവെക്കണം. ടെലികോം വകുപ്പാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. ഇതിനായി യുണിഫൈഡ് ലൈസൻസ് എഗ്രിമെന്റ് ടെലികോം വകുപ്പ് ഭേദഗതി ചെയ്തു.

ഫോൺവിവരങ്ങൾ സൂക്ഷിച്ചുവെയ്ക്കുന്ന കാലാവധി നീട്ടി നൽകണമെന്ന് വിവിധ സുരക്ഷാ ഏജൻസികൾ ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് സമയം വർധിപ്പിക്കാനുള്ള നീക്കങ്ങൾ ടെലികോം വകുപ്പ് ആരംഭിച്ചതെന്നാണ് റിപ്പോർട്ട്. നേരത്തെ ഒരു വർഷമായിരുന്നു ടെലിഫോൺ രേഖകൾ സൂക്ഷിച്ചുവെയ്‌ക്കേണ്ടത്.

കോൾ ഡീറ്റെയിൽ റെക്കോർഡ്, എക്സ്ചേഞ്ച് ഡീറ്റെയിൽ റെക്കോർഡ്, ഒരു നെറ്റ് വർക്കിൽ എക്സ്ചേഞ്ച് ചെയ്ത ആശയവിനിമയങ്ങളുടെ ഐപി ഡീറ്റെയിൽ റെക്കോർഡ് എന്നിവ രണ്ട് വർഷം വരെയോ സുരക്ഷാ പരിശോധനയ്ക്ക് വേണ്ടി സർക്കാർ ആവശ്യപ്പെടുന്ന അത്രയും സമയമോ സൂക്ഷിച്ചുവെക്കണമെന്നാണ് നിർദ്ദേശം. സേവനദാതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും അധിക കാലം വിവരങ്ങൾ സൂക്ഷിക്കുമെന്ന് ഉറപ്പു നൽകിയിതായും ടെലികോം വകുപ്പ് അറിയിച്ചു.

ന്യൂഡൽഹി: അതിവേഗ മാറ്റത്തിന് തയ്യാറെടുത്ത് ഇന്ത്യൻ റെയിൽവേ. ആഗോളതലത്തിൽ വേഗതയുടെ മറുരൂപമായ ഹൈപ്പർലൂപ്പിലേക്കും ഹൈഡ്രജൻ ഇന്ധനത്തിലേക്കുമാണ് ഇന്ത്യൻ റെയിൽവേ ചുവടുമാറ്റാനൊരുങ്ങുന്നത്. അതിവേഗ റെയിൽവേ സംവിധാനത്തിന്റെ ഭാഗമായി നിലവിൽ മഹാനഗരങ്ങളെ ബന്ധിപ്പിക്കുന്നത് സൂപ്പർ എക്സ്പ്രസ്സുകളാണ്. ഇതിന് സമാന്തരമായി പരീക്ഷണാടിസ്ഥാനത്തിൽ ഹൈപ്പർലൂപ്പ് കൊണ്ടുവരാനാണ് റെയിൽവേ പദ്ധതിയിടുന്നത്.

കേന്ദ്ര സർക്കാർ ഹൈപ്പർലൂപ്പിന് അംഗീകാരം നൽകിയിട്ടുണ്ട്. ഹൈപ്പർലൂപ്പ് കൊണ്ടുവരുന്നതിന്റെ ഭാഗമായി ഡീസൽ എഞ്ചിനുകളും ഉരുക്കു കൊണ്ടുള്ള റെയിൽവേ ബോഗികളിലും മാറ്റം വരുത്തും. ബോഗികളുടെ ഭാരം കുറച്ച് പരമാവധി വേഗം കൈവരിക്കാനും ഇന്ധനക്ഷമത കൂട്ടാനുമാണ് ആദ്യ ഘട്ടത്തിൽ പദ്ധതിയിടുന്നത്.

