National (Page 504)

അഹമ്മദാബാദ്: ത്രിദിന സന്ദർശനത്തിനായി ഗുജറാത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. തിങ്കളാഴ്ച്ച വൈകിട്ടാണ് അദ്ദേഹം ഗുജറാത്തിൽ എത്തിയത്. അഹമ്മദാബാദ് വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രിയും ഗവർണറും ചേർന്ന് സ്വീകരിച്ചു.

ചൊവ്വാഴ്ച്ച അദ്ദേഹം സംസ്ഥാനത്തെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിക്കും. ലോകാരോഗ്യ സംഘടനയുടെ പാരമ്പര്യ വൈദ്യ ആഗോള കേന്ദ്രത്തിന് പ്രധാനമന്ത്രി തറക്കല്ലിടും. ജാംനഗറിൽ നടക്കുന്ന പരിപാടിയിൽ ലോകാരോഗ്യ സംഘടനാ തലവൻ ടെഡ്രോസ് ഗബ്രിയേസസ്, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ത് ജുഗ്‌നൗഥ് എന്നിവർ പങ്കെടുക്കും. ചൊവ്വാഴ്ച്ച വൈകിട്ട് മൂന്ന് മണിയ്ക്കാണ് ഉദ്ഘാടന ചടങ്ങ്.

ബുധനാഴ്ച്ച ഗാന്ധിനഗറിൽ ലോക ആയുഷ് നിക്ഷേപ സമ്മേളനവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. അതേസമയം, ഗാന്ധി നഗറിൽ സ്‌കൂളുകളുടെ കമാൻഡ് കൺട്രോൾ സെന്ററിൽ മോദി ഇന്ന് സന്ദർശനം നടത്തിയിരുന്നു. അധ്യാപകരും വിദ്യാർഥികളുമായി ആശയവിനിമയം നടത്തിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്.

ന്യൂഡൽഹി: ഇന്ത്യൻ കരസേനയുടെ അടുത്ത മേധാവിയായി ലഫ്.ജനറൽ മനോജ് പാണ്ഡെയെ നിയമിച്ചു. നിലവിൽ സേനയുടെ ഉപമേധാവിയാണ് അദ്ദേഹം.

സേനയുടെ 29-ാം മേധാവിയായാണ് ലഫ്. ജനറൽ മനോജ് പാണ്ഡെ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഏപ്രിൽ 30 ന് അദ്ദേഹം കരസേനാ മേധാവിയായി ചുമതലയേൽക്കും.

എൻജിനീയേഴ്സ് കോറിൽ നിന്ന് ഈ പദവിയിലെത്തുന്ന ആദ്യ ഓഫീസറാണ് ജനറൽ മനോജ് പാണ്ഡെ.

മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡഴ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് വമ്പന്‍ ജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 218 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത 19.4 ഓവറില്‍ 210 റണ്‍സില്‍ അവസാനിച്ചു. മത്സരത്തില്‍ ഹാട്രിക് ഉള്‍പ്പെടെ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ യുസ്വേന്ദ്ര ചഹലാണ് കൊല്‍ക്കത്തയെ തകര്‍ത്തത്.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സ് അടിച്ചെടുത്തു. ഓപ്പണര്‍ ജോസ് ബട്ട്ലറുടെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് രാജസ്ഥാന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 61 പന്തില്‍ അഞ്ച് സിക്സും ഒമ്ബത് ഫോറും സഹിതം 103 റണ്‍സാണ് ബട്ട്ലര്‍ നേടിയത്. സീസണില്‍ ബട്ട്ലറിന്റെ രണ്ടാം സെഞ്ച്വറിയാണിത്.

മറുപടി ബാറ്റിംഗില്‍, 51 പന്തില്‍ 85 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും 28 പന്തില്‍ 58 റണ്‍സ് നേടിയ ഓപ്പണര്‍ ആരോണ്‍ ഫിഞ്ചും കൊല്‍ക്കത്തയെ അനായസ ജയത്തിലേക്കെത്തിക്കുമെന്ന് തോന്നിച്ചെങ്കിലും യുസ്വേന്ദ്ര ചഹലിന്റെ ബോളിംഗിന് മുന്നില്‍ തകര്‍ന്നടിഞ്ഞു. നാല് ഓവറില്‍ നാല്‍പ്പത് റണ്‍സ് വഴങ്ങി ചഹല്‍ അഞ്ച് വിക്കറ്റുകളാണ് വീഴ്ത്തിയത്.

