ഫോൺവിളി സംബന്ധിച്ച വിവരങ്ങൾ രണ്ട് വർഷം വരെ സൂക്ഷിച്ചുവെക്കണം; നിർദ്ദേശം നൽകി ടെലികോം വകുപ്പ്

ന്യൂഡൽഹി: ടെലികോം, ഇന്റർനെറ്റ് സേവനദാതാക്കളും മറ്റ് ടെലികോം ലൈസൻസുള്ള സ്ഥാപനങ്ങളും ഫോൺവിളി സംബന്ധിച്ച വിവരങ്ങൾ രണ്ട് വർഷം വരെ സൂക്ഷിച്ചുവെക്കണം. ടെലികോം വകുപ്പാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. ഇതിനായി യുണിഫൈഡ് ലൈസൻസ് എഗ്രിമെന്റ് ടെലികോം വകുപ്പ് ഭേദഗതി ചെയ്തു.

ഫോൺവിവരങ്ങൾ സൂക്ഷിച്ചുവെയ്ക്കുന്ന കാലാവധി നീട്ടി നൽകണമെന്ന് വിവിധ സുരക്ഷാ ഏജൻസികൾ ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് സമയം വർധിപ്പിക്കാനുള്ള നീക്കങ്ങൾ ടെലികോം വകുപ്പ് ആരംഭിച്ചതെന്നാണ് റിപ്പോർട്ട്. നേരത്തെ ഒരു വർഷമായിരുന്നു ടെലിഫോൺ രേഖകൾ സൂക്ഷിച്ചുവെയ്‌ക്കേണ്ടത്.

കോൾ ഡീറ്റെയിൽ റെക്കോർഡ്, എക്സ്ചേഞ്ച് ഡീറ്റെയിൽ റെക്കോർഡ്, ഒരു നെറ്റ് വർക്കിൽ എക്സ്ചേഞ്ച് ചെയ്ത ആശയവിനിമയങ്ങളുടെ ഐപി ഡീറ്റെയിൽ റെക്കോർഡ് എന്നിവ രണ്ട് വർഷം വരെയോ സുരക്ഷാ പരിശോധനയ്ക്ക് വേണ്ടി സർക്കാർ ആവശ്യപ്പെടുന്ന അത്രയും സമയമോ സൂക്ഷിച്ചുവെക്കണമെന്നാണ് നിർദ്ദേശം. സേവനദാതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും അധിക കാലം വിവരങ്ങൾ സൂക്ഷിക്കുമെന്ന് ഉറപ്പു നൽകിയിതായും ടെലികോം വകുപ്പ് അറിയിച്ചു.