National (Page 506)

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 21 റണ്‍സിന് പരാജയപ്പെടുത്തി പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്. മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഉയര്‍ത്തിയ 208 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. 34 പന്തില്‍ 2 ഫോറും 6 സിക്‌സുമടക്കം 62 റണ്‍സ് നേടിയ നിക്കോളാസ് പൂറാനും 25 പന്തില്‍ 45 റണ്‍സ് നേടിയ ഐയ്ഡന്‍ മാര്‍ക്രവും മാത്രമേ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി തിളങ്ങിയുള്ളൂ.

ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടി ഖലീല്‍ അഹമ്മദ് മൂന്ന് വിക്കറ്റും ഷാര്‍ദുല്‍ താക്കൂര്‍ രണ്ട് വിക്കറ്റും ആന്റിച്ച് നോര്‍ക്കിയ, മിച്ചല്‍ മാര്‍ഷ്, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി. നേരത്തെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് 58 പന്തില്‍ 12 ഫോറും 3 സിക്‌സുമടക്കം 92 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണര്‍, 35 പന്തില്‍ 3 ഫോറും 6 സിക്‌സുമടക്കം 67 റണ്‍സ് നേടിയ റോവ്മാന്‍ പവല്‍ എന്നിവരുടെ മികവിലാണ് മികച്ച സ്‌കോര്‍ നേടിയത്. നാലാം വിക്കറ്റില്‍ 122 റണ്‍സ് ഇരുവരും കൂട്ടിച്ചേര്‍ത്തു.

നാലോവറില്‍ 25 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടിയ ഭുവനേശ്വര്‍ കുമാര്‍ മാത്രമാണ് സണ്‍റൈസേഴ്‌സ് ബൗളര്‍മാരില്‍ മികവ് പുലര്‍ത്തിയത്. സീസണിലെ അഞ്ചാം വിജയമാണ് മത്സരത്തില്‍ ക്യാപിറ്റല്‍സ് നേടിയത്. വിജയത്തോടെ പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥനത്തെത്താന്‍ പന്തിനും കൂട്ടര്‍ക്കും സാധിച്ചു. സീസണിലെ തുടര്‍ച്ചയായ മൂന്നാം തോല്‍വി ഏറ്റുവാങ്ങിയ സണ്‍റൈസേഴ്‌സ് ആറാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു.

ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷ കാത്തുകഴിയുന്ന നിമിഷപ്രിയയ്ക്ക് വേണ്ട നിയമസഹായമെല്ലാം ഉറപ്പാക്കുമെന്നും ശിക്ഷ ഒഴിവാക്കാന്‍ വിവിധ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണെന്നും വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ വ്യക്തമാക്കി. കോടതിവിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ യെമന്‍ സുപ്രീംകോടതിയെ സമീപിക്കും. കോടതിക്ക് പുറത്തും മദ്ധ്യസ്ഥ ശ്രമങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. മരിച്ചയാളിന്റെ കുടുംബത്തിന് ബ്ലഡ് മണി നല്‍കി നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള ശ്രമങ്ങളാണ് സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടക്കുന്നത്.

2017 ല്‍ തലാല്‍ അബ്ദു മെഹ്ദി എന്ന യെമന്‍ പൗരനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചെന്നാണ് നിമിഷയ്ക്കെതിരെയുളള കേസ്. യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നല്‍കിയാല്‍ പ്രതിക്ക് ശിക്ഷായിളവ് ലഭിക്കും. നിമിഷയെ താന്‍ വിവാഹം കഴിച്ചെന്ന് ഇയാള്‍ അവകാശപ്പെട്ടിരുന്നു. വ്യാജ രേഖകള്‍ നിര്‍മ്മിച്ചായിരുന്നു ഇത്. നഴ്സായി ജോലിചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങുന്നതിനു വേണ്ടിയാണ് തലാല്‍ അബ്ദു മെഹ്ദിയുടെ സഹായം നിമിഷ തേടിയത്. എന്നാല്‍, അയാള്‍ തന്നെ സാമ്ബത്തികമായി ചതിക്കുകയായിരുന്നു എന്നാണ് നിമിഷപ്രിയ പറയുന്നത്.

