ഒമിക്രോൺ വ്യാപനം; സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ രോഗികളുടെ എണ്ണം വർധിക്കുന്നതിന്റെ സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. ആരോഗ്യ മന്ത്രാലയമാണ് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയത്. രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങളിൽ രാത്രി കാല കർഫ്യൂ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം.

അതേസമയം ഒമിക്രോൺ വ്യാപനം സംബന്ധിച്ച് സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നിരുന്നു. രോഗനിയന്ത്രണത്തിൽ സംസ്ഥാനങ്ങൾക്കുള്ള പിന്തുണ തുടരുമെന്ന് യോഗത്തിൽ പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. സംസ്ഥാനങ്ങൾ ജാഗ്രത വർധിപ്പിക്കണമെന്നും താഴേതട്ട് മുതലുള്ള ആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആൾക്കൂട്ടം പരമാവധി ഒഴിവാക്കണമെന്നും ആഘോഷങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്നും അദ്ദേഹം നിർദ്ദേശം നൽകി.

കോവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടിയാൽ ആ പ്രദേശത്തെ ഉടൻ കണ്ടയെന്റ്മെന്റ് സോണായി പ്രഖ്യാപിക്കണം. കണ്ടെയ്ൻമെന്റ് സോണുകളിലെ വീടുകൾ തോറും രോഗ നിർണയ പരിശോധന നടത്തണം. അടിയന്തര സാഹചര്യങ്ങളിൽ ആവശ്യമായ സംവിധാനങ്ങൾക്കായി കേന്ദ്രപാക്കേജിലെ പണം ചെലവഴിക്കാമെന്നും അദ്ദേഹം ഉറപ്പു നൽകി. ആരോഗ്യ സെക്രട്ടറിമാർ പ്രവർത്തന പുരോഗതി വിലയിരുത്തി ഓരോ ദിവസവും കേന്ദ്രത്തെ അറിയിക്കണമെന്നും കേന്ദ്രം നിർദ്ദേശിച്ചു. ഉടൻ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ വാക്‌സിനേഷൻ നിരക്ക് കുറഞ്ഞ ജില്ലകളിൽ പ്രതിരോധ കുത്തിവെയ്പ്പ് വർധിപ്പിക്കണം. ദേശീയ ശരാശരിയേക്കാൾ നിരക്ക് കുറഞ്ഞ സംസ്ഥാനങ്ങളിൽ വീടുകളിൽ കൂടിയെത്തി വാക്‌സിനേഷൻ നൽകി നിരക്ക് വർധിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.