വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അഫ്‌സ്പ പിന്‍വലിച്ചത് കേന്ദ്രസര്‍ക്കാരിന്റെ കഠിന പരിശ്രമത്തിന്റെ ഫലം: രാജ്‌നാഥ് സിംഗ്‌

ഗുവാഹത്തി: പ്രത്യേക സൈനിക അധികാര നിയമമായ അഫ്സ്പ പിന്‍വലിക്കാന്‍ കഴിഞ്ഞത് കേന്ദ്രസര്‍ക്കാരിന്റെ കഠിന പരിശ്രമങ്ങളുടെ ഫലമാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. 1971ല്‍ നടന്ന ബംഗ്ലാദേശിലെ വിമോചന യുദ്ധത്തില്‍ ജീവന്‍ പൊലിഞ്ഞ സൈനികരെ അനുസ്മരിക്കുന്നതിനായി ഗുവാഹത്തിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏതാനും നാളുകള്‍ മുമ്പാണ് അസം, മണിപ്പൂര്‍, നാഗാലാന്‍ഡ് എന്നീ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഘട്ടം ഘട്ടമായി കേന്ദ്രസര്‍ക്കാര്‍ അഫ്സ്പ പിന്‍വലിക്കാന്‍ ആഭ്യന്തരമന്ത്രി അമിത്ഷാ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സമാധാന അന്തരീക്ഷം സംജാതമാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞുവെന്നും, അതിനാലാണ് അഫ്സ്പ നിയമം മാറ്റുന്നതെന്നും അമിത് ഷാ പ്രഖ്യാപിച്ചിരുന്നു.

അസമിലെ 23 ജില്ലകളില്‍ നിന്നും പൂര്‍ണമായും അഫ്സ്പ പിന്‍വലിച്ചു. മണിപ്പൂരിലും നാഗാലാന്‍ഡിലുമുള്ള 15 പോലീസ് സ്റ്റേഷന്‍ പരിധികളിലും അഫ്സ്പ എടുത്തുകളഞ്ഞു. അസമിലെ 23 ജില്ലകള്‍ കൂടാതെ നാഗാലാന്‍ഡിലെ ഏഴ് ജില്ലകളിലും മണിപ്പൂരിലെ ആറ് ജില്ലകളിലുമാണ് ഈയിടക്ക് സര്‍ക്കാര്‍ അഫ്സ്പ നിയമം പിന്‍വലിച്ചത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സമാധാന അന്തരീക്ഷം കൈവന്നതിന്റെ ഫലമാണിതെന്നും രാജ്നാഥ് സിംഗ് ചൂണ്ടിക്കാട്ടി.