ന്യൂഡല്‍ഹി: ജമ്മു കാശ്മീരില്‍ ഇന്ത്യ പാക് അതിര്‍ത്തിയില്‍ പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് കടക്കുന്നതിനായി ഭീകരര്‍ ഉപയോഗിച്ച 150 മീറ്റര്‍ നീളമുള്ള തുരങ്കം ആന്റി ടണലിംഗ് അഭ്യാസത്തിനിടെ ബിഎസ്എഫ് സൈനികര്‍ കണ്ടെത്തി. തുരങ്കത്തിന്റെ തുറന്ന ഭാഗത്തിന് രണ്ട് അടിയോളമാണ് വ്യാസം. പ്രദേശത്ത് നിന്ന് 21 മണല്‍ ചാക്കുകളും കണ്ടെടുത്തു. ഇവ തുരങ്കത്തിന്റെ പുറത്തേക്കുള്ള ഭാഗം ശക്തിപ്പെടുത്താനാണ് ഉപയോഗിക്കുന്നത്.

നടക്കാനിരിക്കുന്ന അമര്‍നാഥ് യാത്രയ്ക്ക് നേരെ അക്രമം നടത്താനുള്ള പാക് ഭീകരരുടെ നീക്കത്തെ ഇതിലൂടെ തടഞ്ഞതായി ജമ്മു ബിഎസ്എഫ് വ്യക്തമാക്കി. ഒന്നരവര്‍ഷത്തിനിടെ കണ്ടെത്തുന്ന അഞ്ചാമത്തെ തുരങ്കമാണിത്. ഇന്ത്യയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള പാകിസ്ഥാന്‍ ഭരണകൂടത്തിന്റെ ദുഷ്ട തന്ത്രമാണിതെന്ന് ബിഎസ്എഫ് ആരോപിച്ചു.

അതേസമയം, പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ രണ്ട് ചാവേറുകള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറുന്നതിനായി ഈ തുരങ്കം ഉപയോഗിച്ചതായി ബിഎസ്എഫ് അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

ന്യൂഡല്‍ഹി: ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ രാജ്യദ്രോഹക്കുറ്റം നിലനിര്‍ത്തണമെന്നും ദുരുപയോഗം തടയാനുള്ള മാനദണ്ഡം വേണമെന്നും അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ സുപ്രീംകോടതിയില്‍. ‘രാജ്യദ്രോഹ നിയമം ദുരുപയോഗം ചെയ്യുന്നതാണ് പ്രശ്‌നം. നിയമം ദുരുപയോഗം ചെയ്യുന്നത് തടയുന്നതിന് മാര്‍ഗനിര്‍ദേശം കൊണ്ടുവരണം. ദുരുപയോഗം ഒരു നിയമം റദ്ദാക്കുന്നതിനുള്ള കാരണമാകരുത്’- എജി വ്യക്തമാക്കി. രാജ്യദ്രോഹ കുറ്റം നിലനില്‍ക്കുമെന്ന 1962 ലെ കേദാര്‍നാഥ് കേസിലെ വിധി പുനപരിശോധിക്കണമെന്ന വാദത്തെയും എജി എതിര്‍ത്തു.

അതേസമയം, അറ്റോര്‍ണി ജനറല്‍ എന്ന നിലക്ക് തന്റെ നിലപാടാണ് പറയുന്നത്. സോളിസിറ്റര്‍ ജനറലിന്റെ അഭിപ്രായം വ്യത്യസ്തമായിരിക്കാം എന്നും എജി ചൂണ്ടിക്കാട്ടി. മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നും കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ചര്‍ച്ച നടത്തേണ്ടതുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു.