ഉരുക്കിന് പകരം ഭാരംകുറഞ്ഞ അലൂമിനിയവും ബോഗികളുടെ നിർമ്മാണത്തിന് ഉപയോഗിക്കുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. നിലവിലെ ഡീസൽ എഞ്ചിനുകളെല്ലാം ഹൈഡ്രജനിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പുകളും ഉടൻ ആരംഭിക്കും.

COVID

ന്യൂഡൽഹി: ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് നിയന്ത്രണങ്ങൾ കർശനമാക്കുന്നു. ഡൽഹിയിൽ ഉൾപ്പടെ പല സംസ്ഥാനങ്ങളിലും ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തി. രാത്രികാല കർഫ്യു ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് പല സംസ്ഥാനങ്ങളും. മഹാരാഷ്ട്ര, ഒഡിഷ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇതിനോടകം രാത്രി കർഫ്യു പുനഃസ്ഥാപിച്ചിട്ടുണ്ട്.

ആറ് മാസത്തിനിടെയുണ്ടായ ഏറ്റവും വലിയ വർധനവാണ് ഡൽഹിയിൽ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഡൽഹിയുടെ സമീപ പ്രദേശങ്ങളിലും രാത്രി കർഫ്യു പുനസ്ഥാപിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. രാജ്യത്ത് ഒമിക്രോൺ വ്യാപനം വർധിക്കുന്നുവെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്.

അതേസമയം ക്രിസ്മസ്-പുതുവത്സരവുമായി ബന്ധപ്പെട്ട തിരക്കുകൾക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്താനുള്ള നീക്കത്തിലാണ് ഡൽഹി സർക്കാർ. രാജ്യത്തെ വിവിധ നഗരങ്ങളിലും നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിൽ വാക്സിനെടുക്കാത്ത ആരെയും നഗരത്തിനുള്ളിലേക്ക് പ്രവേശനം അനുവദിക്കില്ല. ഉത്തർപ്രദേശിൽ പൊതുപരിപാടികൾക്കും വിവാഹങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ന്യൂഡൽഹി: ദൂരദർശനടക്കമുള്ള പ്രസാർ ഭാരതിയുടെ എല്ലാ യുട്യൂബ് ചാനലുകൾക്കും ഏറ്റവുമധികം വ്യൂവർഷിപ്പ് ലഭിക്കുന്നത് പാകിസ്താനിൽ നിന്നും. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അമേരിക്ക, സൗദി അറേബ്യ, ബംഗ്ലാദേശ്, യുഎഇ എന്നിവിടങ്ങളിൽ നിന്നും പ്രസാർ ഭാരതിയുടെ യൂട്യൂബ് ചാനലുകൾക്ക് കാഴ്ച്ചക്കാരുണ്ട്.

2018 നും 2020 നും ഇടയിലായി കാഴ്ചക്കാരുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് വൈറസ് വ്യാപനത്തിന്റെ സമയത്ത് നേപ്പാളിൽ നിന്നുള്ള കാഴ്ചക്കാരുടെ എണ്ണത്തിലും വർധനവുണ്ടായി. 2018 ൽ പാകിസ്താനിൽ നിന്ന് 64 ലക്ഷത്തിലധികം പേർ പ്രസാർ ഭാരതിയുടെ യൂട്യൂബ് ചാനലുകൾ കണ്ടു. 2020 ൽ ഇത് 1.33 കോടിയായി വർധിച്ചു. നവംബർ 30 വരെയുള്ള കണക്കുകൾ വച്ചാണ് പ്രസാർ ഭാരതിയുടെ യുട്യൂബ് ചാനലുകൾക്ക് ഏറ്റവും കൂടുതൽ വ്യൂസ് കിട്ടുന്ന വിദേശരാജ്യം പാകിസ്താനാണെന്ന വിലയിരുത്തലിൽ എത്തിയത്.

