National (Page 505)

ന്യൂഡൽഹി: ജമ്മു കശ്മീരിൽ വികസനത്തിന് വേഗം പകർന്ന് കേന്ദ്ര സർക്കാർ. കശ്മീരിൽ 20,000 കോടിയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. വികസനത്തിനും ജനാധിപത്യത്തിനും കശ്മീർ പുതിയ ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു. വികസനത്തിന്റെ പുതുവഴി തുറന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ക്വാർ ജലവൈദ്യുത പദ്ധതിയ്ക്കും അദ്ദേഹം തറക്കല്ലിട്ടു. 3,100 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ച 8.45 കിലോമീറ്റർ നീളമുള്ള ബനിഹൽഖാസിഗുണ്ട് ടണലിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു.

ജമ്മു കശ്മീരിൽ ജനാധിപത്യം താഴെത്തട്ടിൽ വരെയെത്തിയത് അഭിമാനകരമായ കാര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വികസനത്തിന്റെ സന്ദേശം നൽകാനാണ് താൻ കശ്മീരിൽ വന്നിരിക്കുന്നത്. അംബേദ്കറുടെ സന്ദേശം മോദി സർക്കാർ നടപ്പാക്കും. വർഷങ്ങളായി സംവരണാനുകൂല്യം കിട്ടാതിരുന്ന ആളുകൾക്ക് അത് ഇപ്പോൾ ലഭിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

2019 ഓഗസ്റ്റിൽ കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയ ശേഷം ആദ്യമായാണ് ഇവിടേക്ക് പ്രധാനമന്ത്രി സന്ദർശനത്തിനായെത്തുന്നത്. ഡൽഹി അമൃത്സർ എക്‌സ്പ്രസ്വേയ്ക്കും അദ്ദേഹം തറക്കല്ലിടും. ജലസ്രോതസ്സുകളെ പുനരുജ്ജീവിപ്പിക്കാനുള്ള അമൃത് സരോവർ പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിക്കും.

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിക്കെതിരെ മൊഴി നൽകി യെസ് ബാങ്ക് മുൻ ചെയർമാൻ റാണാ കപൂർ. രണ്ടു കോടി രൂപയ്ക്ക് എം എഫ് ഹുസൈന്റെ ചിത്രം വാങ്ങാൻ പ്രിയങ്ക ഗാന്ധി നിർബന്ധിച്ചെന്നും പത്മഭൂഷൺ വാഗ്ദാനം നൽകിയെന്നുമാണ് യെസ് ബാങ്ക് കേസിൽ അറസ്റ്റിലായ റാണാ കപൂർ നൽകിയിരിക്കുന്ന മൊഴി.

കോൺഗ്രസ് നേതാവായ മുരളി ദേവ്‌റ പ്രിയങ്ക ഗാന്ധിയിൽ നിന്ന് എം എഫ് ഹുസൈന്റെ രണ്ടു കോടി വില വരുന്ന ചിത്രം വാങ്ങാൻ തന്നെ സമീപിപ്പിരുന്നുവെന്നും ഇദ്ദേഹം വഴിയാണ് പത്മഭൂഷൺ വാഗ്ദാനം നൽകിയതെന്നും റാണാ കപൂർ എൻഫോഴ്‌സ്‌മെന്റിനോട് വെളിപ്പെടുത്തി. ചിത്രം വാങ്ങിയ തുക സോണിയ ഗാന്ധിയുടെ ചികിത്സയ്ക്കായി ഉപയോഗിച്ചു. പത്മപുരസ്‌കാരം ലഭിച്ചില്ലെന്നും റാണ ഇഡിയോട് പറഞ്ഞു.

