National (Page 590)

ഹൈദരാബാദ്: പ്രായഭേദമന്യേ എല്ലാവരുടെയും ഇഷ്ടഭക്ഷണങ്ങളിലൊന്നാണ് ഐസ്‌ക്രീം. ചോക്ലേറ്റ്, വാനില, സ്‌ട്രോബറി എന്നിങ്ങനെ പല രുചികളിലും ഐസ്‌ക്രീം ലഭിക്കാറുണ്ട്. എന്നാൽ ഇതിൽ നിന്നുമൊക്കെ വ്യത്യസ്തമായ ഒരു ഐസ്‌ക്രീമിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. എന്താണിതിന്റെ പ്രത്യേകതയെന്നല്ലേ. സ്വർണ്ണം കൊണ്ട് ഈ ഐസ്‌ക്രീം നിർമ്മിച്ചിട്ടുള്ളത്.

ഹൈദരബാദിൽ പ്രവർത്തിക്കുന്ന ഹ്യൂബർ ആൻഡ് ഹോളി എന്ന കഫെയിലാണ് സ്വർണ ഐസ്‌ക്രീം വിൽപ്പനയ്ക്കായി വെച്ചത്. 24 കാരറ്റ് സ്വർണം പൂശിയതാണ് ഈ ഐസ്‌ക്രീം. അഭിനവ് ജെസ്വാനി എന്ന ഫുഡ് ബ്ളോഗറാണ് സ്വർണ ഐസ്‌ക്രീം വിൽക്കുന്ന കഫെയെ കുറിച്ചുള്ള വിവരങ്ങൾ സാമൂഹ്യ മാദ്ധ്യമത്തിലൂടെ പങ്കുവെച്ചത്. സ്വർണം പൂശിയ ഐസ്‌ക്രീം ഉണ്ടാക്കുന്നതെങ്ങനയെന്നുള്ള വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

ചോക്ലേറ്റിൽ ഉണ്ടാക്കിയ കോണിൽ ഐസ്‌ക്രീം നിറച്ചശേഷം മുകളിൽ 24 കാരറ്റിന്റെ സ്വർണ ഷീറ്റ് വയ്ക്കും. ഇതിനുമുകളിലായി ചെറി കൂടിവെക്കുന്നതായാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. ഒരു ഐസ്‌ക്രീമിന്റെ വില അഞ്ഞൂറു രൂപയാണ്. നിരവധി പേർ ഇതിനോടകം തന്നെ സ്വർണ്ണ ഐസ്‌ക്രീം ഉണ്ടാക്കുന്ന വീഡിയോ കണ്ടുകഴിഞ്ഞു.

https://www.instagram.com/tv/CYeV0rZMk-P/?utm_source=ig_web_copy_link

ന്യൂഡല്‍ഹി: ലൈംഗിക കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അവകാശം സ്ത്രീകള്‍ക്കുണ്ടെന്നും സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധത്തോട് ‘നോ’ പറയാന്‍ അധികാരമുണ്ടെന്നും ഡല്‍ഹി ഹൈക്കോടതിയുടെ നിരീക്ഷണം. ‘ഇല്ല’ എന്ന് പറയാനുള്ള അവകാശം വിവാഹിതയാകുന്നതോടെ ഒരു സ്ത്രീക്ക് നഷ്ടപ്പെടുമോയെന്നും എന്തുകൊണ്ടാണ് അവിവാഹിതയായ ഒരു സ്ത്രീയില്‍ നിന്ന് വിവാഹിതയായ സ്ത്രീയുടെ പ്രശ്‌നം വ്യത്യസ്തമായിരിക്കുന്നതെന്നും കോടതി ചോദ്യമുന്നയിച്ചു.

