National (Page 804)

ന്യൂഡൽഹി: 2022 ൽ 36 റഫാൽ യുദ്ധവിമാനങ്ങളും ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി മാറുമെന്ന് വ്യോമസേന മേധാവി ആർകെഎസ് ബദൗരിയ. ദുണ്ഡിഗലിൽ നടന്ന എയർഫോഴ്സ് അക്കാദമിയുടെ സംയുകത ബിരുദദാന ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2022 ആണ് റഫാൽ യുദ്ധവിമാനങ്ങൾ എത്തേണ്ട അന്തിമസമയം. കോവിഡ് സംബന്ധമായ പ്രശ്നങ്ങൾ കാരണമാണ് ചില കാലതാമസം നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ചില റഫാൽ യുദ്ധവിമാനങ്ങൾ പറഞ്ഞ സമയത്തേക്കാൾ നേരത്തെ എത്തിക്കഴിഞ്ഞിട്ടുണ്ട്. ഇക്കാര്യം കണക്കിലെടുത്താൽ റഫാൽ യുദ്ധവിമാനങ്ങൾ വ്യോമസേനയിൽ ഭാഗമായി മാറ്റുന്ന പദ്ധതിയുടെ കാര്യത്തിൽ സമയബന്ധിതമായി മുന്നേറുകയാണെന്നും അദ്ദേഹം വ്യക്തമാക്കി, 2022 ഏപ്രിൽ മാസത്തോടെ മുഴുവൻ റഫാൽ ജെറ്റുകളും എത്തുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് നേരത്തെ അറിയിച്ചിരുന്നു. 2016 സെപ്തംബറിലാണ് ഫ്രാൻസിൽ നിന്നും 36 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാറിൽ ഇന്ത്യ ഒപ്പുവെച്ചത്. 59,000 കോടി രൂപയുടേതാണ് കരാർ. കരാറിന്റെ ഭാഗമായി 18 റഫാൽ യുദ്ധവിമാനങ്ങളാണ് ഇതുവരെ രാജ്യത്തെത്തിയത്.

ഫ്രഞ്ച് വ്യോമയാന മേഖലയിലെ അതികായൻമാരായ ഡസോൾട്ട് ഏവിയേഷനാണ് ഇന്ത്യയ്ക്ക് റഫാൽ വിമാനങ്ങൾ നിർമ്മിച്ച് നൽകുന്നത്. രാത്രിയും പകലും ഒരുപോലെ ആക്രമണ ശേഷിയുണ്ടെന്നതാണ് റഫാൽ യുദ്ധവിമാനങ്ങളുടെ സവിശേഷത. മണിക്കൂറിൽ 1912 കിലോമീറ്റർ വേഗതയിൽ കുതിക്കാനുള്ള ശേഷിയുും റഫാൽ വിമാനങ്ങൾക്കുണ്ട്.

vaccine

ന്യൂഡല്‍ഹി: രാജ്യത്ത് പുതുക്കിയ വാക്സിന്‍ നയം ഇന്നു മുതല്‍. വാക്സിന്റെ സംഭരണവും വിതരണവും പൂര്‍ണ്ണമായും കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തുകൊണ്ടായിരിക്കും ഇനി പ്രവര്‍ത്തനങ്ങള്‍. ഇതിന്റെ ഭാഗമായി ഇനിമുതല്‍ 18 വയസ്സിന് മുകളിലുള്ളവരുടെ വാക്സിനേഷന്‍ സൗജന്യമായിരിക്കും.

