എണ്ണിയിട്ടും തീരാതെ നോട്ടുകള്‍! ആദായനികുതി വകുപ്പിന്റെ കുരുക്കിലായി കാണ്‍പൂരിലെ സുഗന്ധ വ്യാപാരി

ന്യൂഡല്‍ഹി: കാണ്‍പൂരിലെ സുഗന്ധ വ്യാപാരി പിയൂഷ് ജെയിനിന്റെ സ്ഥാപനങ്ങളില്‍ നിന്നും വീട്ടില്‍ നിന്നും കോടികളുടെ കള്ളപ്പണം കണ്ടെത്തി ആദായ വകുപ്പ്. ഇയാളുടെ വീട്ടില്‍ നിന്ന് മാത്രം കണ്ടെത്തിയത് 90 കോടിയാണ്. ഇതുവരെ എണ്ണിത്തീര്‍ത്തത് 150 കോടിയാണെന്നും ഇനിയും എണ്ണിത്തീര്‍ക്കാനുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

നോട്ടെണ്ണല്‍ യന്ത്രവും, അലമാരകളില്‍ കെട്ടുകളായി സൂക്ഷിച്ചിരിക്കുന്ന പണവും, ജിഎസ്ടി ഉദ്യോഗസ്ഥര്‍ നോട്ടെണ്ണുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഇന്നലെ ആരംഭിച്ച റെയ്ഡ് ഇന്നും തുടരുകയാണ്. ഇല്ലാത്ത കമ്പനികളുടെ പേരില്‍ വ്യാജ ഇന്‍വോയിസ് ഉണ്ടാക്കി ഇടപാടുകള്‍ രേഖപ്പെടുത്തി കമ്പനി നികുതി വെട്ടിച്ചു എന്നാണ് ജിഎസ്ടി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. ഇയാളുടെ ഉടമസ്ഥതയില്‍ 40 കമ്പനികളുണ്ടെന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്.

സമാജ്വാദി പാര്‍ട്ടിയുടെ പേരില്‍ ‘സമാജ്വാദി അത്തര്‍’ കഴിഞ്ഞ നവംബറില്‍ ഇയാള്‍ പുറത്തിറക്കിയിരുന്നു.അഖിലേഷ് യാദവുമായി അടുപ്പം സൂക്ഷിക്കുന്ന വ്യാപാരിയാണ് പിയൂഷ് ജെയിന്‍ എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഇയാളുടെ സഹോദരന്‍ പമ്മി ജെയിന്‍ മുതിര്‍ന്ന എസ് പി നേതാവാണ്. എന്നാല്‍, പിയൂഷ് ജെയിനുമായി യാതൊരു ബന്ധവുമില്ലെന്നാണ് സമാജ്വാദി പാര്‍ട്ടി പ്രതികരിക്കുന്നത്. സംഭവത്തില്‍ ‘മുദ്രാവാക്യം സോഷ്യലിസ്റ്റിന്റേത്, പൊതു പണം ഞങ്ങള്‍ക്ക്’ എന്ന് പരിഹസിച്ച് കൊണ്ട് ട്വീറ്റ് ചെയ്തിരിക്കുകയാണ് ബിജെപി വക്താവ് സംബിത് പാത്ര.