ശൈലജ ടീച്ചറെ മുസ്ലീം വിരുദ്ധയായി ചിത്രീകരിക്കാൻ യുഡിഎഫ് കേന്ദ്രങ്ങൾ ശ്രമിച്ചു; ജില്ലാ കമ്മിറ്റി

കോഴിക്കോട്: യുഡിഎഫിനെതിരെ ആരോപണവുമായി സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇടതുപക്ഷവുമായി അടുക്കുന്ന മുസ്ലീം സമുദായ ധാരകളിൽ സാമുദായികമായ ധ്രുവീകരണമുണ്ടാക്കാൻ യുഡിഎഫ് കേന്ദ്രങ്ങൾ ശ്രമിച്ചുവെന്നാണ് ആരോപണം. തിരഞ്ഞെടുപ്പിൽ കേന്ദ്ര-സർക്കാരിന്റെ വർഗീയ സാമ്പത്തിക നയങ്ങളെ വിമർശിക്കുകയോ ചർച്ച ചെയ്യുകയോ ചെയ്യാതെ ശൈലജ ടീച്ചറെ മുസ്ലീം വിരുദ്ധയായി ചിത്രീകരിക്കാനും അശ്ലീല പ്രചാരണങ്ങൾ നടത്തി അപകീർത്തിപ്പെടുത്താനും യുഡിഎഫ് കേന്ദ്രങ്ങൾ തുടർച്ചയായി ശ്രമിച്ചുവെന്നും ജില്ലാ കമ്മിറ്റി അറിയിച്ചു. വാർത്താക്കുറിപ്പിലൂടെയാണ് സിപിഎം ഇക്കാര്യം അറിയിച്ചത്.

വടകര ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിക്ക് വേണ്ടി സാമൂഹ്യ മാധ്യമങ്ങളിലൂടെ ശൈലജ ടീച്ചർക്കെതിരായി നടത്തിയ കടുത്ത വർഗീയ വിദ്വേഷ പ്രചാരണവും ലൈംഗികാധിക്ഷേപങ്ങളും തിരഞ്ഞെടുപ്പിന് ശേഷവും തുടർന്നു കൊണ്ടുപോകാനുള്ള നീക്കം നടത്തുന്നുണ്ട്. യാതൊരുവിധ സാമൂഹ്യ ഉത്തരവാദിത്വവുമില്ലാത്ത യൂത്ത് കോൺഗ്രസ് നേതാക്കളും യുഡിഎഫ് സ്ഥാനാർഥിയുടെ ആശ്രിതരുമാണ് ഇത്തരം പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നത്.

ഇത്തരം നെറികെട്ട പ്രചാരണങ്ങളെയും കുടിലതകളെയും അതിജീവിച്ച് എൽ.ഡി.എഫ് വടകരയിൽ തിളക്കമാർന്ന നിലയിൽ വിജയിക്കുമെന്ന കാര്യം ഉറപ്പാണെന്നും വാർത്താക്കുറിപ്പിൽ വിശദമാക്കുന്നുണ്ട്. വടകരയിൽ തോൽവി ഉറപ്പിച്ചത് യുഡിഎഫ് കേന്ദ്രങ്ങളെ കൂടുതൽ അസ്വസ്ഥരാക്കുന്നു എന്നത് സ്വാഭാവികമാണ്. വർഗീയ വിഷംചീറ്റി നടക്കുന്ന സംഘപരിവാറുകാരിയുമായി കെ കെ ശൈലജ ടീച്ചറെ പോലുള്ള സാമൂഹ്യ അംഗീകാരമുള്ള ഒരു മതനിരപേക്ഷ വ്യക്തിത്വത്തെ താരതമ്യപ്പെടുത്തിയുള്ള അധിക്ഷേപ പോസ്റ്റ് യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് തന്നെ ഇട്ടിരിക്കുന്നു എന്നത് ഇതിന്റെ ഭാഗമായിട്ടേ കാണാനാകൂവെന്നും സിപിഎം കൂട്ടിച്ചേർത്തു.