National (Page 417)

ന്യൂഡൽഹി: ബിജെപിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ആംആദ്മി പാർട്ടി. കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി സർക്കാരിനെ മറിച്ചിടാൻ ബിജെപി അഞ്ചു കോടിക്ക് എംഎൽഎമാരെ വിലക്കെടുക്കാൻ നോക്കിയെന്നാണ് ആം ആദ്മി പാർട്ടി ആരോപിക്കുന്നത്. ബിജെപിയുടെ ശ്രമത്തെ തങ്ങൾ പരാജയപ്പെടുത്തിയെന്നും ഡൽഹിയിലും ഓപ്പറേഷൻ താമരയ്ക്ക് ബിജെപി ശ്രമം നടത്തുകയാണെന്നും ആംആദ്മി നേതാവ് സൗരഭ് ഭരദ്വാജ് വ്യക്തമാക്കി. ഇതിന് തെളിവായി 2014-ലെ ഒരു വീഡിയോയും അദ്ദേഹം പുറത്തുവിട്ടു. വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ബിജെപിയെ അല്ലാതെ മറ്റ് സർക്കാരിനെ വോട്ടർമാർ തിരഞ്ഞെടുക്കുമ്പോൾ ആ സർക്കാരിനെ മറിച്ചിടാനുള്ള ശ്രമങ്ങൾക്ക് ബിജെപി തുടക്കമിടുന്നു. ഇതിനെയാണ് ഓപ്പറേഷൻ താമരയെന്ന് പറയുന്നത്. മനീഷ് സിസോദിയയെ മുഖ്യമന്ത്രിയാക്കാമെന്ന് പറഞ്ഞ് സമീപിച്ച നേതാക്കൾ ആരൊക്കെയാണെന്ന് ശരിയായ സമയത്ത് വെളിപ്പെടുത്തുമെന്നും അത് എപ്പോൾ വേണമെന്ന് ഞങ്ങളുടെ മുതിർന്ന നേതാക്കൾ തീരുമാനിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ആം ആദ്മി പാർട്ടിയെ പിളർത്തി തങ്ങൾക്കൊപ്പം ചേർന്നാൽ സിബിഐ, ഇഡി കേസുകളിൽ നിന്ന് ഒഴിവാക്കാമെന്ന സന്ദേശം ബിജെപിയിൽ നിന്ന് ലഭിച്ചുവെന്നാണ് അദ്ദേഹം ആരോപിക്കുന്നത്.

ഗൂഢാലോചനക്കാർക്കും അഴിമതിക്കാർക്കും മുന്നിൽ താൻ ഒരിക്കലും തലകുനിക്കില്ല. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം തെറ്റാണ്. താൻ മഹാറാണാ പ്രതാപിന്റെ പിൻഗാമിയും രജപുത്രനുമാണ്. തല പോയാലും താൻ ബിജെപിയിലേക്ക് പോകില്ല. തനിക്കെതിരെ സിബിഐ രജിസ്റ്റർ ചെയ്ത കേസുകൾ വ്യാജമാണ്. കേസുകളെടുത്ത് വിരട്ടാൻ നോക്കേണ്ടെന്നും അദ്ദേഹം അറിയിച്ചു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഗുജറാത്തിലെത്തിയപ്പോഴാണ് മനീഷ് സിസോദിയ ഇക്കാര്യം അറിയിച്ചത്. ഗുജറാത്തിൽ ഡൽഹി മോഡൽ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. പ്രധാനമന്ത്രി നരേന്ദ്ര മോദി എപ്പോഴും ആളുകളെ ശാക്തീകരിക്കുന്നതിലാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സൗജന്യങ്ങൾ കൊടുക്കുന്നതിൽ അല്ല അദ്ദേഹം വിശ്വസിക്കുന്നതെന്നും നദ്ദ വ്യക്തമാക്കി. മോദി@20: ഡ്രീംസ് മീറ്റ് ഡെലിവറി എന്ന പുസ്തകത്തെക്കുറിച്ചുള്ള ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2014 മുതൽ മോദി സർക്കാർ ആരംഭിച്ച നിരവധി ക്ഷേമ പരിപാടികൾ സമൂഹത്തിന് ഗുണം ചെയ്തു. സൗജന്യങ്ങൾ വിതരണം ചെയ്യുകയല്ല, യഥാർത്ഥ ശാക്തീകരണമാണ് ലക്ഷ്യം. ശാക്തീകരണത്തെക്കുറിച്ചാണ് അദ്ദേഹം എപ്പോഴും സംസാരിക്കുന്നതെന്ന് നദ്ദ അഭിപ്രായപ്പെട്ടു. ശുചിത്വത്തിനായുള്ള സ്വച്ഛതാ അഭിയാൻ, പാവപ്പെട്ടവർക്ക് പാചക വാതക സിലിണ്ടറുകൾ നൽകുന്ന ഉജ്ജ്വല പദ്ധതി, ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയ പദ്ധതികളെ പരാമർശിച്ചായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