ഇന്ത്യയിലെ വാക്സിനൊപ്പം വിദേശവാക്സിനുകളും എത്തിയ സാഹചര്യത്തില്‍ രാജ്യത്ത് എല്ലായിടത്തും വാക്സിനെത്തുക എന്നത് പ്രധാനകാര്യമാണ്. കേന്ദ്രീകൃത സമ്പ്രദായത്തിലൂടെ മാത്രമേ വിലനിയന്ത്രിക്കാനും വിതരണത്തിലെ സന്തുലിതാവസ്ഥ നിയന്ത്രിക്കാനാകു എന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

ന്യൂഡല്‍ഹി: വ്യാപകമായ പണം തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് എസ് ബി ഐയുടെ ഡെപ്പോസിറ്റ് മെഷിനായ എഡിഡബ്ല്യുഎംഎസില്‍ നിന്ന് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പണം പിന്‍വലിക്കാന്‍ കഴിയില്ലെന്ന് എസ്ബിഐ. കാരണം കണ്ടെത്തി പരിഹരിക്കാന്‍ ബാങ്ക് ഐ ടി വിഭാഗം ശ്രമം തുടങ്ങി. അതിനിടെ എസ് ബി ഐ വിവിധ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഇന്ന് തടസപ്പെടും.

അതേസമയം, ഇന്റര്‍നെറ്റ് ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ അക്കൗണ്ട് ബാലന്‍സ് പരിശോധിക്കേണ്ടി വന്നാല്‍ നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്ന് ഒരു എസ്എംഎസ് അയച്ചാല്‍ മതിയാകും. എന്നാല്‍ ഈ എസ്ബിഐ സേവനത്തിനായി നിങ്ങള്‍ ആദ്യം രജിസ്റ്റര്‍ ചെയ്യണം. എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്ക് ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്ന് 09223488888 എന്ന നമ്പറിലേക്ക ‘REG അക്കൗണ്ട് നമ്പര്‍’ എന്ന് എസ്എംഎസ് അയയ്ക്കാം.

ഈ അഭ്യര്‍ത്ഥനയ്ക്ക് ശേഷം, നിങ്ങള്‍ക്ക് ബാങ്കില്‍ നിന്ന് രജിസ്‌ട്രേഷന്‍ സ്ഥിരീകരണ മെസേജ് ലഭിക്കും.അക്കൗണ്ട് ഉടമകള്‍ അവരുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്ന് ടോള്‍ഫ്രീ നമ്പറായ 9223766666ലേക്ക് ഒരു മിസ്ഡ് കോള്‍ നല്‍കുക. മിനി സ്റ്റേറ്റ്‌മെന്റ്, ഇ-സ്റ്റേറ്റ്‌മെന്റ് (കഴിഞ്ഞ ആറുമാസം), ഭവനവായ്പ സര്‍ട്ടിഫിക്കറ്റ് സ്റ്റേറ്റ്‌മെന്റ്, വിദ്യാഭ്യാസ വായ്പ സര്‍ട്ടിഫിക്കറ്റ് സ്റ്റേറ്റ്‌മെന്റ്, എടിഎം കോണ്‍ഫിഗറേഷന്‍, എടിഎം പിന്‍ സൃഷ്ടിക്കല്‍, കാര്‍, ഭവന വായ്പ വിശദാംശങ്ങള്‍, സാമൂഹിക സുരക്ഷാ പദ്ധതികള്‍ എന്നിവ ഉള്‍പ്പെടെ നിരവധി ബാങ്ക് സേവനങ്ങള്‍ ലഭിക്കാന്‍ ഒരു മിസ്ഡ് കോള്‍ നല്‍കിയാല്‍ മതി.

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കൂടുതൽ അടുക്കുന്നതാണ് നല്ലതെന്ന് ചൂണ്ടിക്കാട്ടി ശിവസേന എം.എൽ.എ പ്രതാപ് സർനായിക് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കത്തയച്ചതായി റിപ്പോർട്ട്. കോൺഗ്രസും എൻ.സി.പിയും ശിവസേനയെ ദുർബലപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നാണ് കത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ മഹാസംഖ്യത്തിൽ വിള്ളൽ വീണുവെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.