ഒരു പൗരന് ഭരണഘടന നല്‍കുന്ന സംരക്ഷണം ഇല്ലാതാകുന്നതാണെന്നും നിയമം സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുന്നുവെന്നും മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു. ഹര്‍ജിയില്‍ ചൊവ്വാഴ്ച അന്തിമവാദം കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി. വിശാലബെഞ്ചിന് വിടുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അതിന് ശേഷം തീരുമാനിക്കുമെന്നും കോടതി അറിയിച്ചു.

ഒരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കുന്നത് നിലവില്‍ തീരുമാനിച്ചില്ലെന്ന് രാഷ്ട്രീയ നയതന്ത്രഞ്ജന്‍ പ്രശാന്ത് കിഷോര്‍ പറഞ്ഞു.

‘ബിഹാറിനെ ശുദ്ധീകരിക്കാനും ശാക്തീകരിക്കാനും ഉള്ള പ്രവര്‍ത്തനമാണ് നടത്തുന്നത്. ബിഹാറില്‍ മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നവര്‍ ഒന്നിച്ച് നില്‍ക്കണം. ബിഹാറില്‍ ഉടനെയൊന്നും ഒരു തിരഞ്ഞെടുപ്പ് നടക്കുന്നില്ല. ഈ സാഹചര്യത്തില്‍ ബിഹാറിന്റെ പ്രശ്നങ്ങള്‍ അറിയുന്ന ജനങ്ങളുമായി സംസാരിക്കും. നിലവില്‍ ജന്‍ സൂരജ് എന്ന പേരില്‍ ജന വികാരം അറിയാനാണുദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി ഒക്ടോബര്‍ രണ്ട് മുതല്‍ ബിഹാറില്‍ 3000 കിലോ മീറ്റര്‍ പദയാത്ര നടത്തും. വരും വര്‍ഷങ്ങളില്‍ ജനങ്ങളിലേക്ക് നേരിട്ടിറങ്ങി ചെല്ലാനാണ് എന്റെ പദ്ധതി. ഇനി ഭാവിയില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കുകയാണെങ്കില്‍ അത് എന്റെ പേരിലായിരിക്കില്ല. പക്ഷെ അത് രൂപീകരിക്കുന്നവരുമായി സഹകരിക്കും’- പ്രശാന്ത് കിഷോര്‍ വ്യക്തമാക്കി.

ന്യൂഡല്‍ഹി: 2020ല്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത കൊവിഡ് മരണ സംഖ്യയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ആറ് ശതമാനം വര്‍ധനയേ ഉണ്ടായിട്ടുള്ളുവെന്ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം. ഇന്ത്യയില്‍ നാല്‍പ്പത് ലക്ഷത്തോളം പേര്‍ കൊവിഡ് ബാധിച്ച് മരിച്ചെന്ന് ലോകാരോഗ്യസംഘടന കണ്ടെത്തിയിട്ടുണ്ടെന്ന വിദേശമാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ തള്ളുകയായിരുന്നു കേന്ദ്രം.

അതേസമയം, 2019 ല്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തത് 76 ലക്ഷം കൊവിഡ് മരണമാണ്. ഇത് 2020 ല്‍ 81 ലക്ഷമായി. ആകെ ആറ് ശതമാനത്തിന്റെ വര്‍ധനയാണ് മഹാമാരി ആഞ്ഞടിച്ച് വര്‍ഷം ഇന്ത്യയിലുണ്ടായെന്നാണ് സിവില്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം കണക്കുകള്‍ സൂചിപ്പിക്കുന്നത്. കൊവിഡ് മരണമായി 2020 ല്‍ രജിസ്റ്റര്‍ ചെയ്തത് 1.42 ലക്ഷമാണെന്നും രജിസ്ട്രാര്‍ ജനറലിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍, ആകെ നാല്‍പ്പത് ലക്ഷം പേര്‍ ഇന്ത്യയില്‍ മാത്രം കൊവിഡ് ബാധിച്ചു മരിച്ചുവെന്ന് ഡബ്ലുഎച്ചഒ കണ്ടെത്തിയതായി വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആഗോള തലത്തില്‍ യഥാര്‍ത്ഥത്തില്‍ ഒരു കോടി അന്‍പത് ലക്ഷം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്നും ലോകാരോഗ്യ സംഘടന കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. നിലവില്‍ 61 ലക്ഷമാണ് ആഗോളതലത്തിലെ കൊവിഡ് മരണക്കണക്ക്.