ലൈംഗിക തൊഴിലാളിക്ക് സെക്‌സിന് താല്‍പര്യമില്ലെന്ന് പറയാനുള്ള അവകാശമുണ്ട്. അതേസമയം, വിവാഹിതരായ സ്ത്രീകള്‍ക്ക് ആ അവകാശം ലഭിക്കാതെ പോകുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. ഭാര്യയുടെ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് നിയമവിരുദ്ധമല്ലെന്ന് മുംബൈ സിറ്റി അഡീഷണല്‍ സെഷന്‍സ് കോടതിയും വൈവാഹിക ബലാത്സംഗമെന്നത് കുറ്റമല്ലെന്ന് ഛത്തീസ്ഗഢ് കോടതിയും നേരത്തെ വിധിച്ചിരുന്നു. എന്നാല്‍, വൈവാഹിക ബലാത്സംഗം ക്രൂരതയാണെന്നും അത് വിവാഹമോചനത്തിലേക്ക് നയിക്കുമെന്നും ഓഗസ്റ്റ് ആറിന് കേരള ഹൈക്കോടതി വിധിക്കുകയായിരുന്നു.

ഇന്ത്യന്‍ ബലാത്സംഗ നിയമം ഭര്‍ത്താക്കന്മാര്‍ക്ക് അനുവദിച്ചിരിക്കുന്ന ഇളവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് കോടതി ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. വിശദമായി ബുധനാഴ്ച വാദം കേള്‍ക്കും.

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തര്‍പ്രദേശില്‍ ബിജെപി എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടതില്‍ പ്രതികരണവുമായി കേന്ദ്ര മന്ത്രി നരേന്ദ്ര സിംഗ് തോമര്‍.

‘ഉത്തര്‍പ്രദേശിലെ രാജി വലിയ കാര്യമല്ല. സംസ്ഥാനത്ത് എല്ലായിടത്തു നിന്നും ബിജെപിക്ക് പിന്തുണ ലഭിക്കുന്നുണ്ട്. ജനങ്ങളുടെ പ്രാര്‍ത്ഥനയും അനുഗ്രഹവും ഞങ്ങള്‍ക്കുണ്ട്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ രൂപവല്‍ക്കരിക്കുന്നതില്‍ ബിജെപി വിജയിക്കും’- അദ്ദേഹം പറഞ്ഞു.

രാജസ്ഥാനിലെ അല്‍വാര്‍ പീഡനക്കേസില്‍ കോണ്‍ഗ്രസിനെ തോമര്‍ വിമര്‍ശിച്ചു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകാന്‍ കാരണം അവര്‍ ക്രമസമാധാനപാലനത്തില്‍ കാര്യമായ ശ്രദ്ധ ചെലുത്താത്തതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ന്യൂഡൽഹി: 100 വർഷത്തെ ഏറ്റവും വലിയ മഹാമാരിയുമായുള്ള ഇന്ത്യയുടെ പോരാട്ടം ഇപ്പോൾ മൂന്നാം വർഷത്തിലേക്ക് കടന്നിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഠിനാധ്വാനമാണ് നമ്മുടെ ഏക വഴിയെന്നും വിജയമാണ് നമ്മുടെ ഏക പോംവഴിയെന്നും അദ്ദേഹം പറഞ്ഞു. നാം, ഇന്ത്യയിലെ 130 കോടി ജനങ്ങൾ, നമ്മുടെ പരിശ്രമത്തിലൂടെ കോവിഡിനെതിരെ തീർച്ചയായും വിജയിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തെ കോവിഡ് സാഹചര്യം അവലോകനം ചെയ്യുന്നതിനായി വിളിച്ചു ചേർത്ത മുഖ്യമന്ത്രിമാരുടെ വെർച്വൽ യോഗത്തിലായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്.

ഒമിക്രോണുമായി ബന്ധപ്പെട്ട് നേരത്തെ ഉണ്ടായിരുന്ന ആശയക്കുഴപ്പം ഇപ്പോൾ പതുക്കെ നീങ്ങിക്കൊണ്ടിരിക്കുകയാണ്. മുമ്പത്തെ വകഭേദങ്ങളെക്കാൾ പലമടങ്ങ് വേഗത്തിലാണ് ഒമിക്രോൺ പൊതുജനങ്ങളെ ബാധിക്കുന്നത്. നാം ജാഗ്രത പാലിക്കണം, സൂക്ഷിക്കണം. പക്ഷേ പരിഭ്രാന്തി ഉണ്ടാകാതിരിക്കാനും നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ ഉത്സവകാലത്ത് ജനങ്ങളുടെയും ഭരണസംവിധാനത്തിന്റെയും ജാഗ്രത ഒരിടത്തും താഴില്ലെന്ന് കണ്ടറിയണം. കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ മുൻകരുതലും ക്രിയാത്മകവും കൂട്ടായ സമീപനവും സ്വീകരിച്ച രീതി തന്നെയാണ് ഇത്തവണയും വിജയമന്ത്രം. കൊറോണ അണുബാധയെ നമുക്ക് എത്രത്തോളം പരിമിതപ്പെടുത്താൻ കഴിയുമോ അത്രയും പ്രശ്‌നങ്ങൾ കുറയുമെന്നും അദ്ദേഹം വിശദമാക്കി.