നഷ്ടപരിഹാരത്തിനായി കേന്ദ്രത്തെ ആശ്രയിക്കുന്ന സാഹചര്യം ഒഴിവാക്കാനും, സംസ്ഥാനങ്ങളുടെ വരുമാനം ഉയര്‍ത്താനും ചരക്ക് സേവന നികുതി സ്ലാബുകള്‍ പരിഷ്‌കരിക്കാന്‍ സാധ്യത. അഞ്ച് ശതമാനം സ്ലാബ് ഒഴിവാക്കി മൂന്ന്, എട്ട് ശതമാനം സ്ലാബുകള്‍ ഉള്‍പ്പെടുത്താനാണ് നീക്കം. 5, 12, 18, 28 എന്നീ സ്ലാബുകളുള്ള നികുതി ഘടനയാണ് നിലവില്‍ വിവിധ ഉത്പന്നങ്ങള്‍ക്കുള്ളത്. നിലവില്‍ നികുതിയില്ലാത്ത ചില ഭക്ഷ്യേതര ഉല്‍്പന്നങ്ങളെ മൂന്നു ശതമാനം നികുതി സ്ലാബിനു കീഴില്‍ കൊണ്ടു വരാനും നീക്കമുണ്ട്. അഞ്ച് ശതമാനം നികുതിയുള്ളവയെ ഏഴോ എട്ടോ ശതമാനത്തില്‍ ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്.

നിലവില്‍ അവശ്യവസ്തുക്കള്‍ക്ക് നികുതി ഒഴിവാക്കുകയോ അഞ്ചുശതമാനമെന്ന കുറഞ്ഞ നികുതി സ്ലാബില്‍ ഉള്‍പ്പെടുത്തുകയോ ആണ് ചെയ്തിട്ടുള്ളത്. ആഡംബര വസ്തുക്കള്‍ക്കാണ് ഉയര്‍ന്ന നികുതി ഈടാക്കുന്നത്. പാക്ക് ചെയ്ത ഭക്ഷ്യ ഉല്‍പന്നങ്ങളില്‍ ചിലതിന്റെ നികുതി അഞ്ച് ശതമാനത്തില്‍ വര്‍ധിപ്പിക്കും. ഒരു ശതമാനം നികുതി വര്‍ധിപ്പിച്ചാല്‍ പ്രതിവര്‍ഷം 50,000 കോടി രൂപയുടെ അധികവരുമാനം ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള വഴികള്‍ നിര്‍ദ്ദേശിക്കാന്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തില്‍ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെ സമിതി കഴിഞ്ഞ വര്‍ഷം രൂപീകരിച്ചിരുന്നു. അടുത്തമാസം ആദ്യത്തില്‍ സമിതി ശുപര്‍ശകള്‍ സമര്‍പ്പിച്ചേക്കും.

ന്യൂഡൽഹി: സ്വകാര്യ മെഡിക്കൽ കോളജുകളിലെ ഫീസ് നിയന്ത്രണത്തിനുള്ള മാർഗരേഖ അടുത്ത വർഷം മുതൽ കർശനമായി നടപ്പാക്കാനുള്ള തീരുമാനത്തിനെതിരെ കേന്ദ്ര ആരോഗ്യമന്ത്രാലയത്തെ സമീപിച്ച് സ്വകാര്യ മെഡിക്കൽ കോളേജുടമകൾ.

സ്വകാര്യ മെഡിക്കൽ കോളജുകളിലെയും കൽപിത സർവകലാശാലകളിലെയും 50% സീറ്റിൽ അതാത് സംസ്ഥാനത്തെ സർക്കാർ കോളജുകളിലേതിനു സമാനമായ ഫീസാകുമെന്നാണ് ദേശീയ മെഡിക്കൽ അറിയിച്ചിരുന്നത്. വിഷയത്തിൽ സർക്കാർ ഇടപെട്ടില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് സ്വകാര്യ കോളേജുടമകളുടെ തീരുമാനം.