എന്നാല്‍, ഡബ്ല്യൂഎച്ച്ഒയുമായി ഇക്കാര്യത്തില്‍ പല തവണ ബന്ധപ്പെട്ട് ഇന്ത്യ എതിര്‍പ്പറിയിച്ചിട്ടുണ്ട്.

ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തിന് കാരണമാകുന്ന വൈറസുകൾ പടരുന്നത് വായുവിലൂടെയാണെന്ന കണ്ടെത്തലുമായി ഇന്ത്യൻ ഗവേഷകർ. വായുവിൽ കാണപ്പെടുന്ന വൈറസ് കണികകൾ അണുബാധ പരത്തുമെന്ന് ഗവേഷകർ വ്യക്തമാക്കി. അതേസമയം, രോഗം പടരുന്നതിന് സാഹചര്യമൊരുക്കുന്ന വൈറസ് ലോഡിനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.

വായുവിലൂടെ രോഗം പടരാം എന്ന് മാത്രമാണ് പഠനത്തിൽ തെളിഞ്ഞിട്ടുള്ളത്. മാസ്‌ക് ധരിക്കുന്നതിലൂടെ കോവിഡ് വൈറസ് വ്യാപനത്തെ പ്രതിരോധിക്കാൻ കഴിയുമെന്നും ഗവേഷകർ പറയുന്നു. ആശുപത്രികളിലടക്കം ശാസ്ത്രജ്ഞർ നടത്തിയ കൂട്ടായ പഠനത്തിലാണ് രോഗാണുക്കൾ വായുവിലൂടെ പകരുന്നതായി സ്ഥിരീകരിച്ചത്.

ജേണൽ ഓഫ് എയറോസോൾ സയൻസിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. കോവിഡ് രോഗികൾ താമസിച്ച ഇടത്ത് നിന്നടക്കം അന്തരീക്ഷ വായുവിൽ നിന്നും ശേഖരിച്ച സാമ്പിളുകൾ പഠനവിധേയമാക്കിയ ശേഷമാണ് പഠനം പ്രസിദ്ധീകരിച്ചത്. ആശുപത്രികൾ, കൊവിഡ് രോഗികൾ മാത്രം കുറച്ച് സമയം ചെലവഴിച്ച അടച്ചിട്ട മുറികൾ, ഹോം ക്വാറന്റൈൻ ചെയ്ത കോവിഡ് രോഗികളുടെ വീടുകൾ എന്നിവയിൽ നിന്നും സാമ്പിളുകൾ ശേഖരിച്ച് പഠന വിധേയമാക്കി. അടച്ച സ്ഥലങ്ങളിൽ വായുസഞ്ചാരം ഇല്ലെങ്കിൽ വൈറസിന് കുറച്ച് സമയം വായുവിൽ തുടരാൻ കഴിയുമെന്ന് ഞങ്ങളുടെ ഫലങ്ങൾ കാണിച്ചു. ഒരു മുറിയിൽ രണ്ടോ അതിലധികമോ കൊവിഡ് രോഗികൾ ഉള്ളപ്പോൾ വായുവിൽ വൈറസ് വരുന്നതിന്റെ പോസിറ്റിവിറ്റി നിരക്ക് 75% ആണെന്ന് ഗവേഷകർ കണ്ടെത്തി, ഒന്നോ അതിലധികമോ കൊവിഡ് രോഗിയോ മുറിയിൽ ഇരിക്കുമ്പോൾ 15.8% ആയിരുന്നു,’ പഠനത്തിൽ ഏർപ്പെട്ട ശാസ്ത്രജ്ഞൻ പറഞ്ഞു. പഠനത്തിന്റെ ഫലമായി അണുബാധ പടരാതിരിക്കാൻ മാസ്‌ക് ധരിക്കുന്നത് തുടരാൻ ശാസ്ത്രജ്ഞർ നിർദ്ദേശിക്കുന്നു.