രണ്ട് കോടി രൂപയുടെ ചെക്ക് മുരളി ദേവ്‌റ ആവശ്യപ്പെട്ട പ്രകാരമാണ് നൽകിയത്. പെയിന്റിംഗ് വിറ്റുകിട്ടിയ പണം സോണിയയുടെ ചികിത്സയ്ക്കായി വിനിയോഗിച്ചെന്ന് അന്തരിച്ച മുരളി ദേവ്റയുടെ മകൻ മിലിന്ദ് ദേവ്‌റ പിന്നീട് തന്നോട് രഹസ്യമായി പറഞ്ഞതായും റാണ കപൂർ വ്യക്തമാക്കിയതായി ഇഡി കുറ്റപത്രത്തിൽ വിശദീകരിക്കുന്നു. ഡിഎച്ച്എഫ്എൽ പ്രമോട്ടർമാരായ കപിൽ, ധീരജ് വാധവൻ എന്നിവർക്കെതിരെ ഇഡി സമർപ്പിച്ച രണ്ടാമത്തെ അനുബന്ധ കുറ്റപത്രത്തിലാണ് പ്രിയങ്ക ഗാന്ധിക്കും മുരളി ദേവ്‌റക്കുമെതിരെ മൊഴിയുള്ളത്.

മുബൈ: വിപണിയിൽ നിന്നും തങ്ങളുടെ 1441 സ്‌കൂട്ടറുകൾ തിരിച്ച് വിളിച്ച് ഒല. ഇലക്ട്രിക് സ്‌കൂട്ടറുകൾ തീ പിടിച്ച് പൊട്ടിത്തെറിക്കുന്നതും അത് വഴിയുണ്ടാകുന്ന മരണങ്ങളും പതിവ് വാർത്തയാകുന്നതിനെ തുടർന്നാണ് നടപടി. മുൻകൂർ നടപടിയെന്ന നിലയ്ക്കാണ് വണ്ടികൾ തിരിച്ചുവിളിക്കുന്നതെന്ന് ഒല അറിയിച്ചു. തിരിച്ചുവിളിക്കുന്ന ബാച്ചിലെ വണ്ടികളുടെ വിശദമായ പരിശോധന നടത്തുമെന്നും ഒല വ്യക്തമാക്കി.

അതേസമയം, ഓകിനാവ ഓട്ടോടെക് തങ്ങളുടെ 3215 സ്‌കൂട്ടറുകളും, പ്യുവർ ഇവി തങ്ങളുടെ 2000 സ്‌കൂട്ടറുകളും വിപണിയിൽ നിന്നും തിരിച്ചു വിളിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് തീ പിടിച്ച് രണ്ട് പേർ മരണപ്പെട്ടിരുന്നു. തെലങ്കാനയിലും ആന്ധ്രയിലുമായാണ് അപകടം നടന്നത്. ഇ സ്‌കൂട്ടറിന്റെ ബാറ്ററി ചാർജ് ചെയ്യുന്നതിനിടെയായിരുന്നു അപകടം. സംഭവത്തിന് പിന്നാലെ ഇലക്ട്രിക് വാഹനങ്ങൾ പൊട്ടിത്തെറിച്ചുള്ള അപകടങ്ങൾ അന്വേഷിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഇലക്ട്രിക് വണ്ടികൾക്ക് തീ പിടിക്കുന്നത് ബാറ്ററി പ്രശ്‌നങ്ങൾകൊണ്ടല്ലെന്നും ബാഹ്യമായ മറ്റ് ഘടകങ്ങളായിരിക്കുമെന്നുമാണ് വാഹന നിർമാതാക്കളുടെ വാദം. അമിതമായ ചാർജിംഗ് പോലുള്ള അപാതകൾകൊണ്ട് ബാറ്ററിയിലുണ്ടാകുന്ന പ്രശ്‌നങ്ങൾ കൊണ്ടോ ക്രമാതീതമായി ഉയരുന്ന അന്തരീക്ഷ താപനില കൊണ്ടോ ആയിരിക്കാം ഇത് സംഭവിക്കുന്നതെന്നും വാഹന നിർമ്മാതാക്കൾ വാദിക്കുന്നു.