പ്രധാനമന്ത്രി മോദിയുമായി അടുക്കുന്നതാണ് നല്ലത്. വീണ്ടും ബി.ജെ.പിയുമായി ഒന്നിച്ചാൽ അത് പാർട്ടിക്കും പ്രവർത്തകർക്കും ഗുണം ചെയ്യുമെന്ന് കത്തിൽ വിശദീകരിക്കുന്നു. നരേന്ദ്ര മോദിയുമായി അടുക്കുകയാണെങ്കിൽ, താനും അനിൽ പരബ് ഉൾപ്പെടെയുള്ള നേതാക്കളും കുടുംബവും ഇപ്പോൾ അനുഭവിക്കുന്ന പ്രയാസങ്ങളിൽ നിന്ന് രക്ഷപ്പെടുമെന്നും പ്രതാപ് സർനായിക് വ്യക്തമാക്കുന്നു.

മഹാരാഷ്ട്രയിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വെളിപ്പെടുത്തി പിസിസി അദ്ധ്യക്ഷൻ നാന പടോലെ രംഗത്തെത്തിയിരുന്നു. താൻ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്നും നാന പടോലെ പ്രസ്താവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്ധവ് താക്കറെയ്ക്ക് പ്രതാപ് സർനായിക് കത്തയച്ചത്.

പ്രതാപ് സർനായിക്കിന്റെ കത്തിനെ പിന്തുണച്ച് ശിവസേനാ വക്താവ് സഞ്ജയ് റൗത്ത് രംഗത്തെത്തിയിരുന്നു.

aisha

കവരത്തി: സിനിമാ പ്രവർത്തക ഐഷാ സുൽത്താനയെ കവരത്തി പൊലീസ് ചോദ്യം ചെയ്തു. രാജ്യദ്രോഹക്കുറ്റം ചുമത്തി പ്രതിചേർക്കപ്പെട്ട കേസിലാണ് ഐഷാ സുൽത്താനയെ ചോദ്യം ചെയ്തത്. മൂന്ന് മണിക്കൂർ നേരം ചോദ്യം ചെയ്ത ശേഷം ഐഷാ സുൽത്താനയെ പോലീസ് വിട്ടയച്ചു.

ആവശ്യമെങ്കിൽ ഐഷാ സുൽത്താനയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. മൂന്ന് ദിവസം ലക്ഷദ്വീപിൽ തുടരണമെന്നും പോലീസ് ഐഷാ സുൽത്താനയോട് നിർദ്ദേശിച്ചു.

ഞായറാഴ്ച്ച വൈകീട്ട് നാല് മണിയോടെ കവരത്തിയിലെ പോലീസ് ഹെഡ് ക്വാർട്ടേഴ്‌സിൽ അഭിഭാഷകനോടെപ്പമാണ് ഐഷാ സുൽത്താന ചോദ്യം ചെയ്യലിന് ഹാജരായത്. ചാനൽ ചർച്ചയ്ക്കിടെ നടത്തിയ ബയോവെപ്പൺ പരാമർശത്തിന്റെ പേരിലാണ് ഐഷാ സുൽത്താനയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്. ലക്ഷദ്വീപ് ബിജെപി അദ്ധ്യക്ഷനാണ് ഐഷയ്‌ക്കെതിരെ പരാതി നൽകിയത്.