ദലിതുകൾ, യുവാക്കൾ, സ്ത്രീകൾ എന്നിവർക്ക് പുറമെ സമൂഹത്തിലെ പാവപ്പെട്ടവരുടെയും ദരിദ്രരുടെയും ചൂഷണത്തിന് വിധേയരായവരുടെയും ശാക്തീകരണത്തിലാണ് മോദി ശ്രമിക്കുന്നത്. അദ്ദേഹത്തിൻറെ നയങ്ങൾക്കും പരിപാടികൾക്കും പിന്നിൽ ഒരു തത്ത്വചിന്തയുണ്ട്. അവ സമൂഹത്തിന് ഗുണം ചെയ്യും. മാലിന്യം പെറുക്കുന്നതിന്റെ വീഡിയോകളുടെ പേരിൽ കോൺഗ്രസ് മോദിയെ പരിഹസിക്കുക പതിവായിരുന്നു, എന്നാൽ ഇത് ശുചിത്വത്തെക്കുറിച്ചുള്ള ചിന്താഗതി മാറ്റാൻ രാജ്യത്തെ സഹായിച്ചു. പാവപ്പെട്ടവർ ബാങ്ക് അക്കൗണ്ട് തുറന്നതോടെ, ദരിദ്രർക്ക് ലഭിക്കുന്ന ക്ഷേമനിധി അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറുന്ന അവസ്ഥയുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: രാജ്യത്തെ ആദ്യ ഇരുനില വൈദ്യുതബസ് പുറത്തിറക്കി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. ഹിന്ദുജ ഗ്രൂപ്പിന്റെ സ്വിച്ച് മൊബിലിറ്റിയാണ് ബസ് പുറത്തിറക്കിയത്. ഇന്ത്യയുടെ ആദ്യ ഇലക്ട്രിക് ഡബ്ബിൾ ഡെക്കർ ബസായാണ് സ്വിച്ച് മൊബിലിറ്റിയുടെ EiV22 എത്തിയിട്ടുള്ളത്. ഏറ്റവും പുതിയ സാങ്കേതികവിദ്യയിലും നവീനമായ സാങ്കേതികവിദ്യയിലും ഉയർന്ന സുരക്ഷ സംവിധാനവും മികച്ച യാത്ര സൗകര്യവും ബസിൽ ഉറപ്പാക്കിയിട്ടുണ്ട്.

സ്വിച്ച് മുമ്പ് വിപണിയിൽ എത്തിച്ചിട്ടുള്ള സിംഗിൾ ഡെക്കർ EiV12 ബസിന്റെ പ്ലാറ്റ്‌ഫോം തന്നെയാണ് ഡബ്ബിൾ ഡെക്കർ മോഡലിലും ഉപയോഗിച്ചിട്ടുള്ളത്. സിംഗിൾ ഡെക്കർ ബസിനെ അപേക്ഷിച്ച് ഇരട്ടി യാത്രക്കാരെ വഹിക്കാൻ ഡബിൾ ഡെക്കർ ബസിന് ശേഷിയുണ്ട്. 65 സീറ്റുകളാണ് ഈ ബസിലുണ്ട്. വളരെ കനം കുറഞ്ഞ കുഷ്യനിലാണ് സീറ്റുകൾ ഒരുക്കിയിരിക്കുന്നത്. കാറിൽ യാത്ര ചെയ്യുന്നതിന് സമാനമായ യാത്ര അനുഭവമാണ് ബസിന്റെ മറ്റൊരു പ്രത്യേകത. 231 kWh കപ്പാസിറ്റിയുള്ള ടൂ സ്ട്രിങ്ങ് ലിക്വിഡ് കൂൾഡ് ഹയർ ഡെൻസിറ്റി എൻ.എം.സി. ബാറ്ററി പാക്കും ഡ്യുവൽ ഗൺ ചാർജിങ്ങ് സംവിധാനവുമാണ് ഇതിൽ നൽകിയിട്ടുള്ളത്. ഒറ്റത്തവണ ചാർജ് ചെയ്താൽ 250 കിലോമീറ്റർ വരെ ബസിൽ യാത്ര ചെയ്യാം.

