കോടതിയിലെ സ്‌ഫോടനം; ആക്രമണത്തിന് പിന്നിൽ മുൻ പൊലീസ് ഉദ്യോഗസ്ഥൻ

ന്യൂഡൽഹി: പഞ്ചാബിലെ ലുധിയാന കോടതിയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തൽ. ആക്രമണത്തിന് പിന്നിൽ മുൻ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് അന്വേഷണ സംഘം അറിയിച്ചു. സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട പൊലീസ് മുൻ ഹെഡ് കോൺസ്റ്റബിൾ ഗഗൻ ദീപ് സിംഗാണ് ആക്രമണം നടത്തിയതെന്നും പോലീസ് വ്യക്തമാക്കുന്നു.

സ്‌ഫോടനത്തിൽ ഗഗൻ ദീപ് സിംഗിന്റെ ശരീരം തിരിച്ചറിയാത്ത വിധം ചിതറിപ്പോയിരുന്നു. സ്ഥലത്ത് നിന്ന് ലഭിച്ച തകർന്ന ഫോണും സിം കാർഡുമാണ് ഗഗൻ സിംഗിന്റെ മൃതദേഹം തിരിച്ചറിയാൻ സഹായിച്ചത്. ഗഗൻ സിംഗിന് ഏതെങ്കിലും ഭീകരസംഘടനകളുമായി ബന്ധമുണ്ടോയെന്ന കാര്യം വ്യക്തമല്ല. 2019 ൽ ഗഗൻ സിംഗിനെ പോലീസ് സർവീസിൽ നിന്ന് പിരിച്ച് വിട്ടിരുന്നു. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കേസിൽ ഇയാൾ രണ്ടു വർഷം ജയിൽ ശിക്ഷയും അനുഭവിച്ചിരുന്നു.

അതേസമയം ഗഗൻ ദീപ് സിംഗുമായി ബന്ധപ്പെട്ട എട്ട് പേരെ പൊലീസ് ചോദ്യം ചെയ്തു. ലുധിയാന സ്‌ഫോടനത്തിന് പിന്നാലെ എൻഐഎ, എൻഎസ്ജി സംഘങ്ങൾ സ്ഥലം സന്ദർശിച്ച് തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. സ്‌ഫോടനത്തിൽ ഭീകര സംഘടനകളുടെ പങ്ക് തള്ളാനാവില്ലെന്നാണ്അന്വേഷണ ഏജമൻസികളുടെ നിലപാട്. മാരകമായ സ്‌ഫോടന വസ്തുവാണ് ആക്രമണത്തിന് ഉപയോഗിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ജില്ലാ കോടതി കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ശുചിമുറിക്ക് സമീപം സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും അഞ്ചു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടയാളാണ് കോടതി സമുച്ചയത്തിൽ ബോംബ് സ്ഥാപിച്ചതെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു.