National (Page 803)

ശ്രീനഗര്‍: കാശ്മീര്‍ വിഷയത്തില്‍ സമാധാനം പുലര്‍ത്തുന്നതിനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാകിസ്ഥാനുമായി ചര്‍ച്ചയില്‍ ഏര്‍പ്പെടാന്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബാ മുഫ്തി. കഴിഞ്ഞ ദിവസം ഇന്ത്യന്‍ ഉദ്യോഗസ്ഥ സംഘം ദോഹയില്‍ വച്ച് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ താലിബാന്‍ നേതാക്കളുമായി ഇന്ത്യക്ക് ചര്‍ച്ചയിലേര്‍പ്പെടാമെങ്കില്‍ പാകിസ്ഥാനുമായി ചര്‍ച്ച നടത്തുന്നതില്‍ ഒരു തെറ്റും താന്‍ കാണുന്നില്ലെന്ന് മെഹ്ബൂബാ പറഞ്ഞു.

ഐസ്വാൾ: ഏറ്റവും കൂടുതൽ കുഞ്ഞുങ്ങളുള്ള മാതാപിതാക്കൾക്ക് സമ്മാനതുക പ്രഖ്യാപിച്ച് മിസോറാം കായിക മന്ത്രി റോബർട്ട് റൊമാവിയ. തന്റെ നിയോജക മണ്ഡലത്തിലെ ഏറ്റവും അധികം കുഞ്ഞുങ്ങളുള്ള മാതാപിതാക്കൾക്ക് ഒരു ലക്ഷം രൂപ സമ്മാനമായി നൽകുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. മാതാപിതാക്കൾ ജീവിച്ചിരിക്കുന്നവർ മാത്രമായിരിക്കും സമ്മാനം ലഭിക്കുക.

ഫാദേഴ്‌സ് ഡേയിലാണ് അദ്ദേഹം ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വിജയിക്കുന്ന വ്യക്തിക്ക് ഒരു സർട്ടിഫിക്കറ്റും ട്രോഫിയും ലഭിക്കും. എന്നാൽ മത്സരത്തിന്റെ സമ്മാനതുകയും മറ്റ് ചെലവുമെല്ലാം വഹിക്കുന്നത് മന്ത്രിയുടെ മകന്റെ ഉടമസ്ഥതയിലുള്ള ഒരു സ്വകാര്യ നിർമ്മാണ കമ്പനിയാണ്. മിസോറാമിൽ ജനസംഖ്യ നിരക്ക് വളരെ കുറവാണെന്നും അതിനാൽ തന്നെ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് മിസോറാമിന്റെ വളർച്ചാ നിരക്ക് വളരെ കുറവാണെന്നുമാണ് മന്ത്രി പറയുന്നത്. താരതമ്യേന കുറവ് അംഗങ്ങളുള്ള മിസോ വിഭാഗത്തിൽ അംഗസംഖ്യ കൂട്ടാനുള്ള മാർഗമായാണ് മന്ത്രിയുടെ തീരുമാനത്തെ ചിലർ വിലയിരുത്തുന്നത്. എന്നാൽ ഇതിനെതിരെ വിമർശനം ഉയർത്തുന്നവരുമുണ്ട്.

covid

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിലെ മാറ്റങ്ങളെ തുടര്‍ന്ന് 24 മണിക്കൂറിനിടെ വാക്സിന്‍ നല്‍കിയത് 86 ലക്ഷത്തില്‍ അധികം പേര്‍ക്ക്. 86,16,373 വാക്സിന്‍ ഡോസുകളാണ് തിങ്കളാഴ്ച മാത്രം വിതരണം ചെയ്തത്. പ്രതിദിന വാക്‌സിന്‍ വിതരണത്തിലെ ഉയര്‍ന്ന കണക്കാണിത്.
കൊറോണയെ ചെറുക്കുന്നതിനുള്ള ഏറ്റവും ശക്തമായ ആയുധമാണ് വാക്സിന്‍. വാക്സിനെടുത്ത എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. കൊറോണയുടെ മുന്‍നിര പ്രവര്‍ത്തകരേയും അനുമോദിക്കുന്നുവെന്ന് പ്രധാനമന്ത്രി കുറിച്ചു.

