രണ്ടു കോടി രൂപയ്ക്ക് ചിത്രം വാങ്ങാൻ നിർബന്ധിച്ചു; പ്രിയങ്ക ഗാന്ധിക്കെതിരെ മൊഴി നൽകി യെസ് ബാങ്ക് മുൻ ചെയർമാൻ

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിക്കെതിരെ മൊഴി നൽകി യെസ് ബാങ്ക് മുൻ ചെയർമാൻ റാണാ കപൂർ. രണ്ടു കോടി രൂപയ്ക്ക് എം എഫ് ഹുസൈന്റെ ചിത്രം വാങ്ങാൻ പ്രിയങ്ക ഗാന്ധി നിർബന്ധിച്ചെന്നും പത്മഭൂഷൺ വാഗ്ദാനം നൽകിയെന്നുമാണ് യെസ് ബാങ്ക് കേസിൽ അറസ്റ്റിലായ റാണാ കപൂർ നൽകിയിരിക്കുന്ന മൊഴി.

കോൺഗ്രസ് നേതാവായ മുരളി ദേവ്‌റ പ്രിയങ്ക ഗാന്ധിയിൽ നിന്ന് എം എഫ് ഹുസൈന്റെ രണ്ടു കോടി വില വരുന്ന ചിത്രം വാങ്ങാൻ തന്നെ സമീപിപ്പിരുന്നുവെന്നും ഇദ്ദേഹം വഴിയാണ് പത്മഭൂഷൺ വാഗ്ദാനം നൽകിയതെന്നും റാണാ കപൂർ എൻഫോഴ്‌സ്‌മെന്റിനോട് വെളിപ്പെടുത്തി. ചിത്രം വാങ്ങിയ തുക സോണിയ ഗാന്ധിയുടെ ചികിത്സയ്ക്കായി ഉപയോഗിച്ചു. പത്മപുരസ്‌കാരം ലഭിച്ചില്ലെന്നും റാണ ഇഡിയോട് പറഞ്ഞു.

രണ്ട് കോടി രൂപയുടെ ചെക്ക് മുരളി ദേവ്‌റ ആവശ്യപ്പെട്ട പ്രകാരമാണ് നൽകിയത്. പെയിന്റിംഗ് വിറ്റുകിട്ടിയ പണം സോണിയയുടെ ചികിത്സയ്ക്കായി വിനിയോഗിച്ചെന്ന് അന്തരിച്ച മുരളി ദേവ്റയുടെ മകൻ മിലിന്ദ് ദേവ്‌റ പിന്നീട് തന്നോട് രഹസ്യമായി പറഞ്ഞതായും റാണ കപൂർ വ്യക്തമാക്കിയതായി ഇഡി കുറ്റപത്രത്തിൽ വിശദീകരിക്കുന്നു. ഡിഎച്ച്എഫ്എൽ പ്രമോട്ടർമാരായ കപിൽ, ധീരജ് വാധവൻ എന്നിവർക്കെതിരെ ഇഡി സമർപ്പിച്ച രണ്ടാമത്തെ അനുബന്ധ കുറ്റപത്രത്തിലാണ് പ്രിയങ്ക ഗാന്ധിക്കും മുരളി ദേവ്‌റക്കുമെതിരെ മൊഴിയുള്ളത്.