പൂനെ: സാമ്പത്തികമായി ഏത് തലത്തിൽ നിൽക്കുന്നവർക്കും ആശ്രയിക്കാനാകും വിധം ആരോഗ്യമേഖല മാറണമെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻഭാഗവത് സമൂഹം ആരോഗ്യപരമായും സ്വയംപര്യാപ്തമാവുകയും ശാക്തീകരിക്കുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പൂനെയിലെ മഹാരാഷ്ട്ര ആരോഗ്യ മണ്ഡലിൽ ദാദാ ഗുജാർ മാതാ ബാൽ ആശുപത്രി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ചികിത്സയുടെ ലഭ്യതയും ചെലവും ജനോപകാരപ്രദമാക്കുന്നതിന് ആയുർവേദത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതയെ അദ്ദേഹം ഉയർത്തിക്കാട്ടുകയും ചെയ്തു.

ഇപ്പോൾ ചികിത്സ ചെലവേറിയതാണ്. ഈ ചെലവിന്റെ സമ്മർദ്ദം രോഗിക്കും കുടുംബത്തിനും മേൽ പതിക്കുന്നു. ആയുർവേദം രോഗത്തോടൊപ്പം ആരോഗ്യത്തെയും പരിഗണിക്കുന്നു. അതിനാൽ, ആയുർവേദത്തിന്റെ വിവിധ ശാഖകൾക്ക് ശക്തി പകരേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ആയുർവേദം, അലോപ്പതി, ഹോമിയോപ്പതി തുടങ്ങി വിവിധ ചികിത്സാ സമ്പ്രദായങ്ങൾ ഒരേ കേന്ദ്രത്തിൽ ലഭ്യമാക്കിയാൽ എളുപ്പത്തിലും താങ്ങാവുന്ന നിരക്കിലും ചികിത്സ നൽകാൻ കഴിയും. ഒരു രാജ്യമെന്ന നിലയിൽ നമ്മൾ ലോകത്തെ ശക്തമാക്കാൻ മികച്ച സംഭാവനകൾ ചെയ്യണം. ആ കഴിവ് നമുക്കുണ്ട്. നമുക്ക് അത് ചെയ്യാൻ കഴിയുമെങ്കിൽ, ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യമായി നിൽക്കാൻ കഴിയും. ഇതിന് രാജ്യത്തോടുള്ള പ്രതിബദ്ധത ജീവിതത്തിന്റെ എല്ലാ അണുവിലും പ്രകടമാക്കാൻ ഒരു പൗരനെന്ന നിലയിൽ ഓരോരുത്തർക്കും സാധ്യമാവേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്റെ ഉല്‍പാദനം പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍ത്തിവെച്ചു. 20 കോടി ഡോസ് മരുന്നുകമ്പനികളില്‍ കെട്ടിക്കിടക്കുകയാണ്. ഒമ്പതുമാസമാണ് വാക്‌സിന്റെ കാലാവധി. സൗജന്യമായി നല്‍കാമെന്ന് അറിയിച്ചിട്ടും ആവശ്യക്കാരില്ലെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പൂനാവാലെ പറഞ്ഞു. രാജ്യത്ത് വാക്‌സിന്റെ ആവശ്യം കുറഞ്ഞതോടെ കഴിഞ്ഞ ഡിസംബര്‍ 31 മുതല്‍ ഉല്‍പാദനം കുറച്ചിരുന്നു.

കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവിഷീല്‍ഡാണ് ആസ്ട്ര സെനെക്കയുമായി ചേര്‍ന്ന് കമ്പനി നിര്‍മിക്കുന്ന പ്രധാന വാക്‌സിന്‍. 100 കോടിയിലധികം ഡോസ് വാക്‌സിന്‍ ഇതിനകം ഉത്പാദിപ്പിച്ചു. യു.എസ്. മരുന്നുനിര്‍മാണ കമ്പനിയായ നൊവാവാക്‌സിന്റെ കോവോവാക്‌സും കമ്പനി നിര്‍മിക്കുന്നുണ്ട്. രാജ്യത്ത് ഭൂരിഭാഗംപേരും കുത്തിവെപ്പെടുത്തതും കൊവിഡിനോടു പൊരുത്തപ്പെട്ട് ജീവിച്ചുതുടങ്ങിയതും നിയന്ത്രണങ്ങളില്‍ ഇളവുവന്നതുമൊക്കെ വാക്‌സിന്‍ ഉപയോഗത്തെ ബാധിച്ചെന്നാണ് കണക്കുകൂട്ടല്‍.