ഇന്നലെ രാജ്യത്ത് ഏറ്റവും കൂടുതല്‍ വാക്സീന്‍ ഡോസുകള്‍ വിതരണം ചെയ്തത് മദ്ധ്യപ്രദേശിലാണ് 16,01,548 ഡോസുകള്‍. ഉത്തര്‍പ്രദേശ് 6,74,546, രാജസ്ഥാന്‍ 4,30,439, മഹാരാഷ്ട്ര 3,78,945, ബംഗാള്‍3,17,991 എന്നിങ്ങനെയാണ് മറ്റ് ഉയര്‍ന്ന കണക്കുകള്‍.അടുത്തമാസം രാജ്യത്തെ വാക്സീന്‍ ഉല്‍പാദനം 13.5 കോടിയാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ പ്രതിദിനം ഒരു കോടി ഡോസ് വാക്സീന്‍ രാജ്യത്ത് വിതരണം ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്.

ന്യൂഡൽഹി: എടിഎം വഴിയുള്ള പണം പിൻവലിക്കലിന് ചാർജ് വർധിപ്പിക്കാൻ റിസർവ്വ് ബാങ്ക് അനുമതി നൽകിയിട്ടും ഉപഭോക്താക്കൾക്ക് സൗജന്യമായി പിരിധിയില്ലാത്ത സേവനങ്ങൾ നൽകാൻ തയ്യാറായി ബാങ്കുകൾ. ഐഡിബിഐ ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക് തുടങ്ങിയ ബാങ്കുകളാണ് ഉപഭോക്താക്കൾക്ക് സൗജന്യ എടിഎം സേവനങ്ങൾ നൽകാൻ തയ്യാറായിരിക്കുന്നത്.

എടിഎം വഴിയുളള പണം പിൻവലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും മറ്റ് സേവനങ്ങൾക്കുമുളള ചാർജ് വർദ്ധിപ്പിക്കാൻ അടുത്തിടെയാണ് റിസർവ് ബാങ്ക് അനുമതി നൽകിയത്. സേവനങ്ങളുടെ ചാർജ് 21 രൂപയായാണ് റിസർവ്വ് ബാങ്ക് വർധിപ്പിച്ചത്. അടുത്ത വർഷം ജനുവരി ഒന്നു മുതലാണ് ഇത് നിലവിൽ വരിക. നിലവിൽ അഞ്ച് ഇടപാടുകളാണ് മിക്ക പൊതുമേഖലാ-സ്വകാര്യ ബാങ്കുകളും സ്വന്തം എടിഎമ്മുകൾ വഴി പരമാവാധി സൗജന്യമായി അനുവദിക്കുക. അതിന് ശേഷമുളള ഓരോ സേവനങ്ങൾക്കും ചെറിയൊരു തുക ബാങ്കുകൾ ചാർജായി ഈടാക്കും.

ഐഡിബിഐ ബാങ്ക് അഞ്ച് ഇടപാടുകൾ ഉപഭോക്താക്കൾക്ക് സൗജന്യമായി നൽകും. മറ്റ് ബാങ്കുകളുടെ എടിഎമ്മിൽ മൂന്ന് ഇടപാടുകളും സൗജന്യമായി അനുവദിക്കും. ചില തെരഞ്ഞെടുത്ത സേവനങ്ങൾ തികച്ചും സൗജന്യമായി അനുവദിക്കാനാണ് തീരുമാനമെന്ന് ഐഡിബിഐ എക്സിക്യൂട്ടീവ് ഡയറക്ടർ ജോർടി ചാക്കോ അറിയിച്ചു.

ഏത് ഏടിഎമ്മിലും സൗജന്യ സേവനം അനുവദിക്കാനാണ് ഇൻഡസ്ഇൻഡ് ബാങ്കിന്റെ തീരുമാനം. നിലവിൽ സിറ്റി ബാങ്കിൽ ഈ സേവനം ലഭ്യമാണ്. സ്റ്റേറ്റ് ബാങ്ക് സേവിംഗ്‌സ് അക്കൗണ്ടിൽ മിനിമം ബാലൻസായി ഒരു ലക്ഷത്തിലധികമുളളവർക്ക് സ്വന്തം എടിഎമ്മിലും മറ്റ് എടിഎമ്മിലും പരിധികളില്ലാതെ സൗജന്യ സേവനത്തിന് അനുമതിയുണ്ട്.