അതേസമയം, രാജ്യത്ത് ഡീസലിന്റെയും പെട്രോളിന്റെയും കാലം കഴിയാറായെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി. പരിസ്ഥിതിയും സമ്പദ്‌വ്യവസ്ഥയും പരിഗണിക്കുമ്പോൾ ഹരിത ഹൈഡ്രജനായിരിക്കും ഭാവിയുടെ ഇന്ധനമായി മാറുക. രാജ്യത്ത് 15 ലക്ഷം കോടി രൂപയുടെ പെട്രോളിയം ഉത്പന്നങ്ങളും വാതകവുമാണ് ഒരുവർഷം ഇറക്കുമതിചെയ്യുന്നത്. ഇത് സമ്പദ് വ്യവസ്ഥയ്ക്കു മാത്രമല്ല, പരിസ്ഥിതിക്കുകൂടിയാണ് വെല്ലുവിളിയാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യത്തെ വിമാനവാഹിനി നാവികക്കപ്പൽ വിക്രാന്ത് സെപ്റ്റംബർ രണ്ടിന് രാജ്യത്തിന് സമർപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വിമാനവാഹിനിക്കപ്പൽ രാജ്യത്തിന് സമർപ്പിക്കുന്നത്. കൊച്ചി കപ്പൽ നിർമാണകേന്ദ്രത്തിൽ പ്രത്യേകമായി സജ്ജീകരിക്കുന്ന വേദിയിലായിരിക്കും ചടങ്ങ് നടക്കുകയെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ജൂലായ് 28-ന് വിക്രാന്തിനെ നാവികസേനയ്ക്ക് കൈമാറിയിരുന്നു. നാലാംഘട്ട സമുദ്രപരീക്ഷണവും വിജയകരമായി പൂർത്തിയാക്കിയതിന് പിന്നാലെയായിരുന്നു നടപടി. ഇന്ത്യയുടെ ആദ്യത്തെ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിൽ നിന്ന് വിരമിച്ച ജീവനക്കാർ, പ്രതിരോധസേനാ ഉദ്യോഗസ്ഥർ, ഷിപ്പിങ് മന്ത്രാലയം ഉദ്യോഗസ്ഥർ, കേരളസംസ്ഥാന സർക്കാർ പ്രതിനിധികൾ, മറ്റു വിശിഷ്ടാതിഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം.

1971-ലെ ഇന്തോ-പാക് യുദ്ധത്തിൽ നിർണായകപങ്ക് വഹിച്ച ഇന്ത്യയുടെ ആദ്യ വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്തിനോടുള്ള ആദരസൂചകമായാണ് പുതിയ കപ്പലിന് വിക്രാന്ത് എന്ന് പേരിട്ടത്. നാവികസേനയുടെ ആഭ്യന്തരവിഭാഗമായ ഡയറക്ടറേറ്റ് ഓഫ് നേവൽ ഡിസൈൻ നിർമ്മിച്ച കപ്പൽ തദ്ദേശീയമായി നിർമിക്കപ്പെട്ട ഏറ്റവും വലിയ കപ്പലാണ്. 28 നോട്ടിക്കൽമൈൽ വേഗതയിൽ വിക്രാന്തിന് സഞ്ചരിക്കാൻ കഴിയും. 18 നോട്ടിക്കൽ മൈൽ വേഗതയിൽ 7,500 മൈൽ ദൂരം സഞ്ചരിക്കാനും കഴിയും.

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച്ച നടത്തി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പാർട്ടിയിലെ ആഭ്യന്തര ഭിന്നതകൾക്കിടയിലാണ് സോണിയാ ഗാന്ധി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച്ച നടത്തിയത്. ഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. വിവിധ വിഷയങ്ങളെ കുറിച്ച് സോണിയാ ഗാന്ധിയും ദ്രൗപതി മുർമുവും ചർച്ച ചെയ്തു.

എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നതിനാൽ സോണിയ ഗാന്ധിക്ക് രാഷ്ട്രപതിയെ കാണാൻ കഴിഞ്ഞിരുന്നില്ല. നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ടാണ് സോണിയ ഗാന്ധിയെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തത്. നാഷണൽ ഹെറാൾഡ് ദിനപത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജോണൽസ് ലിമിറ്റഡ് എന്ന കമ്പനിയെ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഡയറക്ടർമാരായ യങ് ഇന്ത്യ എന്ന കമ്പനി ഏറ്റടെുത്തതിൽ കള്ളപണ ഇടപാട് നടന്നുവെന്നാണ് പരാതിയാണ് എൻഫോഴ്‌സ്‌മെന്റ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും അവരുടെ വിധേയരും ചേർന്ന് ആയിരക്കണക്കിന് കോടിയുടെ ഭൂസ്വത്തുള്ള എ.ജെ.എൽ. കമ്പനിയെ യങ് ഇന്ത്യൻ എന്നൊരു കമ്പനിയുണ്ടാക്കി തട്ടിയെടുത്തുവെന്ന് ആരോപിച്ച് സുബ്രഹ്മണ്യ സ്വാമിയാണ് പരാതി നൽകിയത്.

ഹൈദരാബാദ്: പ്രവാചക നിന്ദ വിഷയത്തില്‍ അറസ്റ്റിലായ തെലങ്കാനയിലെ മുതിര്‍ന്ന ബിജെപി നേതാവും എംഎല്‍എയുമായ ടി രാജാ സിങ്ങിനെ അറസ്റ്റിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത് ബിജെപി.

യൂട്യൂബ് ചാനലിലൂടെ പ്രവാചകനും മുസ്ലീം സമുദായത്തിനുമെതിരെ രാജാ സിങ്ങ് പ്രസ്താവന നടത്തിയിരുന്നു. ഇതോടെ വീഡിയോയില്‍ മുഹമ്മദ് നബിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശമുണ്ടെന്നും ബിജെപി എംഎല്‍എയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് തിങ്കളാഴ്ച രാത്രി ഹൈദരാബാദിലെ ഓള്‍ഡ് സിറ്റിയിലെ പൊലീസ് സ്റ്റേഷനുകള്‍ക്ക് പുറത്ത് നിരവധി ആളുകള്‍ തടിച്ചുകൂടി പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

അതേസമയം, തെലങ്കാന ബിജെപി അധ്യക്ഷന്‍ ബണ്ഡി സജ്ഞയ് കുമാറിനെയും അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി ചന്ദ്രശേഖര്‍ രാവുവിന്റെ മകള്‍ കവിതയുടെ വീട്ടിലേക്ക് കഴിഞ്ഞ ദിവസം സജ്ഞയ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായിരുന്നു. കവിതയുടെ വീട് ആക്രമിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. പ്രതിഷേധവുമായി തെരുവിലിറങ്ങിയ ബിജെപി പ്രവര്‍ത്തകരും അറസ്റ്റിലായി.

ന്യൂഡൽഹി: പഴയ വാഹനങ്ങളിലേക്ക് ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റുകൾ നിർബന്ധമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്. ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെ മോണിറ്റർ ചെയ്യാൻ സാധിക്കുന്ന നമ്പർ പ്ലേറ്റുകളായിരിക്കും ഇതിൽ നൽകുകയെന്ന് മന്ത്രി വ്യക്തമാക്കി.

ടോൾ പ്ലാസകൾ ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പാണിതെന്നാണ് വിവരം. നമ്പർ പ്ലേറ്റിലെ ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെ ഓടുന്ന ദൂരത്തിന് മാത്രം ടോൾ ഈടാക്കുന്ന പദ്ധതി നടപ്പിലാക്കാനാണ് സർക്കാർ വ്യക്തമാക്കുന്നത്. 2023-ഓടെ ഈ പദ്ധതി പ്രാവർത്തികമാകുമെന്നും പരീക്ഷണാടിസ്ഥാനത്തിൽ ഒന്നര ലക്ഷം വാഹനങ്ങളിൽ നിന്ന് ജി.പി.എസ്. സംവിധാനത്തിലൂടെ ടോൾ പിരിവ് നടത്തുന്നുണ്ടെന്നും നേരത്തെ അദ്ദേഹം പറഞ്ഞിരുന്നു.