ഏത് വകഭേദമായാലും പകർച്ചവ്യാധിയെ നേരിടാനുള്ള തെളിയിക്കപ്പെട്ട മാർഗം വാക്‌സിനേഷൻ മാത്രമമാണ്. ഇന്ത്യയിൽ നിർമ്മിച്ച വാക്‌സിനുകൾ ലോകമെമ്പാടും അവയുടെ മികവ് തെളിയിക്കുന്നുണ്ട്. പ്രായപൂർത്തിയായ ജനസംഖ്യയുടെ 92 ശതമാനം പേർക്കും ഇന്ന് ഇന്ത്യ ആദ്യ ഡോസ് നൽകിയിട്ടുണ്ട് എന്നത് ഓരോ ഇന്ത്യക്കാരനും അഭിമാനകരമാണ്. രണ്ടാമത്തെ ഡോസിന്റെ കവറേജും രാജ്യത്ത് 70 ശതമാനത്തിലെത്തിയതായി അദ്ദേഹം അറിയിച്ചു. 10 ദിവസത്തിനുള്ളിൽ ഇന്ത്യയും ഏകദേശം 30 ദശലക്ഷം കൗമാരക്കാർക്ക് വാക്‌സിനേഷൻ നൽകിയതായി പ്രധാനമന്ത്രി ഉയർത്തിക്കാട്ടി. മുൻനിര പോരാളികൾക്കും മുതിർന്ന പൗരന്മാർക്കും എത്രയും വേഗം മുൻകരുതൽ ഡോസ് നൽകപ്പെടുന്നുവോ അത്രയും നമ്മുടെ ആരോഗ്യ സംരക്ഷണ സംവിധാനത്തിന്റെ ശേഷി വർദ്ധിക്കും. ‘100% വാക്‌സിനേഷനായി നാം ഹർഘർ ദസ്തക് പ്രചാരണ പരിപാടി ശക്തമാക്കേണ്ടതുണ്ടെന്നും അദ്ദേഹം അറിയിച്ചു. വാക്സിനുകളെക്കുറിച്ചോ മാസ്‌ക് ധരിക്കുന്നതിനെക്കുറിച്ചോ ഉള്ള തെറ്റായ വിവരങ്ങളെ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകതയെ കുറുച്ചും അദ്ദേഹം സംസാരിച്ചു.