ചെന്നൈ: സംസ്ഥാനത്തെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളുമായി മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ധനകാര്യമന്ത്രി പളനിവേല്‍ ത്യാഗരാജനെ തിരഞ്ഞെടുത്തതിന് പിന്നാലെ സാമ്പത്തിക ഉപദേശക സമിതി രൂപീകരണത്തിലും സ്റ്റാലിന്റെ നിര്‍ണായക നീക്കം. മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘു റാം രാജന്‍, നോബെല്‍ പ്രൈസ് ജേതാവ് എസ്തര്‍ ഡഫ്ലോ, കേന്ദ്ര സര്‍ക്കാരിന്റെ മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രമണ്യന്‍, ധനകാര്യ സെക്രട്ടറിയായിരുന്ന എസ് നാരായന്‍, ഡെവലപ്‌മെന്റ് ജേര്‍ണലിസ്റ്റ് ജീന്‍ ഡ്രെസ് എന്നിവരാണ് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിയിലെ അംഗങ്ങള്‍.

നിലവില്‍ ഷിക്കാഗോ യൂണിവേഴ്സിറ്റിയില്‍ സര്‍വീസ് പ്രെഫസറായി സേവനമനുഷ്ഠിക്കുന്ന രഘുറാം രാജന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍മാരില്‍ നിലപാടുകള്‍കൊണ്ടും നയങ്ങള്‍കൊണ്ടും ഏറെ ശ്രദ്ധ നേടിയ വ്യക്തിത്വമാണ്. 2019ല്‍ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പ്രൈസ് സ്വന്തമാക്കിയത് എസ്തര്‍ ആയിരുന്നു. രഘുറാം രാജന്റെ പിന്‍ഗാമിയായി മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ വ്യക്തിയാണ് അരവിന്ദ് സുബ്രമണ്യന്‍.2003-2004 കാലഘട്ടത്തില്‍ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു എസ് നാരായന്‍.

ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ച് എൻസിപി നേതാവ് ശരത് പവാർ. ദേശീയ തലത്തിൽ ബിജെപിക്കെതിരെ ഒന്നിച്ചുള്ള രാഷ്ട്രീയ നീക്കം ചർച്ച ചെയ്യാനായാണ് ശരത് പവാർ യോഗം വിളിച്ചത്. തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് ശരത് പവാർ പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ചിരിക്കുന്നത്. ചൊവ്വാഴ്ച്ച വൈകിട്ട് ഡൽഹിയിൽ വെച്ചായിരിക്കും യോഗം നടക്കുന്നത്. ആർജെഡി, എഎപി, തൃണമൂൽ കോൺഗ്രസ് എന്നിവ ഉൾപ്പെടെയുള്ള 15 പാർട്ടികളിലെ നേതാക്കളെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

2024 ലെ പൊതു തെരഞ്ഞെടുപ്പും അടുത്ത വർഷം നടക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പും യോഗത്തിൽ ചർച്ച ചെയ്യും. തെരഞ്ഞടുപ്പിൽ ബിജെപിയെ നേരിടാനുള്ള തന്ത്രങ്ങളും യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് വിവരം. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് കാര്യങ്ങളും രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യവും യോഗത്തിൽ ചർച്ചയാകുമെന്ന് എൻസിപി നേതാവ് നവാബ് മാലിക് അറിയിച്ചു. രാജ്യത്തെ എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഒന്നിപ്പിക്കാനാണ് ശരത് പവർ ശ്രമിക്കുന്നതെന്നും നവാബ് മാലിക് പറഞ്ഞു. ഫറൂഖ് അബ്ദുള്ള, യശ്വന്ത് സിൻഹ, പവൻ വർമ, സജ്ഞയ് സിംഗ്, എപി സിംഗ്, ഡി രാജ തുടങ്ങിയ നേതാക്കൾ യോഗത്തിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത സർക്കാരിന് തിരിച്ചടി. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ബംഗാളിലുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് സംസ്ഥാന സർക്കാർ തിരിച്ചടി നേരിട്ടത്. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സർക്കാരിന്റെ ആവശ്യം തള്ളി.