നിലവിൽ 60 കിലോമീറ്റർ ദൈർഘ്യമുള്ള റോഡുകളിൽ പകുതി ദൂരം സഞ്ചരിക്കുന്നവർ പോലും മൂഴുവൻ ടോൾ തുകയും നൽകേണ്ടി വരുന്നുണ്ട്. പുതിയ സാങ്കേതികവിദ്യ ഒരുക്കുന്നതോടെ സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം ടോൾ നൽകിയാൽ മതിയാകും. ഈ സംവിധാനം എല്ലാ വാഹനങ്ങൾക്കും പ്രയോജനപ്പെടുത്തുന്നതിനായാണ് പുതിയ ആവിഷ്‌ക്കരിച്ചത്. വ്യാജനമ്പറുകളിലുള്ള വാഹനങ്ങൾ തടയുക ഏകീകൃത സംവിധാനം ഒരുക്കുക എന്നീ ലക്ഷ്യത്തോടെയാണ് അതിസുരക്ഷ നമ്പർ പ്ലേറ്റ് എന്ന ആശയം രൂപീകരിച്ചത്.

ന്യൂഡൽഹി: അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ താത്ക്കാലിക ഭരണത്തിനായി രൂപീകരിച്ച സമിതി സുപ്രീം കോടതി പിരിച്ചുവിട്ടു. ഫെഡറേഷന്റെ ദൈനം ദിന ഭരണത്തിന്റെ ചുമതല ആക്ടിംഗ് സെക്രട്ടറി ജനറലിന് കൈമാറി സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചു. അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ എക്‌സിക്യൂട്ടീവ് കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പ് ഒരാഴ്ച്ചത്തേക്ക് സുപ്രീം കോടതി നീട്ടിവെയ്ക്കുകയും ചെയ്തു. പുതിയ കരട് ഭരണഘടന പരിശോധിക്കാൻ മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ, അഭിഭാഷകൻ സമർ ബൻസാൽ എന്നിവരോട് അമിക്കസ് ക്യൂറിയായി കോടതിയെ സഹായിക്കാനും നിർദ്ദേശമുണ്ട്.

താത്ക്കാലിക ഭരണ സമിതി പ്രവർത്തനം അവസാനിപ്പിക്കുന്നതോടെ ഇന്ത്യക്ക് ഏർപ്പെടുത്തിയ വിലക്ക് അന്താരാഷ്ട്ര ഫുട്ബാൾ സംഘടനയായ ഫിഫ പിൻവലിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സുപ്രീം കോടതി വ്യക്തമാക്കി. സുപ്രീം കോടതി നിയമിച്ച താത്ക്കാലിക ഭരണ സമിതി ബാഹ്യ ഇടപെടലാണെന്ന് വിലയിരുത്തിയാണ് ഫിഫ ഇന്ത്യൻ ഫുട്‌ബോൾ ഫെഡറേഷന് സസ്പെൻഷൻ ഏപ്പെടുത്തിയത്. താത്ക്കാലിക ഭരണ സമിതിയുടെ പ്രവർത്തനം അടിയന്തരമായി അവസാനിപ്പിക്കണമെന്നും ആക്ടിംഗ് സെക്രട്ടറി ജനറലിന് ദൈനം ദിന പ്രവർത്തനങ്ങളുടെ ചുമതല നൽകണമെന്നും കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു.

23 അംഗങ്ങളാണ് എക്‌സിക്യൂട്ടീവ് കൗൺസിലിൽ ആകെയുള്ളത്. ഇതിൽ 17 പേരെയാണ് തിരഞ്ഞെടുക്കേണ്ടത്. പ്രധാന കളിക്കാരെയാണ് ബാക്കി 6 സ്ഥാനങ്ങളിലേക്ക് നോമിനേറ്റ് ചെയ്യുന്നത്. ഇതിൽ 4 പുരുഷന്മാരും 2 വനിതകളുമായിരിക്കണമെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് നിർദ്ദേശം നൽകി.