ഏതൊരു തന്ത്രവും ആവിഷ്‌കരിക്കുമ്പോൾ, സാധാരണക്കാരുടെ ഉപജീവനത്തിന് ഏറ്റവും കുറഞ്ഞ നാശനഷ്ടങ്ങൾ ഉണ്ടാകണമെന്നും സാമ്പത്തിക പ്രവർത്തനങ്ങൾ, സമ്പദ്‌വ്യവസ്ഥയുടെ കുതിപ്പ് എന്നിവ നിലനിർത്തണമെന്നും ഓർമ്മിക്കേണ്ടത് വളരെ പ്രധാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതിനാൽ പ്രാദേശിക നിയന്ത്രണങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലത്. ഹോം ഐസൊലേഷൻ സാഹചര്യങ്ങളിൽ പരമാവധി ചികിത്സ നൽകാനുള്ള സ്ഥാനത്തായിരിക്കണം നാം എന്നും. അതിനായി ഹോം ഐസൊലേഷൻ മാർഗ്ഗനിർദ്ദേശങ്ങൾ മെച്ചപ്പെടണമെന്നും അവ കർശനമായി പാലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ചികിത്സയിൽ ടെലി മെഡിസിൻ സൗകര്യങ്ങൾ ഉപയോഗിക്കുന്നത് ഏറെ സഹായകമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ, ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കാൻ നേരത്തെ നൽകിയ 23,000 കോടി രൂപയുടെ പാക്കേജ് ഉപയോഗിച്ചതിന് പ്രധാനമന്ത്രി സംസ്ഥാനങ്ങളെ അഭിനന്ദിച്ചു. ഇതിന് കീഴിൽ രാജ്യത്തുടനീളമുള്ള 800-ലധികം പീഡിയാട്രിക് യൂണിറ്റുകൾ, 1.5 ലക്ഷം പുതിയ ഐസിയു, എച്ച്ഡിയു കിടക്കകൾ, അയ്യായിരത്തിലധികം പ്രത്യേക ആംബുലൻസുകൾ, 950 ലധികം ലിക്വിഡ് മെഡിക്കൽ ഓക്‌സിജൻ സംഭരണ ടാങ്ക് ശേഷി എന്നിവ ചേർത്തു. അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തുന്നത് തുടരേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. കോവിഡിനെ പരാജയപ്പെടുത്തുന്നതിന്, എല്ലാ വകഭേദങ്ങളേക്കാളും നമ്മുടെ സന്നദ്ധത നിലനിർത്തേണ്ടതുണ്ട്. ഒമിക്രോണിനെ നേരിടുന്നതിനൊപ്പം, ഭാവിയിലെ ഏത് വകഭേദത്തിനും ഇപ്പോൾ മുതൽ തയ്യാറെടുക്കാൻ തുടങ്ങേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാമന്തയുമായുള്ള വിവാഹമോചനവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി നാഗചൈതന്യ. തങ്ങൾ രണ്ടുപേരുടെയും നന്മയ്ക്കു വേണ്ടി എടുത്ത തീരുമാനമായിരുന്നു വേർപിരിയലെന്ന് നാഗചൈതന്യ പറഞ്ഞു. പിരിഞ്ഞിരിക്കുന്നതിൽ കുഴപ്പമില്ല. അവൾ സന്തോഷവതിയാണെങ്കിൽ താനും സന്തോഷവാനാണ്. ആ സാഹചര്യത്തിൽ നല്ല തീരുമാനമായിരുന്നു അതെന്നും നാഗചൈതന്യ വ്യക്തമാക്കി. ‘ബംഗാർരാജു’ എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെയായിരുന്നു താരം ഇക്കാര്യം അറിയിച്ചത്.

ഏറെ നാളത്തെ അഭ്യൂഹങ്ങൾക്കൊടുവിലാണ് താരദമ്പതികൾ വേർപിരിയുകയാണെന്ന വിവരം ഇരുവരും സ്ഥിരീകരിച്ചത്. 2017 ലായിരുന്നു സാമന്തയും നാഗചൈതന്യയും വിവാഹിതരായത്.. നാല് വർഷങ്ങൾക്ക് ശേഷം പരസ്പര സമ്മതത്തോടെയാണ് ഇരുവരും വേർപിരിഞ്ഞത്. ഒരുപാട് ആലോചനകൾക്കു ശേഷമാണ് വിവാഹമോചനമെന്ന തീരുമാനത്തിൽ എത്തിയതെന്നും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും സാമന്തയും നിത്യചൈതന്യയും നേരത്തേ ആരാധകരോട് അഭ്യർഥിച്ചിരുന്നു.

അതേസമയം 200 കോടി രൂപയാണ് നാഗചൈതന്യയുടെ കുടുംബം ജീവനാംശമായി നടിയ്ക്ക് നൽകാനൊരുങ്ങിയത്. എന്നാൽ ഈ തുക തനിക്ക് വേണ്ടന്ന് സാമന്ത പറഞ്ഞതായിട്ടുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഒരു രൂപ പോലും വേണ്ടെന്ന് നടി നാഗചൈതന്യയുടെ കുടുംബത്തെ അറിയിച്ചുവെന്നായിരുന്നു റിപ്പോർട്ടുകൾ.

