ഒമിക്രോൺ; ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സംസ്ഥാനങ്ങൾ

COVID

ന്യൂഡൽഹി: ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് നിയന്ത്രണങ്ങൾ കർശനമാക്കുന്നു. ഡൽഹിയിൽ ഉൾപ്പടെ പല സംസ്ഥാനങ്ങളിലും ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തി. രാത്രികാല കർഫ്യു ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് പല സംസ്ഥാനങ്ങളും. മഹാരാഷ്ട്ര, ഒഡിഷ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇതിനോടകം രാത്രി കർഫ്യു പുനഃസ്ഥാപിച്ചിട്ടുണ്ട്.

ആറ് മാസത്തിനിടെയുണ്ടായ ഏറ്റവും വലിയ വർധനവാണ് ഡൽഹിയിൽ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഡൽഹിയുടെ സമീപ പ്രദേശങ്ങളിലും രാത്രി കർഫ്യു പുനസ്ഥാപിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. രാജ്യത്ത് ഒമിക്രോൺ വ്യാപനം വർധിക്കുന്നുവെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്.

അതേസമയം ക്രിസ്മസ്-പുതുവത്സരവുമായി ബന്ധപ്പെട്ട തിരക്കുകൾക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്താനുള്ള നീക്കത്തിലാണ് ഡൽഹി സർക്കാർ. രാജ്യത്തെ വിവിധ നഗരങ്ങളിലും നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിൽ വാക്സിനെടുക്കാത്ത ആരെയും നഗരത്തിനുള്ളിലേക്ക് പ്രവേശനം അനുവദിക്കില്ല. ഉത്തർപ്രദേശിൽ പൊതുപരിപാടികൾക്കും വിവാഹങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.