അതേസമയം, കൊവിഡ് വ്യാപനത്തിന്റെ ആരംഭകാലത്ത് വാക്‌സിനായി ഇന്ത്യയുള്‍പ്പെടെ എല്ലാ രാജ്യങ്ങളും നെട്ടോട്ടമായിരുന്നു. എന്നാല്‍, വാക്‌സിനെത്തിയപ്പോഴും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങളില്‍ കൃത്യമായി വിതരണം നടക്കുമോയെന്ന കാര്യത്തില്‍ ലോകാരോഗ്യ സംഘടനയടക്കം ആശങ്കപ്പെട്ടിരുന്നു. ആഗോളതലത്തില്‍തന്നെ മരുന്നുനിര്‍മാണ മേഖലയില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യക്ക് പക്ഷേ, ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതിസന്ധി നേരിടേണ്ടി വന്നിട്ടില്ല.

ഗുവാഹത്തി: പ്രത്യേക സൈനിക അധികാര നിയമമായ അഫ്സ്പ പിന്‍വലിക്കാന്‍ കഴിഞ്ഞത് കേന്ദ്രസര്‍ക്കാരിന്റെ കഠിന പരിശ്രമങ്ങളുടെ ഫലമാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. 1971ല്‍ നടന്ന ബംഗ്ലാദേശിലെ വിമോചന യുദ്ധത്തില്‍ ജീവന്‍ പൊലിഞ്ഞ സൈനികരെ അനുസ്മരിക്കുന്നതിനായി ഗുവാഹത്തിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏതാനും നാളുകള്‍ മുമ്പാണ് അസം, മണിപ്പൂര്‍, നാഗാലാന്‍ഡ് എന്നീ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഘട്ടം ഘട്ടമായി കേന്ദ്രസര്‍ക്കാര്‍ അഫ്സ്പ പിന്‍വലിക്കാന്‍ ആഭ്യന്തരമന്ത്രി അമിത്ഷാ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സമാധാന അന്തരീക്ഷം സംജാതമാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞുവെന്നും, അതിനാലാണ് അഫ്സ്പ നിയമം മാറ്റുന്നതെന്നും അമിത് ഷാ പ്രഖ്യാപിച്ചിരുന്നു.

അസമിലെ 23 ജില്ലകളില്‍ നിന്നും പൂര്‍ണമായും അഫ്സ്പ പിന്‍വലിച്ചു. മണിപ്പൂരിലും നാഗാലാന്‍ഡിലുമുള്ള 15 പോലീസ് സ്റ്റേഷന്‍ പരിധികളിലും അഫ്സ്പ എടുത്തുകളഞ്ഞു. അസമിലെ 23 ജില്ലകള്‍ കൂടാതെ നാഗാലാന്‍ഡിലെ ഏഴ് ജില്ലകളിലും മണിപ്പൂരിലെ ആറ് ജില്ലകളിലുമാണ് ഈയിടക്ക് സര്‍ക്കാര്‍ അഫ്സ്പ നിയമം പിന്‍വലിച്ചത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സമാധാന അന്തരീക്ഷം കൈവന്നതിന്റെ ഫലമാണിതെന്നും രാജ്നാഥ് സിംഗ് ചൂണ്ടിക്കാട്ടി.

ന്യൂഡല്‍ഹി: രണ്ടാഴ്ചയായി രാജ്യത്ത് കൊവിഡ് കണക്ക് ഉയരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബുധനാഴ്ച ഓണ്‍ലൈനായാവും യോഗം ചേരുക.

കഴിഞ്ഞ ദിവസം 2527 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും, മുപ്പത്തിമൂന്ന് പേര്‍ രോഗം ബാധിച്ചു മരിക്കുകയും ചെയ്തു. 0.56 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്.