ഓരോ സംസ്ഥാനത്തെയും ഫീസ് നിർണയ സമിതി എൻഎംസി മാനദണ്ഡം കർശനമായി നടപ്പാക്കാൻ വേണ്ട നടപടികളും സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു. അതേസമയം, തീരുമാനം പുനഃപരിശോധിക്കാൻ സമ്മർദം ഉണ്ടെങ്കിലും ആരോഗ്യമന്ത്രാലയം പ്രതികരണം നടത്തിയിട്ടില്ല. കർണാടകയിൽ 41 സ്വകാര്യ മെഡിക്കൽ കോളേജുകളും തമിഴ്‌നാട്, യുപി എന്നിവിടങ്ങളിൽ 32 വീതം സ്വകാര്യ മെഡിക്കൽ കോളേജുകളും മഹാരാഷ്ട്രയിൽ 31 സ്വകാര്യ മെഡിക്കൽ കോളേജുകളുമാണുള്ളത്. കേരളത്തിൽ 21 സ്വകാര്യ മെഡിക്കൽ കോളേജുകളാണുള്ളത്.

രാജ്യത്ത് വീണ്ടും കൊവിഡ് കേസുകളില്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം കൊവിഡ് കേസുകളില്‍ 90% വര്‍ധനവാണുണ്ടായിരിക്കുന്നത്. ആകെ 2,183 പുതിയ കേസുകള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. അതിന് മുമ്പുള്ള ദിവസം 1,150 കേസുകളായിരുന്നു പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. ഇന്നലെ ആകെ 214 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്നലെ 0.31 ശതമാനത്തില്‍ നിന്ന് 0.83 ശതമാനത്തിലേക്കും ഉയര്‍ന്നു. നിലവില്‍ രാജ്യത്തുള്ള ആകെ കൊവിഡ് ആക്ടീവ്കേസുകള്‍ 11,542 ആണ്. രാജ്യത്ത് ഇത് വരെയായി ആകെ നാലരക്കോടി കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നതില്‍ ഡല്‍ഹിയാണ് ഏറ്റവും മുമ്പിലുള്ളത്. ആകെ 1,518 ആക്ടീവ് കേസുകള്‍ ഡല്‍ഹിയിലുണ്ട്. ഡല്‍ഹിക്ക് പുറമേ ഗസിയാബാദ്, നോയിഡ എന്നിവിടങ്ങളിലെല്ലാം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വ്യാപകമായി കൊവിഡ് വ്യാപിച്ചിരുന്നു.

അതേസമയം, കേരളമടക്കം മിക്ക സംസ്ഥാനങ്ങളും കൊവിഡ് നിയന്ത്രണങ്ങള്‍ ഭാഗികമായും അല്ലാതെയും പിന്‍വലിച്ച സാഹചര്യത്തില്‍ കേസുകള്‍ വര്‍ധിക്കുന്നത് ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്.

ന്യൂഡൽഹി: സൗത്ത് വെസ്റ്റേൺ റെയിൽവേയിൽ ഒഴിവുകൾ. ഗുഡ് ട്രെയിൻ മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ആർആർസി ഹുബ്ലിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് – www.rrchubli.in വഴി അപേക്ഷ സമർപ്പിക്കാം.

ഈ റിക്രൂട്ട്മെന്റിലൂടെ 147 ഒഴിവുകൾ നികത്തും. 2022 ഏപ്രിൽ 25 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥി ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദം അല്ലെങ്കിൽ അതിന് തുല്യമായ ബിരുദം നേടിയിരിക്കണം. പ്രധാനപ്പെട്ട തീയതികൾ, ഒഴിവുകളുടെ വിശദാംശങ്ങൾ, ആവശ്യമായ വിദ്യാഭ്യാസ യോഗ്യത എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ നിന്നും അറിയാവുന്നതാണ്. അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികളെ മൂന്ന് റൗണ്ടുകളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കും. കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷൻ, മെഡിക്കൽ എക്‌സാമിനേഷൻ തുടങ്ങിയവയാണ് റൗണ്ടുകൾ.