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കവെ ഉത്തർപ്രദേശിൽ ബിജെപിയ്ക്ക് അപ്രതീക്ഷിത തിരിച്ചടി. രണ്ട് ദിവസത്തിനിടെ ഉത്തർപ്രദേശിലെ ബിജെപിയിൽ നിന്നും 15 എംഎൽഎമാർ രാജിവെച്ചു. ആയുഷ് മന്ത്രി ധരം സിംഗ് സൈനി ഉൾപ്പടെ 8 പേരാണ് വ്യാഴാഴ്ച്ച പാർട്ടിയിൽ നിന്നും രാജിവെച്ചത്.

ബിജെപി എംഎൽഎമാരുടെ രാജി ഏറ്റവും അധികം ഗുണം ചെയ്തിരിക്കുന്നത് സമാജ്‌വാദി പാർട്ടിയ്ക്കാണ്. തൊഴിൽ മന്ത്രി സ്വാമിപ്രസാദ് മൗര്യ ആണ് ആദ്യം രാജി സമർപ്പിച്ചത്. വനം മന്ത്രി ദാരാ സിംഗ് ചൗഹാൻ ഉൾപ്പെടെ നാലുപേർ കഴിഞ്ഞ രാജി നൽകി. ആയുഷ് മന്ത്രി ധരം സിംഗ് സൈനി, എംഎൽഎമാരായ മുകേഷ് വെർമ്മ, റോഷൻലാൽ വെർമ്മ, മാധുരി വെർമ്മ, ലഖിംപുർ ഖേരിയിലെ ബാലപ്രസാദ് അവസ്തി, ഹാഥ്‌റസിലെ ഹരിശങ്കർ മാഹോറുംതുടങ്ങിയവരും പാർട്ടി വിട്ടു. പിന്നാക്ക വിഭാഗങ്ങളോടുള്ള അവഗണനയാണ് പലരും പാർട്ടിയിൽ നിന്നും രാജിവെക്കാൻ കാരണമെന്നാണ് വിവരം.

അതേസമയം സമാജ് വാദി പാർട്ടി യുപിയിൽ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. 29 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചത്. 19 സീറ്റിൽ ആർഎൽഡിയും 10 സീറ്റിൽ സമാജ്വാദി പാർട്ടിയും മത്സരിക്കാനാണ് തീരുമാനം. ബിജെപി വിട്ട എല്ലാവരെയും എസ്പിയിലേക്ക് സ്വീകരിക്കുമെന്നാണ് അഖിലേഷ് യാദവിന്റെ പ്രഖ്യാപനം.

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും തുല്യരായി കാണുന്നതു കൊണ്ടാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ല്‍ നിന്ന് 21 ആക്കി ഉയര്‍ത്താന്‍ തീരുമാനിച്ചതെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘വിവാഹപ്രായം ഉയര്‍ത്തുന്നതിലൂടെ അവര്‍ക്ക് സ്വയംപര്യാപ്തരാകാനും സ്വതന്ത്രമായി ജീവിക്കാനും അവസരം ലഭിക്കും. ആഗ്രഹത്തിന് അനുസരിച്ച് പഠിക്കാന്‍ അവസരമുണ്ടാകും. പതിനഞ്ച് വയസ്സില്‍ത്തന്നെ പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കാന്‍ മുസ്ലിം വ്യക്തിനിയമപ്രകാരം അനുവദനീയമാണ്. 1995 ലെ ഹിന്ദു വിവാഹ നിയമപ്രകാരം ആണ്‍കുട്ടിക്ക് 21 വയസും പെണ്‍കുട്ടിക്ക് 18 വയസും പൂര്‍ത്തിയായിരിക്കണം. ക്രിസ്ത്യന്‍ വിവാഹ നിയമ പ്രകാരവും ഇതു തന്നെ. അതുകൊണ്ട് പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 വയസ് ആക്കുന്നതിലൂടെ സമൂഹത്തില്‍ കൂടുതല്‍ അവസരങ്ങള്‍ അവര്‍ക്ക് വന്നു ചേരും’-മോദി ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ യുവതയ്ക്ക് കഠിനാദ്ധ്വാനത്തിനുള്ള കഴിവുണ്ട്, ഭാവിയെക്കുറിച്ച് വ്യക്തതയുമുണ്ട്. അതുകൊണ്ടാണ് ഇന്ത്യ ഇന്ന് പറയുന്നത് നാളെയുടെ ശബ്ദമായി ലോകം കണക്കാക്കുന്നത്. ഇന്നത്തെ യുവതലമുറയ്ക്ക് ‘ചെയ്യാന്‍ കഴിയും’ എന്ന ആത്മവിശ്വാസമുണ്ട്. ആവശ്യമായ സമയത്തെല്ലാം രാജ്യത്തെ നയിക്കാന്‍ യുവാക്കള്‍ മുന്നോട്ടു വന്നിട്ടുണ്ട്. ആദിശങ്കരാചാര്യര്‍, സ്വാമി വിവേകാനന്ദന്‍, ഭഗത് സിങ്, ചന്ദ്രശേഖര്‍ ആസാദ്, നേതാജി സുഭാഷ് ചന്ദ്രബോസ്, അരബിന്ദോ, സുബ്രഹ്മണ്യഭാരതി എന്നിവരെല്ലാം രാജ്യത്തെ നയിക്കാനുദിച്ച യുവാക്കളാണ്.