അതേസമയം, ഡല്‍ഹിയില്‍ മാത്രം 1042 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനത്തിന് പ്രത്യേക മാര്‍ഗ്ഗനിര്‍ദേശം പുറപ്പെടുവിച്ചു. ശരീര താപം പരിശോധിച്ച ശേഷമാകണം പ്രവേശനം. വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഭക്ഷണം പങ്കുവെക്കാന്‍ അനുവദിക്കരുത്. കൊവിഡ് ലക്ഷണമുള്ള വിദ്യാര്‍ത്ഥികളെ സ്‌കൂളിലേക്കയക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളാണ് പുറപ്പെടുവിച്ചത്. പ്രതിദിന കൊവിഡ് കേസുകളിലുണ്ടായ വര്‍ധനയെ തുടര്‍ന്ന് നേരത്തെ തന്നെ ഡല്‍ഹിയിലും ചെന്നൈയിലും മാസ്‌ക് ധരിക്കുന്നത് വീണ്ടും നിര്‍ബന്ധമാക്കിയിരുന്നു.

ലക്‌നൗ: വിവാഹസത്ക്കാരത്തിനായി തയാറാക്കിയ ഭക്ഷണത്തിൽ തുപ്പി പാചകക്കാരൻ. ഉത്തർപ്രദേശിലെ മോദി നഗറിലാണ് സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തന്തൂരി നാൻ ചുടുന്നതിന് മുമ്പ് അതിൽ തുപ്പുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. വിവാഹത്തിൽ പങ്കെടുത്തവരാണ് ഈ ദൃശ്യങ്ങൾ ചിത്രീകരിച്ച് സാമൂഹ്യ മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിച്ചത്.

സംഭവത്തിൽ വിശദമായി അന്വേഷണം നടത്തുമെന്ന് ഗാസിയാബാദ് ഇൻസ്‌പെക്ടർ അറിയിച്ചു. നേരത്തെയും ഇത്തരത്തിലുള്ള വീഡിയോകൾ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഗാസിയാബാദിൽ നിന്ന് ഭക്ഷണത്തിൽ തുപ്പുന്ന വീഡിയോ പുറത്തു വന്നിരുന്നു.

ചിക്കൻ പോയിന്റ് എന്ന പഞ്ചാബി ധാബയിൽ റോട്ടി ചുടുന്നതിന് മുമ്പായി പാചകക്കാരൻ അതിൽ തുപ്പുന്നതിന്റെ വീഡിയോയാണ് പ്രചരിച്ചിരുന്നത്. തുടർന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ചെന്നൈ: റെയിൽപ്പാളത്തിലോ ട്രെയിൻ എൻജിന് സമീപത്തുനിന്നോ സെൽഫിയെടുക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി ദക്ഷിണ റെയിൽവേ. ഇത്തരക്കാരിൽ നിന്നും 2000 രൂപ പിഴ ഈടാക്കുമെന്നാണ് ദക്ഷിണ റെയിൽവേ അറിയിച്ചിട്ടുള്ളത്. കഴിഞ്ഞയാഴ്ച ചെങ്കൽപ്പെട്ടിനു സമീപം പാളത്തിൽ നിന്ന് സെൽഫി വീഡിയോ എടുക്കാൻ ശ്രമിക്കവേ തീവണ്ടി തട്ടി മൂന്ന് കോളജ് വിദ്യാർത്ഥികൾ മരിച്ചിരുന്നു. സമാനമായ അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് അധികൃതർ ഇത്തരമൊരു തീരുമാനം സ്വീകരിച്ചത്. ദക്ഷിണ റെയിൽവേയുടെ ചെന്നൈ ഡിവിഷനാണ് ഇക്കാര്യം അറിയിച്ചത്.