അഫ്ഗാനില്‍ നിലനില്‍പ്പില്ലാതായ ഐഎസ് ഭീകരര്‍ പാകിസ്താനില്‍ താവളമുറപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. സാമ്പത്തികമായും രാഷ്ട്രീയമായും പ്രതിസന്ധിയിലായ പാക്കിസ്താനില്‍ ഐ എസ് താവളമുറപ്പിക്കുന്നത് ഇന്ത്യ അടക്കമുള്ള അയല്‍രാജ്യങ്ങള്‍ക്കും ഭീഷണിയാണ്. പടിഞ്ഞാറന്‍ അഫ്ഗാനിസ്താനിലെ നര്‍ഗര്‍ഹര്‍ പ്രവിശ്യയിലായിരുന്നു പ്രധാനമായും എ എസിന്റെ ആധിപത്യമുണ്ടായിരുന്നത്. നിരന്തരമായി നടത്തിയ വ്യോമാക്രമണത്തിലൂടെയാണ് അന്ന് അമേരിക്കന്‍ സൈന്യം ഐ എസിനെ തകര്‍ത്തത്. എന്നിട്ടും, അതിജീവിച്ച ഐ എസ് 2021 ഓഗസ്ത് 26-ന് കാബൂള്‍ വിമാനത്താവളത്തില്‍ 40 പേര്‍ കൊല്ലപ്പെടാനിടയായ ചാവേര്‍ ബോംബാക്രമണങ്ങള്‍ നടത്തി ലോകത്തെ ഞെട്ടിച്ചിരുന്നു.

നിലവില്‍ അഫ്ഗാന്‍ താലിബാനുമായി സംഘര്‍ഷത്തിലായ പാക് താലിബാന്‍ പാകിസ്താന്‍ ഭരണകൂടത്തിനും സൈന്യത്തിനും തലവേദന ഉയര്‍ത്തുന്ന സമയത്താണ് ഐ എസ് പാക്കിസ്താനെ ലക്ഷ്യമിട്ടത്. കരാര്‍ വ്യവസ്ഥകള്‍ സര്‍ക്കാര്‍ ലംഘിച്ചു എന്നാരോപിച്ചാണ് പാക് താലിബാന്‍ കരാറില്‍നിന്നും ഏകപക്ഷീയമായി പിന്‍മാറിയത്. തുടര്‍ന്ന് വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിച്ച അഫ്ഗാന്‍ താലിബാന്‍ പാക് താലിബാനെതിരെ തിരിഞ്ഞു. നിരവധി പാക് താലിബാന്‍കാരെ അഫ്ഗാന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ അഫ്ഗാന്‍ താലിബാന്‍ വധിച്ചു. പാകിസ്താന്റെ മുന്നിലുള്ള ഏറ്റവും വലിയ ഭീഷണി തെഹ്രീകെ താലിബാന്‍ പാകിസ്താന്‍ ആണെന്നാണ് പാക് സൈന്യത്തിന്റെയും വിലയിരുത്തല്‍. അഫ്ഗാന്‍ മാതൃകയില്‍ പാക് ഭരണം പിടിച്ചടക്കി ഇസ്ലാമിക ശരീഅത്ത് പ്രകാരമുള്ള ഭരണം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന തെഹ്രീകെ താലിബാന്‍ പാകിസ്താന്‍ ആയിരക്കണക്കിന് പാക് സൈനികരെ കൊന്നൊടുക്കുകയും സിവിലിയന്‍മാരെ ആക്രമിക്കുകയും ചെയ്തിരുന്നു. അമേരിക്കയുടെ സഹായത്തോടെ പാക് സൈന്യം നടത്തിയ രക്തരൂക്ഷിതമായ പോരാട്ടത്തിലൂടെയാണ് അന്ന് സ്വാത് താഴ്വര പാക്കിസ്താന്‍ തിരിച്ചുപിടിച്ചത്. അഫ്ഗാനിസ്താനിലേതുപോലെ പാക് ഭരണം പിടിച്ചടക്കാന്‍ തങ്ങള്‍ക്കും കഴിയുമെന്ന് പിന്നീട് അവര്‍ പ്രഖ്യാപിച്ചു. പാക് സൈന്യത്തിനെതിരെ ഇവര്‍ ആക്രമണം കടുപ്പിച്ച സാഹചര്യത്തിലാണ് കഴിഞ്ഞ വര്‍ഷം അഫ്ഗാനിസ്താനിലെ താലിബാന്റെ സഹായത്തോടെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, വെടിനിര്‍ത്തല്‍ കരാറില്‍നിന്നു പിന്‍വാങ്ങി പാക് സൈന്യത്തിന് തലവേദനയായി തുടരുകയാണ് എഎസ് ഇപ്പോള്‍.

