റെയിൽപ്പാളത്തിൽ സെൽഫിയെടുക്കുന്നവർക്കെതിരെ കർശന നടപടി; മുന്നറിയിപ്പുമായി ദക്ഷിണ റെയിൽവേ

ചെന്നൈ: റെയിൽപ്പാളത്തിലോ ട്രെയിൻ എൻജിന് സമീപത്തുനിന്നോ സെൽഫിയെടുക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി ദക്ഷിണ റെയിൽവേ. ഇത്തരക്കാരിൽ നിന്നും 2000 രൂപ പിഴ ഈടാക്കുമെന്നാണ് ദക്ഷിണ റെയിൽവേ അറിയിച്ചിട്ടുള്ളത്. കഴിഞ്ഞയാഴ്ച ചെങ്കൽപ്പെട്ടിനു സമീപം പാളത്തിൽ നിന്ന് സെൽഫി വീഡിയോ എടുക്കാൻ ശ്രമിക്കവേ തീവണ്ടി തട്ടി മൂന്ന് കോളജ് വിദ്യാർത്ഥികൾ മരിച്ചിരുന്നു. സമാനമായ അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് അധികൃതർ ഇത്തരമൊരു തീരുമാനം സ്വീകരിച്ചത്. ദക്ഷിണ റെയിൽവേയുടെ ചെന്നൈ ഡിവിഷനാണ് ഇക്കാര്യം അറിയിച്ചത്.

വാതിൽപ്പടിയിൽ യാത്ര ചെയ്താൽ മൂന്ന് മാസം തടവോ 500 രൂപ പിഴയോ ഈടാക്കും. കഴിഞ്ഞ ഒരു വർഷത്തിനിടെ വാതിൽപ്പടിയിൽ നിന്ന് യാത്രചെയ്ത 767 പേർക്കെതിരെയാണ് റെയിൽവേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. പാളം മുറിച്ചുകടന്ന 1411 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഒരുവർഷത്തിനിടെ സബർബൻ തീവണ്ടിയിൽ നിന്ന് വീണ് 200 ലധികം പേർ മരിക്കുകയോ ഗുരതരമായി പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

അതേസമയം വാതിൽപ്പടിയിൽ യാത്ര ചെയ്യരുതെന്ന് യാത്രക്കാരെ ബോധവത്കരിക്കുന്നതിനായി ട്രെയിനുകളിലും സ്റ്റേഷനുകളിലും പബ്ലിക് അഡ്രസ് സംവിധാനങ്ങൾ വഴി അടിക്കടി അറിയിപ്പുകൾ നൽകാനും ചെന്നൈ ഡിവിഷൻ തീരുമാനിച്ചു. പ്രത്യേക ബോധവത്ക്കരണ പരിപാടികൾ ആസൂത്രണം ചെയ്യുകയും സ്റ്റേഷൻ പരിസരങ്ങളിൽ മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കുകയും ചെയ്യുമെന്നും അധികൃതർ അറിയിച്ചു.