170 ൽ അധികം യൂട്യൂബ് ചാനലുകളാണ് പ്രസാർ ഭാരതിയ്ക്ക് കീഴിൽ ആൾ ഇന്ത്യാ റേഡിയോയുടെയും ദൂരദർശൻ നെറ്റ്‌വർക്കിന്റെയും കീഴിലുള്ളത്.

ന്യൂഡൽഹി: പഞ്ചാബിലെ ലുധിയാന കോടതിയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തൽ. ആക്രമണത്തിന് പിന്നിൽ മുൻ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് അന്വേഷണ സംഘം അറിയിച്ചു. സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട പൊലീസ് മുൻ ഹെഡ് കോൺസ്റ്റബിൾ ഗഗൻ ദീപ് സിംഗാണ് ആക്രമണം നടത്തിയതെന്നും പോലീസ് വ്യക്തമാക്കുന്നു.

സ്‌ഫോടനത്തിൽ ഗഗൻ ദീപ് സിംഗിന്റെ ശരീരം തിരിച്ചറിയാത്ത വിധം ചിതറിപ്പോയിരുന്നു. സ്ഥലത്ത് നിന്ന് ലഭിച്ച തകർന്ന ഫോണും സിം കാർഡുമാണ് ഗഗൻ സിംഗിന്റെ മൃതദേഹം തിരിച്ചറിയാൻ സഹായിച്ചത്. ഗഗൻ സിംഗിന് ഏതെങ്കിലും ഭീകരസംഘടനകളുമായി ബന്ധമുണ്ടോയെന്ന കാര്യം വ്യക്തമല്ല. 2019 ൽ ഗഗൻ സിംഗിനെ പോലീസ് സർവീസിൽ നിന്ന് പിരിച്ച് വിട്ടിരുന്നു. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കേസിൽ ഇയാൾ രണ്ടു വർഷം ജയിൽ ശിക്ഷയും അനുഭവിച്ചിരുന്നു.

അതേസമയം ഗഗൻ ദീപ് സിംഗുമായി ബന്ധപ്പെട്ട എട്ട് പേരെ പൊലീസ് ചോദ്യം ചെയ്തു. ലുധിയാന സ്‌ഫോടനത്തിന് പിന്നാലെ എൻഐഎ, എൻഎസ്ജി സംഘങ്ങൾ സ്ഥലം സന്ദർശിച്ച് തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. സ്‌ഫോടനത്തിൽ ഭീകര സംഘടനകളുടെ പങ്ക് തള്ളാനാവില്ലെന്നാണ്അന്വേഷണ ഏജമൻസികളുടെ നിലപാട്. മാരകമായ സ്‌ഫോടന വസ്തുവാണ് ആക്രമണത്തിന് ഉപയോഗിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ജില്ലാ കോടതി കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ശുചിമുറിക്ക് സമീപം സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും അഞ്ചു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടയാളാണ് കോടതി സമുച്ചയത്തിൽ ബോംബ് സ്ഥാപിച്ചതെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു.

ന്യൂഡൽഹി: സംസ്ഥാനത്തെ കോവിഡ് കേസുകളിൽ ആശങ്ക രേഖപ്പെടുത്തി കേന്ദ്ര സർക്കാർ. കേരളത്തിലും മിസോറാമിലും കോവിഡ് കേസുകൾ കുറയാത്തത് ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ 20 ജില്ലകളിൽ 5 ശതമാനത്തിന് മുകളിലാണ് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ഇതിൽ 9 എണ്ണം കേരളത്തിലാണെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. എറണാകുളം, ഇടുക്കി, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, പത്തനംതിട്ട, തിരുവനന്തപുരം, വയനാട് തുടങ്ങിയ ജില്ലകളിലാണ് ടിപിആർ അഞ്ച് ശതമാനത്തിന് മുകളിലുള്ളത്. 6.1 ശതമാനമാണ് കേരളത്തിൽ നിലവിലുള്ള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

സംസ്ഥാനത്തെ സ്ഥിതിഗതികൾ ആശങ്കാജനകമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. സംസ്ഥാനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. വാക്‌സിൻ ബൂസ്റ്റർ ഡോസിന് മാത്രം രോഗവ്യാപനം തടയാൻ കഴിയില്ലെന്നും രോഗവ്യാപനം തടയാൻ നിർദ്ദേശങ്ങൾ പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു.

