പ്രതിരോധ സേനയ്ക്ക് ഇനി ഇരട്ടികരുത്ത്; തദ്ദേശീയമായി നിർമിച്ച ആദ്യത്തെ വിമാനവാഹിനി നാവികക്കപ്പൽ വിക്രാന്ത് സെപ്റ്റംബർ രണ്ടിന് രാജ്യത്തിന് സമർപ്പിക്കും

കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യത്തെ വിമാനവാഹിനി നാവികക്കപ്പൽ വിക്രാന്ത് സെപ്റ്റംബർ രണ്ടിന് രാജ്യത്തിന് സമർപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വിമാനവാഹിനിക്കപ്പൽ രാജ്യത്തിന് സമർപ്പിക്കുന്നത്. കൊച്ചി കപ്പൽ നിർമാണകേന്ദ്രത്തിൽ പ്രത്യേകമായി സജ്ജീകരിക്കുന്ന വേദിയിലായിരിക്കും ചടങ്ങ് നടക്കുകയെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ജൂലായ് 28-ന് വിക്രാന്തിനെ നാവികസേനയ്ക്ക് കൈമാറിയിരുന്നു. നാലാംഘട്ട സമുദ്രപരീക്ഷണവും വിജയകരമായി പൂർത്തിയാക്കിയതിന് പിന്നാലെയായിരുന്നു നടപടി. ഇന്ത്യയുടെ ആദ്യത്തെ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിൽ നിന്ന് വിരമിച്ച ജീവനക്കാർ, പ്രതിരോധസേനാ ഉദ്യോഗസ്ഥർ, ഷിപ്പിങ് മന്ത്രാലയം ഉദ്യോഗസ്ഥർ, കേരളസംസ്ഥാന സർക്കാർ പ്രതിനിധികൾ, മറ്റു വിശിഷ്ടാതിഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം.

1971-ലെ ഇന്തോ-പാക് യുദ്ധത്തിൽ നിർണായകപങ്ക് വഹിച്ച ഇന്ത്യയുടെ ആദ്യ വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്തിനോടുള്ള ആദരസൂചകമായാണ് പുതിയ കപ്പലിന് വിക്രാന്ത് എന്ന് പേരിട്ടത്. നാവികസേനയുടെ ആഭ്യന്തരവിഭാഗമായ ഡയറക്ടറേറ്റ് ഓഫ് നേവൽ ഡിസൈൻ നിർമ്മിച്ച കപ്പൽ തദ്ദേശീയമായി നിർമിക്കപ്പെട്ട ഏറ്റവും വലിയ കപ്പലാണ്. 28 നോട്ടിക്കൽമൈൽ വേഗതയിൽ വിക്രാന്തിന് സഞ്ചരിക്കാൻ കഴിയും. 18 നോട്ടിക്കൽ മൈൽ വേഗതയിൽ 7,500 മൈൽ ദൂരം സഞ്ചരിക്കാനും കഴിയും.