ഇലക്ട്രിക് വാഹനങ്ങളിലെ പൊട്ടിത്തെറി: വിപണിയിൽ നിന്നും 1441 സ്‌കൂട്ടറുകൾ തിരിച്ച് വിളിച്ച് ഒല

മുബൈ: വിപണിയിൽ നിന്നും തങ്ങളുടെ 1441 സ്‌കൂട്ടറുകൾ തിരിച്ച് വിളിച്ച് ഒല. ഇലക്ട്രിക് സ്‌കൂട്ടറുകൾ തീ പിടിച്ച് പൊട്ടിത്തെറിക്കുന്നതും അത് വഴിയുണ്ടാകുന്ന മരണങ്ങളും പതിവ് വാർത്തയാകുന്നതിനെ തുടർന്നാണ് നടപടി. മുൻകൂർ നടപടിയെന്ന നിലയ്ക്കാണ് വണ്ടികൾ തിരിച്ചുവിളിക്കുന്നതെന്ന് ഒല അറിയിച്ചു. തിരിച്ചുവിളിക്കുന്ന ബാച്ചിലെ വണ്ടികളുടെ വിശദമായ പരിശോധന നടത്തുമെന്നും ഒല വ്യക്തമാക്കി.

അതേസമയം, ഓകിനാവ ഓട്ടോടെക് തങ്ങളുടെ 3215 സ്‌കൂട്ടറുകളും, പ്യുവർ ഇവി തങ്ങളുടെ 2000 സ്‌കൂട്ടറുകളും വിപണിയിൽ നിന്നും തിരിച്ചു വിളിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് തീ പിടിച്ച് രണ്ട് പേർ മരണപ്പെട്ടിരുന്നു. തെലങ്കാനയിലും ആന്ധ്രയിലുമായാണ് അപകടം നടന്നത്. ഇ സ്‌കൂട്ടറിന്റെ ബാറ്ററി ചാർജ് ചെയ്യുന്നതിനിടെയായിരുന്നു അപകടം. സംഭവത്തിന് പിന്നാലെ ഇലക്ട്രിക് വാഹനങ്ങൾ പൊട്ടിത്തെറിച്ചുള്ള അപകടങ്ങൾ അന്വേഷിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഇലക്ട്രിക് വണ്ടികൾക്ക് തീ പിടിക്കുന്നത് ബാറ്ററി പ്രശ്‌നങ്ങൾകൊണ്ടല്ലെന്നും ബാഹ്യമായ മറ്റ് ഘടകങ്ങളായിരിക്കുമെന്നുമാണ് വാഹന നിർമാതാക്കളുടെ വാദം. അമിതമായ ചാർജിംഗ് പോലുള്ള അപാതകൾകൊണ്ട് ബാറ്ററിയിലുണ്ടാകുന്ന പ്രശ്‌നങ്ങൾ കൊണ്ടോ ക്രമാതീതമായി ഉയരുന്ന അന്തരീക്ഷ താപനില കൊണ്ടോ ആയിരിക്കാം ഇത് സംഭവിക്കുന്നതെന്നും വാഹന നിർമ്മാതാക്കൾ വാദിക്കുന്നു.