കൊച്ചി: കേരള ജനത പി ടി തോമസിനെ യാത്രയാക്കിയത് രാജാവിനെ പോലെയാണെന്ന് ഭാര്യ ഉമ. ഇത്രയും അംഗീകാരത്തോടെ ഒരു നേതാവിനെ യാത്രയാക്കിയത് തന്റെ ഓർമ്മയിലില്ലെന്നാണ് ഉമ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.

പി ടിയെ സാധാരണക്കാരാണ് നെഞ്ചിലേറ്റിയിരിക്കുന്നതെന്ന് നന്നായി മനസിലായി. താനും പി ടിയും രണ്ട് മതസ്ഥരായതിനാൽ സംസ്‌കാരവുമായി ബന്ധപ്പെട്ട് വിവാദങ്ങളുയർന്നിരുന്നു. എന്നാൽ അടുത്ത സുഹൃത്ത് ഡിജോ കാപ്പനോട് ഇക്കാര്യങ്ങളെല്ലാം പറഞ്ഞേൽപ്പിച്ചതിനാൽ യാതൊരു ആശയക്കുഴപ്പങ്ങളുമുണ്ടായില്ലെന്നും ഉമ വ്യക്തമാക്കി.

ഉപ്പുതോട്ടിലെ പള്ളിയിൽ അടക്കണമോ തനിയ്ക്കും മക്കൾക്കും കാണാൻ കൊച്ചിയിലെ പള്ളിയിൽ സംസ്‌കരിയ്ക്കണോ എന്നതടക്കമുള്ള കൺഫ്യൂഷനുകളുണ്ടായിരുന്നു. എന്നാൽ പി ടിയുടെ ആഗ്രഹം പോലെ തന്നെ എല്ലാം നടന്നു. പി ടി ഒരു ദൈവവിശ്വാസി അല്ലെന്ന് ഞാൻ പറയില്ല. ഒന്നിച്ചു നടത്തിയ പ്രാർത്ഥനകൾ എല്ലാം ഫലം കണ്ടിരുന്നുവെന്നും ഉമ പറഞ്ഞു. അസുഖത്തിന് മാത്രമെ പി ടിയെ തോൽപ്പിക്കാൻ കഴിഞ്ഞുള്ളു. കേരളത്തിലെ ജനങ്ങളെ തനിക്കും കുടുംബത്തിനും മറക്കാനാവില്ല. ഇടുക്കിയുടെ സൂര്യനാണെന്ന് അവർ പറഞ്ഞപ്പോൾ പൊട്ടിക്കരയാനാണ് തോന്നിയതെന്നും ഉമ വിശദമാക്കി.

വെല്ലൂരിൽ നിന്നും പി ടിയുമായുള്ള ആംബുലൻസ് കേരള അതിർത്തിൽ എത്തിയപ്പോൾ പുലർച്ചെ മൂന്നു മണിയ്ക്ക് തലപ്പാവും കെട്ടി കനത്ത മഞ്ഞിൽ ജനങ്ങൾ നിൽക്കുന്ന കാഴ്ച പി ടിക്കുള്ള അംഗീകാരമാണ്. ചികിത്സാ സമയത്ത് നേതാക്കൾ ഒരുപാട് സഹായിച്ചുവെന്നും ഉമ്മൻചാണ്ടി, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ. സുധാകരൻ തുടങ്ങിയവർ എല്ലാ ദിവസവും വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചുവെന്നും ഉമ അറിയിച്ചു