അഫ്ഗാനിസ്താനില്‍ തന്നെയുള്ള അല്‍ ഖാഇദ, ഐസിസ് എന്നീ സംഘങ്ങളുമായി പാക് താലിബാന്‍ അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്. ആ സാഹചര്യം മുതലെടുത്താണ് ഐ എസ് ഇപ്പോള്‍ വടക്ക് പടിഞ്ഞാറന്‍ പാക്കിസ്താനിലേക്ക് നുഴഞ്ഞുകയറ്റം ശക്തമാക്കിയത്. എന്നാല്‍, പാകിസ്താനില്‍ ഐഎസും താലിബാനും ശക്തമാവുന്നത് ഇന്ത്യ അടക്കമുള്ള അയല്‍രാജ്യങ്ങള്‍ക്ക് വലിയ ഭീഷണിയാണ്.

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനൊരുങ്ങി രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍. പഴയ പ്രതാപമില്ലാത്ത കോണ്‍ഗ്രസ് പ്രാദേശിക പാര്‍ട്ടികളുമായി നല്ല ബന്ധം ഉണ്ടാക്കണമെന്ന് 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിന്റെ ഉന്നതതല നേതൃത്വത്തിന് മുന്‍പില്‍ പ്രശാന്ത് കിഷോര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തികാട്ടുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചതായാണ് വിവരം.

അതേസമയം, കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പ്രശാന്ത് കിഷോര്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും പാര്‍ട്ടിയില്‍ ചേരുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. മേഘാലയില്‍ പ്രശാന്ത് കിഷോറിന്റെ ചരടുവലിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ കോണ്‍ഗ്രസുമായി കൂടുതല്‍ അകന്നിരുന്നു. എന്നാല്‍, താന്‍ പാര്‍ട്ടിയിലേക്ക് എത്തണമെങ്കില്‍ പ്രശാന്ത് കിഷോറിനെ തിരഞ്ഞെടുപ്പ് ചുമതലകള്‍ക്ക് നിയോഗിക്കണമെന്ന് നരേഷ് പട്ടേല്‍ ആവശ്യപ്പെട്ടതായാണ് വിവരം. ഇതോടെയാണ് പ്രശാന്ത് കിഷോറിനെ ഒപ്പം നിര്‍ത്താനുള്ള ആലോചനകളും വീണ്ടും തുടങ്ങിയത്.

എന്നാല്‍, കോണ്‍ഗ്രസില്‍ ചേരണോ എന്ന് പ്രശാന്ത് കിഷോറാണ് തീരുമാനമെടുക്കേണ്ടതെന്നാണ് കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ. സി വേണുഗോപാല്‍ പ്രതികരിച്ചു.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്തിന് മറുപടി നൽകി പാകിസ്താൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ്. ഇന്ത്യയെ അദ്ദേഹം ചർച്ചയ്ക്കായി ക്ഷണിക്കുകയും ചെയ്തു. ഇരു രാജ്യങ്ങളും തമ്മിൽ സമാധാനവും ഐക്യവും ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. പാക് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഷഹബാസ് ഷെരീഫിന് നരേന്ദ്ര മോദി അഭിനന്ദന സന്ദേശം അറിയിച്ചിരുന്നു. ഈ കത്തിനാണ് അദ്ദേഹം മറുപടി നൽകിയത്.

അവിശ്വാസ പ്രമേയത്തിൽ പരാജയപ്പെട്ട് ഇമ്രാൻ ഖാൻ പടിയിറങ്ങിയതോടെയാണ് ഷഹ്ബാസ് ഷെരീഫ് പാക് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയുമായി നല്ല ബന്ധം നിലനിർത്തണം എന്നാണ് ആഗ്രഹമെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് നേരത്തെ അറിയിച്ചിരുന്നു. പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ദേശീയ അസംബ്ലിയിൽ നടത്തിയ ആദ്യ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുമായുള്ള ബന്ധത്തിൽ സുസ്ഥിര സമാധാനം ഉറപ്പാക്കാൻ കശ്മീർ വിഷയം രമ്യമായി പരിഹരിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

174 പേരുടെ പിന്തുണയോടെയാണ് ഷഹബാസ് ഷെരീഫ് പാകിസ്താന്റെ 23 -ാം പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഇളയ സഹോദരനും പാകിസ്താൻ മുസ്ലിം ലീഗ്-നവാസ് (പിഎംഎൽ-എൻ) അദ്ധ്യക്ഷനുമാണ് ഷഹബാസ് ഷരീഫ്. ഇമ്രാൻ ഖാൻ സഭയിലെ പ്രതിപക്ഷ നേതാവായിരുന്നു അദ്ദേഹം.