ശതകോടീശ്വരൻ ഗൗതം അദാനിയുമായി കൂടിക്കാഴ്ച്ച നടത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി; ചർച്ചയായി പ്രതിരോധവും ബഹിരാകാശ മേഖലയും

അഹമ്മദാബാദ്: ദ്വിദിന ഇന്ത്യാ സന്ദർശനത്തിനെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജ്യത്തെ ഒരു ശതകോടീശ്വരനുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അദാനി ഗ്രൂപ്പ് ചെയർമാനായ ഗൗതം അദാനിയുമായാണ് ബോറിസ് ജോൺസൺ കൂടിക്കാഴ്ച്ച നടത്തിയത്. അഹമ്മദാബാദിൽ അദാനി ഗ്രൂപ്പിന്റെ ശാന്തിഗ്രാമിലെ ആസ്ഥാനത്ത് വെച്ചായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച്ച. നിരവധി വിഷയങ്ങളെ കുറിച്ച് ഇരുവരും സംസാരിച്ചുവെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ച ദേശീയ ഹൈഡ്രജൻ മിഷൻ ഗ്രീൻ എച്ച്2 പദ്ധതിയെ കുറിച്ച് ചർച്ച ചെയ്തുവെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ഗൗതം അദാനി ട്വീറ്റ് ചെയ്തു. പ്രതിരോധ, ബഹിരാകാശ സാങ്കേതിക വിദ്യാ രംഗത്ത് യുകെ കമ്പനികളുടെ സഹകരണത്തോടെയുള്ള പദ്ധതികളെ കുറിച്ചും സംസാരിച്ചുവെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

പ്രതിരോധ രംഗത്തെ വികസനത്തിന് 2030 ഓടെ 300 ബില്യൺ ഡോളറിന്റെ പദ്ധതികളും മറ്റ് പ്രധാനപദ്ധതികളും എങ്ങനെ അദാനി ഗ്രൂപ്പും ബ്രിട്ടീഷ് കമ്പനികളുമായി നടത്താൻ സാധിക്കുമെന്നതിന്റെ ചർച്ചകളാണ് നടന്നത്. യുവ ഇന്ത്യക്കാർക്ക് അപേക്ഷിക്കാവുന്ന ബ്രിട്ടീഷ് സർക്കാരിന്റെ അഭിമാനമായ സ്‌കോളർഷിപ്പ് പദ്ധതിയായ ഷെവെനിംഗ് സ്‌കോളർഷിപ്പും അദാനി പ്രഖ്യാപിച്ചു.

ജൂൺ 28 ന് ലണ്ടനിൽ നടക്കുന്ന ഇന്ത്യ-യുകെ കാലാവസ്ഥ സയൻസ്-സാങ്കേതികവിദ്യ ഉച്ചകോടിയിലേക്ക് അദാനി, ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ക്ഷണിക്കുകയും ചെയ്തു. ഇന്ത്യൻ പ്രധാനമന്ത്രി മോദിയുടെ പ്രത്യേക സുഹൃത്ത് എന്നാണ് ബോറിസ് ജോൺസൺ അദാനിയ്ക്ക് നൽകിയ വിശേഷണം.