അതിവേഗ മാറ്റത്തിന് തയ്യാറെടുത്ത് ഇന്ത്യൻ റെയിൽവേ; ഹൈപ്പർലൂപ്പിലേക്കും ഹൈഡ്രജൻ ഇന്ധനത്തിലേക്കും മാറാനൊരുങ്ങുന്നു

ന്യൂഡൽഹി: അതിവേഗ മാറ്റത്തിന് തയ്യാറെടുത്ത് ഇന്ത്യൻ റെയിൽവേ. ആഗോളതലത്തിൽ വേഗതയുടെ മറുരൂപമായ ഹൈപ്പർലൂപ്പിലേക്കും ഹൈഡ്രജൻ ഇന്ധനത്തിലേക്കുമാണ് ഇന്ത്യൻ റെയിൽവേ ചുവടുമാറ്റാനൊരുങ്ങുന്നത്. അതിവേഗ റെയിൽവേ സംവിധാനത്തിന്റെ ഭാഗമായി നിലവിൽ മഹാനഗരങ്ങളെ ബന്ധിപ്പിക്കുന്നത് സൂപ്പർ എക്സ്പ്രസ്സുകളാണ്. ഇതിന് സമാന്തരമായി പരീക്ഷണാടിസ്ഥാനത്തിൽ ഹൈപ്പർലൂപ്പ് കൊണ്ടുവരാനാണ് റെയിൽവേ പദ്ധതിയിടുന്നത്.

കേന്ദ്ര സർക്കാർ ഹൈപ്പർലൂപ്പിന് അംഗീകാരം നൽകിയിട്ടുണ്ട്. ഹൈപ്പർലൂപ്പ് കൊണ്ടുവരുന്നതിന്റെ ഭാഗമായി ഡീസൽ എഞ്ചിനുകളും ഉരുക്കു കൊണ്ടുള്ള റെയിൽവേ ബോഗികളിലും മാറ്റം വരുത്തും. ബോഗികളുടെ ഭാരം കുറച്ച് പരമാവധി വേഗം കൈവരിക്കാനും ഇന്ധനക്ഷമത കൂട്ടാനുമാണ് ആദ്യ ഘട്ടത്തിൽ പദ്ധതിയിടുന്നത്.

ഉരുക്കിന് പകരം ഭാരംകുറഞ്ഞ അലൂമിനിയവും ബോഗികളുടെ നിർമ്മാണത്തിന് ഉപയോഗിക്കുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. നിലവിലെ ഡീസൽ എഞ്ചിനുകളെല്ലാം ഹൈഡ്രജനിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പുകളും ഉടൻ ആരംഭിക്കും.