ഒളിമ്പിക്സിലും പാരാലിമ്പിക്സിലും വാക്‌സിനേഷന്‍ ഡ്രൈവിലും യുവാക്കളുടെ പങ്കാളിത്തം ഉത്തരവാദിത്തബോധത്തിന്റെയും ഇച്ഛാശക്തിയുടെയും തെളിവാണ്. സ്വാമി വിവേകാനന്ദന്റെ ജന്മദിനത്തില്‍ പുതുച്ചേരിയില്‍ നടന്ന 25-ാമത് ദേശീയ യുവജന ഉത്സവം വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൊവിഡ് ബാധിച്ചതിന് ശേഷം രണ്ടാം ദിവസം മുതല്‍ ഇരുപതാം ദിവസം വരെ ആര്‍ടിപിസിആറില്‍ പോസിറ്റീവ് കാണിക്കാന്‍ സാധ്യതയുണ്ടെന്ന് ഐസിഎംആര്‍. റാപ്പിഡ്, ആന്റിജന്‍ ടെസ്റ്റുകളില്‍ മൂന്നാം ദിവസം മുതല്‍ എട്ടാം ദിവസം വരെ വൈറസ് ബാധ കണ്ടെത്താനാകുമെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ വ്യക്തമാക്കി.

കൊവിഡ് ബാധിച്ചതിന്റെ ആദ്യദിവസം പരിശോധിക്കുന്നതില്‍ ഫലമില്ലെന്നാണ് ഐസിഎംആര്‍ വിലയിരുത്തുന്നത്. കൊവിഡ് ബാധിച്ചാല്‍ രോഗിയുടെ ശരീരത്തിലുണ്ടാകുന്ന ചില പ്രത്യേകതരം ആര്‍എന്‍എയുടെ സാന്നിധ്യം കൊണ്ടാണ് ആര്‍ടിപിസിആര്‍ പരിശോധനയില്‍ 20 ദിവസം വരെ പോസിറ്റീവാകുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. അതേസമയം, ഒമിക്രോണ്‍ ബാധിച്ചാല്‍ ആര്‍ടിപിസിആര്‍ പരിശോധയില്‍ ഏഴു ദിവസം മാത്രമേ പോസിറ്റീവായി കാണിക്കൂവെന്നും ഐസിഎംആര്‍ അറിയിച്ചു.

കടുത്ത രോഗലക്ഷണമുള്ളവര്‍ റാപ്പിഡ് പരിശോധനയില്‍ നെഗറ്റീവെന്ന് കാണിച്ചാലും ആര്‍ടിപിസിആര്‍ പരിശോധനക്ക് വിധേയമാകണമെന്നും ഐസിഎംആര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ലക്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയാണ് സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടത്. 125 പേരാണ് പട്ടികയിലുള്ളത്. 20 ശതമാനം വനിതകൾക്കും 40 ശതമാനം യുവാക്കൾക്കും പ്രാതിനിധ്യം നൽകിയതായി പ്രിയങ്ക വ്യക്തമാക്കി. ഉന്നാവോയിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ അമ്മയും കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ ഇടംനേടിയിട്ടുണ്ട്.