ജയ്പൂർ: കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ഗാന്ധി തന്നെ വരണമെന്നാവശ്യപ്പെട്ട് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. അല്ലെങ്കിൽ പ്രവർത്തകരെല്ലാം വീട്ടിലിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി രാജ്യത്തെ കോൺഗ്രസ് പ്രവർത്തകരുടെ വികാരം മനസിലാക്കണം. കോൺഗ്രസ് അധ്യക്ഷ പദവി ഏറ്റെടുക്കമെന്നും അല്ലെങ്കിൽ പ്രവർത്തകർ നിരാശരാകുമെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ ഗാന്ധി അധ്യക്ഷ പദവിയിലേക്കെത്തണമെന്നത് രാജ്യത്തെ കോൺഗ്രസ് പ്രവർത്തകർ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്ന കാര്യമാണ്. ഇതിൽ ഗാന്ധി കുടുംബമാണോ, ഗാന്ധി കുടുംബം അല്ലാ എന്നതിലൊന്നും കാര്യമില്ല. ഈ തീരുമാനം എല്ലാവരും അംഗീകരിക്കും. കാരണം ഇത് പാർട്ടിയുടെ പ്രശ്‌നമാണ്. കഴിഞ്ഞ 32 വർഷമായി ഗാന്ധി കുടുംബത്തിൽ നിന്ന് ആരും പ്രധാനമന്ത്രിയോ കേന്ദ്രമന്ത്രിയോ മുഖ്യമന്ത്രിയോ ഒന്നും ആയിട്ടില്ലന്നും എന്നിട്ടും നരേന്ദ്ര മോദി ഗാന്ധികുടുംബത്തെ ഭയക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ 75 വർഷമായി രാജ്യത്ത് ഒന്നും നടന്നിട്ടില്ലെന്നാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആരോപിക്കുന്നത്. എല്ലാവരും എന്തുകൊണ്ടാണ് കോൺഗ്രസിനെ ആക്രമിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. അതിന് കാരണം കോൺഗ്രസ് പാർട്ടിയുടെയും രാജ്യത്തിന്റെയും ഡിഎൻഎയും ഒന്നാണ് എന്നത് കൊണ്ടാണ്. രാജ്യം സ്വാതന്ത്ര്യമാകുന്നതിന് മുമ്പും സ്വാതന്ത്ര്യത്തിനു ശേഷവും അത് അങ്ങനെ തന്നെയാണ്. എല്ലാ മതങ്ങളെയും രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളേയും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയുന്ന പാർട്ടിയാണ് കോൺഗ്രസെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്ത വർഷം നടക്കുന്ന രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തും. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും തങ്ങൾ വിജയിക്കും. ഇത്തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അത്ര എളുപ്പമുള്ള കളിയാകില്ല. രാജ്യത്തെ ജനാധിപത്യത്തെ 75 വർഷവും സംരക്ഷിച്ച് നിർത്തിയെന്നതാണ് ഇന്ത്യക്ക് കോൺഗ്രസ് പാർട്ടി നൽകിയ വലിയ സംഭാവനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളിൽ മയക്കുമരുന്ന് പിടികൂടിയതുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം. വിഷയത്തിൽ എത്രകാലം മൗനം പാലിക്കുമെന്ന് അദ്ദേഹം ചോദിക്കുന്നു.

ഗുജറാത്തിൽ മയക്കുമരുന്ന് വ്യാപാരം ഇത്രത്തോളം അനായാസമാണോ? മിസ്റ്റർ പ്രധാനമന്ത്രി ഈ ചോദ്യങ്ങൾക്ക് മറുപടി തരൂവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ആയിരക്കണക്കിന് കോടി രൂപയുടെ മയക്കുമരുന്ന് ഗുജറാത്തിൽ എത്തിച്ചേരുന്നുണ്ട്. ഗാന്ധിയുടേയും പട്ടേലിന്റേയും പുണ്യസ്ഥലത്ത് ഈ വിഷം പടർത്തുന്നത് ആരാണ്? സംസ്ഥാനത്ത് തുടരെ മയക്കുമരുന്ന് പിടികൂടിയിട്ടും തുറമുഖത്തിന്റെ ഉടമസ്ഥനെ ഇതുവരെ എന്തുകൊണ്ടാണ് ചോദ്യം ചെയ്യാത്തതെന്നും അദ്ദേഹം ചോദിച്ചു. ട്വിറ്ററിലൂടെയാണ് രാഹുൽഗാന്ധിയുടെ പ്രതികരണം.

ഗുജറാത്തിലെ ഒരു മെഫെഡ്രോൺ നിർമാണകേന്ദ്രത്തിൽ മുംബൈ പോലീസിന്റെ ആന്റി നർക്കോട്ടിക്സ് സെൽ റെയ്ഡ് നടത്തുകയും 1,026 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടുകയും ചെയ്തിരുന്നു. ഈ വാർത്ത പുറത്തു വന്നതിന് പിന്നാലെയാണ് രാഹുൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനം ഉന്നയിച്ച് രംഗത്തെത്തിയത്.