വിവിധ സര്‍ക്കാര്‍ വകുപ്പുകളിലായി 26,000 തസ്തികകളിലെ നിയമനത്തിന് അംഗീകാരം നല്‍കി പഞ്ചാബിലെ ആംആദ്മി സര്‍ക്കാര്‍. അധികാരത്തില്‍ വന്നാല്‍ 25,000 ഒഴിവുകള്‍ നികത്തുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ നല്‍കിയ വാഗ്ദാനമാണ് അധികാരത്തിലേറ്റയുടന്‍ നടപ്പിലാക്കാനൊരുങ്ങുന്നത്. റേഷന്‍ നേരിട്ട് വീടുകളില്‍ വിതരണം ചെയ്യുന്ന പദ്ധതി ആരംഭിക്കുന്നതിനും മന്ത്രിസഭ അനുമതി നല്‍കിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘വിവിധ വകുപ്പുകളിലായി 26,454 തസ്തികകളിലേക്ക് റിക്രൂട്ട്മെന്റിന് അംഗീകാരം നല്‍കി. വരും ദിവസങ്ങളില്‍ ബാക്കി തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും ഞങ്ങള്‍ നിറവേറ്റും. 10,000 പേര്‍ക്ക് പോലീസിലും ബാക്കിയുള്ളവര്‍ക്ക് മറ്റ് വിവിധ വകുപ്പുകളിലും ബോര്‍ഡുകളിലും കോര്‍പ്പറേഷനുകളിലും ജോലി നല്‍കും. മെറിറ്റ് അടിസ്ഥാനത്തില്‍ ജോലി നല്‍കും. ഇതിനായി യാതൊരു തരത്തിലുള്ള വിവേചനവും ശുപാര്‍ശയും കൈക്കൂലിയും ഉണ്ടാകില്ല’- അദ്ദേഹം വ്യക്തമാക്കി. ജൂലൈ 1 മുതല്‍ പഞ്ചാബിലെ എല്ലാ വീടുകള്‍ക്കും 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി ലഭിക്കുമെന്ന് ഭഗവന്ത് മന്‍ നേരത്തെ അറിയിച്ചിരുന്നു. പഞ്ചാബിന്റെ ഭരണം ഏറ്റെടുത്ത് ഒരു മാസത്തിനു ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

അതേസമയം, അധ്യാപക ജീവനക്കാരുടെ കുറവ് നികത്താന്‍ 10,500 അധ്യാപകരെ ഉടന്‍ റിക്രൂട്ട് ചെയ്യുമെന്നും, സംസ്ഥാനത്തെ വിദ്യാഭ്യാസ സമ്പ്രദായം ശക്തിപ്പെടുത്താന്‍ എഎപി സര്‍ക്കാരിന് പ്രതിജ്ഞാബദ്ധതയുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി ഗുര്‍മീത് സിംഗ് മീത് ഹെയര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, പ്രതിവര്‍ഷം സംസ്ഥാനത്ത് 5000 കോടി രൂപയുടെ അധിക ബാധ്യത കൂടി ഉണ്ടാക്കുന്നതാണ് ഈ പ്രഖ്യാപനം.