ന്യൂഡല്‍ഹി: കാണ്‍പൂരിലെ സുഗന്ധ വ്യാപാരി പിയൂഷ് ജെയിനിന്റെ സ്ഥാപനങ്ങളില്‍ നിന്നും വീട്ടില്‍ നിന്നും കോടികളുടെ കള്ളപ്പണം കണ്ടെത്തി ആദായ വകുപ്പ്. ഇയാളുടെ വീട്ടില്‍ നിന്ന് മാത്രം കണ്ടെത്തിയത് 90 കോടിയാണ്. ഇതുവരെ എണ്ണിത്തീര്‍ത്തത് 150 കോടിയാണെന്നും ഇനിയും എണ്ണിത്തീര്‍ക്കാനുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

നോട്ടെണ്ണല്‍ യന്ത്രവും, അലമാരകളില്‍ കെട്ടുകളായി സൂക്ഷിച്ചിരിക്കുന്ന പണവും, ജിഎസ്ടി ഉദ്യോഗസ്ഥര്‍ നോട്ടെണ്ണുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഇന്നലെ ആരംഭിച്ച റെയ്ഡ് ഇന്നും തുടരുകയാണ്. ഇല്ലാത്ത കമ്പനികളുടെ പേരില്‍ വ്യാജ ഇന്‍വോയിസ് ഉണ്ടാക്കി ഇടപാടുകള്‍ രേഖപ്പെടുത്തി കമ്പനി നികുതി വെട്ടിച്ചു എന്നാണ് ജിഎസ്ടി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. ഇയാളുടെ ഉടമസ്ഥതയില്‍ 40 കമ്പനികളുണ്ടെന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്.

സമാജ്വാദി പാര്‍ട്ടിയുടെ പേരില്‍ ‘സമാജ്വാദി അത്തര്‍’ കഴിഞ്ഞ നവംബറില്‍ ഇയാള്‍ പുറത്തിറക്കിയിരുന്നു.അഖിലേഷ് യാദവുമായി അടുപ്പം സൂക്ഷിക്കുന്ന വ്യാപാരിയാണ് പിയൂഷ് ജെയിന്‍ എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഇയാളുടെ സഹോദരന്‍ പമ്മി ജെയിന്‍ മുതിര്‍ന്ന എസ് പി നേതാവാണ്. എന്നാല്‍, പിയൂഷ് ജെയിനുമായി യാതൊരു ബന്ധവുമില്ലെന്നാണ് സമാജ്വാദി പാര്‍ട്ടി പ്രതികരിക്കുന്നത്. സംഭവത്തില്‍ ‘മുദ്രാവാക്യം സോഷ്യലിസ്റ്റിന്റേത്, പൊതു പണം ഞങ്ങള്‍ക്ക്’ എന്ന് പരിഹസിച്ച് കൊണ്ട് ട്വീറ്റ് ചെയ്തിരിക്കുകയാണ് ബിജെപി വക്താവ് സംബിത് പാത്ര.

ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ രോഗികളുടെ എണ്ണം വർധിക്കുന്നതിന്റെ സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. ആരോഗ്യ മന്ത്രാലയമാണ് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയത്. രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങളിൽ രാത്രി കാല കർഫ്യൂ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം.

അതേസമയം ഒമിക്രോൺ വ്യാപനം സംബന്ധിച്ച് സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നിരുന്നു. രോഗനിയന്ത്രണത്തിൽ സംസ്ഥാനങ്ങൾക്കുള്ള പിന്തുണ തുടരുമെന്ന് യോഗത്തിൽ പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. സംസ്ഥാനങ്ങൾ ജാഗ്രത വർധിപ്പിക്കണമെന്നും താഴേതട്ട് മുതലുള്ള ആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആൾക്കൂട്ടം പരമാവധി ഒഴിവാക്കണമെന്നും ആഘോഷങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്നും അദ്ദേഹം നിർദ്ദേശം നൽകി.

കോവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടിയാൽ ആ പ്രദേശത്തെ ഉടൻ കണ്ടയെന്റ്മെന്റ് സോണായി പ്രഖ്യാപിക്കണം. കണ്ടെയ്ൻമെന്റ് സോണുകളിലെ വീടുകൾ തോറും രോഗ നിർണയ പരിശോധന നടത്തണം. അടിയന്തര സാഹചര്യങ്ങളിൽ ആവശ്യമായ സംവിധാനങ്ങൾക്കായി കേന്ദ്രപാക്കേജിലെ പണം ചെലവഴിക്കാമെന്നും അദ്ദേഹം ഉറപ്പു നൽകി. ആരോഗ്യ സെക്രട്ടറിമാർ പ്രവർത്തന പുരോഗതി വിലയിരുത്തി ഓരോ ദിവസവും കേന്ദ്രത്തെ അറിയിക്കണമെന്നും കേന്ദ്രം നിർദ്ദേശിച്ചു. ഉടൻ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ വാക്‌സിനേഷൻ നിരക്ക് കുറഞ്ഞ ജില്ലകളിൽ പ്രതിരോധ കുത്തിവെയ്പ്പ് വർധിപ്പിക്കണം. ദേശീയ ശരാശരിയേക്കാൾ നിരക്ക് കുറഞ്ഞ സംസ്ഥാനങ്ങളിൽ വീടുകളിൽ കൂടിയെത്തി വാക്‌സിനേഷൻ നൽകി നിരക്ക് വർധിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡല്‍ഹി: പുതുവര്‍ഷം മുതല്‍ വിവിഐപി സുരക്ഷക്കുള്ള കമാന്‍ഡോകളുടെ കൂട്ടത്തില്‍ വനിത സൈനികരെയും ഉള്‍പ്പെടുത്താന്‍ തീരുമാനം. ആദ്യഘട്ടത്തില്‍ 32 വനിതകളെ കമാന്‍ഡോകളായി നിയമിക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. വിവിഐപികളുടെ ഔദ്യോഗിക വസതികളിലും യാത്രകളിലും ഇനി വനിത കമാന്‍ഡോകളും സുരക്ഷ ഒരുക്കും. ആഭ്യന്തര മന്ത്രി അമിത്ഷാ, മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ്, കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങി വിവിഐപികളുടെ ഇസഡ് പ്ലസ് സുരക്ഷ സംഘത്തിലാണ് വനിത കമാന്‍ഡോകളെയും നിയോഗിക്കാനുള്ള തീരുമാനമായത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അടുത്തമാസം മുതല്‍ പല നേതാക്കളുടെയും യാത്രകള്‍ തുടങ്ങും. ആ യാത്രകളില്‍ വനിത സൈനികര്‍ ഉള്‍പ്പെട്ട കമാന്‍ഡോ സംഘമാകും അവര്‍ക്ക് സുരക്ഷ നല്‍കുക. പുരുഷ കമാന്‍ഡോകള്‍ക്കുള്ള പോലെ തന്നെ സുരക്ഷ ഒരുക്കാനുള്ള ആയുധങ്ങള്‍ വനിതാ കമാന്‍ഡോകള്‍ക്കും നല്‍കും.

അഞ്ച് സംസ്ഥാനങ്ങളിലെ സൈന്യത്തില്‍ വനിതകള്‍ക്ക് സ്ഥിരം കമ്മീഷന്‍ ഉറപ്പാക്കിയ സുപ്രീംകോടതിയുടെ വിധി പ്രതിരോധ സുരക്ഷാ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തന്നെയാണ് തുടക്കം കുറിച്ചിരിക്കുന്നത്. അതേസമയം, ജമ്മുകശ്മീരിലെ സുരക്ഷക്ക് കേന്ദ്ര സേനകള്‍ വനിത സൈനികരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.