കശ്മീരിൽ 20,000 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ന്യൂഡൽഹി: ജമ്മു കശ്മീരിൽ വികസനത്തിന് വേഗം പകർന്ന് കേന്ദ്ര സർക്കാർ. കശ്മീരിൽ 20,000 കോടിയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. വികസനത്തിനും ജനാധിപത്യത്തിനും കശ്മീർ പുതിയ ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു. വികസനത്തിന്റെ പുതുവഴി തുറന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ക്വാർ ജലവൈദ്യുത പദ്ധതിയ്ക്കും അദ്ദേഹം തറക്കല്ലിട്ടു. 3,100 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ച 8.45 കിലോമീറ്റർ നീളമുള്ള ബനിഹൽഖാസിഗുണ്ട് ടണലിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു.

ജമ്മു കശ്മീരിൽ ജനാധിപത്യം താഴെത്തട്ടിൽ വരെയെത്തിയത് അഭിമാനകരമായ കാര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വികസനത്തിന്റെ സന്ദേശം നൽകാനാണ് താൻ കശ്മീരിൽ വന്നിരിക്കുന്നത്. അംബേദ്കറുടെ സന്ദേശം മോദി സർക്കാർ നടപ്പാക്കും. വർഷങ്ങളായി സംവരണാനുകൂല്യം കിട്ടാതിരുന്ന ആളുകൾക്ക് അത് ഇപ്പോൾ ലഭിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

2019 ഓഗസ്റ്റിൽ കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയ ശേഷം ആദ്യമായാണ് ഇവിടേക്ക് പ്രധാനമന്ത്രി സന്ദർശനത്തിനായെത്തുന്നത്. ഡൽഹി അമൃത്സർ എക്‌സ്പ്രസ്വേയ്ക്കും അദ്ദേഹം തറക്കല്ലിടും. ജലസ്രോതസ്സുകളെ പുനരുജ്ജീവിപ്പിക്കാനുള്ള അമൃത് സരോവർ പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിക്കും.