കേരള ജനത പി ടി തോമസിനെ യാത്രയാക്കിയത് രാജാവിനെ പോലെ; നന്ദി അറിയിച്ച് ഉമ

കൊച്ചി: കേരള ജനത പി ടി തോമസിനെ യാത്രയാക്കിയത് രാജാവിനെ പോലെയാണെന്ന് ഭാര്യ ഉമ. ഇത്രയും അംഗീകാരത്തോടെ ഒരു നേതാവിനെ യാത്രയാക്കിയത് തന്റെ ഓർമ്മയിലില്ലെന്നാണ് ഉമ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.

പി ടിയെ സാധാരണക്കാരാണ് നെഞ്ചിലേറ്റിയിരിക്കുന്നതെന്ന് നന്നായി മനസിലായി. താനും പി ടിയും രണ്ട് മതസ്ഥരായതിനാൽ സംസ്‌കാരവുമായി ബന്ധപ്പെട്ട് വിവാദങ്ങളുയർന്നിരുന്നു. എന്നാൽ അടുത്ത സുഹൃത്ത് ഡിജോ കാപ്പനോട് ഇക്കാര്യങ്ങളെല്ലാം പറഞ്ഞേൽപ്പിച്ചതിനാൽ യാതൊരു ആശയക്കുഴപ്പങ്ങളുമുണ്ടായില്ലെന്നും ഉമ വ്യക്തമാക്കി.

ഉപ്പുതോട്ടിലെ പള്ളിയിൽ അടക്കണമോ തനിയ്ക്കും മക്കൾക്കും കാണാൻ കൊച്ചിയിലെ പള്ളിയിൽ സംസ്‌കരിയ്ക്കണോ എന്നതടക്കമുള്ള കൺഫ്യൂഷനുകളുണ്ടായിരുന്നു. എന്നാൽ പി ടിയുടെ ആഗ്രഹം പോലെ തന്നെ എല്ലാം നടന്നു. പി ടി ഒരു ദൈവവിശ്വാസി അല്ലെന്ന് ഞാൻ പറയില്ല. ഒന്നിച്ചു നടത്തിയ പ്രാർത്ഥനകൾ എല്ലാം ഫലം കണ്ടിരുന്നുവെന്നും ഉമ പറഞ്ഞു. അസുഖത്തിന് മാത്രമെ പി ടിയെ തോൽപ്പിക്കാൻ കഴിഞ്ഞുള്ളു. കേരളത്തിലെ ജനങ്ങളെ തനിക്കും കുടുംബത്തിനും മറക്കാനാവില്ല. ഇടുക്കിയുടെ സൂര്യനാണെന്ന് അവർ പറഞ്ഞപ്പോൾ പൊട്ടിക്കരയാനാണ് തോന്നിയതെന്നും ഉമ വിശദമാക്കി.

വെല്ലൂരിൽ നിന്നും പി ടിയുമായുള്ള ആംബുലൻസ് കേരള അതിർത്തിൽ എത്തിയപ്പോൾ പുലർച്ചെ മൂന്നു മണിയ്ക്ക് തലപ്പാവും കെട്ടി കനത്ത മഞ്ഞിൽ ജനങ്ങൾ നിൽക്കുന്ന കാഴ്ച പി ടിക്കുള്ള അംഗീകാരമാണ്. ചികിത്സാ സമയത്ത് നേതാക്കൾ ഒരുപാട് സഹായിച്ചുവെന്നും ഉമ്മൻചാണ്ടി, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ. സുധാകരൻ തുടങ്ങിയവർ എല്ലാ ദിവസവും വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചുവെന്നും ഉമ അറിയിച്ചു