ദിസ്പൂർ: രണ്ടിൽ കൂടുതൽ കുട്ടികളുള്ളവരെ സർക്കാർ പദ്ധതികളിൽ നിന്നും ഒഴിവാക്കാനൊരുങ്ങി അസം. രണ്ടിൽ അധികം കുട്ടികൾ ഉള്ളവർക്ക് സർക്കാർ ജോലി നൽകില്ലെന്നാണ് അസം സർക്കാരിന്റെ തീരുമാനം. ഇത്തരക്കാർക്ക് കേന്ദ്ര- സംസ്ഥാന സർക്കാർ ആനുകൂല്യങ്ങൾ നൽകേണ്ടതില്ലെന്നും സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ജനസംഖ്യാ നിയന്ത്രണത്തിന്റെ ഭാഗമായി രണ്ട് കുട്ടികൾ നയം സംസ്ഥാനത്ത് കർശനമായി നടപ്പിലാക്കും. കേന്ദ്ര-സംസ്ഥാന സർക്കാർ ആനുകൂല്യങ്ങൾ രണ്ട് കുട്ടികൾ മാത്രമുള്ള കുടുംബങ്ങൾക്ക് മാത്രമായി ചുരുക്കാനാണ് തീരുമാനം. രണ്ടിലധികം കുട്ടികളുള്ളവരെ ആനുകൂല്യങ്ങൾക്കായി പരിഗണിക്കില്ല. പോപ്പുലേഷൻ ആൻഡ് വിമൻ എംപവർമെന്റ് പോളിസീസ് ഓഫ് അസം അനുസരിച്ചാണ് സർക്കാർ ജോലികളിൽ നിന്നും രണ്ടിൽ അധികം കുട്ടികളുള്ളവരെ ഒഴിവാക്കുന്നത്. ആദ്യ ഘട്ടത്തിൽ നാലു മുതൽ അഞ്ചുവരെ കുട്ടികളുള്ളവരെയാണ് ഒഴിവാക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

ജനസംഖ്യാ നിയന്ത്രണത്തിനായി കുടുംബാസൂത്രണ നയം നടപ്പിലാക്കുമെന്ന് ജൂൺ മാസം ആദ്യവാരമാണ് ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചത്. ഇതിനായി ന്യൂനപക്ഷങ്ങളോട് കുടുംബാസൂത്രണ നയം സ്വീകരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ജനസംഖ്യ വർദ്ധിക്കുന്നത് ദാരിദ്ര്യത്തിനും, ഭൂമി കയ്യേറ്റങ്ങൾ വർദ്ധിക്കുന്നതിനും കാരണമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് രണ്ട് കുട്ടികൾ നയം നടപ്പിലാക്കാൻ അസം സർക്കാർ തീരുമാനിച്ചത്.

വായ്പ എഴുതിത്തള്ളൽ, ക്ഷേമ പദ്ധതികൾ, തദ്ദേശ സ്ഥാപനങ്ങളിലെ പദവികൾ തുടങ്ങിയവയെല്ലാം ഇനി ജനസംഖ്യ നയമനുസരിച്ചാകും നൽകുക. എന്നാൽ തേയിലത്തൊട്ടങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കും പട്ടിക വിഭാഗങ്ങളിൽ നിന്നുള്ളവർക്കും പട്ടിക ജാതിക്കാർക്കും പുതിയ മാനദണ്ഡങ്ങളിൽ നിന്ന് ഇളവുകളുണ്ടാകും.

ന്യൂഡൽഹി: മിനിമം വേതനവുമായി ബന്ധപ്പെട്ട തീരുമാനം വൈകിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്രസർക്കാർ. കേന്ദ്ര തൊഴിൽ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. മിനിമം വേതനം നിശ്ചയിക്കാൻ വിദഗ്ധ സമിതിക്ക് മൂന്ന് വർഷം കാലാവധി നിശ്ചയിക്കുന്നത് തീരുമാനം വൈകിപ്പിക്കാനാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് പിന്നാലെ കേന്ദ്രം ഇക്കാര്യം വിശദീകരിച്ചത്.

വിദഗ്ധ സമിതി പരമാവധി വേഗത്തിൽ റിപ്പോർട്ട് സമർപ്പിക്കും. കാലാവധി മൂന്ന് വർഷമാക്കിയത് മിനിമം വേതനം നിശ്ചയിച്ച ശേഷവും സമിതിയോട് പല കാര്യത്തിലും അഭിപ്രായം തേടേണ്ടി വരുമെന്നത് കൊണ്ടാണെന്നും കേന്ദ്രം അറിയിച്ചു. ജൂൺ മൂന്നിനാണ് മിനിമം വേതനം നിശ്ചയിക്കാൻ വിദഗ്ധ സമിതിയെ നിയമിച്ചതായി കേന്ദ്രസർക്കാർ വ്യക്തമാക്കിയത്. സാമ്പത്തിക വിദഗ്ദ്ധൻ അജിത് മിശ്രയാണ് വിദഗ്ധ സമിതിയുടെ അധ്യക്ഷൻ. മൂന്ന് വർഷമാണ് വിദഗ്ധ സമിതിയുടെ കാലാവധി.