വാതിൽപ്പടിയിൽ യാത്ര ചെയ്താൽ മൂന്ന് മാസം തടവോ 500 രൂപ പിഴയോ ഈടാക്കും. കഴിഞ്ഞ ഒരു വർഷത്തിനിടെ വാതിൽപ്പടിയിൽ നിന്ന് യാത്രചെയ്ത 767 പേർക്കെതിരെയാണ് റെയിൽവേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. പാളം മുറിച്ചുകടന്ന 1411 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഒരുവർഷത്തിനിടെ സബർബൻ തീവണ്ടിയിൽ നിന്ന് വീണ് 200 ലധികം പേർ മരിക്കുകയോ ഗുരതരമായി പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

അതേസമയം വാതിൽപ്പടിയിൽ യാത്ര ചെയ്യരുതെന്ന് യാത്രക്കാരെ ബോധവത്കരിക്കുന്നതിനായി ട്രെയിനുകളിലും സ്റ്റേഷനുകളിലും പബ്ലിക് അഡ്രസ് സംവിധാനങ്ങൾ വഴി അടിക്കടി അറിയിപ്പുകൾ നൽകാനും ചെന്നൈ ഡിവിഷൻ തീരുമാനിച്ചു. പ്രത്യേക ബോധവത്ക്കരണ പരിപാടികൾ ആസൂത്രണം ചെയ്യുകയും സ്റ്റേഷൻ പരിസരങ്ങളിൽ മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കുകയും ചെയ്യുമെന്നും അധികൃതർ അറിയിച്ചു.

അഹമ്മദാബാദ്: ദ്വിദിന ഇന്ത്യാ സന്ദർശനത്തിനെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജ്യത്തെ ഒരു ശതകോടീശ്വരനുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അദാനി ഗ്രൂപ്പ് ചെയർമാനായ ഗൗതം അദാനിയുമായാണ് ബോറിസ് ജോൺസൺ കൂടിക്കാഴ്ച്ച നടത്തിയത്. അഹമ്മദാബാദിൽ അദാനി ഗ്രൂപ്പിന്റെ ശാന്തിഗ്രാമിലെ ആസ്ഥാനത്ത് വെച്ചായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച്ച. നിരവധി വിഷയങ്ങളെ കുറിച്ച് ഇരുവരും സംസാരിച്ചുവെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ച ദേശീയ ഹൈഡ്രജൻ മിഷൻ ഗ്രീൻ എച്ച്2 പദ്ധതിയെ കുറിച്ച് ചർച്ച ചെയ്തുവെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ഗൗതം അദാനി ട്വീറ്റ് ചെയ്തു. പ്രതിരോധ, ബഹിരാകാശ സാങ്കേതിക വിദ്യാ രംഗത്ത് യുകെ കമ്പനികളുടെ സഹകരണത്തോടെയുള്ള പദ്ധതികളെ കുറിച്ചും സംസാരിച്ചുവെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

പ്രതിരോധ രംഗത്തെ വികസനത്തിന് 2030 ഓടെ 300 ബില്യൺ ഡോളറിന്റെ പദ്ധതികളും മറ്റ് പ്രധാനപദ്ധതികളും എങ്ങനെ അദാനി ഗ്രൂപ്പും ബ്രിട്ടീഷ് കമ്പനികളുമായി നടത്താൻ സാധിക്കുമെന്നതിന്റെ ചർച്ചകളാണ് നടന്നത്. യുവ ഇന്ത്യക്കാർക്ക് അപേക്ഷിക്കാവുന്ന ബ്രിട്ടീഷ് സർക്കാരിന്റെ അഭിമാനമായ സ്‌കോളർഷിപ്പ് പദ്ധതിയായ ഷെവെനിംഗ് സ്‌കോളർഷിപ്പും അദാനി പ്രഖ്യാപിച്ചു.

ജൂൺ 28 ന് ലണ്ടനിൽ നടക്കുന്ന ഇന്ത്യ-യുകെ കാലാവസ്ഥ സയൻസ്-സാങ്കേതികവിദ്യ ഉച്ചകോടിയിലേക്ക് അദാനി, ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ക്ഷണിക്കുകയും ചെയ്തു. ഇന്ത്യൻ പ്രധാനമന്ത്രി മോദിയുടെ പ്രത്യേക സുഹൃത്ത് എന്നാണ് ബോറിസ് ജോൺസൺ അദാനിയ്ക്ക് നൽകിയ വിശേഷണം.