ആശാ വർക്കർമാരുടെ പോരാട്ടത്തിലൂടെ ശ്രദ്ധേയായ പൂനം പാണ്ഡെയും കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിലുണ്ട്. യുവാക്കൾക്കും സ്ത്രീകൾക്കും പ്രാധാന്യം നൽകുന്നതിലൂടെ സംസ്ഥാനത്ത് പുതിയൊരു തരം രാഷ്ട്രീയം കൊണ്ടുവരാൻ കഴിയുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ ആരുമായും സഖ്യം ചേരാതെ ഒറ്റയ്ക്ക് മത്സരിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. തെരഞ്ഞെടുപ്പിൽ 40 ശതമാനം സീറ്റുകളിൽ വനിതകളെ സ്ഥാനാർത്ഥികളാക്കുമെന്ന പ്രഖ്യാപനം പ്രിയങ്കാ ഗാന്ധി നേരത്തെ നടത്തിയിരുന്നു. ഇന്ന് പ്രഖ്യാപിച്ച 125 സീറ്റുകളിൽ 50 വനിതാ സ്ഥാനാർത്ഥികളാണുള്ളത്. ആകെ 403 സീറ്റുകളാണ് ആകെയുള്ളത്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 403 സീറ്റുകളിൽ ഏഴ് മണ്ഡലങ്ങളിലായിരുന്നു കോൺഗ്രസ് വിജയം നേടിയത്.

ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ കോളേജുകളുടെ എണ്ണം വർധിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ഏഴ് വർഷത്തിനിടെ രാജ്യത്തെ മെഡിക്കൽ കോളേജുകളുടെ എണ്ണം 54 ശതമാനം വർധിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. 2014 ൽ നമ്മുടെ രാജ്യത്ത് 387 മെഡിക്കൽ കോളേജുകളാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ ഇത് 596 മെഡിക്കൽ കോളേജുകളായി വർധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.തമിഴ്നാട്ടിൽ 11 മെഡിക്കൽ കോളേജുകളും ചെന്നൈയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴിന്റെ പുതിയ കാമ്പസും ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

വിരുദുനഗർ, നാമക്കൽ, നീലഗിരി, തിരുപ്പൂർ, തിരുവള്ളൂർ, നാഗപട്ടണം, ഡിണ്ടിഗൽ, കല്ല്കുറിച്ചി, അരിയല്ലൂർ, രാമനാഥപുരം, കൃഷ്ണഗിരി ഉൾപ്പെടെയുള്ള ജില്ലകളിലെ മെഡിക്കൽ കോളേജുകളാണ് പ്രധാനമന്ത്രി നാടിന് സമർപ്പിച്ചത്. ഭാവികാലം ആരോഗ്യ സംരക്ഷണത്തിൽ നിക്ഷേപം നടത്തുന്ന സമൂഹങ്ങളുടേതായിരിക്കുമെന്ന് നരേന്ദ്ര മോദി വ്യക്തമാക്കി. ഈ മേഖലയിൽ ഇന്ത്യാ ഗവൺമെന്റ് നിരവധി പരിഷ്‌കാരങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. മെഡിക്കൽ വിദ്യാഭ്യാസ മേഖല കൂടുതൽ സുതാര്യമാക്കുന്നതിന് വിവിധ പരിഷ്‌കാരങ്ങൾ ഏറ്റെടുത്തിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

മെഡിക്കൽ അണ്ടർ ഗ്രാജുവേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് സീറ്റുകളിൽ 2014 നെ അപേക്ഷിച്ച് 80 ശതമാനം വർധനവാണ് ഉണ്ടായത്. മെഡിക്കൽ അണ്ടർ ഗ്രാജുവേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് സീറ്റുകളുടെ 1.48 ലക്ഷം സീറ്റുകളായി ഉയർന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു സംസ്ഥാനത്ത് 11 മെഡിക്കൽ കോളേജുകൾ ഒന്നിച്ച് ഉദ്ഘാടനം ചെയ്യുന്നത് ഇതാദ്യമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.