അക്രമ സംഭവങ്ങളിലെ പരാതികളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷനോട് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ജൂൺ 18 നാണ് കോടതി ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയത്. ഈ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സർക്കാർ കോടതിയെ സമീപിച്ചത്.

അന്വേഷണം നടത്തുന്നതിന് ഒരു കമ്മിറ്റി രൂപീകരിക്കണമെന്നും ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർപഴ്‌സനോടു ഹൈക്കോടതി നിർദേശിച്ചിരുന്നു. പ്രശ്‌നബാധിത മേഖലകൾ സന്ദർശിക്കാനും നിലവിലെ സാഹചര്യത്തെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാനുമായിരുന്നു നിർദേശം. അന്വേഷണ സമിതിക്കുള്ള എല്ലാ സഹായങ്ങളും ബംഗാൾ സർക്കാർ ഒരുക്കി നൽകണമെന്നും ഇക്കാര്യത്തിൽ എന്തെങ്കിലും പാളിച്ച പറ്റിയാൽ കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്നും കോടതി സർക്കാരിനെ അറിയിച്ചിരുന്നു. ഭീഷണി, ആക്രമണം, കൊള്ള, പീഡനം, സ്ഥലം പിടിച്ചെടുക്കൽ തുടങ്ങി 3243 പരാതികളാണ് വെസ്റ്റ് ബംഗാൾ ലീഗൽ സർവീസ് അതോറിറ്റിക്ക് ജൂൺ പത്ത് വരെ ലഭിച്ചത്. ജീവന് ഭീഷണിയുള്ളതിനാൽ 200 -ൽ അധികം പ്രവർത്തകർക്ക് സ്വന്തം വീടുകളിലെത്താൻ സാധിക്കുന്നില്ലെന്നായിരുന്നു ബിജെപി നേതാവ് പ്രിയങ്ക തിബ്രെവാളിന്റെ ആരോപണം.

ഈ പരാതികളിൽ നടപടി സ്വീകരിക്കാത്തതിന് പശ്ചിമ ബംഗാൾ സർക്കാരിനെ കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു.

ന്യൂഡല്‍ഹി: പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ചൊവ്വാഴ്ച വിവരമറിയിക്കണമെന്ന് കേരള സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ച് സുപ്രിംകോടതി. ഒരാഴ്ചത്തെ സമയം കൂടി അനുവദിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും അനുവദിക്കാനാവില്ലെന്ന് കോടതി അറിയിച്ചു.സര്‍ക്കാര്‍ നിലപാട് അറിയിച്ചില്ലെങ്കില്‍ ഹര്‍ജിയില്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് കോടതി വ്യക്തമാക്കി.സെപ്തംബര്‍ ആറ് മുതല്‍ 16 വരെ പ്ലസ് വണ്‍ പരീക്ഷ നടത്താനാണ് സര്‍ക്കാരിന്റെ തീരുമാനം.

എന്നാല്‍ കോവിഡ് പശ്ചാത്തലം ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികളും മാതാപിതാക്കളും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന ഹര്‍ജിയിലും നാളെ വിശദമായ വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. ആസം, പഞ്ചാബ്, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ പരീക്ഷ റദ്ദാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

തിരുവനന്തപുരം: അന്താരാഷ്ട്ര യോഗാ ദിനത്തിൽ ആശംസകൾ അറിയിച്ച് നടൻ മോഹൻലാൽ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ആരാധകർക്ക് ആശംസകൾ അറിയിച്ചത്. രോഗാണുവിനെ ശ്വസിക്കേണ്ടിവരുന്ന ഈ ദശാസന്ധിയെ മറികടക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഓരോ ശ്വാസത്തിലും നാം ഭാവിയെ അകത്തേക്കും ഭൂതത്തെ പുറത്തേക്കും വമിക്കുന്നുവെന്നാണ് പറയുക. രോഗാണുവിനെ ശ്വസിക്കേണ്ടിവരുന്ന ഈ ദശാസന്ധിയേയും നാം മറികടക്കും. നമുക്ക് മാസ്‌കോടു കൂടി തന്നെ പ്രത്യാശാപൂർവമായ ഭാവിയെ ശ്വസിച്ചും കെട്ടകാലത്തിന്റെ ഭൂതാവശിഷ്ടങ്ങളെ നിശ്വസിച്ചും ഈ ലോക യോഗാ ദിനത്തിൽ സ്വയം പ്രകാശിക്കാം, മറ്റുള്ളവർക്ക് പ്രകാശമാകാം. ആശംസകൾ- മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