തിരുവനന്തപുരം: ടോൾ പിരിവിൽ അടിമുടി മാറ്റത്തിന് തയ്യാറെടുത്ത് കേന്ദ്ര സർക്കാർ. ഇനി മുതൽ സഞ്ചരിക്കുന്ന ദൂരം കണക്കാക്കി മാത്രമായിരിക്കും ടോൾ തുക ഈടാക്കുകയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. വാഹനങ്ങൾ ദേശീയപാതകളിൽ സഞ്ചരിക്കുന്ന ദൂരം കണക്കാക്കി ടോൾ ഈടാക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനമെന്നാണ് പുറത്തു വരുന്ന വിവരം. ഉപഗ്രഹ സംവിധാനം ഉപയോഗിച്ചായിരിക്കും ടോൾ പിരിവെന്നും 1.37 ലക്ഷത്തിലേറെ വാഹനങ്ങളിൽ പരീക്ഷണം തുടങ്ങിയെന്നും വിവരമുണ്ട്.

നിലവിൽ രണ്ട് ടോളുകൾക്കിടയിൽ പിന്നിടുന്ന ദൂരത്തിന് മുഴുവനും നിശ്ചിത ടോൾ നൽകുന്ന രീതിയാണ് പിന്തുടരുന്നത്. ഇത് പരിഷ്‌കരിച്ച് യാത്ര ചെയ്യുന്ന കിലോമീറ്റർ കണക്കാക്കി തുക ഈടാക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. അങ്ങനെ വരുമ്പോൾ നികുതി പിരിവ് കാര്യക്ഷമമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം, പുതിയ സംവിധാനം ഏർപ്പെടുത്തുന്നതിന് മുൻപ് ഗതാഗത നയത്തിൽ തന്നെ കേന്ദ്രസർക്കാർ മാറ്റം വരുത്തേണ്ടി വരും. റഷ്യയിൽ നിന്നും ദക്ഷിണ കൊറിയയിൽ നിന്നുമുള്ള വിദഗ്ദ്ധരുടെ സഹായത്തോടെ ഇതുസംബന്ധിച്ച പഠനങ്ങൾ പുരോമിക്കുകയാണ്. പുതിയ ടോൾ പദ്ധതി നടപ്പായാൽ നിരത്തുകളിൽ നിന്ന് ടോൾ പ്ലാസകൾ ഒഴിവാകും.

മുംബൈ: കൊടും ചൂടിൽ വലഞ്ഞ് മഹാരാഷ്ട്ര. വരും ദിവസങ്ങളിലും ഉഷ്ണ തരംഗം തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മഹാരാഷ്ട്രയിൽ 2022 ൽ ഇതുവരെ 25 പേരാണ് സൂര്യാഘാതമേറ്റ് മരിച്ചത്. കഴിഞ്ഞ 6 വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന കണക്കാണിത്.

വിദർഭമേഖലയിൽ മാത്രം മരിച്ചത് 15 പേരാണ്.ചന്ദ്രപ്പൂർ പോലെ ചില ജില്ലകളിലെ താപനില ശരാശരി 46 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്. മാർച്ച് – ഏപ്രിൽ മാസത്തിൽ മാത്രം സംസ്ഥാനത്ത് 400 ഓളം പേർക്ക് സൂര്യാഘാതമേറ്റിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ ഗ്രാമങ്ങളിൽ കുടിവെള്ള ക്ഷാമവും അനുഭവപ്പെടുന്നുണ്ട്.

അതേസമയം, ഉഷ്ണ തരംഗം തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രം ജാഗ്രതാ നിർദ്ദേശം നൽകി. ആശുപത്രികളിൽ മതിയായ സംവിധാനങ്ങൾ ഒരുക്കണമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി. ഐവി ഫ്‌ളൂയിഡ്, ഓആർഎസ് ലായനി, ഐസ് പാക്ക് എന്നിവയുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും നിർദ്ദേശമുണ്ട്. ജനങ്ങൾ കഴിവതും വീടുകളിൽ കഴിയണമെന്നും പുറത്തിറങ്ങിയാൽ കുടയോ, തൊപ്പിയോ കരുതണമെന്നും കേന്ദ്രം അറിയിച്ചു. തൊഴിലിടങ്ങളിൽ കുടിവെള്ളം കരുതണം, പൊതു സ്ഥലങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് തൊഴിലുടമകൾ വിശ്രമിക്കാൻ സൗകര്യം ഒരുക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.