ശരിയായ വിധത്തിലുള്ള ചടങ്ങുകൾ ഇല്ലാതെ നടത്തുന്ന ഹൈന്ദവ വിവാഹങ്ങൾക്ക് സാധുതയില്ല: സുപ്രീംകോടതി

ന്യൂഡൽഹി: ശരിയായ വിധത്തിലുള്ള ചടങ്ങുകൾ ഇല്ലാതെ നടത്തുന്ന ഹൈന്ദവ വിവാഹങ്ങൾക്ക് സാധുതയില്ലെന്ന് സുപ്രീംകോടതി. ചടങ്ങുകളുടെ അഭാവത്തിൽ നടക്കുന്ന വിവാഹങ്ങൾ ഹിന്ദു മാരേജ് ആക്ടിന്റെ പരിധിയിൽ ഉൾപ്പെടുന്നില്ലെന്ന് സുപ്രീംകോടതി അറിയിച്ചു. ഹൈന്ദവ വിവാഹങ്ങൾ ഭക്ഷണവും സംഗീതവും അടങ്ങിയ പരിപാടിയല്ല. വാണിജ്യപരമായ ഇടപാട് അല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

ജസ്റ്റിസുമാരായ ബി വി നഗരത്ന, അഗസ്റ്റിൻ ജോർജ് മാസിഹ് എന്നിവർ അടങ്ങിയ ബെഞ്ചാണ് ഇതു സംബന്ധിച്ച നിരീക്ഷണങ്ങൾ നടത്തിയത്. ഹൈന്ദവ വിവാഹങ്ങൾ ഒരു സംസ്കാരത്തിന്റെ ഭാഗമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഹൈന്ദവ വിവാഹങ്ങൾ വിശുദ്ധ കർമ്മമാണ്. ഇന്ത്യൻ സമൂഹത്തിൽ വലിയ മൂല്യങ്ങളുള്ള ഒരു സ്ഥാപനമെന്ന നിലയിൽ അതിന്റെ പദവി നൽകേണ്ടതുണ്ടെന്നും കോടതി കൂട്ടിച്ചേർത്തു.

വിവാഹങ്ങൾ ആടാനും പാടാനും മാത്രമുള്ളതോ പിന്നീട് ക്രിമിനൽ നടപടികളുടെ ഭാഗമായ സമ്മർദ്ദങ്ങളിലേക്കോ നയിക്കാനുള്ള ഒന്നല്ല. വിവാഹം എന്നാൽ മഹത്തായ ഒന്നാണ്. ഒരു സ്ത്രീയും പുരുഷനും ഭർത്താവും ഭാര്യയുമായി മാറി ഇന്ത്യൻ സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബമായി ഭാവിയിൽ പരിണമിക്കുന്ന പ്രക്രിയയാണെന്ന് കോടതി പറഞ്ഞു. പൈലറ്റുമാരായ ദമ്പതിമാരുടെ വിവാഹമോചന ഹർജി പരിഗണിക്കുകയായിരുന്നു കോടതി.