ന്യൂഡൽഹി: സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപ തുക സംബന്ധിച്ച് വിശദീകരണവുമായി കേന്ദ്രം. കേന്ദ്ര ധനമന്ത്രാലയമാണ് ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയത്. സ്വിസ് ബാങ്കുകൾ ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകളാണെന്നും ഇത് കള്ളപ്പണമല്ലെന്നും ധനമന്ത്രാലയം അറിയിച്ചു.

സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപ തുക കഴിഞ്ഞ ദിവസമാണ് സെൻട്രൽ ബാങ്ക് പുറത്തുവിട്ടത്. 20700 കോടിയാണ് സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപ തുക എന്നാണ് സെൻട്രൽ ബാങ്ക് പുറത്തുവിട്ട കണക്കിൽ വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ പതിമൂന്ന് വർഷത്തിനിടയിലെ ഏറ്റവുമുയർന്ന നിക്ഷേപത്തുകയാണിത്. 2019 ൽ ഇന്ത്യക്കാരുടേയും ഇന്ത്യൻ സ്ഥാപനങ്ങളുടേയും പേരിൽ സ്വിസ് ബാങ്കിൽ ഉണ്ടായിരുന്നത് 6625 കോടി രൂപയുടെ നിക്ഷേപമായിരുന്നു. പിന്നീട് രണ്ട് വർഷത്തോളം നിക്ഷേപം കുറഞ്ഞ നിലയിൽ നിന്ന ശേഷമാണ് വർധനവ് ഉണ്ടായിരിക്കുന്നത്.

2006 ന് ശേഷം ഇന്ത്യക്കാരുടെ നിക്ഷേപത്തിൽ വലിയ കുറവ് വന്നിരുന്നു. എന്നാൽ 2011, 2013, 2017 വർഷങ്ങളിൽ ഇതിൽ നേരിയ വ്യത്യാസം ഉണ്ടായി. കസ്റ്റമർ നിക്ഷേപത്തിലൂടെ 4000 കോടി രൂപയുടെയും ബാങ്ക് നിക്ഷേപത്തിലൂടെ 3100 കോടി രൂപയുടെയും ട്രസ്റ്റുകൾ മുഖേന 13500 കോടി രൂപയുടെയും നിക്ഷേപമാണ് 2020 ൽ ഇന്ത്യക്കാരുടേതായി സ്വിസ് ബാങ്കിലുള്ളത്. ബോണ്ടുകളും സെക്യൂരിറ്റിയുടേയും രൂപത്തിലുമാണ് ഇവയുള്ളത്.

കസ്റ്റമർ മുഖേനയുള്ള നിക്ഷേപത്തിൽ കുറവ് വന്നെങ്കിലും സ്ഥാപനങ്ങളും ബാങ്ക് മുഖേനയുമുള്ള നിക്ഷേപത്തിലും വർധനവ് ഉണ്ടായിട്ടുണ്ട്. 2019 നേക്കാൾ ആറിരട്ടിയാണ് ഈ തുകയെന്നാണ് റിപ്പോർട്ട്. 2018 മുതൽ ഇന്ത്യക്കാരുടെ നിക്ഷേപത്തേക്കുറിച്ച് സ്വിസ് ബാങ്ക് നികുതി വിഭാഗത്തിന് കണക്കുകൾ നൽകുന്നുണ്ട്. ഇന്ത്യയിൽ സാമ്പത്തിക തിരിമറി നടത്തുന്നവരുടെ സ്വിസ് ബാങ്ക് നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരവും ലഭിക്കുന്നുണ്ട്.