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്ന് കാണിച്ച് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. കൊവിഡ് മരണങ്ങള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് വിശദീകരണം. ദുരന്ത നിവാരണ നിയമപ്രകാരമുള്ള സഹായം കൊവിഡ് മൂലം മരിക്കുന്നവര്‍ക്ക് ഈ ധന സഹായത്തിന് അര്‍ഹതയില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

വിഷയത്തില്‍ സുപ്രീം കോടതി ഇടപെടരുതെന്നും 183 പേജുള്ള സത്യവാങ്മൂലത്തില്‍ പറയുന്നു. നഷ്ട പരിഹാരം നല്‍കാനുള്ള സാമ്പത്തിക സ്ഥിതി സംസ്ഥാന സര്‍ക്കാരുകള്‍ക്കുമില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഹര്‍ജി നാളെ പരിഗണിക്കും.

ന്യൂഡല്‍ഹി : രാജ്യത്ത് സിനിമാവ്യാജപതിപ്പുകള്‍ നിര്‍മിക്കുന്നവര്‍ക്ക് തടവ് ശിക്ഷയും പിഴയും നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശ നല്‍കി. ഇത് സംബന്ധിച്ച കേന്ദ്രം കരട് ബില്‍ തയ്യാറാക്കി കഴിഞ്ഞു.ഇതോടൊപ്പം സിനിമാനയങ്ങള്‍ സമഗ്രമായി പരിഷ്‌ക്കരിക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ സിനിമപ്രദര്‍ശനത്തിന് അനുമതി നല്‍കുന്നത് സെന്‍സര്‍ ബോര്‍ഡാണ്.

എന്നാല്‍ പുതിയ ഭേദഗതി അനുസരിച്ച് നിയമപ്രകാരം സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തിലിടപെടാന്‍ കേന്ദ്രസര്‍ക്കാരിന് സാധിക്കും. വ്യാജപതിപ്പിറക്കിയതായി പരാതി ലഭിച്ചാല്‍ സെന്‌സര്‌ബോര്‍ഡ് അനുമതി നല്കിയ സിനിമകള്‍ കേന്ദ്രത്തിന് പുനഃപരിശോധിക്കാം.കരട് ബില്ലില്‍ കേന്ദ്ര സര്‍ക്കാര്‍ പൊതുജനാഭിപ്രായം തേടി. ജൂലൈ രണ്ടിനുള്ളില് അഭിപ്രായം വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തെ അറിയിക്കാനാണ് നിര്‍ദ്ദേശം നല്കിയിരിത്തുന്നത്.

ന്യൂഡല്‍ഹി: സിസ്റ്റര്‍ ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കിയ സംഭവത്തില്‍ ചീഫ് സെക്രട്ടറിക്കും എഫ്‌സിസി സുപ്പീരിയര്‍ ജെനറല്‍ സിസ്റ്റര്‍ ആന്‍ ജോസഫിനും കത്തയച്ച് ദേശീയ വനിതാ കമ്മീഷന്‍. സംഭവത്തില്‍ വിശദീകരമം ആവശ്യപ്പെട്ടാണ് കമ്മിഷന്‍ കത്തയച്ചിരിക്കുന്നത്..സഭാ നിയമങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന് കാട്ടി ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ 2019 മെയിലാണ് സിസ്റ്റര്‍ ലൂസി കളപ്പുരയോട് മഠത്തില്‍ നിന്നും പുറത്തുപോകാനാവശ്യപ്പെട്ടത്.